ചൈനയിലെ എവർഗ്രാൻഡെ പ്രതിസന്ധി ലോകം ഉറ്റുനോക്കുന്നത് എന്തുകൊണ്ട്?

ചൈനീസ് സമ്പദ്‌വ്യവസ്ഥയെത്തന്നെ പിടിച്ചുകുലുകിയേക്കാവുന്ന ഒരു പ്രതിസന്ധിയാണ് ഇപ്പോള്‍ ചൈനയില്‍ നടന്നുകൊണ്ടിരിക്കുന്നത്. എവര്‍ഗ്രാന്‍ഡെ എന്ന ചൈനീസ് റിയല്‍ എസ്റ്റേറ്റ് ഭീമന്‍, കടത്തിന് മേല്‍ കടം കയറി, തകരാന്‍ നില്‍ക്കുകയാണ്. എവെര്‍ഗ്രാന്‍ഡെയുടെ തകര്‍ച്ച ഒരുപക്ഷെ ലോകസമ്പദ്‌വ്യവസ്ഥയ്ക്ക് വലിയൊരു ആഘാതമുണ്ടാക്കിയേക്കില്ല എന്നാണ് നിരീക്ഷണങ്ങളെങ്കിലും, ആ ഒരു സാധ്യത നമുക് പൂര്‍ണമായും തള്ളിക്കളയാനുമാകില്ല.

അതുകൊണ്ടുതന്നെയാണ്, ലോകരാജ്യങ്ങളെല്ലാം ഈയൊരു പ്രശ്‌നത്തെ ഉറ്റുനോക്കികൊണ്ടിരിക്കുന്നത്. 2008ല്‍ അമേരിക്കന്‍ ബാങ്കിങ് കമ്പനിയായ ലേമാൻ ബ്രദേഴ്സ് പാപ്പരത്തം എഴുതിനല്‍കി പ്രവര്‍ത്തനം അവസാനിപ്പിച്ചതുപോലെ, എവര്‍ഗ്രാന്‍ഡെയെയും അത്തരത്തിലൊരു പ്രതിസന്ധി വിഴുങ്ങുമോ എന്ന ആശങ്കയിലാണ് ചൈനീസ് സാമ്പത്തികവിദഗ്ധര്‍.

എന്താണ് എവര്‍ഗ്രാന്‍ഡെ പ്രതിസന്ധി? എങ്ങനെയാണ് അവ ചൈനയ്ക്ക് വിഘാതമുണ്ടാക്കുന്നത്?

ആത്മഹത്യാശ്രമങ്ങള്‍, നിലവിളികള്‍, പ്രതിഷേധങ്ങള്‍... ചൈനയിലെ ഏറ്റവും വലിയ രണ്ടാമത്തെ റിയല്‍ എസ്റ്റേറ്റ് ഭീമനായ എവര്‍ഗ്രാന്‍ഡെയുടെ ഓഫീസിന് മുന്‍പില്‍ ഇതൊക്കെയാണ് ഇപ്പോഴത്തെ കാഴ്ചകള്‍. എവര്‍ഗ്രാന്‍ഡെയില്‍ പണം നിക്ഷേപിച്ചവര്‍ ഇപ്പോള്‍ ആ പണം തിരിച്ചുലഭിക്കാനുള്ള നെട്ടോട്ടത്തിലാണ്. എവര്‍ഗ്രാന്‍ഡെയ്ക്ക് പണം നല്‍കിയ ബാങ്കുകള്‍ ഇപ്പോള്‍ ആ പണം തിരിച്ചുലഭിക്കുമോയെന്നുള്ള ആശങ്കയിലും.

1996 ല്‍ സ്ഥാപിതമായ ഹെങ്താ ഗ്രൂപ്പ് എന്ന കമ്പനിയിലൂടെയാണ് എവര്‍ഗ്രാന്‍ഡെയുടെ തുടക്കം. വെറും 25 വര്‍ഷംകൊണ്ട് ചൈനീസ് റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ഏറ്റവും വലിയ ഒരു ഭീമനായി മാറുവാന്‍ കമ്പനിക്കായി. ഇപ്പോള്‍ 280 ജില്ലകളിലായി 1300 ഓളം ഹൌസിങ് പ്രോജക്ടുകളാണ് കമ്പനിക്കുള്ളത്. ചൈനയിലെ മൊത്തം റിയല്‍ എസ്റ്റേറ്റ് വീടുകളുമെടുത്താല്‍ അതില്‍ 2% ത്തോളവും എവര്‍ഗ്രാന്‍ഡെ നിര്‍മിച്ചതായിരിക്കും. അത്രയ്ക്ക് സ്വാധീനം എവര്‍ഗ്രാന്‍ഡെയ്ക്ക് ചൈനീസ് റിയല്‍ എസ്റ്റേറ്റ് മേഖലയിലുണ്ട്.

പക്ഷെ, വിജയകരമായി ഓടിയിരുന്ന കമ്പനി ഇപ്പോള്‍ പാപ്പരായിരിക്കുകയാണ്. ഏകദേശം 300 ബില്യണ്‍ ഡോളറാണ് കമ്പനിയുടെ ഇപ്പോഴത്തെ കടം. അതായത് ഏകദേശം 2.2 ലക്ഷം കോടി രൂപ.

ചൈനീസ് സ്റ്റോക്ക് മാര്‍ക്കറ്റുകളില്‍ എവര്‍ഗ്രാന്‍ഡെയുടെ മാര്‍ക്കറ്റ് വാല്യൂ ഒറ്റയടിക്കാണ് 50 ബില്യണ്‍ ഡോളറില്‍നിന്ന് 4.9 ബില്യണ്‍ ഡോളറായി കൂപ്പുകുത്തിയത്.

ഒരുപാട് അപ്പാര്‍ട്ട്‌മെന്റുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ പാതിവഴിയില്‍ നിലച്ചിരിക്കുകയാണ്. തൊഴിലാളികള്‍ക്ക് കൊടുക്കാന്‍ ശമ്പളമില്ല. ശമ്പളമില്ലാത്തതുകൊണ്ട് തൊഴിലുമില്ല. എവര്‍ഗ്രാന്‍ഡെയുടെ സാമ്പത്തിക സ്രോതസ്സുകള്‍ ജനങ്ങളുടെ ഡെപ്പോസിറ്റുകളും ബാങ്കില്‍നിന്നുമുള്ള വായ്പകളുമൊക്കെയാണ്. ചൈനയുടെ അങ്ങോളമിങ്ങോളമുള്ള 150 ല്‍ കൂടുതല്‍ ബാങ്കുകളില്‍ നിന്ന് എവര്‍ഗ്രാന്‍ഡെ വായ്പകളെടുത്തിട്ടുണ്ട്. ഇവയെല്ലാം ഇനി ലഭിക്കുമോ എന്ന് പോലും, പണം കടം കൊടുത്ത ബാങ്കുകള്‍ക്ക് നിശ്ചയവുമില്ല.

പ്രധാനമായും 3 കാരണങ്ങളാണ് ഈ പ്രതിസന്ധിക്ക് വഴിയൊരുക്കിയത്. ഒന്ന്, കോവിഡ് മൂലം റിയല്‍ എസ്റ്റേറ്റ് മേഖലയിലുണ്ടായ തളര്‍ച്ച. സ്വാഭാവികമാണ്, രണ്ടാമത്തേതാണ് പ്രധാനം. ചൈനീസ് സര്‍ക്കാര്‍ ക്യാപ്പിറ്റലിസ്റ്റുകളുടെ അമിത വളര്‍ച്ചയില്‍ ആശങ്ക പ്രകടിപ്പിച്ചുകൊണ്ട്, അവരുടെ വായ്പ്പാപരിധികള്‍ മുന്‍നിശ്ചയിച്ച പരിധികളില്‍ നിന്ന് താഴ്ത്തിയിരുന്നു. അതായത് മുന്‍പ് എടുത്തിരുന്ന വായ്പകളെക്കാള്‍ വളരെ കുറവ് തുക മാത്രമേ ഇപ്പോള്‍ വലിയ എം.എന്‍.സികള്‍ക്ക് കടമെടുക്കാന്‍ സാധിക്കുമായിരുന്നുള്ളു. ജാക്ക്മാ വിവാദമൊക്കെ നമ്മളോര്‍ക്കുന്നുണ്ടാകും. ക്യാപിറ്റലിസ്റ്റുകളുടെ ഇത്തരത്തിലുള്ളൊരു വളര്‍ച്ച രാജ്യത്ത് അസമത്വം വര്‍ധിപ്പിക്കുമെന്നായിരുന്നു സര്‍ക്കാരിന്റെ പക്ഷം. ഇതുമൂലം എവര്‍ഗ്രാന്‍ഡെയ്ക്ക് കൂടുതല്‍ കടമെടുക്കാന്‍ സാധിക്കാത്ത അവസ്ഥയായി. അതോടെ പ്രതിസന്ധി കൂടുതല്‍ സങ്കീര്‍ണമായി.

ഇനി മൂന്നാമത്തെ കാരണം. എവര്‍ഗ്രാന്‍ഡെ തങ്ങളുടെ ബിസിനസ് വ്യാപിപ്പിച്ചു. ഭക്ഷണ, വാഹന മേഖലകളിലേക്കു അവര്‍ കാലെടുത്തുവെച്ചു. പക്ഷെ ഇവയില്‍നിന്ന് വിചാരിച്ച വരുമാനമുണ്ടായില്ല. മാത്രമല്ല, മുതല്‍മുടക്ക് തിരിച്ചുപിടിക്കാനുമായില്ല. അതോടെ, പ്രതിസന്ധിയുടെ ആക്കവും വര്‍ദ്ധിച്ചു.

വളരെ സൂക്ഷ്മമായാണ് ലോകരാജ്യങ്ങള്‍ എവര്‍ഗ്രാന്‍ഡെ പ്രതിസന്ധിയെ ഉറ്റുനോക്കികൊണ്ടിരിക്കുന്നത്. 2008ല്‍ അമേരിക്കന്‍ ബാങ്കിങ് കമ്പനിയായ ലേമാൻ ബ്രദര്‍സ് പാപ്പരത്തം സമര്‍പ്പിച്ചപ്പോള്‍ ഒരുപാട് പേര്‍ക്കാണ് തൊഴിലും ഭാവിയും നഷ്ടപ്പെട്ടത്. അത്തരമൊരു അവസ്ഥ എവര്‍ഗ്രാന്‍ഡെയ്ക്ക് ഉണ്ടായാല്‍, കോവിഡ് മൂലം മന്ദഗതിയിലായിരിക്കുന്ന ചൈനീസ് സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയൊരു തിരിച്ചടി കൂടിയായിരിക്കും ഈ പ്രതിസന്ധി.

ചൈനീസ് കെട്ടിടനിര്‍മ്മാണ മേഖല തകര്‍ന്നാല്‍ ഇന്ത്യയ്ക്കുമുണ്ട് വലിയ തിരിച്ചടി. ഇന്ത്യയില്‍ നിന്നാണ് ചൈന കൂടുതലും സ്റ്റീല്‍ ഇറക്കുമതി ചെയ്യുന്നത്. കോവിഡ് വ്യാപനത്തിനിടയിലും അതിര്‍ത്തി തര്‍ക്കത്തിനിടയിലും ഇന്ത്യയുടെ സ്റ്റീല്‍ കയറ്റുമതികളില്‍ വലിയ വ്യതിയാനങ്ങള്‍ കണ്ടിരുന്നില്ല. ആ ഒരു മാര്‍ക്കറ്റാണ് ഇപ്പോള്‍ തകരാനായി നില്കുന്നത്. ഇതൊരുപക്ഷെ ഇന്ത്യന്‍ സ്റ്റീല്‍ കയറ്റുമതിയെ തളര്‍ത്തിയേക്കാം.

ആഗോളപശ്ചാത്തലം നോക്കിയാല്‍ ലോകമാര്‍ക്കറ്റുകളെ നേരിട്ട് ബാധിക്കാവുന്ന പ്രതിസന്ധി നിലവിലില്ല. പക്ഷെ എവര്‍ഗ്രാന്‍ഡെക്ക് ഇപ്പോഴും എങ്ങനെ കടത്തില്‍നിന്ന് കരകയറും എന്ന് വലിയ നിശ്ചയമില്ലാത്തതിനാല്‍ ലോക സമ്പദ്‌വ്യവസ്ഥയെ ബാധിക്കാതെ കടന്നുപോകില്ല എന്ന് ഉറപ്പുപറയാനുമാകില്ല. ചുരുക്കത്തില്‍, എവര്‍ഗ്രാന്‍ഡെ പ്രതിസന്ധി കനമുള്ളതാണ്.

Related Stories

No stories found.