സമത്വത്തിന് വേണ്ടിയുള്ള കമ്മിറ്റിയുടെ പോരാട്ടം | Committe Talk | S2 Ep1

216 അടി ഉയരമുള്ള ഒരു സ്റ്റാച്യു ഇന്നലെ കമ്മിറ്റി സെക്രട്ടറി ഹൈദരാബാദില്‍ ഉദ്ഘാടനം ചെയ്തു. സ്റ്റാച്യുകള്‍ നിര്‍മിക്കുന്നത് കമ്മിറ്റിക്കന്യമല്ലാത്തത് കൊണ്ട് തന്നെ ഒരെണ്ണം ഉദ്ഘാടനം ചെയ്യുന്നതും ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതും സെക്രട്ടറിക്ക് നിസാര കാര്യമാണ്. അപ്പോള്‍ പിന്നെ രാജ്യത്ത് സ്റ്റാച്യു ഓഫ് ഇക്വാലിറ്റി തന്നെ നിര്‍മിക്കപ്പെടുമ്പോള്‍ അതില്‍ നിന്ന് വിട്ട് നിക്കാന്‍ സെക്രട്ടറിക്ക് കഴിയില്ലല്ലോ....

തുല്യത ഉറപ്പാക്കുക, തുല്യത അംഗീകരിക്കുക അതിനിപ്പോള്‍ കമ്മിറ്റി സെക്രട്ടറിയേക്കാള്‍ യോഗ്യതയുള്ള വേറൊരാളില്ല...

സെക്രട്ടറി ഹൈദരാബാദിലെത്തി തെരഞ്ഞെടുപ്പിന് വേണ്ടി തുല്യത ഉയര്‍ത്തിപ്പിടിക്കാന്‍ സ്റ്റാച്യുകള്‍ ഉദ്ഘാടനം ചെയ്യുമ്പോള്‍, കമ്മിറ്റി അധികാരത്തിലുള്ള കര്‍ണാടകയില്‍ പലയിടങ്ങളിലായി ഹിജാബ് ധരിച്ചതിന്റെ പേരില്‍ മുസ്ലിം പെണ്‍കുട്ടികളെ സ്‌കൂളിന് പുറത്ത് നിര്‍ത്തി സമത്വം ഉറപ്പിക്കുകയാണ്. സമത്വവും അഖണ്ഡതയും ക്രമസമാധാനവും തകര്‍ക്കുന്ന വസ്ത്രങ്ങള്‍ വിലക്കുകയും കമ്മിറ്റി ചെയ്ത് കഴിഞ്ഞു.

തുല്യതയ്ക്ക് വേണ്ടിയുള്ള കമ്മിറ്റിയുടെ പോരാട്ടം ഇവിടെ അവസാനിക്കുന്നില്ല, തുല്യതയുടെ പേരില്‍ മഹാരാഷ്ട്രയില്‍ അടുത്തവര്‍ഷം കമ്മിറ്റി തന്നെ നിര്‍മിക്കുന്ന അടുത്ത സ്റ്റാച്യുവും കമ്മിറ്റി സെക്രട്ടറി തന്നെ ആയിരിക്കും ഉദ്ഘാടനം ചെയ്യുക, ഇന്നലത്തെ സ്റ്റാച്യു കണ്ട് സഹിക്കാന്‍ കഴിയാത്തവര്‍ അതിന് മുന്നേ പാകിസ്താനിലേക്കുള്ള ലാസ്റ്റ് ബസ് പിടിക്കുന്നത് നല്ലതാണ്. കാരണം പട്ടേലിനും, നേതാജിക്കും ശേഷം കമ്മിറ്റി അടുത്ത സ്റ്റാച്യുവിലൂടെ ഏറ്റെടുക്കാന്‍ ശ്രമിക്കുന്നത് ജീവിച്ചിരുന്നെങ്കില്‍ കമ്മിറ്റിയെ നിരോധിക്കാന്‍ തന്നെ ശ്രമിക്കാന്‍ സാധ്യതയുള്ള ഡോ ബി ആര്‍ അംബേദ്കറിന്റെ പേരിലാണ്.

ആരാണ് ഈ കമ്മിറ്റിയെന്ന് നമ്മള്‍ വീണ്ടും സംസാരിച്ച് തുടങ്ങുമ്പോള്‍ ചിലപ്പോള്‍ നമ്മള്‍ ഫ്‌ലാഷ്ബാക്കിലേക്ക് പോയതായി തോന്നാം, പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറയുകയാണോ എന്ന് തോന്നിയേക്കാം, പക്ഷേ യഥാര്‍ത്ഥത്തില്‍ കമ്മിറ്റിയുടെ ഈ കളികള്‍ അവസാനിക്കാത്തതാണ്, നമ്മള്‍ കമ്മിറ്റിക്കാലത്തെ ടൈംലൂപ്പിനകത്ത് കുരുങ്ങിക്കിടക്കുകയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in