കാറ്റുപോലൊരു ചാർലിയും കടലായ് മാറിയ മേരിയും

പ്രിയപ്പെട്ടവളേ ക്ഷീണമില്ലാത്ത തിര പോലെ ജീവിക്കുക

കടലിനെപ്പോലെ ആയുസ്സുള്ളവളാകുക

ആ വരികൾ ചെവിയിൽ മൂളി ചാർളി അവൾക്ക് അനന്തത ആശംസിക്കുമ്പോൾ അവളുടെ കണ്ണുകളിൽ ആ അശാന്തം കടൽ തിരയിളകി കരകവിഞ്ഞ് നിറഞ്ഞൊഴുകുന്നത് നിങ്ങൾക്ക് കാണാം. അത്ഭുതം കൂറിയൊരു നോട്ടം, ഞെട്ടലോ, നടുക്കമോ കലർന്ന ആ നോട്ടം, അതാണ് അവൾ അയാൾക്ക് തിരികെ നൽകുന്നത്. ഒളിച്ചു വച്ചതെന്തോ പിടിക്കപ്പെട്ടപ്പോലെ ആദ്യമൊന്ന് ഞെട്ടി, പിന്നെ തന്നെയാരോ സ്നേഹിക്കുന്നുവെന്ന തിരിച്ചറിവിൽ, നടുക്കത്തിൽ ആത്മാവ് കരയുന്നു. മറിയത്തിന്റെ, ചാർളിയുടെ ക്വീൻ മേരിയുടെ, മഗ്ദലീനക്കാരി മറിയത്തിന്റെ നിസ്സഹായതയുടെ കരച്ചിൽ.

രൂപത്തിനെ കടല് കാണിക്കാൻ കൊണ്ട് പോകുന്ന പോലെ എന്നെയും ആരെങ്കിലും കൊണ്ട് പോയിരുന്നെങ്കിൽ എന്ന് ചാർളിയോട് ചോദിക്കുമ്പോൾ അവൾക്കറിയാമായിരുന്നിരിക്കില്ലേ അയാൾ അത് ചെയ്യുമെന്ന്. എന്റെ സുന്ദരീ ഈ കടലിന് നിന്റെ കണ്ണീരിന്റെ ഉപ്പു വേണ്ട എന്ന് പറഞ്ഞയാൾ അവളുടെ കണ്ണുനീർ തുടച്ചു കളയുന്നുണ്ട്. നെറ്റിയിലൊരു മുത്തം നൽകുന്നുണ്ട്. വിവാഹത്തിന്റെ പിറ്റേന്ന് മുതൽ വിൽക്കപ്പെട്ട ശരീരം കൊണ്ട് നീറി ജീവിക്കുന്ന മേരിയുടെ നൈമിഷികമായ തോന്നലോ, തീരുമാനിച്ചുറപ്പിച്ചതോ. എന്തുമാകട്ടെ, ഒന്നുണ്ട് , അവർ അവർക്കു വേണ്ടിയെടുത്ത തീരുമാനങ്ങളിൽ ഒരുപക്ഷെ നടക്കപ്പെട്ടത് അതുമാത്രമായിരിക്കും. ലോകത്തോടുള്ള സകലമാന കെട്ടുപാടുകളും അഴിച്ചു വച്ച് മത്സ്യ കന്യകയായി കടലിലേക്കുള്ള ഇറങ്ങിപ്പോക്ക് എന്ന തീരുമാനം. തന്യയ്ക്ക് ചാർളിയുണ്ടാകുമെന്ന ഉറപ്പുപോലും പോലും ഒരുപക്ഷെ അവൾക്കുണ്ടായിക്കാണണം. അല്ലാതെ തനിക്ക് ശേഷം അവളുടെ ഭർത്താവിന് വിൽക്കാൻ കൊടുക്കാൻ അവൾ തന്റെ മകളെ അവിടെ ഇട്ടിട്ട് പോകില്ലല്ലോ.

മനുഷ്യരുടെ തോൽവികൾ ന്യായീകരിക്കപ്പെടുന്നത് കഥാപാത്രങ്ങളാകുമ്പോൾ മാത്രമാണ്. മേരിയെ സ്വതന്ത്ര്യയാക്കി വിടുമ്പോൾ കഥാകാരനും, കാണിയും ഒരേ പോലെ സ്വതന്ത്ര്യരാവുന്നത് അതുകൊണ്ടാണ്. കേൾക്കാൻ കൊതിക്കുന്ന വരികൾ കൊടുത്ത് അവളെ പറഞ്ഞു വിടുമ്പോൾ അവൾ ഇരുകൂട്ടരുടെയും മനസ്സിൽ ആ വരികളാൽ കൊത്തിവയ്ക്കപ്പെടുന്നുണ്ട്. നോവ് ബാക്കി നിൽക്കുമ്പോഴും, കടലിനെപ്പോലെ, കടലായ് മാറിയ മേരിയെയും നമ്മൾ ഉള്ളിൽ ഓർത്തുവയ്ക്കുന്നുണ്ട്.

മണൽത്തരികൾ പോലെ നക്ഷത്രങ്ങൾ തിങ്ങി നിറഞ്ഞ, അമ്പിളിക്കല തൂങ്ങി നിൽക്കുന്ന ആകാശത്തിനും, കണ്ണെത്താദൂരം പരന്നു കിടക്കുന്ന, ഉള്ളിൽ മുത്തുച്ചിപ്പികളെയും, പരൽമീനുകളെയും ഒളിപ്പിച്ചിരുന്ന കടലിനുമിടയിൽ പാറി നിൽക്കുന്ന ആ ബോട്ടിന്റെ തുഞ്ചമായിരിക്കും അവൾ ഏറ്റവും സ്വതന്ത്രയായി നിലനിലന്നിടം. തിര വറ്റിയ ആഴക്കടലിൽ ലക്ഷ്യമില്ലാതെ ഒഴുകുന്ന ബോട്ടിനറ്റത്ത് നിന്ന് കണ്ണടച്ച് കടൽക്കാറ്റിനെ പുണരുമ്പോൾ മറിയം തന്റെ ജീവിതത്തിലത്രയും അനുഭവിച്ചറിയാൻ കഴിയാത്ത ശാന്തത അറിയുന്ന പോലെ തോന്നും. ആഴക്കടൽ പോലെ ശാന്തം. ആ ശാന്തതയിൽ അവൾ അവസാനിക്കയാണ്.

എന്റെ കുട്ടിയാ പത്രോസേ എന്ന് പറഞ്ഞ് കടല് കാണിക്കാൻ കൊണ്ടുപോയ, കടലിനെപ്പോലെ എന്നെന്നും ജീവിക്കാൻ പിറന്നാളാശംസിച്ച അയാളോട് പോലും ഒന്നും പറയാതെ, അവൾ ഒരു ചെറു മീനിനെ പോലെ കടലിലേക്ക് ഊളിയിട്ട് പോകയാണവൾ. രാത്രിയിൽ കടലിനടിയിലെ നിധി തിരയാൻ അമ്പിളിക്കൊപ്പം പോകുന്ന ഒരു ചെറുമീനിനെ പോലെ. അയാൾ പറഞ്ഞയാ വരികളോട് ചേർന്ന് നിന്ന് അവൾ കടലായ് മാറുകയാണ്. ആ വരികളെ അന്വർത്ഥമാക്കയാണ്.

പ്രിയപ്പെട്ടവളെ, ക്ഷീണമില്ലാത്ത തിര പോലെ ജീവിക്കുക

കടലിനെപ്പോലെ ആയുസ്സുളളവളാകുക.

Related Stories

No stories found.
logo
The Cue
www.thecue.in