ആരാണ് ഈ പിടികിട്ടാക്കുറുപ്പ് ?

36 വര്‍ഷങ്ങള്‍ക്ക് മുമ്പ് ജനുവരി മാസത്തിലെ ഒരു രാത്രിയില്‍ ചെങ്ങന്നൂരിലെ പോലീസ് സ്റ്റേഷനിലേക്ക് ഒരു ഫോണ്‍ കോള്‍ വരുന്നു. വഴിയരികില്‍ ഒരു കാര്‍ കത്തിയെരിയുന്നു. കാറിനുള്ളില്‍ കത്തിയെരിഞ്ഞ ഒരു മൃതദേഹവും. കേരളത്തെ ഞെട്ടിച്ച ഏറ്റവും ക്രൂരമായ കൊലപാതകത്തിന്റെയും ആള്‍മാറാട്ടത്തിന്റെയും കഥ അവിടെ തുടങ്ങി. പണക്കൊതി മൂത്ത് ഒരു മനുഷ്യനെ പച്ചക്ക് ചുട്ടെരിച്ച സുകുമാരക്കുറുപ്പ് എന്നൊരു കൊടുംകുറ്റവാളിയുടെയും. ചരിത്രം ഇതാണ്.

മലയാളികളുടെ ഭാവനാലോകത്തിലും കൗതുകങ്ങളിലും ഇപ്പോഴും സജീവമായി നിലനില്‍ക്കുന്ന ഒരു പേര്. ജീവനോടെയുണ്ടോ ഇല്ലയോ എന്ന സംശയം ബലമായി നിലനില്‍ക്കുമ്പോഴും, പിടികിട്ടാത്ത ചോദ്യങ്ങളുടെയും സംശയങ്ങളുടെയും ഊഹാപോഹങ്ങളുടെയും മറവില്‍, കാലങ്ങളായി നില്‍ക്കുന്ന ഒരു കൊടുംകുറ്റവാളി. മലയാളിയെ ഇപ്പോഴും കുഴപ്പിക്കുന്ന ആ പേര്, അത് സുകുമാരക്കുറുപ്പിന്റേതാണ്. ഒരു കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ സുകുമാരക്കുറുപ്പ്, 36 വര്‍ഷം പിന്നിട്ടിട്ടും പൊലീസിനും പൊതുസമൂഹത്തിനും മുന്നില്‍ അദൃശ്യനായി തുടരുന്നു. തിരോധാനം സംഭവിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മലയാളിയുടെ കൗതുകങ്ങള്‍ക്ക് യാതൊരു കുറവും വന്നില്ലെന്നുമാത്രമല്ല, ആ പേര് അവശേഷിപ്പിച്ചു പോയ ദുരൂഹത ഇപ്പോഴും തുടരുന്നു.

തിയതി 1984 ജനുവരി 22 . അന്ന് പുലര്‍ച്ചെ, മാവേലിക്കരയില്‍നിന്ന് ചെങ്ങന്നൂരിലേക്ക് പോകുന്ന വഴി, കുന്നം എന്ന സ്ഥലത്തുള്ള ഒരു വയലില്‍ ഒരു കാര്‍ കത്തിയെരിയുന്നതായി വഴിയിലൂടെ പോയ കുറച്ച് യാത്രക്കാര്‍ ശ്രദ്ധിക്കുന്നു. പകച്ചുപോയ അവര്‍ അടുത്തുള്ള വീടുകളുടെ വാതിലില്‍ തട്ടി ആളുകളെ കൂട്ടി. അവിടെ വന്നുകൂടിയവരില്‍ ഒരാള്‍ ഡോര്‍ തുറന്നുകിടക്കുന്ന കാറിന്റെ ഉള്ളിലേക്ക് നോക്കിയപ്പോഴാണ് സ്റ്റിയറിംഗ് വീലിനു പിന്നില്‍ കത്തിയെരിഞ്ഞ നിലയില്‍ ഒരു മൃതദേഹം കാണുന്നത്. ഉടനെത്തന്നെ പോലീസില്‍ വിവരമറിയിച്ചു.

അന്നത്തെ ചെങ്ങന്നൂര്‍ ഡി.വൈ.എസ്.പിയായിരുന്ന പി.എം ഹരിദാസ് ആണ് ആദ്യം സ്ഥലത്തെത്തിയത്. വിശദമായ അന്വേഷണത്തിനുശേഷം കത്തിക്കരിഞ്ഞ കാര്‍ അബുദാബിയില്‍നിന്ന് വന്ന സുകുമാരക്കുറുപ്പ് എന്നയാളുടേതാണെന്നും മൃതദേഹവും അയാളുടേത് തന്നെയായിരിക്കുമെന്ന നിഗമനത്തില്‍ പോലീസെത്തി. എന്നാല്‍ ഡി.വൈ.എസ്.പി ഹരിദാസിന് തോന്നിയ ഒരു സംശയം, അതാണ് ഈ കേസിന്റെ ഗതിവിഗതിയെത്തന്നെ മാറ്റിമറിച്ചത്.

കേസ് ഡയറിയില്‍ ഹരിദാസ് 'സുകുമാരക്കുറുപ്പ് എന്ന് സംശയിക്കപ്പെട്ടിരുന്ന ആള്‍' എന്നാണ് രേഖപ്പെടുത്തിയിരുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍, വിഷം ഉള്ളില്‍ച്ചെന്നും, കഴുത്ത് ഞെരിച്ചുമാണ് കൊലപാതകമെന്ന് തെളിഞ്ഞു. കൊലപ്പെടുത്തിയ ശേഷം തീകൊളുത്തിയതാകാമെന്ന നിഗമനത്തിലും അന്വേഷണ ഉദ്യോഗസ്ഥരെത്തി. അതിന്‍പ്രകാരം മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു.

ഇത്രയും കാര്യങ്ങള്‍ വരെ വളരെ നോര്‍മലായിരുന്നു. പിന്നീടുണ്ടായ രണ്ട് സംഭവങ്ങളാണ് കേസിന്റെ വഴി തെളിയാന്‍ സഹായിച്ചത്. സുകുമാരക്കുറുപ്പാണ് മരിച്ചതെന്ന് പൊലീസിന് മൊഴി കൊടുത്തത് അയാളുടെത്തന്നെ ബന്ധുവായ ഭാസ്‌കരപിള്ളയായിരുന്നു. പോലീസിന്റെ ചോദ്യംചെയ്യലില്‍ ഭാസ്‌കരപിള്ളയുടെ ദേഹത്ത് രണ്ട് ദിവസം പോലും പഴക്കം വന്നിട്ടില്ലാത്ത നിരവധി പൊള്ളലുകള്‍ അവര്‍ ശ്രദ്ധിച്ചു. കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ ഭാസ്‌കരപിള്ള താനാണ് കുറുപ്പിനെ കൊന്നത് എന്ന സമ്മതിക്കുകയായിരുന്നു. കാറില്‍നിന്ന് കിട്ടിയ ഏതാനും മുടിയിഴകളും പാടവക്കത്തുനിന്ന് കിട്ടിയ ഗ്ലൗസുകളുമാണ് ഭാസ്‌കരപിള്ളയിലേക്ക് പോലീസിനെ എത്തിച്ചത്.

എന്നാല്‍ അവിടംകൊണ്ടൊന്നും തീര്‍ന്നില്ല. സുകുമാരക്കുറുപ്പിന്റെ വീട്ടില്‍പോയി അന്വേഷണം നടത്തിയ ഹരിദാസ് അവിടെയെങ്ങും ഒരാള്‍ മരിച്ച പ്രതീതി കണ്ടില്ല. ഇത് സംശയത്തിനിടയാക്കി. പിന്നീട് ഏറ്റവും നിര്‍ണായക വഴിത്തിരിവായി വന്നത് മരിച്ചത് കുറുപ്പല്ല, വേറെയേതോ ഒരാളാണ് എന്ന പറഞ്ഞുകൊണ്ടുള്ള കുറുപ്പിന്റെ ഒരു അകന്ന ബന്ധുവിന്റെ ഫോണ്‍ കോള്‍ ആണ്.

ഇതോടെ മരിച്ചത് കുറുപ്പല്ല എന്ന പൊലീസിന്റെ സംശയം ബലപ്പെട്ടു. പിന്നെ ആര്? എന്തിന് എന്നതായി ചോദ്യം. മരിച്ചത് കുറുപ്പല്ലെങ്കില്‍ കൊല്ലപ്പെട്ടതെന്ന് കരുതിയിരുന്ന സുകുമാരക്കുറുപ്പ് എവിടെയെന്ന ചോദ്യവും ഉയര്‍ന്നു. കേരളത്തെ ഒന്നാകെ പിടിച്ചുകുലുക്കിയ ഒരന്വേഷണത്തിന് അവിടെ തുടക്കം കുറിച്ചു.

അബുദാബിയില്‍, ജോലി ചെയ്തിരുന്ന കമ്പനിയില്‍ നിന്ന് എട്ട് ലക്ഷം രൂപ, അപകടത്തില്‍ മരിച്ചാല്‍ കിട്ടുമെന്നറിഞ്ഞ കുറുപ്പ്, തന്റെ പേരിലുള്ള ലൈഫ് ഇന്‍ഷുറന്‍സ് പോളിസി അടിച്ചുമാറ്റാന്‍ തീരുമാനിക്കുന്നു. ഇന്‍ഷുറന്‍സ് തുക ലഭിക്കാന്‍ താന്‍ മരിച്ചതായി കാണിക്കേണ്ടതുണ്ടെന്ന് മനസ്സിലാക്കിയ കുറുപ്പ് അങ്ങനെത്തന്നെ വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു. അതിനായി തന്റെ അതേ ഉയരവും തൂക്കവുമുള്ള ഒരു മൃതദേഹം കണ്ടുപിടിക്കാനായി അടുത്ത ശ്രമം.മോര്‍ച്ചറിയും ശ്മാശാനവുമെല്ലാം കയറിയിറങ്ങിയ കുറുപ്പിന് തനിക്കനുയോജ്യമായ ഒരു മൃതശരീരം ലഭിച്ചില്ല. എങ്ങനെയും അനുയോജ്യനായ ഒരാളെ കിട്ടാന്‍ കുറിപ്പിന്റെ ആജ്ഞയനുസരിച്ച് ഡ്രൈവര്‍ പൊന്നപ്പനും ഭാര്യാ സഹോദരന്‍ ഭാസ്‌കരപ്പിള്ളയും ഹരിപ്പാട് മുതല്‍ ആലപ്പുഴ വരെയുള്ള ഹൈവേയില്‍ സ്ഥിരമായി കറങ്ങി.

ജനുവരി 21 രാത്രി, ഇവര്‍ക്ക് അനുയോജ്യനായ ഇരയെ കിട്ടി. കുറുപ്പിന്റെ ഡ്രൈവര്‍ പൊന്നപ്പനും ഭാര്യാ സഹോദരന്‍ ഭാസ്‌കരപ്പിള്ളയും സഞ്ചരിക്കുകയായിരുന്ന കാര്‍ കരുവാറ്റ എന്ന സ്ഥലത്തെത്തിയപ്പോള്‍ ഒരു ചെറുപ്പക്കാരന്‍ ആലപ്പുഴയ്ക്ക് ലിഫ്റ്റ് ചോദിച്ചു. കുറുപ്പിന്റെ അതെ ശരീരഘടനയുള്ള ഇയാളെ വിഷദ്രാവകം അടങ്ങിയ മദ്യം കഴിപ്പിച്ചും കഴുത്തുഞെരിച്ചും കൊലപ്പെടുത്തി. പിന്നീട് ഭാസ്‌കരപിള്ളയുടെ വീട്ടില്‍വെച്ച് ഇയാളുടെ തല പെട്രോളൊഴിച്ച് കരിയിച്ചുകളയുകയും, കുറുപ്പിന്റെ നേതൃത്വത്തില്‍ കുന്നത്തെ വയലില്‍ കാറും മൃതദേഹവും ഇറക്കി കത്തിക്കുകയുമായിരുന്നു.

ഇതിനിടയ്ക്ക് ചാക്കോ എന്നയാളെ കാണാനില്ലെന്ന പരാതിയുമായി ബന്ധുക്കള്‍ പൊലീസിനെ സമീപിച്ചു. ഈ പരാതിയും കുറുപ്പിന്റെ ഡ്രൈവറായ പൊന്നപ്പന്റെ മൊഴിയുമാണ് മരിച്ചത് സുകുമാരക്കുറുപ്പല്ലെന്നും ചാക്കോ എന്ന ഫിലിം റെപ്രെസെന്റേറ്റിവാണെന്നുമുള്ള യാഥാര്‍ത്ഥ്യം വെളിവാകാന്‍ സഹായിച്ചത്. അന്വേഷണത്തിന്റെ പല ഘട്ടങ്ങളിലും കുറുപ്പ് പോലീസിന്റെ മൂക്കിന്‍ തുമ്പത്ത് തന്നെയുണ്ടായിരുന്നു. കൊല നടത്തിയ ശേഷം കുറുപ്പ് ഭൂട്ടാനിലേക്കാണ് കടന്നുകളഞ്ഞത്. പക്ഷെ പലപ്പോഴായും അയാള്‍ നാട്ടില്‍ വന്നുപോകാറുമുണ്ടായിരുന്നു. അത്തരത്തില്‍ വിവരം ലഭിച്ചയിടത്തെല്ലാം പോലീസ് ചെല്ലുമ്പോഴേക്കും അയാള്‍ അവിടെനിന്ന് മറഞ്ഞിരിക്കും.

പിന്നീട് കുറുപ്പ് നാടുവിട്ടുവെന്നും ഉത്തരേന്ധ്യയില്‍ സന്യാസജീവിതം നയിക്കുന്നുവെന്നും, എന്തിന് മരണപ്പെട്ടുവെന്നുംവരെ വാര്‍ത്തകള്‍ വന്നു. ജോഷി എന്ന കള്ളപ്പേരില്‍ പല ആശുപത്രികളിലും അയാള്‍ ട്രീറ്റ്‌മെന്റ് നടത്തിയിരുന്നതായും തെളിഞ്ഞു. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം അയാളിനി അധികനാള്‍ ജീവിച്ചിരിക്കില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നതായും പോലീസ് കണ്ടെത്തി. ഫോട്ടോ കണ്ട് അയാളെ ചികിത്സിച്ച പല ഡോക്ടര്‍മാരും കുറുപ്പിനെ തിരിച്ചറിഞ്ഞു. കാഷായവസ്ത്രത്തിലുള്ള ഒരു യോഗിയുടെ വേഷമായിരുന്നു അയാള്‍ സ്ഥിരമായി ഉപയോഗിച്ചിരുന്നെതെന്നും പോലീസ് കണ്ടെത്തലുകളില്‍ തെളിഞ്ഞു. പക്ഷെ കുറുപ്പ് മാത്രം എല്ലാവരെയും കബളിപ്പിച്ച് കടന്നുകളഞ്ഞുകൊണ്ടേയിരുന്നു.

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ സിനിമയുടെ ടീസര്‍ വന്നപ്പോള്‍ ചാക്കോയുടെ കുടുംബം കുറുപ്പിനെ ഗ്ലോറിഫൈ ചെയ്യുന്നത് അനീതിയാണെന്ന് പറഞ്ഞ് രംഗത്തുവന്നിരുന്നു. കുറുപ്പ് ഒരു ക്രിമിനലാണ്, പിടികിട്ടാപ്പുള്ളിയാണ്. ചാക്കോ മരിക്കുമ്പോള്‍ അയാളുടെ ഭാര്യ പൂര്‍ണ്ണഗര്‍ഭിണിയായിരുന്നു. അയാള്‍ ആ കുടുംബത്തിന്റെ അത്താണിയായിരുന്നു. ഒരു കൊലപാതകത്തില്‍ പല കുടുംബങ്ങളെയാണ് കുറുപ്പ് തകര്‍ത്തുകളഞ്ഞത്. കാലങ്ങള്‍ക്കിപ്പുറം കൊലയ്ക്ക് കൂട്ടുനിന്ന ഭാസ്‌കരപിള്ള ചാക്കോയുടെ ഭാര്യ ശാന്തമ്മയെ കണ്ടതും മാപ്പ് പറഞ്ഞതുമെല്ലാം നമ്മള്‍ അറിഞ്ഞുകാണും.

ജര്‍മനിയില്‍ നടന്ന ഒരു ഇന്‍ഷുറന്‍സ് തട്ടിപ്പായിരുന്നു സുകുമാരകുറുപ്പിന് സമാനമായ രീതിയിലുള്ള തട്ടിപ്പ് നടത്താന്‍ പ്രചോദനമായത്. സുകുമാരക്കുറിപ്പിന്റെ തട്ടിപ്പ് മോഡലില്‍ 2021 ഏപ്രിലില്‍ മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗറിലും ഒരു കൊലപാതകം നടന്നു. തന്റെ പേരിലുള്ള ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ പ്രഭാകര്‍ എന്നയാള്‍ ശ്രമിക്കുകയായിരുന്നു. അതിനായി തന്റെ അതേ രൂപസാദൃശ്യമുള്ള ഒരു അനാഥനായ ആളെ കണ്ടെത്തി പാമ്പിനെക്കൊണ്ട് കടിപ്പിച്ചുകൊല്ലുകയായിരുന്നു. പിന്നീട് ഇന്‍ഷുറന്‍സ് കമ്പനിയുടെ അന്വേഷണത്തില്‍ പ്രഭാകര്‍ കുടുങ്ങുകയായിരുന്നു.

കുറുപ്പ് എന്ന ചിത്രത്തിന് മുന്‍പും സുകുമാരക്കുറുപ്പിനെ പരാമര്‍ശിച്ചുകൊണ്ടുള്ള സിനിമകള്‍ ഉണ്ടായിട്ടുണ്ട്. 1984 ല്‍ തന്നെ പുറത്തിറങ്ങിയ NH 47 എന്ന സിനിമയില്‍ ടി.ജി രവിയായിരുന്നു സുകുമാരക്കുറുപ്പിന്റെ വേഷം ചെയ്തത്. പിന്നീട് അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത പുറത്തിറങ്ങിയ പിന്നെയും എന്ന ചിത്രവും ഇതേ രീതിയിലുള്ള ഒരു കഥയാണ് പറഞ്ഞത്. എന്‍.എച്ച് ഫോര്‍ട്ടി സെവനില്‍ സുകുമാരക്കുറുപ്പ് പൊലീസ് പിടിയിലാകുന്നതായിരുന്നു കഥ. അടൂര്‍ ഗോപാലകൃഷ്ണന്‍ ചിത്രത്തില്‍ സര്‍ജറിയിലൂടെ രൂപമാറ്റം വരുത്തി നാട്ടിലെത്തുന്ന കഥാപാത്രത്തെയാണ് കാട്ടിയത്.

എന്‍.ജെ ചാക്കോ എന്ന ഫിലിം റപ്രസന്റേറ്റീവും കാറും കത്തിയെരിഞ്ഞ ആ പാടം പിന്നീട് ചാക്കോപ്പാടം എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇന്‍ഷുറന്‍സ് തട്ടിപ്പിലൂടെ കിട്ടുന്ന പണം കൊണ്ട് ആലപ്പുഴ വണ്ടാനത്തെ ബംഗ്ലാവ് നിര്‍മാണം പൂര്‍ത്തിയാക്കുകയായിരുന്നു സുകുമാരക്കുറുപ്പ് അന്ന് ലക്ഷ്യമിട്ടിരുന്നത്. ആലപ്പുഴ ചെറിയനാട് വച്ച് സുകുമാരക്കുറുപ്പിന്റെ മകന്റെ വിവാഹം നടന്നപ്പോഴും കുറുപ്പിനെ തേടി പൊലീസ് നിലയുറപ്പിച്ചിരുന്നു.

വീട്ടിലേക്കുള്ള യാത്ര ലിഫ്റ്റിനായി കാത്തിരുന്ന ഒരു പാവം മനുഷ്യനെ ക്രൂരമായി കൊലപ്പെടുത്തുകയും ബന്ധുക്കള്‍ക്ക് തിരിച്ചറിയാന്‍ പറ്റാത്ത വിധം മൃതശരീരം ഇല്ലാതാക്കുകയും ചെയ്ത അതിക്രൂരനായ കൊലയാളി നിയമത്തിന് മുന്നിലെത്തണമെന്ന് ആഗ്രഹിച്ചവരാണ് ഓരോ മലയാളിയും. സുകുമാരക്കുറുപ്പ് ഒരു കാലത്തും വീരത്വവും മിടുക്കും പരാമര്‍ശിക്കുമ്പോള്‍ ഉദാഹരിക്കേണ്ട പേരുമല്ല.

കുറുപ്പ് മരിച്ചു എന്നാണ് പോലീസ് ഭാഷ്യം. കേസ് ഫയലുകളും നിലവില്‍ ക്ലോസ് ചെയ്തുകഴിഞ്ഞു. എങ്കിലും മലയാളികളുടെ ഭാവനകളില്‍ അയാള്‍ ഇപ്പോഴും സര്‍വ്വസ്വതന്ത്ര്യനായി, ലോകത്തെ ഏതോ ഒരു ഭാഗത്ത് വിഹരിക്കുകയാണ്. സുകുമാരക്കുറുപ്പിനെപ്പോലെ എന്ന് ഉപമിക്കാവുന്നതിനോടെല്ലാം അയാളെ ഉപമിച്ചുകൊണ്ട് നമ്മളും അയാളെ ഓര്‍മകളില്‍ത്തന്നെ നിലനിര്‍ത്തുന്നു.

Related Stories

No stories found.
The Cue
www.thecue.in