ത്രില്ലടിപ്പിക്കുന്ന ത്രില്ലറാണോ ദഹാഡ് | Dahaad | Binge Watch | Cue Studio

രാജസ്ഥാനിലെ ഒരു ചെറിയ പട്ടണത്തിൽ പൊതു ടോയ്ലറ്റിനുള്ളിൽ നിന്ന് കണ്ട് കിട്ടുന്ന ഒരു സ്ത്രീയുടെ മൃതശരീരം. സയനൈഡ് കഴിച്ച് ആത്മഹത്യ ചെയ്ത സ്ത്രീ, അന്വേഷിച്ച് ആരും വരാതിരുന്ന ഒരു സ്ത്രീ ശരീരം. വെറും ഒരു സാധാരണ സ്ത്രീ എന്തിന് സയനൈഡ് കഴിച്ച് ആത്മഹത്യ ചെയ്യണം. ആ ചോദ്യം ചെന്നെത്തുന്നത് അനേകം ആരും അന്വേഷിക്കാതെ, പലപല പൊതു ടോയ്ലറ്റുകളിൽ നിന്ന് കണ്ടെത്തിയ അനേകം സ്ത്രീകളുടെ മൃതശരീരങ്ങളിലാണ്. ഒരു ഇൻവസ്റ്റി​ഗേറ്റീവ് ത്രില്ലർ സീരീസിലേക്ക് നിങ്ങളെ പിടിച്ചിടാൻ ഈ പ്ലോട്ടിന് കഴിഞ്ഞിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് കണ്ട് തുടങ്ങാവുന്ന സീരീസാണ് ആമസോൺ പ്രൈം വീഡിയോയുടെ ദഹാഡ്.

ഴോണർ + നരേറ്റീവ്

നരേറ്റീവിൽ ഒരു ഇൻവസ്റ്റി​ഗേറ്റീവ് ക്രൈം ത്രില്ലർ തുടങ്ങുന്ന ടെൻഷനോടെയല്ല ദഹാഡ് ആരംഭിക്കുന്നത്. അതിന് പകരം ചെയ്യുന്നത് ആകട്ടെ ഒരു ഉത്തരേന്ത്യൻ ​ഗ്രാമത്തിലെ സാമൂഹിക രാഷ്ട്രീയ ചുറ്റുപാടുകൾ പരിചയപ്പെടുത്തുകയും , ജാതിയുടെയും മതത്തിന്റെയും അതിരുകളും അതിന്റെ പേരിലുള്ള സവർണവിഭാ​ഗത്തിന്റെ പൊലീസിനെ പോലും കണ്ട്രോൾ ചെയ്യുന്ന അധികാരപ്രയോ​ഗവും രാഷ്ട്രീയ ഇടപെടലുകളുമെല്ലാമാണ്. ഈ സാമൂഹിക ചുറ്റുപാടിലേക്ക് ഹിന്ദു-മുസ്ലീം പ്രണയങ്ങൾ പാപങ്ങളാകുന്ന താഴ്ന്ന ജാതിയിൽ പെട്ടൊരാൾക്ക് നേരേ നീതി പോലും ലഭിക്കാത്തിടത്തേക്കാണ് തന്റെ കാണാതായ, ഒളിച്ചോടിപ്പോയ സഹോദരിയെക്കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യവുമായി പൊലീസ് സ്റ്റേഷനിൽ പരാതിയെത്തുന്നത്. ആദ്യം തള്ളിക്കളഞ്ഞ ഈ പരാതി ഇൻസ്‌പെക്ടർ അഞ്ജലി ഭാട്ടി തന്റെ സഹപ്രവർത്തകർക്കൊപ്പം അന്വേഷിക്കുന്നു. കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തുന്നു, അത് ഒന്നിൽ നിന്ന് അടുത്തതിലേക്ക് പടർന്ന് പലപല മരണങ്ങളിലേക്കെത്തുന്നു, ആർക്കും പിടിക്കാന് കഴിയാത്തൊരു സീരിയൽ കില്ലറിലേക്ക് വഴി തുറക്കുന്നു.

സീരീസ് ബാക്കിയാക്കുന്നത്

സീരിയൽ കില്ലറെ ഏറ്റവും ഒടുവിൽ കാണിക്കുന്നൊരു സ്ട്രക്ചറല്ല ദഹാഡിനുള്ളത് വിജയ് വർമ അവതരിപ്പിക്കുന്ന ആനന്ദ് സ്വർണക്കാർ എന്ന സീരിയൽ കില്ലറെ പ്രേക്ഷകർ തുടക്കം മുതൽ തിരിച്ചറിയുന്നുണ്ട്, അയാൾ സ്ത്രീകളെ എങ്ങനെ തന്നിലേക്ക് അടുപ്പിക്കുന്നുവെന്ന് എത്രനാൾ പിടിക്കപ്പെടാതെ അത് തുടരുന്നുവെന്ന്. മൃതദേഹങ്ങൾ കൂടിക്കൂടി വരുന്നതിന് അനുസരിച്ച് സീരീസ് ഒരു സാമൂഹിക ചുറ്റുപാടിനെയാണ് വിമർശിക്കുന്നത്. യാതൊരു പ്രിവേലേജുമില്ലാത്ത ജീവിതങ്ങൾ, അതിൽ ഒരു വിവാഹത്തിന് നിർബന്ധിക്കപ്പെട്ടുകൊണ്ടിരിക്കുന്ന, അല്ലെങ്കിൽ വീട്ടുകാർക്ക് ബാധ്യതയായെന്ന് വിളിച്ച് പോകുന്ന സ്ത്രീ ജീവിതങ്ങളാണ് ഇരയാക്കപ്പെടുന്നത്. കാണാതാക്കപ്പെട്ട സ്ത്രീകളെക്കുറിച്ച് അന്വേഷിക്കാൻ പോലും ആരുമില്ലായിരുന്നു. തന്റെ പെങ്ങൾ പോയത് ഒരു മുസ്ലിമിന്റെ കൂടെയാണ് എന്ന് കള്ളം പറഞ്ഞ് സംഘ്പരിവാർ നേതാവിനെ കബളിപ്പിക്കാൻ ഒരാൾ തയ്യാറാകുന്നതോടെയാണ് ഇവിടെ അന്വേഷണം പോലും ആരംഭിക്കുന്നത്. പൊലീസ് യുണിഫോമിട്ട അഞ്ജലി ഭാട്ടിയെ വീടിന് അകത്ത് കയറ്റാൻ തയ്യാറാകാത്ത ജാതീയത അവിടെ പടർന്ന് കിടക്കുന്നു, പിടിക്കപ്പെട്ട കില്ലർ ജയിലഴിക്കാകുമ്പോഴും നമുക്ക് അറിയാം, ആ സമൂഹത്തിൽ അവിടെയൊന്നും മാറാൻ പോകുന്നില്ലെന്ന്...

മികച്ച് നിൽക്കുന്നത് എന്ത്

കർണാടകയിലെ പ്രൈമറി സ്‌കൂൾ അധ്യാപകനായിരുന്ന മോഹൻ കുമാർ എന്ന സീരിയൽ കില്ലർ സൈനഡ് മോഹനന്റെ കഥയാണ് മാണ്ഡ്യയിലേക്ക് റീമ ക​ഗ്തി എന്ന സംവിധായിക പറിച്ചുനട്ടിരിക്കുന്നത്. ആ പറിച്ചുനടൽ പൂർണമാക്കുന്ന മേക്കിം​ഗ് മികവ്, അതിനെ കുറ്റമറ്റതാക്കുന്ന പെർഫോർമൻസുകൾ അത് രണ്ടുമാണ് സീരീസിൽ മികച്ച് നിൽക്കുന്നത്. കഥാപാത്രങ്ങളുടെ ബാക്സ്റ്റോറികളിലൂടെ കൃത്യമായി സാമൂഹിക ചുറ്റുപാടും കേസിൽ പെട്ട് പോകുന്ന അന്വേഷണ ഉദ്യോ​ഗസ്ഥരുടെ മാനസികാവസ്ഥയും രാഷ്ട്രീയ ജാതീയ ഇടപെടലുകളുമെല്ലാം കൃത്യമായി സീരീസിൽ അടയാളപ്പെടുത്തുന്നു. അഞ്ജലി ഭാട്ടിയായുള്ള സോനാക്ഷി സിൻഹ, ആനന്ദ് സ്വർണകാറായ വിജയ് വർമ മറ്റ് പൊലീസ് കഥാപാത്രങ്ങൾ അവതരിപ്പിക്കുന്ന ​ഗുൽഷൻ ദേവയ്യ, സൗഹം ഷാ എന്നിവർ പെർഫോർമൻസ് കൊണ്ട് സീരീസിനെ എൻ​ഗേജിം​ഗ് ആക്കുന്നു. ഈ നാല് കാരക്ടേഴ്സിനെയും ഡീറ്റയിൽ ആയി അവതരിപ്പിക്കാൻ സീരീസിന് കഴിയുന്നു എന്നത് തന്നെയാണ് ​ദഹാഡിന്റെ കരുത്താകുന്നതും.

Related Stories

No stories found.
logo
The Cue
www.thecue.in