ഇന്‍സ്റ്റഗ്രാം ആരാധകര്‍ക്ക് ഒരു ട്രാവല്‍ ഗൈഡ്; ഈ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ മറക്കണ്ട 

ഇന്‍സ്റ്റഗ്രാം ആരാധകര്‍ക്ക് ഒരു ട്രാവല്‍ ഗൈഡ്; ഈ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ മറക്കണ്ട 

സോഷ്യല്‍ മീഡിയയ്ക്ക് കൂടി സമയം നീക്കിവെക്കപ്പെട്ടിരിക്കുന്ന കാലഘട്ടമാണ് ഇത്. ഓരോരുത്തരും അവരുടെ സ്വകാര്യജീവിതത്തിലെ ചെറിയ ചെറിയ ഏടുകള്‍ പോലും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നു. ഇന്‍സ്റ്റഗ്രാമില്‍ ഒരു ഫോട്ടോ അപ് ലോഡ് ചെയ്യാന്‍ വേണ്ടി ലോകം ചുറ്റുന്നവര്‍ വരെയുണ്ട്. ഇന്‍സ്റ്റഗ്രാം പ്രേമികളായ എല്ലാ യാത്രാസ്വാദകരും ഒരിക്കലെങ്കിലും സന്ദര്‍ശിച്ചിരിക്കേണ്ട ചില ഇന്ത്യന്‍ സ്ഥലങ്ങള്‍ പരിചയപ്പെടാം.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അമൃത്സര്‍

ആത്മീയ സാന്ത്വനവും മതപരമായ പൂര്‍ത്തീകരണവും തേടുന്ന ആര്‍ക്കും അമൃതസറിലെ മണ്ണില്‍ സ്വയം മറന്ന് നടക്കാം. സുവര്‍ണ ക്ഷേത്രത്തിന്റെ പശ്ചാത്തലത്തില്‍ സ്വര്‍ണതിളക്കമുള്ള ഒരു ചിത്രം ആരാണ് ആഗ്രഹിക്കാത്തത് അല്ലേ. സിഖ് മതത്തിന്റെ ചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്ന അമൃത്സര്‍ ലോകത്തിലെ ഏറ്റവും ആദരണീയമായ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ഒന്നാണ്. പതിനാറാം നൂറ്റാണ്ടിലാണ് ഇത് സ്ഥാപിതമായത്. ക്ഷേത്രത്തിന് ചുറ്റുമുള്ള ഹൈപ്പര്‍ആക്ടീവ് തെരുവുകള്‍ ഒരു പരിധിവരെ നഗര ലാന്‍ഡ്‌സ്‌കേപ്പിംഗിലേക്ക് വഴി തുറക്കുന്നു. അതിമനോഹരമായ നടപ്പാതകള്‍ നിറഞ്ഞ നഗരത്തിന്റെ ഏത് വശത്തുമുള്ള ഇടവഴിയിലേക്ക് നീങ്ങിയാലും കാഴ്ച്ചകള്‍ക്ക് കുറവില്ല.സഅമൃത്സറിന്റെ അതിശയകരമായ പഴയ-നഗര ബസാറുകളിലൂടെ നടന്ന് കിടിലന്‍ സെല്‍ഫികളും ഫോട്ടോകളും പകര്‍ത്താം.

ആഗ്ര-താജ് നഗരം

അതിശയിപ്പിക്കുന്ന ഭംഗിയോടെ തലയുയര്‍ത്തി നില്‍ക്കുന്ന താജ് മഹലിന് മുന്നില്‍ നിന്നൊരു ചിത്രമെടുക്കാന്‍ ആഗ്രഹിക്കാത്തവരുണ്ടാകുമോ. യമുന നദിയുടെ തീരത്ത് നിന്ന് താജ് മഹല്‍ പശ്ചാത്തലമാക്കിയൊരു ഫോട്ടോ എടുത്ത് ഇസ്റ്റഗ്രാമില്‍ ഇട്ട് നോക്കു, ലൈക്കുകളുടെ പ്രവാഹമായിരിക്കും. വര്‍ഷം തോറും ലക്ഷക്കണക്കിന് വിനോദസഞ്ചാരികളണ് പ്രണയത്തിന്റെ മകുടോദാഹരണമായ താജ് മഹല്‍ കാണാന്‍ എത്തുന്നത്. ആഗ്രയിലെ മറ്റു വിസ്മയങ്ങളും നിങ്ങളുടെ ക്യാമറ കണ്ണുകളില്‍ ഒപ്പിയെടുക്കാന്‍ മറക്കരുത്.

ജയ്പൂര്‍

പിങ്കി സിറ്റിയെന്നും കൊട്ടാരങ്ങളുടെ നഗരമെന്നുമൊക്കെ വിളിപ്പേരുള്ള ജയ്പ്പൂരിലെത്തിയാല്‍ ഒരു സാധാരാണക്കാരന്‍ പോലും ചിലപ്പോള്‍ കിടിലന്‍ ഒരു ഫോട്ടോഗ്രാഫര്‍ ആയിമാറും. എങ്ങോട്ട് നിങ്ങളുടെ ലെന്‍സ് തിരിച്ചാലും മനോഹരമായതെന്തും പകര്‍ത്താനാകും. അത്രയ്ക്ക് കാഴ്ചാനുഭവമാണ് നഗരം സമ്മാനിക്കുന്നത്. പഴയതിന്റെയും പുതിയതിന്റെയും സമന്വയമാണ് ജയ്പൂര്‍. ജയ്പൂരിലെ മനോഹരമായ പിങ്ക് നിറത്തിന്റെ പശ്ചാത്തലത്തില്‍ ഡ്രോയിംഗുകള്‍ കൊണ്ട് പഴയ നഗരത്തെ ചുവരുകളും ഗേറ്റുകളും അലങ്കരിച്ചിരിക്കുന്നു. ആമെര്‍ ഫോര്‍ട്ട്, ഹവാ മഹല്‍, ജന്തര്‍ മന്തര്‍ എന്നിവയുള്‍പ്പെടെ യുനെസ്‌കോയുടെ ലോക പൈതൃക സൈറ്റുകളുടെ ആസ്ഥാനമാണ് ജയ്പൂര്‍. മനോഹരമായ കോട്ടകള്‍, കൊട്ടാരങ്ങള്‍, ക്ഷേത്രങ്ങള്‍, മ്യൂസിയങ്ങള്‍ എന്നിവയും ജയ്പൂരിന്റെ പ്രത്യേകതകളാണ്.

ഡല്‍ഹി

ഇവിടെ എല്ലാം വളരെ മനോഹരമാണ്. ഇന്ത്യയിലെ ഏറ്റവുമധികം ചരിത്രപ്രാധാന്യമുള്ള നഗരങ്ങളിലൊന്നാണ് ഡല്‍ഹി. 7 നഗരങ്ങളുടേയും ആയിരം സ്മാരകങ്ങളുടേയും നഗരം എന്നാണ് ഡല്‍ഹിയെ പരാമര്‍ശിക്കുന്നത്. പതിനൊന്ന് പ്രധാനപ്പെട്ട ചക്രവര്‍ത്തിമാരുടെ ശവകുടിരങ്ങള്‍ ഡല്‍ഹിയിലുണ്ട്. ലോട്ടസ് ക്ഷേത്രം, ഹ്യുമയൂനിന്റെ കുടീരം, അക്ഷര്‍ധാം ക്ഷേത്രം, ഇന്ത്യാഗേറ്റ്, തുഗ്ലക്കാബാദ് കോട്ട, ലോധി ഉദ്യാനം, പുരാന കില, ഖുത്ബ് മീനാര്‍, ജുമാ മസ്ജിദ്, ചെങ്കോട്ട, ജന്തര്‍ മന്തര്‍, രാജ് ഘാട്ട് തുടങ്ങി നിങ്ങള്‍ക്ക് ചുറ്റിയടിച്ച് കാണാന്‍ ചരിത്രവും സംസ്‌കാരവും കൗതുകവും എല്ലാം നിറച്ച നിരവധി ഇടങ്ങളുണ്ട് ഇവിടെ. ബസാറുകളുടെ നഗരം എന്നൊരു പേരുകൂടിയുണ്ട് ഡല്‍ഹിക്ക്. ചാന്ദ്നി ചൗക്ക് എന്ന ഒറ്റപ്പേരുമതി ലോകം മുഴുവനുമുള്ള ഷോപ്പിംഗ് പ്രേമികള്‍ക്ക് ഡല്‍ഹിയെ മനസിലാക്കാന്‍.

ഉദയ്പൂര്‍

ഒരു പ്രണയമാണ് ഉദയ്പൂര്‍. ഇന്ത്യയിലെ ഏറ്റവും റൊമാന്റിക്കായ സ്പോട്ടുകളില്‍ ഒന്നാണ് ഉദയ്പ്പൂര്‍ എന്ന് പണ്ടേ ബ്രീട്ടിഷുകാര്‍ തന്നെ സാക്ഷ്യപ്പെടുത്തിയതാണ്. ഉദയ്പൂരിലെത്തുന്ന ഓരോ സഞ്ചാരിയും അത് സത്യമെന്ന് അടിവരയിട്ട് സമ്മതിക്കുന്നു. ശാന്തമായ പിച്ചോള തടാകത്തിനരികില്‍ ഒളിച്ചിരിക്കുന്ന ഈ മനോഹര നഗരം, കൊട്ടാരങ്ങള്‍, ക്ഷേത്രങ്ങള്‍, ഹവേലികള്‍, എണ്ണമറ്റ ഇടുങ്ങിയതും വളഞ്ഞതും കാലാതീതവുമായ തെരുവുകള്‍ എന്നിവയാല്‍ നിറഞ്ഞിരിക്കുന്നു. അവ നിങ്ങളെ നഗരത്തിന്റെ സ്വാഭാവിക മനോഹാരിതയിലേക്ക് കൂട്ടിക്കൊണ്ടുപോകും. തടാകങ്ങളിലൂടെയൊരു ബോട്ട് സവാരി നടത്താം. അല്ലെങ്കില്‍ ബസാറുകളുടെ തിക്കിലും തിരക്കിലും പുത്തന്‍ സുഗന്ധങ്ങള്‍ കണ്ടെത്താം.

കേരളം

നമ്മുടെ സ്വന്തം, അല്ലെങ്കില്‍ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ എന്താണ് ഇല്ലാത്തത്. കടലും മലകളും കാടും കായലും എന്നുവേണ്ട ഏത് ലോക സഞ്ചാരിയെയും പിടിച്ചുനിര്‍ത്താന്‍ പോന്ന സകലതും നിറച്ചാണ് പ്രകൃതി കേരളത്തെ ഒരുക്കിയിരിക്കുന്നത്. അങ്ങേയറ്റം ബേക്കല്‍ക്കോട്ട മുതല്‍ ഇങ്ങേയറ്റം കോവളം ബീച്ച് വരെ നീണ്ടുകിടക്കുന്ന നമ്മുടെ നാടിന്റെ സൗന്ദര്യങ്ങളിലൂടെ ഒരു യാത്രയാകാം. മൂന്നാറും അതിരപ്പിള്ളിയും കുട്ടനാടുമെല്ലാം നിങ്ങളിലെ ഫോട്ടോഗ്രാഫറെ പ്രലോഭിപ്പിച്ചുകൊണ്ടേയിരിക്കും.

ശ്രീനഗര്‍

ശ്രീനഗര്‍ ഭൂമിയിലെ പറുദീസ തന്നെയാണ്. ഏതൊരു സഞ്ചാരിയും ഒരിക്കലെങ്കിലും ജീവിതത്തില്‍ കണ്ടിരിക്കേണ്ട സ്വര്‍ഗ്ഗം. ധാല്‍ തടാകത്തിലൂടെ ഒരു ഷിക്കാരയില്‍ കയറി ആ നാടിന്റെ സൗന്ദര്യം മുഴുവനും ആസ്വദിക്കാം. മഞ്ഞിന്റെ മൂടുപടമണിഞ്ഞ കുന്നിചരുവുകളും പുല്‍മേടുകളും നിങ്ങള്‍ക്ക് ഫോട്ടോഗ്രഫിയുടെ മറ്റൊരു ലോകം തുറന്നുതരും.

വാരണാസി

ലോകത്തിലെ ഏറ്റവും പുരാതന നഗരങ്ങളിലൊന്നായ വാരണാസി അതിന്റെ ഘാട്ടുകള്‍ക്കും ആത്മീയതയ്ക്കും പേരുകേട്ടതാണ്. വാരണാസിയുടെ ഇടനാഴികളും ഇടവഴികളും നിങ്ങളോട് കഥകള്‍ പറയും. സന്ധ്യാസമയത്തെ ആരതിയുടെ പശ്ചാത്തലത്തില്‍ ഒരു ചിത്രം ആരാണ് ആഗ്രഹിക്കാത്തത്. ഗംഗയില്‍ നിന്നും വാരണാസിയുടെ കരയിലേയ്ക്ക് ഒന്ന് നോക്കു നിങ്ങള്‍ നിങ്ങളെ തന്നെമറക്കും ഉറപ്പ്.

ലഡാക്ക്

ലഡാക്കിലേയ്ക്ക് ഒരു റോഡ് ട്രിപ്പ്. ഇപ്പോഴത്തെ ഒരു ട്രന്‍ഡാണല്ലോ അത്. ആ യാത്ര ശരിക്കും നടത്തേണ്ടതുതന്നെയാണ്. പറ്റുമെങ്കില്‍ നിങ്ങളുടെ സുഹൃത്തിനേയൊ പങ്കാളിയേയോ കൂട്ടിയൊരു ബൈക്ക് യാത്ര നടത്തിനോക്ക്, അപ്പോള്‍ മനസ്സിലാകും ആ യാത്രയുടെ യഥാര്‍ത്ഥ അനുഭവം. തണുത്തുറഞ്ഞ പര്‍വ്വതതാഴ്വാരങ്ങളിലൂടെ പോകുമ്പോള്‍ മറ്റൊരു ലോകത്ത് സഞ്ചരിക്കുന്നതായി തോന്നും. ലഡാക്ക് വാഗ്ദാനം ചെയ്യുന്നത് അഭൂതമായ കാഴ്ച്ചാനുഭവമാണ് എന്നതില്‍ ആര്‍ക്കും സംശയമുണ്ടാകില്ല. പുരാതന ബുദ്ധ മൊണാസ്ട്രികളും പര്‍വ്വതശിഖരങ്ങളുമെല്ലാം കീഴടക്കി മുന്നേറുമ്പോള്‍ നിങ്ങള്‍ക്ക് തോന്നാം ലോകം കീഴടിക്കിയെന്ന്.

ഇത്രയൊക്കെ ആയ സ്ഥിതിയ്ക്ക് ഒരു യാത്രയാകാം എന്നാണോ ചിന്തിക്കുന്നത്. എങ്കില്‍ എന്തിന് വേയ്റ്റ് ചെയ്യണം. സെല്‍ഫി സ്റ്റിക്കും ക്യാമറും എടുത്ത് ഇറങ്ങിക്കോ. കൈനിറയെ തകര്‍പ്പന്‍ ചിത്രങ്ങളും മനസ് നിറയെ ദിവ്യാനുഭവങ്ങളുമായി മടങ്ങാം.

Related Stories

No stories found.
logo
The Cue
www.thecue.in