പാര്‍വതിയുടെ സമരങ്ങള്‍ക്ക് വളര്‍ച്ചയുണ്ട്, പലര്‍ക്കും അതൊരു ചൂണ്ടുപലക; ഹരീഷ് പേരടി അഭിമുഖം

നടി പാര്‍വതി തിരുവോത്ത് നിരന്തരമായി സമരം തുടര്‍ന്നുക്കൊണ്ടിരിക്കുകയാണെന്നും ഒരു വ്യക്തിയെന്നതിനപ്പുറം ആ സമരങ്ങള്‍ക്ക് വളര്‍ച്ചയുണ്ടെന്നും നടന്‍ ഹരീഷ് പേരടി. പാര്‍വതി ആദ്യകാലത്ത് ചൂണ്ടിക്കാണിച്ച പല വിഷയങ്ങളോടും എതിര്‍പ്പ് ഉണ്ടായിരുന്നു. എങ്കിലും അഭിപ്രായ വ്യത്യാസങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുത്തന്നെ വീണ്ടും വീണ്ടും ഇടപെടുന്നതിനെയാണ് യഥാര്‍ത്ഥ രാഷ്ട്രീയം എന്ന് പറയുന്നത്. നമ്മള്‍ പറഞ്ഞാലും പറഞ്ഞില്ലെങ്കിലും നമ്മള്‍ എത്തേണ്ട ഇടത്ത് തന്നെ എത്തും . എന്നാല്‍ പിന്നെ പറഞ്ഞിട്ടുപോയാല്‍ അത്രയും മനസമാധാനമെങ്കിലും കിട്ടുമെന്ന് അദ്ദേഹം ദ ക്യു അഭിമുഖത്തില്‍ പറഞ്ഞു.

ഹരീഷ് പേരടി ദ ക്യു അഭിമുഖത്തില്‍

പാർവ്വതി നേരത്തെ അമ്മയിലെ മെമ്പർ ആയിരുന്നു ഇപ്പോൾ അല്ല. നേരത്തെ പലരും അമ്മയിലെ മെമ്പർ ആയിരുന്നവർ ഇപ്പോൾ അല്ലാതായിട്ടുണ്ട്. ഞാൻ അമ്മയുടെ മെമ്പർ തന്നെയാണ്. പാർവതി ആദ്യകാലത്ത് ചൂണ്ടിക്കാണിച്ച പല വിഷയങ്ങളോടും എനിയ്ക്കും അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു. അഭിപ്രായ വ്യത്യാസം നിലനിർത്തിക്കൊണ്ട് തന്നെ വീണ്ടും വീണ്ടും ബന്ധപ്പെടുകയെന്നതാണ് യഥാർത്ഥ രാഷ്ട്രീയം. നമ്മളൊരു അഭിപ്രായവ്യത്യാസം ഉന്നയിച്ചു എന്നുവെച്ച് അയാൾ പറയുന്ന എല്ലാ കാര്യങ്ങളും തെറ്റാണെന്ന് പറയുന്നത് മൂഢത്വമാണ്. അയാൾ പറയുന്ന കാര്യങ്ങൾ നിരന്തരം പഠിക്കുകയൂം അനുകൂലിക്കേണ്ട സമയത്ത് അനുകൂലിക്കുകയും പ്രതികൂലിക്കേണ്ട സമയത്ത് പ്രതികൂലിക്കുകയും ചെയ്യണം. പാർവ്വതിയുടെ സമരം തുടർന്നുക്കൊണ്ടിരിക്കുന്നു. പലർക്കും അതൊരു ചൂണ്ടുപലകയായി മാറുന്നുണ്ട്. അങ്ങനെയാണ് ഇടപെടൽ നടത്തേണ്ടത്. ആ ഇടപെടൽ തന്നെയാണ് കാലം അവശിഷിപ്പിക്കുന്ന സത്യം എന്ന് പറയുന്നതും. ഒരു വ്യക്തിയെന്നതിനപ്പുറം അതിന് വളർച്ചയുണ്ട്. പിന്നെ എല്ലാ കാര്യങ്ങളിലും ആഫ്റ്റർ എഫക്ട് ഭയന്നുകൊണ്ടു ജീവിക്കുവാൻ പറ്റില്ല. നിങ്ങൾ പറഞ്ഞാലും പറഞ്ഞില്ലെങ്കിലും നിങ്ങൾ ഒരു സ്ഥലത്ത് എത്തിച്ചേരും അതുകൊണ്ടു പറഞ്ഞിട്ട് പോവുകയാണെങ്കിൽ അത്രയെങ്കിലും ഒരു മനസമാധാനം കിട്ടും.

Related Stories

No stories found.
logo
The Cue
www.thecue.in