ആരാണ് സംഘപരിവാര്‍ മഹാനാക്കുന്ന സവര്‍ക്കര്‍ ?

'ബഹുവിധമായ ഉദാരതയും ദയാവായ്പുമുള്ള ബ്രിട്ടീഷ് സര്‍ക്കാര്‍ എന്നെ സ്വതന്ത്രനാക്കുകയാണെങ്കില്‍, വ്യവസ്ഥാപിത പുരോഗതിയ്ക്കും ആ പുരോഗതിയുടെ അടിസ്ഥാന കാരണമായ ഇംഗ്ലീഷ് സര്‍ക്കാരിനോടുള്ള വിധേയത്വത്തിനും വേണ്ടി ഏറ്റവും ശക്തമായി വാദിക്കുന്നയാള്‍ ഞാനായിരിക്കും. ഞങ്ങള്‍ തടവിലായിരിക്കുന്നിടത്തോളം മഹാരാജാവിനോട് കൂറുപുലര്‍ത്തുന്ന ഇന്ത്യയിലെ അദ്ദേഹത്തിന്റെ പ്രജകളുടെ വീടുകളില്‍ യഥാര്‍ത്ഥ സന്തോഷം ഉണ്ടായിരിക്കുകയില്ല. അതേസമയം, ഞങ്ങള്‍ മോചിപ്പിക്കപ്പെട്ടാല്‍, ശിക്ഷിക്കുന്നതിനും പ്രതികാരം ചെയ്യുന്നതിനും ഉപരിയായി ക്ഷമിക്കാനും തിരുത്താനും അറിയാവുന്ന സര്‍ക്കാരിനോടുള്ള നന്ദി ജനങ്ങള്‍ സന്തോഷത്തോടെ പ്രഖ്യാപിക്കും. മാത്രമല്ല, ഭരണകൂടത്തിന് അനുകൂലമായുള്ള എന്റെ മാറ്റം, എന്നെ ഒരിക്കല്‍ വഴികാട്ടിയായി കണ്ടിരുന്ന ഇന്ത്യയിലും വിദേശത്തുമുള്ള വഴിതെറ്റിയ യുവാക്കളെ തിരിച്ചുകൊണ്ടുവരികയും ചെയ്യും. സര്‍ക്കാര്‍ ആഗ്രഹിക്കുന്ന ഏത് വിധത്തിലുള്ള സേവനവും നല്‍കാന്‍ ഞാന്‍ തയ്യാറാണ്. എന്തെന്നാല്‍, എന്റെ ഈ മാറ്റം പൂര്‍ണമനസ്സോടു കൂടിയതാണ്. ഭാവിയിലും എന്റെ പെരുമാറ്റം അത്തരത്തില്‍ത്തന്നെ ആയിരിക്കുകയും ചെയ്യും. ബലവാന്മാര്‍ക്കു മാത്രമേ ദയാലുക്കളാകാനാകൂ. സര്‍ക്കാരിന്റെ രക്ഷാകര്‍തൃകവാടങ്ങളിലേക്കല്ലാതെ ഈ ധൂര്‍ത്തപുത്രന്‍ മറ്റെങ്ങോട്ട് പോകാനാണ്?'

ഇന്ത്യാചരിത്രത്തില്‍ ഏറെ പ്രസിദ്ധവും ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതുമായ ഒരു മാപ്പപേക്ഷയിലെ പ്രസക്തഭാഗങ്ങളാണിത്. ഈ മാപ്പപേക്ഷ യഥാര്‍ത്ഥത്തില്‍ എഴുതപ്പെട്ടതാണോയെന്നും, സ്വാതന്ത്യ സമരകാലത്ത് ബ്രിട്ടീഷ് ജയിലില്‍ അടയ്ക്കപ്പെട്ട രാഷ്ട്രീയത്തടവുകാരെല്ലാവരും സമാനമായ മാപ്പപേക്ഷകള്‍ എഴുതിയിരുന്നോയെന്നും, ഗാന്ധിജിയുടെ ഉപദേശപ്രകാരമാണോ ഇത് എഴുതപ്പെട്ടതെന്നുമെല്ലാം തുടങ്ങി പലവിധത്തിലുള്ള ചര്‍ച്ചകള്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കിടയില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹങ്ങളിലെ സെല്ലുലാര്‍ ജയിലില്‍ ഇരട്ട ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന കാലയളവില്‍, 1913ല്‍, ഹിന്ദു മഹാസഭ നേതാവായ വിഡി സവര്‍ക്കര്‍ ബ്രിട്ടീഷ് സര്‍ക്കാരിന് എഴുതിയയച്ച നിവേദനമാണിത്. ആരായിരുന്നു വിഡി സവര്‍ക്കര്‍? മാപ്പപേക്ഷാ വിവാദങ്ങളിലുപരിയായി, എന്താണ് ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തില്‍ സവര്‍ക്കറുടെ പങ്ക്? സവര്‍ക്കര്‍ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരസേനാനിയായിരുന്നോ? ഗാന്ധിക്ക് തുല്യനാണോ സവര്‍ക്കര്‍? ചരിത്രം ഇതാണ്.

ആരാണ് സവര്‍ക്കര്‍?

തീവ്രഹിന്ദുത്വ രാഷ്ട്രീയപ്പാര്‍ട്ടിയായിരുന്ന ഹിന്ദുമഹാസഭയുടെ നേതാവായിരുന്നു വി ഡി സവര്‍ക്കര്‍ എന്ന വിനായക് ദാമോദര്‍ സവര്‍ക്കര്‍. ഹിന്ദുത്വ എന്ന രാഷ്ട്രീയാശയം വികസിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത സവര്‍ക്കര്‍, ദേശീയതാവാദത്തോട് ചേര്‍ന്നു നിന്നുകൊണ്ട് ഒരു പൊളിറ്റിക്കല്‍ ഹിന്ദുവിനെ വാര്‍ത്തെടുക്കാനാണ് ശ്രമിച്ചിരുന്നത്. സ്വാതന്ത്ര്യാനന്തരം ഇന്ത്യ മുന്നോട്ടുവച്ച മതേതരരാഷ്ട്രം എന്ന സങ്കല്‍പ്പത്തെ പാടേ എതിര്‍ത്തുകൊണ്ട്, ഇന്ത്യന്‍ ദേശീയത 'ഹിന്ദു' എന്ന സ്വത്വബോധത്തില്‍ അധിഷ്ഠിതമായി ഉടലെടുക്കേണ്ടതാണെന്ന് സവര്‍ക്കര്‍ വാദിച്ചു. ഈ വാദത്തെ അടിസ്ഥാനപ്പെടുത്തി നിരന്തരം ലേഖനങ്ങളും നോവലുകളുമെഴുതി. പതിറ്റാണ്ടുകള്‍ക്കു ശേഷം ഇപ്പോഴും, ഇന്ത്യയിലെ മതരാഷ്ട്രീയവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഉയര്‍ന്നുകേള്‍ക്കുന്ന പേരാണ് സവര്‍ക്കറിന്റേത്.

1883 മേയ് 28ന് മഹാരാഷ്ട്രയിലെ നാസിക്കിനടുത്തുള്ള ബാഗൂര്‍ എന്ന ഗ്രാമത്തിലായിരുന്നു സവര്‍ക്കറിന്റെ ജനനം. ഒരു മറാത്തി ചിത്പവന്‍ ബ്രാഹ്മണകുടുംബമായിരുന്നു സവര്‍ക്കറിന്റേത്. അച്ഛന്‍ ദാമോദര്‍, അമ്മ രാധാബായി. ബാല്യകാലത്തു തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ട സവര്‍ക്കറിനെ വളര്‍ത്തിയത് ജ്യേഷ്ഠനായ ഗണേഷ് സവര്‍ക്കറാണ്. ഗണേഷിനൊപ്പമായിരുന്നു സവര്‍ക്കറുടെ ആദ്യകാല രാഷ്ട്രീയപ്രവര്‍ത്തനം. സവര്‍ക്കര്‍ക്ക് വെറും 12 വയസ്സുമാത്രം പ്രായമുണ്ടായിരുന്നപ്പോള്‍, ഗ്രാമത്തില്‍ ഒരു വര്‍ഗ്ഗീയ കലാപം പൊട്ടിപ്പുറപ്പെട്ടു. ബാലനായ സവര്‍ക്കര്‍ തന്റെ സുഹൃത്തുക്കളെ സംഘടിപ്പിച്ച് അന്ന് ഗ്രാമത്തിലെ മുസ്ലിം പള്ളി ആക്രമിച്ചു. ഗ്രാമത്തിലെയും നാസിക്കിലെയും വിദ്യാലയങ്ങളില്‍ നിന്നായി പഠനം പൂര്‍ത്തിയാക്കിയ സവര്‍ക്കര്‍ അക്കാലത്തു തന്നെ എഴുത്തും രാഷ്ട്രീയപ്രവര്‍ത്തനവുമെല്ലാം ആരംഭിച്ചിരുന്നു. സ്‌കൂള്‍ പഠനത്തിനു ശേഷം പൂനെയിലെ ഫെര്‍ഗൂസന്‍ കോളേജില്‍ പ്രവേശനം നേടിയപ്പോഴും, രാഷ്ട്രീയപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു പോന്നു. ഇക്കാലയളവിലാണ് സഹോദരനുമായി ചേര്‍ന്ന് സവര്‍ക്കര്‍ മിത്രമേള എന്ന രഹസ്യ സംഘടന രൂപീകരിക്കുന്നത്. ഇത് പിന്നീട് അഭിനവ ഭാരത് സൊസൈറ്റി എന്ന പേരില്‍ അറിയപ്പെട്ടു. ലോകമാന്യതിലകനുമായുള്ള സൗഹൃദവും ചരിത്രപഠനത്തിലുള്ള താല്‍പര്യവുമെല്ലാം സവര്‍ക്കര്‍ എന്ന വ്യക്തിയെ രൂപീകരിച്ചെടുത്തത് പൂനെയിലെ ജീവിതകാലത്താണ്. അന്നത്തെ നിരോധിത സംഘടനകളിലെ പ്രവര്‍ത്തനം കാരണം സവര്‍ക്കര്‍ കോളേജില്‍ നിന്നും പുറത്താക്കപ്പെട്ടിരുന്നു.

തുടര്‍ന്ന്, നിയമത്തില്‍ ഉപരിപഠനം നടത്താനായി സവര്‍ക്കര്‍ ഇംഗ്ലണ്ടിലേക്ക് കപ്പല്‍ കയറി. ഇംഗ്ലണ്ടിലെ ഇന്ത്യന്‍ ദേശീയവാദികള്‍ക്കൊപ്പം ചേര്‍ന്ന് ഇന്ത്യ ഹൗസ്, ഫ്രീ ഇന്ത്യ സൊസൈറ്റി എന്നിവയടക്കമുള്ള സംഘടനകളോട് സഹകരിച്ച് പ്രവര്‍ത്തിക്കാനാരംഭിച്ചു. 1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തെക്കുറിച്ച് സവര്‍ക്കര്‍ The Indian War of Independence എന്ന പുസ്തകമെഴുതിയതും, അത് കൊളോണിയല്‍ ഭരണകൂടം നിരോധിച്ചതും ഇക്കാലത്താണ്. സായുധ ആക്രമണങ്ങളായിരുന്നു സവര്‍ക്കര്‍ പ്രചരിപ്പിച്ചിരുന്ന സമരമാര്‍ഗ്ഗം. തീവ്രഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വക്താവായിരിക്കുമ്പോള്‍ത്തന്നെ, സവര്‍ക്കര്‍ ഒരു മതവിശ്വാസിയായിരുന്നില്ല. മതപരമായ ആചാരങ്ങളോ ചടങ്ങുകളോ സവര്‍ക്കര്‍ പിന്തുടര്‍ന്നിരുന്നില്ല. പകരം ഹിന്ദുത്വയെ ഒരു ആത്മീയ അനുഭവം എന്നതില്‍ നിന്നും അടര്‍ത്തിമാറ്റി, അതിന്റെ സാമൂഹിക സ്ഥാപനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയാണ് വേണ്ടതെന്ന് ആഹ്വാനം ചെയ്തു. ഹിന്ദു എന്നത് സവര്‍ക്കര്‍ക്ക് ഒരു ദേശീയതയായിരുന്നു. അഥവാ, ഹിന്ദുത്വയുടെ സാംസ്‌കാരികാനുഭവത്തെ ഇന്ത്യന്‍ ദേശീയതയായി വ്യാഖ്യാനിക്കാന്‍ അദ്ദേഹം ശ്രമിച്ചു. സിഖുകളും ജൈനരും ബുദ്ധിസ്റ്റുകളും ചേര്‍ന്ന സവര്‍ക്കറുടെ ദേശീയതയില്‍ മുസ്ലിങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ഇടമുണ്ടായിരുന്നില്ല.

സ്വാതന്ത്ര്യസമരവും സവര്‍ക്കറും

സവര്‍ക്കറെ സ്വാതന്ത്ര്യസമരസേനാനിയായി അവതരിപ്പിച്ചുകൊണ്ടുള്ള ആഖ്യാനങ്ങളും, അവയെ എതിര്‍ത്തുകൊണ്ടുള്ള പ്രതിരോധങ്ങളും അടുത്ത കാലത്തായി ചര്‍ച്ചകളില്‍ നിറയുന്നുണ്ട്. സെല്ലുലാര്‍ ജയിലില്‍ 50 വര്‍ഷക്കാലത്തെ തടവുശിക്ഷ വിധിച്ച് സവര്‍ക്കര്‍ അടയക്കപ്പെട്ടത് എന്തിനാണ്? അതിനു മുന്‍പോ ശേഷമോ ദേശീയപ്രസ്ഥാനവുമായി ബന്ധപ്പെട്ട് സവര്‍ക്കര്‍ പ്രവര്‍ത്തിച്ചിട്ടുണ്ടോ? എന്താണ് ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രത്തില്‍ സവര്‍ക്കറിനുള്ള സ്ഥാനം?

സായുധ ആക്രമണങ്ങളിലൂടെ ബ്രിട്ടീഷുകാരെ ചെറുത്തുതോല്‍പ്പിക്കാം എന്ന ആശയത്തിലൂന്നിയായിരുന്നു സവര്‍ക്കറുടെ ആദ്യകാല പ്രവര്‍ത്തനങ്ങള്‍. ഇംഗ്ലണ്ടില്‍ ഉപരിപഠനം നടത്തിക്കൊണ്ടിരുന്ന കാലയളവില്‍ ഇതിനായി ഇന്ത്യയിലേക്ക് ആയുധങ്ങളും കടത്തിയിരുന്നു. ഇത്തരമൊരു കേസിലാണ് സവര്‍ക്കറെ ബ്രിട്ടീഷ് പൊലീസ് പിടികൂടുന്നത്. നാസിക് കലക്ടറായിരുന്ന എ.എം.ടി ജാക്സനെ അദ്ദേഹത്തിന്റെ യാത്രയയ്പ്പ് ചടങ്ങിനിടെ അനന്ത് ലക്ഷ്മണ്‍ കന്‍ഹാരേ എന്ന യുവാവ് വെടിവച്ചു കൊലപ്പെടുത്തി. സവര്‍ക്കര്‍ നയിച്ചിരുന്ന അഭിനവ് ഭാരത് സൊസൈറ്റിയുടെ പ്രവര്‍ത്തകനായിരുന്നു ഇയാള്‍. കൂടുതല്‍ അന്വേഷണത്തില്‍, കൊലപാതകത്തിനുപയോഗിച്ച തോക്ക് സവര്‍ക്കര്‍ ഇംഗ്ലണ്ടില്‍ നിന്നും ഒളിച്ചുകടത്തിയതാണെന്ന് തെളിഞ്ഞതോടെയാണ് 1910ല്‍ അദ്ദേഹത്തെ ബ്രിട്ടീഷ് പൊലീസ് അറസ്റ്റു ചെയ്യുന്നത്. ബ്രിട്ടീഷ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്ന കഴ്സണ്‍ വൈലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സവര്‍ക്കര്‍ നേരത്തേതന്നെ നിരീക്ഷണത്തിലായിരുന്നു. അറസ്റ്റു ചെയ്ത് ഇന്ത്യയിലേക്കു കൊണ്ടുവരുന്നതിനിടെ, ഫ്രാന്‍സിലെ മാഴ്സെയില്‍സ് തുറമുഖത്തു നിന്നും സവര്‍ക്കര്‍ കടലില്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചു. എങ്കിലും, പൊലീസ് വീണ്ടും പിടികൂടുകയും ഇന്ത്യയില്‍ എത്തിക്കുകയും ചെയ്തു. ഈ കേസിലാണ് സവര്‍ക്കര്‍ക്ക് 50 വര്‍ഷത്തെ തടവുശിക്ഷ ലഭിക്കുന്നത്. 28 വയസ്സായിരുന്നു അന്ന് സവര്‍ക്കര്‍ക്ക് പ്രായം.

ആന്‍ഡമാനിലേക്ക് സവര്‍ക്കര്‍ നാടുകടത്തപ്പെട്ടു. സ്വത്തുക്കള്‍ ജപ്തി ചെയ്യപ്പെടുകയും, ഫെര്‍ഗൂസന്‍ കോളജില്‍ നിന്നും നേടിയ ബിഎ ബിരുദം റദ്ദാക്കപ്പെടുകയും ചെയ്തു. ശിക്ഷയില്‍ ഇളവു ലഭിച്ച് ആന്‍ഡമാനില്‍ നിന്നും 1921ലാണ് സവര്‍ക്കര്‍ രത്നഗിരി ജയിലിലെത്തുന്നത്. 1937 വരെ രത്നഗിരി ജില്ല വിട്ട് പുറത്തുപോകുവാന്‍ സവര്‍ക്കര്‍ക്ക് അനുമതിയും ഉണ്ടായിരുന്നില്ല. ശിക്ഷയിളവു ലഭിക്കാനായി നല്‍കിയ മാപ്പപേക്ഷകളില്‍ ഉറപ്പുനല്‍കിയിരുന്നതുപോലെ, സവര്‍ക്കര്‍ പിന്നീട് സ്വാതന്ത്ര്യസമരത്തില്‍ പ്രത്യക്ഷമായി ഇടപെട്ടതേയില്ല. പിന്നീടുള്ള സവര്‍ക്കറുടെ എഴുത്തുകളും ആശയപ്രചരണങ്ങളും ഹിന്ദുത്വയില്‍ കേന്ദ്രീകരിച്ചായിരുന്നു. 1942ല്‍ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന് കോണ്‍ഗ്രസ് രൂപം നല്‍കിയപ്പോള്‍, സവര്‍ക്കറുടെ ഹിന്ദു മഹാസഭ ആ നീക്കത്തെ നിശിതമായി വിമര്‍ശിക്കുകയാണ് ചെയ്തത്. ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തില്‍ നിന്നും വിട്ടു നില്‍ക്കാനും, സര്‍ക്കാരിനെ എതിര്‍ക്കാതിരിക്കാനും ഹിന്ദുക്കളോട് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു.

സവര്‍ക്കറുടെ തീവ്രാശയങ്ങളില്‍ വന്ന മാറ്റങ്ങളെക്കുറിച്ച്, പല ലേഖനങ്ങളും അധികരിച്ച് ചരിത്രകാരന്മാര്‍ നിരീക്ഷിച്ചിട്ടുണ്ട്. ആദ്യകാലഘട്ടങ്ങളില്‍ ബ്രിട്ടീഷ് ആധിപത്യത്തില്‍ നിന്നും ഇന്ത്യയെ മോചിപ്പിക്കുന്നതിനെക്കുറിച്ച് സംസാരിച്ചിരുന്ന സവര്‍ക്കര്‍, പില്‍ക്കാലത്ത് എഴുതിയിരുന്നത് മുസ്ലിങ്ങളില്‍ നിന്നും ഹിന്ദുക്കളെ മോചിപ്പിക്കുന്നതിനെക്കുറിച്ചാണ്. ഇന്ത്യാവിഭജനത്തെ അനുകൂലിച്ചിരുന്ന സവര്‍ക്കര്‍, ഇന്ത്യന്‍ പൊലീസ് സേനയിലും സൈന്യത്തിലും മുസ്ലിം മതവിശ്വാസികള്‍ ജോലി ചെയ്യുന്നത് ഭീഷണിയായാണ് കണ്ടിരുന്നത്. ഇതിനു ബദലായി ഹിന്ദുക്കളോട് സൈന്യത്തില്‍ ചേര്‍ന്ന് സേവനമനുഷ്ഠിക്കാന്‍ സവര്‍ക്കര്‍ ആഹ്വാനം ചെയ്തു. സ്വാതന്ത്ര്യാനന്തരം ഹിന്ദുരാഷ്ട്രസ്ഥാപനമായിരുന്നു സവര്‍ക്കറുടെയും സംഘടനയുടെയും ലക്ഷ്യം. അതിനായുള്ള പ്രചാരണപ്രവര്‍ത്തനങ്ങള്‍ സവര്‍ക്കര്‍ നടത്തിപ്പോന്നിരുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍്ഗ്രസിന്റെ മതേതര നയങ്ങള്‍ മുസ്ലിം പ്രീണനമായിക്കണ്ട് നഖശിഖാന്തം എതിര്‍ത്തു.

സവര്‍ക്കറുടെ മാപ്പപേക്ഷ

ആന്‍ഡമാനിലെ തടവുകാലത്ത് ശിക്ഷാ ഇളവ് ലഭിക്കാനായി ബ്രിട്ടീഷ് ഭരണകൂടത്തോടുള്ള വിധേയത്വം വെളിപ്പെടുത്തി നിവേദനങ്ങള്‍ എഴുതിയ സവര്‍ക്കറെ സംഘപരിവാര്‍ നേതൃത്വം സ്വാതന്ത്ര്യസമരസേനാനിയായി അവതരിപ്പിക്കുന്നതിലെ അപാകത പൊതുവില്‍ ചൂണ്ടിക്കാണിക്കപ്പെടാറുണ്ട്. സവര്‍ക്കര്‍ അത്തരം മാപ്പപേക്ഷകള്‍ എഴുതിയിട്ടില്ല, രാഷ്ട്രീയത്തടവുകാര്‍ മാപ്പപേക്ഷകള്‍ നല്‍കുന്നത് ഒരു പതിവായിരുന്നു, ഗാന്ധിജിയുടെ നിര്‍ദ്ദേശപ്രകാരമാണ് സവര്‍ക്കര്‍ മാപ്പപേക്ഷിച്ചത്, സ്വാതന്ത്ര്യ സമരത്തില്‍ അണിചേരാനുള്ള വിലപ്പെട്ട സമയം ജയിലില്‍ പാഴാക്കാതിരിക്കാനാണ് നിവേദനങ്ങള്‍ നല്‍കിയത് - ഇങ്ങനെ പല വിശദീകരണങ്ങളും ഈ ആരോപണത്തിന് മറുപടിയായി സംഘപരിവാര്‍ പലപ്പോഴായി ഉയര്‍ത്തിക്കൊണ്ടുവന്നിട്ടുണ്ട്. ഇതില്‍ പല വാദങ്ങളും ചരിത്രപരമായി തെറ്റാണെന്ന് തെളിയിക്കപ്പെട്ടിട്ടുമുള്ളതാണ്.

എന്നാല്‍, ചെറുപ്രായത്തില്‍ സെല്ലുലാര്‍ ജയില്‍ പോലൊരു വിദൂരസ്ഥലത്ത് ഏകാന്തവാസത്തിന് വിധിക്കപ്പെടുകയും, പുറംലോകം കാണുന്നതിനുള്ള സാധ്യത പോലും മങ്ങിത്തുടങ്ങുകയും ചെയ്ത ഘട്ടത്തില്‍, ശിക്ഷാ ഇളവുകള്‍ തേടിക്കൊണ്ട് അഞ്ചു തവണ സവര്‍ക്കര്‍ ബ്രിട്ടീഷ് സര്‍ക്കാരിന് നിവേദനങ്ങള്‍ അയച്ചിരുന്നു. ജയിലിലെത്തി ഒരു മാസത്തിനു ശേഷം 1911ല്‍ സവര്‍ക്കര്‍ ആദ്യത്തെ മാപ്പപേക്ഷ നല്‍കി. ദിവസങ്ങള്‍ക്കകം അത് നിരസിക്കപ്പെട്ടു. 1913ല്‍ എഴുതിയ രണ്ടാമത്തെ മാപ്പപേക്ഷയില്‍ സവര്‍ക്കര്‍ സ്വയം വിശേഷിപ്പിച്ചത് 'prodigal son' അഥവാ 'ധൂര്‍ത്തനായ പുത്രന്‍' എന്നാണ്. പൂര്‍ണമായും ബ്രിട്ടീഷ് സര്‍ക്കാരിന് വിധേയനായിരിക്കാം എന്ന് ഉറപ്പു നല്‍കുകയും, സ്വാതന്ത്ര്യസമര പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന യുവാക്കളെ 'വഴിതെറ്റിയവര്‍' എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും നിരന്തരമായി അപേക്ഷകള്‍ നല്‍കിയെങ്കിലും, 1921 വരെ സവര്‍ക്കര്‍ക്ക് സെല്ലുലാര്‍ ജയിലില്‍ നിന്നും പുറത്തു കടക്കാനായില്ല. ബ്രിട്ടീഷ് സര്‍ക്കാരിന്റെ നയങ്ങളെ പ്രകീര്‍ത്തിച്ചുകൊണ്ടും, തന്റെ 'തെറ്റുകള്‍' ഏറ്റു പറഞ്ഞുകൊണ്ടും സവര്‍ക്കര്‍ നിവേദനങ്ങള്‍ എഴുതിക്കൊണ്ടിരുന്നു.

ഒടുവില്‍ ശിക്ഷാ ഇളവു ലഭിച്ച് രത്നഗിരി ജയിലിലെത്തിയ സവര്‍ക്കര്‍ പിന്നീട് ശ്രദ്ധ കേന്ദ്രീകരിച്ചത് ഹിന്ദുത്വ എന്ന ആശയം വികസിപ്പിച്ചെടുക്കുന്നതിലാണ്. Essentials of Hindutva അടക്കമുള്ള പല ലേഖനങ്ങളും ഇക്കാലയളവില്‍ സവര്‍ക്കര്‍ എഴുതി. തീവ്രവലത് സംഘടനാ പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ സ്വീകാര്യത നേടുകയും ചെയ്തു. ഹിന്ദു മതത്തില്‍ നിന്നും പുറത്തു പോയവരെ തിരികെയെത്തിക്കുക, ഹിന്ദു മതബോധം പ്രചരിപ്പിക്കുക എന്നിവയില്‍ സവര്‍ക്കര്‍ വ്യാപൃതനായി. നാസിസത്തോടും ഫാസിസത്തോടുമുള്ള അനുഭാവം സവര്‍ക്കര്‍ പരസ്യമായി പ്രകടിപ്പിച്ചിരുന്നു. ജര്‍മനിയിലെ ജൂതന്മാര്‍ക്കു തുല്യരാണ് ഇന്ത്യയിലെ മുസ്ലിങ്ങള്‍ എന്ന തരത്തിലുള്ള പല പ്രസ്താവനകളും സവര്‍ക്കര്‍ ഹിന്ദു മഹാസഭാ സമ്മേളനങ്ങളില്‍ നടത്തിയിട്ടുണ്ട്. ഇത്തരം വിഷയങ്ങളിലേക്ക് ശ്രദ്ധ തിരിച്ചപ്പോള്‍ത്തന്നെ, ബ്രിട്ടീഷ് സര്‍ക്കാരിന് വിധേയനായിരുന്നുകൊള്ളാം എന്ന വാഗ്ദാനം കൃത്യമായി പാലിക്കുകയും ചെയ്തു.

ഗാന്ധിയും സവര്‍ക്കറും

ഗാന്ധിയെയും സവര്‍ക്കറെയും ഒരേ തലത്തില്‍ കാണുകയും, ചിലപ്പോഴൊക്കെ ഗാന്ധിയെക്കാള്‍ ഉന്നതിയില്‍ സവര്‍ക്കറെ പ്രതിഷ്ഠിക്കുകയും ചെയ്യുന്ന ആഖ്യാനങ്ങള്‍ സംഘപരിവാര്‍ കാലാകാലങ്ങളില്‍ പുറത്തുവിട്ടിട്ടുണ്ട്. ആശയപരമായി ഇരുവരും ഒരേ ചേരിയിലായിരുന്നുവെന്നും, രാജ്യത്തിന്റെ സ്വാതന്ത്ര്യലബ്ധിക്കായി തോളോടു തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നുവെന്നും സ്ഥാപിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് മാപ്പപേക്ഷകള്‍ ഗാന്ധിജിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നുവെന്ന പ്രസ്താവനയും. എന്നാല്‍, ആദ്യ കാലഘട്ടം മുതല്‍ക്കു തന്നെ ഇരുവരുടെയും രാഷ്ട്രീയനിലപാടുകളില്‍ വൈരുദ്ധ്യങ്ങളുണ്ടായിരുന്നു എന്നതാണ് വാസ്തവം. ഗാന്ധിയുടെ അഹിംസാവാദവും സവര്‍ക്കറുടെ തീവ്രാശയങ്ങളും എക്കാലത്തും എതിര്‍ ചേരികളിലായിരുന്നു. രാഷ്ട്രീയത്തടവുകാരെ വിട്ടയയ്ക്കണം എന്നാവശ്യപ്പെട്ട് യംഗ് ഇന്ത്യയില്‍ എഴുതിയ ഒരു ലേഖനത്തില്‍ സവര്‍ക്കര്‍ സഹോദരന്മാരുടെ പേര് പരാമര്‍ശിച്ചതൊഴിച്ചാല്‍, മാപ്പപേക്ഷാ വിവാദത്തിലും ഗാന്ധിജിയ്ക്ക് പങ്കില്ല. എന്നാല്‍, ഗാന്ധി വധത്തില്‍ സവര്‍ക്കര്‍ക്കുള്ള പങ്കിനെക്കുറിച്ച് ഇപ്പോഴും വാദപ്രതിവാദങ്ങള്‍ നിലവിലുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം.

കൊലപാതകത്തിന് മുന്നോടിയായ ഗൂഢാലോചനയില്‍ ഭാഗമായി എന്ന ആരോപണത്തിനുമേല്‍ ഗാന്ധിവധക്കേസില്‍ സവര്‍ക്കര്‍ 1948ല്‍ പ്രതിചേര്‍ക്കപ്പെട്ടിരുന്നു. ഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്സെ ഹിന്ദുമഹാസഭയുടെയും ആര്‍ എസ് എസിന്റെയും പ്രവര്‍ത്തകനും സവര്‍ക്കറുടെ അനുയായിയുമായിരുന്നു. കേസില്‍ മാപ്പുസാക്ഷിയാക്കപ്പെട്ട ദിഗംബര്‍ ബാഗ്ഡെയുടെ മൊഴി പ്രകാരം, ഗാന്ധിവധത്തിനു മുന്‍പ് ഗോഡ്സെ സവര്‍ക്കറെ ബോംബെയില്‍ വച്ച് സന്ധിക്കുകയും സവര്‍ക്കര്‍ 'വിജയിച്ചു വരൂ' എന്നനുഗ്രഹിച്ച് ഗോഡ്സെയെ യാത്രയാക്കുകയും ചെയ്തിരുന്നു. എന്നാല്‍, മതിയായ തെളിവുകള്‍ ഇല്ലാതിരുന്നതിനാല്‍ സവര്‍ക്കറെ കോടതി വിട്ടയയ്ക്കുയാണുണ്ടായത്. വര്‍ഷങ്ങള്‍ക്കു ശേഷം കപൂര്‍ കമ്മീഷന്റെ മുമ്പാകെ സവര്‍ക്കറുടെ വിശ്വസ്തരായ അപ്പാ രാമചന്ദ്ര കസര്‍, ഗജാനന്‍ വിഷ്ണു ദാംലെ എന്നിവര്‍ നല്‍കിയ മൊഴിയില്‍ ഗൂഢാലോചനയ്ക്ക് തെളിവുകള്‍ ഉണ്ടായിരുന്നെങ്കിലും, അപ്പോഴേക്കും സവര്‍ക്കര്‍ മരണപ്പെട്ടിരുന്നു. നേരത്തേ സവര്‍ക്കര്‍ പ്രതിചേര്‍ക്കപ്പെട്ടിരുന്ന കലക്ടര്‍ ജാക്സണ്‍ അടക്കമുള്ളവരുടെ രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്ന രീതി പരിശോധിച്ചാല്‍, ഗാന്ധിവധത്തിന്റെ ശൈലിയുമായി ബന്ധമുണ്ടെന്ന് വാദിക്കുന്നവരുണ്ട്. ഗാന്ധിവധത്തിനു പിന്നിലെ സൂത്രധാരന്‍ സവര്‍ക്കര്‍ തന്നെയാണെന്ന് പലരും ഇപ്പോഴും ഉറച്ചുവിശ്വസിക്കുന്നു.

ഭക്ഷണവും വെള്ളവും മരുന്നുകളും വേണ്ടെന്നു വച്ച്, സ്വയം സ്വീകരിച്ച മരണമായിരുന്നു സവര്‍ക്കറിന്റേത്. തന്റേത് ആത്മഹത്യയല്ല, മറിച്ച്, ആത്മാര്‍പ്പണമാണെന്നായിരുന്നു സവര്‍ക്കര്‍ ആവര്‍ത്തിച്ചിരുന്നത്. ജീവിതലക്ഷ്യം സാക്ഷാത്കരിച്ചു കഴിഞ്ഞാല്‍ സ്വയം മരണം വരിക്കുന്നതാണ് അഭികാമ്യം എന്ന് വിശദീകരിച്ച സവര്‍ക്കര്‍, ഭക്ഷണമില്ലാതെ ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് 1966 ഫെബ്രുവരി 26ന് മരണമടഞ്ഞു.

മരണത്തിനു പതിറ്റാണ്ടുകള്‍ക്കിപ്പുറം, സവര്‍ക്കറെ വീര പരിവേഷത്തോടെ സ്വാതന്ത്ര്യസമരകാലത്തിന്റെ ഐക്കണായി അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് സംഘപരിവാര്‍. വിനായക് ദാമോദര്‍ സവര്‍ക്കറിനു പകരം വീര സവര്‍ക്കര്‍ എന്ന വിശേഷണമാണ് ആര്‍.എസ്.എസ് ഉപയോഗിക്കുന്നത്. 1926ല്‍ പുറത്തിറങ്ങിയ, ചിത്രഗുപ്ത എന്നയാള്‍ രചിച്ച, Life of Barrister Savarkar എന്ന ജീവചരിത്രഗ്രന്ഥത്തിലാണ് സവര്‍ക്കറെ ആദ്യമായി വീര സവര്‍ക്കര്‍ എന്ന് വിശേഷിപ്പിച്ചിരുന്നത്. വര്‍ഷങ്ങള്‍ക്കു ശേഷം 1987ല്‍ രണ്ടാം പതിപ്പ് പ്രസിദ്ധീകരിച്ചപ്പോള്‍, അതിന്റെ ആമുഖത്തില്‍ ചിത്രഗുപ്ത യഥാര്‍ത്ഥത്തില്‍ സവര്‍ക്കര്‍ തന്നെയാണെന്ന പരാമര്‍ശമുണ്ടായിരുന്നു.

2003ല്‍ ബിജെപി സര്‍ക്കാര്‍ സവര്‍ക്കറിന്റെ ഛായാചിത്രം പാര്‍ലമെന്റ് മന്ദിരത്തില്‍ അനാച്ഛാദനം ചെയ്തതും വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിനായി ജീവനും ജീവിതവും ബലികഴിപ്പിച്ചവരോടുള്ള അനാദരവാണിതെന്നായിരുന്നു ആരോപണം. ആര്‍ എസ് എസ് അടക്കമുള്ള തീവ്രവലത് സംഘടനകള്‍ സവര്‍ക്കറെ വീണ്ടും മുഖ്യധാരാ ചര്‍ച്ചകളിലേക്ക് തിരിച്ചുകൊണ്ടുവരികയും സജീവമായി നിലനിര്‍ത്തുകയും ചെയ്യാനുള്ള ശ്രമത്തിലാണ്. മാപ്പപേക്ഷാ ആരോപണങ്ങളുമായി ബന്ധപ്പെട്ട് പലയിടങ്ങളില്‍ നിന്നായി ഉയരുന്ന പ്രതിരോധങ്ങളും ഗാന്ധിയുമായി തുലനം ചെയ്യാന്‍ നടക്കുന്ന ശ്രമങ്ങളും ഇതിന്റെ ഭാഗമായി വേണം നിരീക്ഷിക്കാന്‍. ഹിന്ദുത്വത്തിലൂന്നിയ ദേശീയത എന്ന ആശയത്തിന് രൂപം കൊടുത്ത സവര്‍ക്കറെ രാഷ്ട്രപിതാവിന് തുല്യനായി അവരോധിക്കാനുള്ള ശ്രമങ്ങള്‍, ഇന്ത്യയുടെ വര്‍ത്തമാനകാല രാഷ്ട്രീയത്തിന്റെ സ്വഭാവം കൂടി പരിഗണിച്ചുകൊണ്ട് വിലയിരുത്തേണ്ടതുണ്ട്. ആത്മീയതയിലുപരിയായി രാജ്യത്തിന്റെ സാമൂഹ്യ വ്യവസ്ഥിതിയില്‍ പ്രായോഗികമായി ഇടപെടാന്‍ കഴിവുള്ള പൊളിറ്റിക്കല്‍ ഹിന്ദു സ്വത്വത്തെ മുന്നോട്ടുവച്ച സവര്‍ക്കറെ സംഘപരിവാര്‍ രാഷ്ട്രീയത്തിന് ഇപ്പോള്‍ ആവശ്യമുണ്ട്. ഗാന്ധിയല്ല, സവര്‍ക്കറാണ് ഇന്ത്യയുടെ രാഷ്ട്രപിതാവ് എന്ന അവകാശവാദം ഉയരുന്ന കാലവും ഏറെ വിദൂരമല്ല.

Related Stories

No stories found.
The Cue
www.thecue.in