സൂഫി ഡാന്‍സ് സിനിമയില്‍ അല്ലാതെ കണ്ടിട്ടുണ്ടോ? സമ'യുടെ പൊരുള്‍ തേടി കൊനിയയില്‍

സൂഫി ഡാന്‍സ് സിനിമയില്‍ അല്ലാതെ കണ്ടിട്ടുണ്ടോ? സമ'യുടെ പൊരുള്‍ തേടി കൊനിയയില്‍

Summary

അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ഉസ്താദ് ഹോട്ടലിലാണ് ആദ്യമായി ഞാൻ സൂഫി നൃത്തം കണ്ടിരുന്നത് സമ'യെന്ന സൂഫി ഡാന്‍സിന്റെ പൊരുള്‍ തേടി തുര്‍ക്കിയിലെ കൊനിയയിലെത്തിയ ഫാസിൽ ഫിറോസ്‌ എഴുതുന്നു

മുല്ലാ നസ്‌റുദ്ദീന് ഹോജയുടെ പട്ടണമായ അക്‌ശെഹീറില്‍ നിന്നും സമ കാണണമെന്ന ആഗ്രഹത്താല്‍ ഞാന്‍ കൊനിയയിലേക്കു ബസ് കയറി. അക്‌ശെഹീറില്‍ നിന്നും 130 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന ചെറു നഗരമാണ് കൊനിയ.  റൂമിയും സമയുമാണ് എന്നെ ഈ നഗരത്തിലെത്തിച്ചത്. മറ്റൊരു നിലക്ക് പറഞ്ഞാല്‍ സിയാവുദ്ദീന്‍ സര്‍ദാറിന്റെ ' ഡസ്പരേറ്റിലി സീക്കിങ് ദി പാരഡെെസ്' എന്ന പുസ്തകത്തിലെ ചില പേജുകളും എലിഫ് ഷെഫകിന്റെ ' ഫോര്‍ട്ടി റൂള്‍സ് ഓഫ് ലവ്' എന്ന നോവലിലെ പ്രതലങ്ങളുമാണ് ഈ നഗരത്തെ എന്നിലേക്ക് വലിച്ചടുപ്പിച്ചത്.  ബസ് കയറുമ്പോള്‍ മനസ്സ് മുഴുവനും വൈകുന്നേരം ഏഴ് മണിക്കു അരങ്ങേറാനുള്ള സൂഫി നൃത്തത്തെക്കുറിച്ചായിരുന്നു. ലക്ഷ്യസ്ഥാനത്തിലേക്കു മനസ്സ് അതിവേഗത്തിൽ സഞ്ചരിക്കുന്നുണ്ടെങ്കിലും ബസ്സും സമയവും എത്ര സഞ്ചരിച്ചിട്ടും എത്താതുപോലെ തോന്നി. തുര്‍ക്കി ബസ്സുകളിലെ യാത്ര രസകരമാണ്. ഇടക്കിടക്ക് ചായ, കോഫി, ജ്യൂസ്, ബിസ്‌ക്കറ്റ് മുതലായവ ക്ലീനര്‍മാര്‍ സെര്‍വ് ചെയ്യും. സീറ്റിന്റെ മുമ്പിലാണെങ്കില്‍ വിമാനത്തിലേതുപോലുള്ളൊരു ചെറിയ സ്‌ക്രീനുമുണ്ട്. മ്യൂസിക്, സിനിമ, തുടങ്ങിയവയെല്ലാം സംപ്രേക്ഷണം ചെയ്യുന്ന തുര്‍ക്കിഷ് ചാനലുകളെല്ലാം ലഭ്യമാണ്. അതിനെല്ലാം പുറമേ ബ്രൗസ് ചെയ്യാനുള്ള സൗകര്യവും. ആബിദ പര്‍വീനും കോക്ക് സ്റ്റുഡിയോയും മനസ്സില്‍ കയറി പറ്റിയ കാലമായിരുന്നു. യൂടൂബ് തുറന്ന് ആഖാ എന്ന പാട്ടു കേട്ടു നേരിയ ഉറക്കത്തിലേക്കു തെന്നി. മൂന്നു മണിക്കൂറിന് ശേഷം ബസ് കൊനിയ ബസ് സ്റ്റാന്റിലെത്തി. ബസ്സില്‍ നിന്ന് ഇറങ്ങുമ്പോള്‍  ആദ്യം തന്നെ കേട്ടത് സമാ സംഗീതമായിരുന്നു. കൊനിയയില്‍ ബസ്റ്റാന്റിലെത്തുന്ന ഏതൊരാളെയും സ്വീകരിക്കുന്നത് സമയുടെ മൃദുലമായ സിംഫണികളാണ്. തലേ ദിവസം ഇസ്താംബൂളില്‍ നിന്ന് പതിനൊന്നു മണിക്കൂര്‍ യാത്ര ചെയ്ത് കൊനിയയില്‍ ഇറങ്ങിയപ്പോഴും ഈ സംഗീതം കേട്ടിരുന്നു. തുര്‍ക്കിഷ് സംവിധായകന്‍ ഫാതിഹ് അക്കിന്റെ ' ക്രോസ്സിങ് ദ ബ്രിഡ്ജ്: ദ സൗണ്ട് ഓഫ് ഇസ്താംബൂള്‍' എന്ന ഡോക്യുമെന്ററിയുടെ തുടക്കത്തില്‍ പറയുന്നതു പോലെ "If you want to know a civilization you should listen its music, music can reveal you everything about a place". (ഒരു നാഗരികതയെക്കുറിച്ചറിയണമെങ്കിൽ അതിന്റെ സംഗീതം ശ്രവിക്കുക! സംഗീതം ഒരു സ്ഥലത്തെപ്പറ്റി സകലതും നിങ്ങൾക്ക് വെളിപ്പെടുത്തി തരും!).

ബസ്സിറങ്ങി റൂമിയുടെ നഗരത്തിലേക്കു ട്രാം കയറി. തിരക്കുകളോ ബഹളങ്ങളോ ഇല്ലാത്ത ശാന്ത സുന്ദരമായ നഗരമാണ് കൊനിയ. സ്‌നേഹിക്കാന്‍ മാത്രം അറിയുന്ന നിശബ്ദമായ നഗരം. നഗരത്തിന്റെ മധ്യത്തിലായി "കൊനിയ ദ സിറ്റി ഓഫ് ഹാര്‍ട്ട്‌സ്" എന്ന ബോര്‍ഡു കാണാം. റൂമിയുടെ ആത്മാവുണ്ടായതു കൊണ്ടാകാം നഗരം ശാന്തവും സുന്ദരവും പ്രണയാര്‍ദ്രവുമാണ്. പോയ കാലത്തിന്റെ ചരിത്രത്താളുകളില്‍ ഉല്ലേഖനം ചെയ്യപ്പെട്ട നിരവധി ചരിത്രങ്ങള്‍ ഈ നാടിന്റെ മാഹത്മ്യമാണ്. റംസീസ് രണ്ടാമന്‍ തന്റെ പെണ്‍മക്കളിലൊരാളെ ഇവിടെ വെച്ചു വിവാഹം ചെയ്തിരുന്നെന്നും, ബര്‍ണബാസ് അപ്പോസ്തലനും ശിഷ്യനായ തിമോത്തിയും സുവിശേഷം പഠിപ്പിച്ചത് ഇവിടെ നിന്നായിരുന്നെന്നും 'ഡസ്പരേറ്റിലി സീക്കിങ് ദി പാരഡൈസ്' എന്ന പുസ്തകത്തില്‍ സര്‍ദാര്‍ കുറിച്ചിരുന്നു. ആദ്യ ക്രിസ്തീയ സമൂഹങ്ങളുടെ ജനനവും ആദ്യ ദൈവിക സഭായോഗങ്ങളും നടന്നത് ഈ നഗരത്തിലും പരിസര പ്രദേശങ്ങളിലുമാണെന്നും ചരിത്രത്തിലുണ്ട്. മാത്രമല്ല, റംസീസ് രണ്ടാമന്‍ മുതല്‍ സല്‍ജൂക്ക് ഭരണകൂടം വരെയുള്ള പ്രതാപവും പ്രൗഢിയും അതിന്റെ ജീനിലുണ്ടെങ്കിലും റൂമിയുടെ കാലത്തായിരുന്നു കൊനിയ ജീവസുറ്റതായത്.

കൃത്യം അഞ്ച് മണിക്കു തന്നെ സമ നടക്കുന്ന മൗലാന കള്‍ച്ചറല്‍ സെന്ററിന്റെ പരിസര പ്രദേശങ്ങളില്‍ ഞാന്‍ ട്രാമിറങ്ങിയിരുന്നു. കൊനിയയില്‍ പി.എച്ച്.ഡി ചെയ്യുന്ന മലയാളി സുഹൃത്തുകള്‍ സമ കാണാന്‍ എന്റെ കൂടെ വരാമെന്ന് പറഞ്ഞിരുന്നു. അവരെയും കൂട്ടി കൊനിയയിലെ മാര്‍ക്കറ്റുകളും പരിസര പ്രദേശങ്ങളും കാണാനിറങ്ങി. രണ്ട് മണിക്കൂര്‍ സമയമുണ്ടല്ലോ സമ ആരംഭിക്കാന്‍. നടത്തത്തില്‍ ചുറ്റുമുള്ള ഓരോ പ്രതിരൂപങ്ങള്‍ക്കും പള്ളികള്‍ക്കും നൂറ്റാണ്ടുകളുടെ കഥ പറയാനുണ്ടായിരുന്നു. സുഹൃത്തുകളായ ഉമര്‍ ടി.എന്‍ പുരം, മുഹമ്മദലി, ശഫീഖ് തുടങ്ങിയവർപല കഥകളും പറഞ്ഞു തന്നു. ഭക്ഷണം കഴിക്കാനായി ഹോട്ടലുകള്‍ തപ്പി നടന്നപ്പോള്‍ കണ്ടത് അവയുടെ പേരുകളൊക്കെയും സൂഫിസം കൊണ്ട് അത്തര്‍ പുരട്ടിയതായിരുന്നു.ഉദാഹരണമായി സൂഫി കബാബ്, സൂഫി റെസ്റ്റോറന്റ്, മത്അമ് മെവിലാന, സമാ റെസ്റ്റോറന്റ്, ദര്‍വേഷ്, ഹോട്ടല്‍ തുടങ്ങിയവ. കൊനിയന്‍ ജനതയുടെ ദൈനംദിന സംസ്‌കാരങ്ങളും, ജീവിത ശൈലിയും ഈ ഹോട്ടല്‍ ബോര്‍ഡുകളിലും കടകളിലും പ്രകടമായിരുന്നു. അവസാനം സമാ റെസ്‌റ്റോറന്‍റില്‍ നിന്ന് കൊനിയന്‍ സ്‌പെഷ്യല്‍ ഡിഷ് ബൊറെക് കഴിച്ച് സുവനീര്‍ വാങ്ങുവനായി റൂമിയുടെ പള്ളി പരിസരങ്ങളിലേക്കു നടന്നു. കൊനിയക്കാര്‍ റൂമിയെ മെവ് ലാന എന്നാണ് വിളിക്കാറ്. ഇവിടുത്തുകാരോട് റൂമിയുടെ പള്ളി എവിടെ എന്ന് ചോദിച്ചാല്‍ അവരൊന്ന് ആലോചിക്കും. റൂമി എന്ന പദം പോലും നിങ്ങള്‍ക്ക് കൊനിയയിലെവിടെയും കാണാനാകില്ല. അവര്‍ക്ക് 'ഉസ്താദ്'എന്നര്‍ത്ഥം വരുന്ന മെവ് ലാനയാണ് നമ്മുടെ റൂമി.

സമ എന്ന് പറഞ്ഞാല്‍ കേള്‍ക്കുക എന്നാണര്‍ഥം. അറബിക് പദമായ സമാഇല്‍ നിന്നാണ് സമ രൂപപ്പെട്ടത്. മുസ്ലിംകൾക്കിടയിൽ സമ എന്ന സൂഫി നൃത്തത്തെക്കുറിച്ചു നിരവധി അഭിപ്രായ വ്യത്യാസങ്ങളുണ്ട്

നടത്തത്തിനിടയില്‍ ഇല ആകൃതിയിലുള്ള ഒരു കറുത്ത രൂപം കണ്ടു. അതിന്റെ പിന്‍വശത്ത് ചെറിയ ഒരു ബോര്‍ഡില്‍ ഇങ്ങനെ എഴുതിവെച്ചിട്ടുണ്ട്. ഈ സ്ഥലം മജ്മഅുല്‍ ബഹ്‌റൈന്‍ എന്ന പേരിലറിയപ്പെടും. 1244 നംവംബര്‍ 30ന് ഇവിടെ വെച്ചിട്ടാണ് റൂമിയും ശംസ് തബ്രീസിയും കണ്ട് മുട്ടിയത്. രണ്ട് സമുദ്രങ്ങളുടെ സംഗമസ്ഥലമാണിതെന്ന് ആ ബോര്‍ഡില്‍ ഇംഗ്ലീഷിലും തുര്‍ക്കിഷിലുമായിട്ട് കുറിച്ച് വെച്ചിട്ടുണ്ടായിരുന്നു.

സമയം ഏഴ് മണി ആവാനായിട്ടുണ്ടായിരുന്നു. സുവനീര്‍ കടകളില്‍ നിന്ന് സുഹൃത്തുക്കള്‍ക്കു വേണ്ടി കുറച്ച് ഗിഫ്റ്റ് വാങ്ങി. റൂമിയുടെ പള്ളിയും ശവകുടീരവും കടന്ന് ഞങ്ങള്‍ മെവ് ലാന കള്‍ച്ചറല്‍ സെന്‍ററിലേക്കെത്തി. സമയം 6.50 ആയിട്ടുണ്ടായിരുന്നു. സമ നടക്കുന്ന ഹാളില്‍ ആളുകള്‍ എത്തി തുടങ്ങിയിരുന്നു. ഹാള്‍ ശാന്തമായിരുന്നു. കേരളത്തില്‍ കാണപ്പെടുന്നതു പോലെ മൈക്ക് ടെസ്റ്റ് ചെയ്യുന്നതിന്റെ കോലാഹലങ്ങളോ അലോസരപ്പെടുത്തുന്ന ശബ്ദങ്ങളോ ചുറ്റുമില്ല. കൂടുതലും വിദേശികള്‍. ചെെന, ജപ്പാന്‍, തുടങ്ങി വ്യത്യസ്ത മുഖങ്ങളുള്ള ഒരുപാടു മനുഷ്യര്‍. ഇറാനി സിനിമകളില്‍ കണ്ടു ശീലിച്ച മുഖമുള്ള കുറെ സ്ത്രീകള്‍. റൂമിയെയും ശംസിനെയും വായിച്ചവരാകുമിവര്‍. മെവ്‌ലാന സൂഫി സരണിയുടെ ആത്മീയ മജ് ലിസാണെങ്കിലും മതം, വര്‍ഗം, ദേശം തുടങ്ങിയ വേലിക്കെട്ടുകള്‍ ഇവിടെ പ്രസക്തമല്ല. റൂമിയുടെ വിളികേട്ടായിരിക്കുമിവര്‍ ഇവിടെ എത്തിയത്. റൂമി വിളിച്ചതിങ്ങനെയാണല്ലോ. ' നിങ്ങള്‍ ആരായാലും വരൂ. നിങ്ങള്‍ അവിശ്വാസിയോ പ്രാകൃത മതക്കാരനോ അഗ്നിയാരാധകനോ ആരായാലും വരൂ. നമ്മുടെത് നൈരാശ്യത്തിന്റെ സഹോദര സംഘമല്ല. നിങ്ങളൊരു പക്ഷെ, ആയിരം തവണ നിങ്ങളുടെ പാശ്ചാതാപ ഉടമ്പടികള്‍ ലംഘിച്ചിട്ടുണ്ടാവാം എങ്കിലും വരൂ'. എല്ലാ വ്യാഴാഴ്ചയും, ശനിയാഴ്ചയുമാണ് സമ പ്രദര്‍ശിപ്പിക്കുന്നത്. കൊനിയ ടൂറിസ്റ്റകള്‍ക്ക് ഒരു ഫ്രീ സിറ്റിയായതിനാല്‍ ടിക്കറ്റുകളൊന്നുമില്ല. ലോകത്തിന്റെ പല ഭാഗത്തു നിന്നും വരുന്ന റൂമീ, സൂഫീ നൃത്ത സ്‌നേഹികള്‍ക്ക് ഈ രണ്ട് ദിവസം പെരുന്നാളാണ്! .

വിദേശികളുടെ ആധിക്യം റൂമിയുടെ കവിതകള്‍ക്കും രചനകള്‍ക്കും ലഭിച്ച സ്വീകാര്യത തന്നെയാകുമെന്നു ഞാന്‍ ഉറപ്പിച്ചു. അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കവി റൂമിയാണെന്നും അമേരിക്കയിലെ വിവാഹച്ചടങ്ങുകളില്‍ റൂമിയുടെ കവിതകള്‍ ആലപിക്കാറുണ്ടെന്നും റോസീന അലി എഴുതിയത് വായിച്ചിരുന്നു. മഡോണ, തിലധ സ്വിന്റണ്‍, കോള്‍ഡ് പ്ലേ ആലാപകന്‍ ക്രിസ് മാര്‍ട്ടിന്‍ തുടങ്ങിയവരുടെ ആത്മീയ സഞ്ചാരങ്ങളിലും ആല്‍ബങ്ങളിലും റൂമിയുടെ കവിതകള്‍ പ്രത്യക്ഷപ്പെട്ടതും ഇതിനു സഹായകമായിട്ടുണ്ടാകാം. ക്രിസ് മാര്‍ട്ടിന്‍ റൂമിയിലേക്കെത്തിയതിനെ കുറിച്ച് റോസീന അലി ഇങ്ങനെ എഴുതിയിരുന്നു. നടി ഗീനത്ത് പാള്‍ട്രോയുമായുള്ള വിവാഹ മോചനത്തിന് ശേഷം വിരഹ വേദന ശരീരത്തില്‍ കത്തിപ്പടരുന്ന സമയത്ത് ക്രിസ് മാര്‍ട്ടിന്റെ വിഷാദം കെടുത്താന്‍ കൂട്ടുകാരന്‍ കൊടുത്ത ലേപനം കോള്‍മാന്‍ ബാര്‍ക്‌സ് വിവര്‍ത്തനം ചെയ്ത റൂമിയുടെ കവിത സമാഹാരമായിരുന്നു. ഈ കവിതകളായിരുന്നു പിന്നീട് അദ്ദേഹത്തിന്റെ ജീവിതത്തെ മാറ്റി മറിച്ചത്. അത് കൊണ്ട് തന്നെയാവണം തന്റെ ആല്‍ബത്തിലെ ട്രാക്കില്‍ റൂമിയുടെ കവിത ആലപിച്ചിരുന്നതും. മസ്‌നവിയിലെ 'മനുഷ്യ ജീവിതം ഒരു അതിഥി മന്ദിരമാണ്. എല്ലാ പ്രഭാതങ്ങളിലും പുതിയ അതിഥികള്‍ ഉണ്ടാകും. സന്തോഷവും സന്താപവും നീചത്വവുമെല്ലാം, ചിലപ്പോള്‍ ബോധം വരും പ്രതീക്ഷിക്കാത്തൊരു അതിഥിയായി' എന്ന വരികള്‍ കോള്‍പ്ലേയുടെ അടുത്തിറങ്ങിയ ആല്‍ബത്തില്‍ കോള്‍മാന്‍ ബാര്‍ക്‌സ് ആലപിക്കുന്നുണ്ട്.

സമ തുടങ്ങുന്നതിനു മുമ്പായി ശൈഖ് ഇരിക്കുന്ന ചുവന്ന പരവതാനി സമാഹാനയില്‍ കൊണ്ട് പോയി വെക്കും. ഇത് കണ്ടപ്പോള്‍ കൂടെയുണ്ടായിരുന്ന സുഹൃത്തുകള്‍ തുടങ്ങാനായി എന്ന് പറഞ്ഞു. എന്നില്‍ ആകാംക്ഷയും സന്തോഷവും പെരുത്തു. ഈ പരവതാനിയെ റൂമിയുടെ മഖാമായിട്ടാണ് ദര്‍വേഷുകള്‍ സങ്കല്‍പ്പിക്കുന്നത് . ചുവപ്പ് കൊണ്ട് ഉദ്ദേശിക്കുന്നതാകട്ടേ സൂര്യനെയും.

സമയുടെ ഉത്ഭവത്തെക്കുറിച്ച് നിരവധി ചരിത്രങ്ങളുണ്ട്. അന്തിമൂക്കാത്തൊരു പകലില്‍ വഴിയരികിലൂടെ നടക്കവെ തട്ടാനായിരുന്ന സ്വലാഹുദ്ദീന്‍ സര്‍കൂബിന്‍റെ ചുറ്റികയുടെ താളവും അല്ലാഹ് എന്ന വിളിയുടെ ഈണവുമൊരുമിച്ചുള്ള താള-സ്വരലയത്തിന്റെ അനിര്‍വചനീയ നിമിഷത്തില്‍ ഒരു കൈ ആകാശത്തിലേക്കുയര്‍ത്തി മറുകൈ ഭൂമിയിലേക്ക് താഴ്ത്തി റൂമി കറങ്ങി എന്നതാണ് ഒരു ചരിത്രം. മെവ് ലാനാ സരണി പിന്തുടര്‍ന്നവര്‍ ഇന്നും സമാ നടത്തുകയും പരിശീലിപ്പിക്കുകയും സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ട്. 1925 ല്‍ അത്താതുര്‍ക്ക് തുര്‍ക്കി ഭരിച്ചിരുന്ന കാലത്ത് സമ നിരോധിച്ചിരുന്നു. എങ്കിലും മെവ് ലാന സരണി പിന്തുടര്‍ന്നവര്‍ രഹസ്യമായി വീടുകളിലും രഹസ്യ സദസ്സുകളിലും സമ അവതരിപ്പിച്ചു. റൂമിയുടെ ചരമദിനമായ ഡിസംബര്‍17 ന് കൊനിയയില്‍ സമ നടത്താന്‍ 1954 മുതല്‍ സമ്മതം ലഭിച്ചതായി ചരിത്രത്തില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്.

സമ എന്ന് പറഞ്ഞാല്‍ കേള്‍ക്കുക എന്നാണര്‍ഥം. അറബിക് പദമായ സമാഇല്‍ നിന്നാണ് സമ രൂപപ്പെട്ടത്. മുസ്ലിംകൾക്കിടയിൽ സമ എന്ന സൂഫി നൃത്തത്തെക്കുറിച്ചു നിരവധി അഭിപ്രായ വ്യത്യാസങ്ങളുണ്ട്. ഓര്‍ത്തോഡക്‌സ് സൂഫീ സരണികള്‍ സമയെ എതിര്‍ക്കുമ്പോള്‍ മൗലവി സരണിയിലുള്ളവര്‍ ഇതിനെ ആരാധന കര്‍മമായി കാണുന്നു. ഇസ്ലാമിക ആത്മീയ ജീവിതത്തിലെ സൂഫി നൃത്തം ലോകമൊട്ടാകെ അറിയപ്പെട്ടൊരു അനുഷ്ഠാനമാണ്. മൗലവി സരണിയാണ് ഇതിനെ വ്യവസ്ഥാപിതമായി അവതരിപ്പിച്ചത്. 'മിസ്റ്റിക്കല്‍ ഡെെമന്‍ഷന്‍ ഓഫ് ഇസ്ലാം' എന്ന പുസ്തകത്തില്‍ ആൻ മേരി ഷിമ്മല്‍ സമയെക്കുറിച്ച് കൂടുതല്‍ വിശദീകരിക്കുന്നുണ്ട്. റൂമിയെ സംബന്ധിച്ചിടത്തോളം സമ ആത്മാവിന്‍റെ അന്നമാണ്. റൂമിയുടെ കവിതയില്‍ ഇങ്ങനെ കാണാം. കമിതാവ് നൃത്തം ചെയ്യുന്ന പാദങ്ങള്‍ കൊണ്ട് ഭൂമിയെ സ്പര്‍ശിക്കുമ്പോള്‍ ഇരുട്ടില്‍ നിന്നും ജീവിതമെന്ന ജലം പൊട്ടിപുറപ്പെടും. മാത്രമല്ല, പ്രിയതമന്‍റെ നാമം ഉരുവിടുമ്പോള്‍ മരിച്ചവരെല്ലാം ശവകച്ചയില്‍ നിന്ന് നൃത്തം ചെയ്യും. മറ്റൊരിടത്ത് സൂഫി നൃത്തം ചെയ്യുന്നവര്‍ മുന്തിരിച്ചാറ് ഉണ്ടാക്കുന്നവരെ പോലെയാണെന്നാണ് റൂമി പറഞ്ഞത്. അവരുടെ കറക്കം മുന്തിരി കടഞ്ഞെടുത്തു വിശിഷ്ടമായ വീഞ്ഞുണ്ടാക്കുന്നതു പോലെയാണ്.

ശംസ് തബ്രീസിയാണ് സമ എന്ന നൃത്തത്തിന് ഒരു പ്രത്യേക രൂപം നല്‍കിയത്. സമ നടത്തുന്ന സ്ഥലത്തിന് സെമാഹാനെ എന്നും കറങ്ങുന്നവര്‍ക്ക് സെമാസന്‍ എന്നുമാണ് പറയാറ്. കറുത്ത നിറമുള്ള ഹിര്‍ക്ക എന്ന വസ്ത്രമണിഞ്ഞാണ് ദര്‍വേഷുകള്‍ സമ തുടങ്ങുക. ഈ ഹിര്‍ക്ക പ്രതിനിധീകരിക്കുന്നത് ഖബറിനെയാണ്. ഹിര്‍ക്ക വസ്ത്രത്തിനു താഴെ വെളുത്തൊരു വസ്ത്രമുണ്ട്. തെന്നുറെ എന്നാണ് തുര്‍ക്കിഷില്‍ ഇതിനെ വിളിക്കാറ്. അത് നമ്മുടെ ശരീരത്തിന്റെ കഫന്‍പുടവ (ശവക്കച്ച) യെയാണ് പ്രതിനിധീകരിക്കുന്നത്. ദര്‍വേഷുകള്‍ ധരിക്കുന്ന തൊപ്പിയാണ് സിക്കെ. മീസാന്‍ കല്ലിലേക്കാണ് ആ തൊപ്പി വിരല്‍ ചൂണ്ടുന്നത്. ചെവി മൂടുന്ന തരത്തിലാണിവര്‍ തൊപ്പി ധരിക്കുക. ദൈവത്തിലേക്കു മാത്രം കേന്ദ്രീകരിക്കാനും ഭൗതിക ലോകത്തെ ശബ്ദങ്ങളില്‍ നിന്നു വിട്ടുനില്‍ക്കാനുമാണ് ഇവര്‍ ഇങ്ങനെ ധരിക്കുന്നത്. ദര്‍വേഷുകള്‍ കറുത്തൊരു ബെല്‍റ്റും ഊരയില്‍ കെട്ടും. എലിഫെ നമദ് എന്നാണിത് അറിയപ്പെടുന്നത്. തോല്‍ കൊണ്ടു നിര്‍മ്മിച്ച പാദരക്ഷയാണ് ധരിക്കുക.

സമ തുടങ്ങുന്നതിനു മുമ്പായി ശൈഖ് ഇരിക്കുന്ന ചുവന്ന പരവതാനി സമാഹാനയില്‍ കൊണ്ട് പോയി വെക്കും. ഇത് കണ്ടപ്പോള്‍ കൂടെയുണ്ടായിരുന്ന സുഹൃത്തുകള്‍ തുടങ്ങാനായി എന്ന് പറഞ്ഞു. എന്നില്‍ ആകാംക്ഷയും സന്തോഷവും പെരുത്തു. ഈ പരവതാനിയെ റൂമിയുടെ മഖാമായിട്ടാണ് ദര്‍വേഷുകള്‍ സങ്കല്‍പ്പിക്കുന്നത് . ചുവപ്പ് കൊണ്ട് ഉദ്ദേശിക്കുന്നതാകട്ടേ സൂര്യനെയും. സമ നടക്കുന്ന വട്ടത്തിലുള്ള സ്ഥലം ലോകത്തെ സൂചിപ്പിക്കുന്നു. ശൈഖിന്റെ നേതൃത്വത്തിലാണ് സമ നടക്കുക. കറങ്ങുന്ന ദര്‍വേഷുകള്‍ക്ക് സെമസെനെന്നും മ്യൂസിക് ഗ്രൂപ്പിനെ മുത് രിബ് എന്നുമാണ് പേര്. ശൈഖ് ഇരിക്കുന്ന പരവതാനിയുടെ എതിര്‍ വശത്തിലൂടെ ദര്‍വേഷുകള്‍ വരി വരിയായ് കടന്നുവന്നു. ഇവര്‍ നടന്നുവരുന്നത് കാണുമ്പോള്‍ തന്നെ മനസ് കുളിരണിയും. ഒരോരുത്തരും ശൈഖിന്റെ പടത്തിലേക്ക് നോക്കി തലതാഴ്ത്തി സലാം പറഞ്ഞ് വലതു ഭാഗത്തിലൂടെ ഇരിക്കുന്ന സ്ഥലത്തേക്കു പോയി. എല്ലാവരും വന്നതിന് ശേഷമാണ് ശൈഖ് സെമാഹാനയിലെത്തിയത്. ദര്‍വേഷുകളില്‍ നിന്നു വ്യത്യസ്തമായി തൊപ്പിക്കു മീതെ ഒരു പച്ച തലപ്പാവ് ചുറ്റിയിട്ടായിരുന്നു ശെെഖ് സെമഹാനയിലെത്തിയത്. ചിലപ്പോള്‍ വെള്ള നിറത്തിലുള്ള തലപ്പാവും ശെെഖ് ധരിക്കാറുണ്ടെന്നു കൊനിയയില്‍ പി.എച്ച്. ഡി ചെയ്യുന്ന സുഹൃത്ത് ശഫീഖ് പറഞ്ഞിരുന്നു. പച്ച തലപ്പാവ് ധരിച്ചാണ് ശൈഖ് എത്തുന്നതെങ്കില്‍ അവര്‍ പ്രവാചക കുടുംബത്തില്‍ പെട്ടവരാണ്. അല്ലാത്തവരാണ് വെള്ള തലപ്പാവ് ധരിച്ചെത്തുക. വലതു ഭാഗത്തു നിന്ന് ഇടതു ഭാഗത്തേക്കാണ് ഇവര്‍ കറങ്ങുക. വലത് ഭാഗം ഭൗതിക ലോകവും ഇടത് ഭാഗം അഭൗതിക ലോകത്തെയുമാണ് സൂചിപ്പിക്കുന്നത്. ശൈഖ് ഇരുന്നതിനു ശേഷം ദര്‍വേഷുകള്‍ ഇരുന്നു. സമ തുടങ്ങുമ്പോള്‍ നേരത്തെ ധരിച്ചിരുന്ന കറുത്ത വസ്ത്രം അഴിച്ചുവെക്കും.

പ്രധാനമായും ഏഴ് സ്റ്റെപ്പുകളാണ് സമക്കുള്ളതെന്നു കൊനിയയില്‍ നിന്ന് ലഭിച്ച തുര്‍ക്കിഷിലുള്ള ബുക്ക് ലെറ്റിലുണ്ടായിരുന്നു. തുര്‍ക്കിഷ് അറിയാത്തതു കാരണം ശഫീഖ് നേരത്തെ വിവരിച്ചു തന്ന ഏഴു സ്റ്റെപ്പുകള്‍ മനസ്സിലുണ്ടായിരുന്നു. സമയുടെ ആദ്യഘട്ടമെന്ന നിലയില്‍ 'നഅത്ത് ശരീഫ്' (പ്രവാചക പ്രകീര്‍ത്തനം) ആലപിക്കാന്‍ തുടങ്ങി. പ്രവാചക പ്രകീര്‍ത്തനത്തിനു ശേഷം ചെണ്ടയുടെ കൊട്ട് പോലൊരു ശബ്ദം കേള്‍ക്കാം. ദൈവത്തിന്റെ 'കുന്‍' (ഉണ്ടാവുക) എന്ന കല്‍പ്പനയാണ് ഈ ശബ്ദം സൂചിപ്പിക്കുന്നത്. ശേഷം ഓടക്കുഴല്‍ വായിക്കാൻ തുടങ്ങി. ഇസ്ലാമിക വിശ്വാസ പ്രകാരം ദെെവം ലോകത്തെ ആദ്യം ജീവനില്ലാത്ത രൂപത്തിലാണല്ലോ നിര്‍മ്മിച്ചത്. പിന്നീട് അതില്‍ റൂഹ് (ജീവന്‍) ഊതുകയായിരുന്നല്ലോ, ആ ഊത്താണ് ഓടക്കുഴല്‍ കൊണ്ട് സൂചിപ്പിക്കുന്നത്. നെയ് എന്നാണ് ഓടക്കുഴലിനെ ഇവര്‍ വിളിക്കുന്നത്. പിന്നീട് ദര്‍വേഷുകളിലെ നേതാവ് വന്നു ശൈഖിന് സലാം പറയുകയും ദര്‍വേഷുകള്‍ മൂന്ന് വട്ടം കറങ്ങാന്‍ തുടങ്ങുകയും ചെയ്തു. ഈ കറക്കത്തിന് ദെവ്റെ വലദ് എന്നാണ് പറയുക. രണ്ട് കൈകള്‍ തോളുകളിലേക്ക് ചേര്‍ത്തു പിടിച്ചായിരുന്നു ഇവര്‍ കറങ്ങിയിരുന്നത്. ഈ കറക്കത്തില്‍ ശെെഖും കൂടെ കറങ്ങിയിരുന്നു. പിന്നീട് നാല് സലാമുകളടങ്ങിയ നാല് കറക്കം തുടങ്ങി. തുര്‍ക്കിഷ് സിനിമകളിലും ഇന്ത്യന്‍ സിനിമകളിലും കണ്ട് പരിചയിച്ച സൂഫി നൃത്തം. ഒരു കൈ മേലോട്ടുയര്‍ത്തിയും മറു കൈ ഭൂമിയിലേക്കു താഴ്ത്തിയുമാണ് ഈ നൃത്തം. വലതു ഭാഗത്തു നിന്നു ഇടതു ഭാഗത്തേക്കാണ് ദര്‍വേഷുകള്‍ കറങ്ങി പോകുന്നത്.ലോകത്തിന്റെ നിലനില്‍പ്പും നമ്മുടെ നിലനില്‍പ്പും ഒരു കറക്കമാണല്ലോ. മനുഷ്യര്‍, സസ്യങ്ങള്‍, ജീവികള്‍ തുടങ്ങി സകലതും ദൈവത്തില്‍ നിന്നും വന്നു ദൈവത്തിലേക്കു പോകുന്നു എന്നതാണ് ഈ നൃത്തത്തിന്‍റെ പൊരുള്‍. നാലാമത്തെ സലാമിനു ശേഷമാണ് ശെെഖ് കറങ്ങുക. കറക്കത്തിനു ശേഷം ഖുർആനിലെ രണ്ടാം അധ്യായമായ സൂറത്തുൽ ബഖറയിലെ 115-ാമത്തെ സൂക്തം ഓതി. കഴിയാനായി എന്ന തരത്തില്‍ അടുത്തിരുന്ന മുഹമ്മദലി ആഗ്യം കാണിച്ചു. സമയുടെ അവസാന ഘട്ടമെന്ന നിലയില്‍ എല്ലാ പ്രവാചകന്മാര്‍ക്കും, റൂമിക്കും, ശംസിനും മറ്റു ശൈഖുമാർക്കും വേണ്ടി ഫാതിഹ പാരായണം ചെയ്തു. ഇതില്‍ മെവ് ലാന സരണിയിലെ ശെെഖുമാരുടെ പേരുകള്‍ പറയുമ്പോള്‍ ദര്‍വേഷുകള്‍ നെഞ്ചില്‍ കൈവെച്ചു തല കുനിക്കുന്നുണ്ടായിരുന്നു. ഇത് കഴിഞ്ഞതോടെ ദര്‍വഷുകള്‍ നിശബ്ദരായി തങ്ങളുടെ റൂമിലേക്ക് മടങ്ങി. ഞാന്‍ സീറ്റില്‍ തന്നെ ഇരുന്നു. കാലങ്ങളായി മനസ്സില്‍ കണ്ട സ്വപ്നം പൂവണിഞ്ഞ സന്തോഷത്തില്‍ കൂടെയുള്ളവരെ ആലിംഗനം ചെയ്തു. ഒരു പെരുന്നാള്‍ ആലിംഗനത്തിനും കിട്ടാത്ത പ്രത്യേക തരം സുഖമായിരുന്നതിന്. ഓഡിറ്റോറിയത്തില്‍ നിന്ന് പുറത്ത് കടക്കാന്‍ മനസ്സ് അനുവദിച്ചില്ല. സമയെക്കുറിച്ചു കൂടുതല്‍ അറിയാനുള്ള ആഗ്രഹം എന്നിൽ വര്‍ദ്ധിച്ചു. കൂടെ വന്നവരില്‍ നാലഞ്ചു വര്‍ഷമായി കൊനിയയിലുള്ള മലയാളി സുഹൃത്തുകളുണ്ട്. സമയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ നിരവധി ചോദ്യങ്ങള്‍ അവർക്ക് മുന്നിലേക്കിട്ടു കൊടുത്തു. ചോദ്യം ചോദിക്കുന്നതാണല്ലോ ഏറ്റവും സുഖമുള്ള ഏര്‍പ്പാട്. റൂമിയുടെയും മകന്‍ സുല്‍ത്താന്‍ വലദിന്‍റെയും കാലത്ത് ഇന്ന് കാണുന്ന രൂപത്തില്‍ സമക്ക് ഒരു സംഘടിത രൂപമുണ്ടായിരുന്നില്ല. പീര്‍ ആദില്‍ ചെലവിയുടെ കാലത്താണ് സമ സവിശേഷമായൊരു രൂപം പ്രാപിച്ചത്. 17-ാം നൂറ്റാണ്ടിലായിരുന്നു റൂമി എഴുതിയ ഒരു പ്രവാചക പ്രകീര്‍ത്തനം സമയില്‍ ഉള്‍കൊള്ളിച്ചതെന്ന വിവരണങ്ങള്‍ എന്‍റെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായ് ലഭിച്ചു. മാത്രമല്ല, കൊനിയയില്‍ നിന്ന് സമയുടെ അടരുകള്‍ തുര്‍ക്കിയുടെയും ലോകത്തിന്‍റെയും വിവിധ ഭാഗങ്ങളിലേക്കു പടര്‍ന്നു പന്തലിച്ചിട്ടുണ്ട്. ഇസ്താംബൂളിലൂടെ ഒരു വെെകുന്നേര നടത്തത്തിനിടയില്‍ ഹാജിയ സോഫിയക്കു അടുത്തായി സമ പ്രദര്‍ശിപ്പിക്കുന്നതു ഞാന്‍ കണ്ടിരുന്നു. കൊനിയയില്‍ നിന്നു വ്യത്യസ്തമായ രൂപത്തിലാണ് ഇവിടെ സമ നടത്തുന്നത്. ഹോട്ടലുകള്‍ കേന്ദ്രീകരിച്ചു ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനാണിതെന്നു ഒറ്റ നോട്ടത്തില്‍ തന്നെ മനസ്സിലായിരുന്നു. ഇന്ത്യയിലെ ചില സൂഫി സരണികളും സമയെ ആരാധനാ കര്‍മ്മമായി കാണുന്നുണ്ട്. ചിശ്തി സൂഫി സരണിയും സിന്ധിലെ താട്ട സൂഫികളും സമ നടത്താറുണ്ട്.

ചര്‍ച്ചകള്‍ തുടര്‍ന്നു തന്നെ ഞങ്ങള്‍ ഓഡിറ്റോറിയത്തിലെ സുവനീറുകള്‍ വില്‍ക്കുന്ന ഭാഗത്തേക്കിറങ്ങി. സമ കണ്ട ഓര്‍മക്കായ് റൂമിയുടെ ശവകുടീരത്തിന്‍റെ രൂപവും അറബിക് കാലിഗ്രഫിയിലുള്ള വലിയൊരു പെയിന്‍റിങും വാങ്ങി. സൂഫി നൃത്തം ചെയ്യുന്ന ഒരു ദര്‍വേഷിന്‍റെ രൂപമാണ് ആ കാലിഗ്രഫി. ഹൃദയത്തില്‍ പ്രണയം കത്തിപ്പിടിച്ചൊരു കാലമായിരുന്നത്. ദർവേഷിന്‍റെ രൂപത്തിലുള്ള ഒരു കീചെയിന്‍ വാങ്ങി പ്രണയിനിയും ഇന്നെന്‍റെ കൂടെയുള്ളവളുമായ ബാസിയുടെയും എന്‍റെയും പേരതില്‍ എഴുതിപ്പിച്ചു. തുടര്‍ന്നു ഹാള്‍ കാണാനിറങ്ങി. റൂമി, സൂഫിസം, നൃത്തം തുടങ്ങിയവയുമായി ബന്ധപ്പെട്ട നിരവധി സുവനീറുകള്‍ അവിടെയുണ്ടായിരുന്നു.

എല്ലാം കഴിഞ്ഞ് സുഹൃത്ത് മാഹിറിന്‍റെ റൂമിലേക്ക് പോകുന്ന വഴിയില്‍ മലയാള സിനിമയില്‍ സമ പ്രദര്‍ശിപ്പിക്കുന്നതിനെക്കുറിച്ചും കൊനിയക്കു പുറത്ത് സമ അവതരിപ്പിക്കുന്ന രീതിയെക്കുറിച്ചും ഞങ്ങള്‍ ചര്‍ച്ച ചെയ്തു. അഞ്ജലി മേനോന്‍ രചിച്ച് അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ഉസ്താദ് ഹോട്ടലിലാണ് ആദ്യമായി ഞാൻ സൂഫി നൃത്തം കണ്ടിരുന്നത്. മലയാള സിനിമയില്‍ സൂഫി നൃത്തത്തിന്‍റെ സാധ്യതക്കു തുടക്കമിട്ടത് ഉസ്താദ് ഹോട്ടലിലാണ്. പിന്നീടത് മുസ്ലിം പാശ്ചാത്തലമുള്ള മിക്ക സിനിമകളിലെയും പാട്ടു സീനുകളിലേക്ക് കടന്നു വരുകയായിരുന്നു. പക്ഷേ, സൂഫി നൃത്തത്തിനുപയോഗിക്കുന്ന പ്രത്യേക വസ്ത്രധാരണ, ശെെലി, കറക്കം, രീതി തുടങ്ങിയവ മലയാള സിനിമയില്‍ കാണിക്കുന്നത് പല രൂപത്തിലാണ്. ചിലപ്പോള്‍ സൂഫി നൃത്ത വേഷമണിഞ്ഞ് വ്യത്യസ്ത നൃത്തങ്ങളുടെ ചുവടുകള്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഒരര്‍ഥത്തില്‍ സൂഫി നൃത്തത്തിനോട് ചെയ്യുന്ന കൊടും ചതിയാണിതെന്നു ഞാന്‍ പറഞ്ഞു. കേരളത്തിലെ സവര്‍ണ കലകളായ മോഹനിയാട്ടം, കഥകളി തുടങ്ങിയവയൊക്കെ മലയാള സിനിമയില്‍ വ്യത്യസ്ത രീതിയില്‍ അവതരിപ്പിച്ചിട്ടുണ്ടെങ്കില്‍ ഇവിടെ നടക്കുന്ന പൊല്ലാപ്പുകള്‍ വെറുതെ ഒന്ന് ആലോചിച്ചു. സമയം പത്ത് മണിയായിട്ടുണ്ടായിരുന്നു. പുറത്ത് ശക്തമായ തണുപ്പും മഴയുമുണ്ടായിരുന്നു. റൂമിലേക്ക് പോകാനുള്ള ട്രാമും കാത്ത് സ്റ്റേഷനില്‍ തണുപ്പും മഴയും ആസ്വദിച്ചു. വര്‍ഷങ്ങളായി മനസ്സില്‍ താലോലിച്ചു വെച്ചിരുന്ന സൂഫി നൃത്തം അതു ഉത്ഭവിച്ച നാട്ടില്‍ വന്ന് കണ്ട സന്തോഷം മനസ്സിൽ അലതല്ലി. അപ്പോൾ ജീവിതത്തിലൊരിക്കലും ലഭിക്കാത്ത ഒരു ആത്മീയ ലഹരി എന്നില്‍ നൃത്തം ചെയ്യുന്നുണ്ടായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in