Travelogue

പുതുമയുള്ള ‘പഴയ ദില്ലി’ക്കാഴ്ച്ചകള്‍

രാജ്യതലസ്ഥാനനഗരിയായ ഡല്‍ഹി തന്ത്രപ്രധാന മേഖലയാണെന്നത് വസ്തുതയാണ്. എന്നാല്‍ അതിനേക്കാളുപരി ഈ നഗരം ലോകവിനോദസഞ്ചാരഭൂപടത്തിലെ ഒഴിച്ചുകൂടാനാവാത്ത ഇടം കൂടിയാണ്. കാഴ്ച്ചകളും വിശേഷങ്ങളും അവസാനിക്കാത്ത പുതിയ ഡല്‍ഹിയെ എല്ലാവര്‍ക്കും അറിയാം. എന്നാല്‍ പൗരാണികതയുടെ പേരും പെരുമയും പേറുന്ന പഴയ ദില്ലിയാണ് ശരിക്കും സ്റ്റാര്‍. നഗരത്തിന്റെ തിക്കും തിരക്കുമില്ലാതെ ഒരു കാലഘട്ടത്തിലെ പ്രതാപങ്ങളെ മുഴുവന്‍ കാണാനും അറിയാനും പുരാനി ദില്ലി തന്നെയാണ് ബെസ്റ്റ്. മതിലുകളുടെ നഗരമെന്ന് വിളിപ്പേരുള്ള ചരിത്രസമ്പന്ന നഗരത്തിലേയ്ക്ക് പോകാം.

ചരിത്രത്താളിലെ പഴയ ദില്ലി മുഗള്‍ രാജവംശത്തിന്റെ തലസഥാനമായിരുന്നു ഇന്ന് പഴയ ദില്ലിയെന്ന് അറിയപ്പെടുന്ന ഈ നഗരം. 1639 ല്‍ മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഷാജഹാനാണ് ഈ നാടിനെ ഭരണസിരകേന്ദ്രമാക്കിമാറ്റിയത്. തന്റെ പ്രിയതമയുടെ മരണത്തെത്തുടര്‍ന്ന് ആഗ്രയില്‍ നിന്നും രാജ്യതലസ്ഥാനം ദില്ലിയിലേയ്ക്ക് മാറ്റുകയായിരുന്നു ഷാജഹാന്‍ ചക്രവര്‍ത്തി. ചുറ്റും മതിലുകളുള്ള നഗരത്തിന് അങ്ങനെയാണ് ഷാജഹാനാബാദ് എന്ന പേര് വന്നത്.   പിന്നീട് ബ്രിട്ടീഷുകാരാണ് ആ പേര് മാറ്റി പഴയ ദില്ലി എന്ന് പുനര്‍നാമകരണം ചെയ്തത്. മുഗള്‍ രാജവംശത്തിന്റെ അവസാനം വരെ ഇവിടം തന്നെയായിരുന്നു തലസ്ഥാനം.അതിമനോഹരമായ വാസ്തുവിദ്യാസ്മാരകങ്ങള്‍, മതിവരാതത്ര ചരിത്രം, അങ്ങനെ പഴയ ദില്ലിയ്ക്ക് പങ്കുവയ്ക്കാന്‍ കഥകള്‍ ഏറെയുണ്ട്.

ചെങ്കോട്ടയെന്ന ചുവപ്പന്‍ സ്മാരകം പഴയ ദില്ലി മുഗള്‍ വാസ്തുവിദ്യയുടെ മനോഹരമായ ഉദാഹരണമാണ്.ചെങ്കോട്ടയാണ് ഇവിടുത്തെ കേന്ദ്രബിന്ദു. ഒരു ഡല്‍ഹി യാത്രയും ചെങ്കോട്ട കാണാതെ പൂര്‍ത്തിയാകില്ല. പഴയ നഗരത്തിലൂടെ നടക്കുമ്പോള്‍ ഏത് മതിലിനും ഒരു കഥപറയാനുണ്ടാകും. ഏതാണ്ട് കാല്‍ വൃത്തത്തിന്റെ ആകൃതിയില്‍ വ്യാപിച്ചുകിടക്കുന്ന ചെങ്കോട്ടയും കഥകളുടെ ഒരു കോട്ട തന്നെ. ചുവന്ന മണല്‍കല്ലില്‍ തീര്‍ത്ത വലിയ മതിലുകളോടുകൂടിയ ഈ കോട്ട മുഗളരുടെ രാഷ്ട്രീയ, ആചാരപരമായ കേന്ദ്രമായിരുന്നു. 1648 ല്‍ ഷാജഹാന്‍ നിര്‍മ്മിച്ച ഈ വാസ്തുവിദ്യ അത്ഭുതം പേര്‍ഷ്യന്‍, തിമൂറിഡ് പാരമ്പര്യങ്ങളുടെ സംയോജനത്തെ പ്രതിഫലിപ്പിക്കുന്നു. 2007 ല്‍ യുനെസ്‌കോ ചെങ്കോട്ടയെ ലോകപൈതൃക സൈറ്റായി തെരഞ്ഞെടുത്തു. ഇന്നും സ്വാതന്ത്ര്യ ദിനത്തില്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി ചെങ്കോട്ടയിലാണ് ത്രിവര്‍ണ്ണ പതാക ഉയര്‍ത്തുന്നത്. എഡി 1546 ല്‍ നിര്‍മ്മിച്ച ഷാജഹാന്റെ കൊട്ടാരവും തൊട്ടടുത്തുള്ള സലിംഗഡ് കോട്ടയും ഉള്‍പ്പെടുന്ന ചെങ്കോട്ട സമുച്ചയം ഇപ്പോള്‍ നിയന്ത്രിക്കുന്നത് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയാണ്.

ചാന്ദിനി ചൗക്ക് ചാന്ദിനി ചൗക്ക് എന്ന് കേള്‍ക്കാത്തവര്‍ ചുരുക്കമാവും. പഴയ ദില്ലിയിലെ എന്നല്ല, രാജ്യത്തെ തന്നെ ഏറ്റവും പഴക്കം ചെന്ന മാര്‍ക്കറ്റുകളില്‍ ഒന്നാണ് ഇത്. 17-ം നൂറ്റാണ്ടില്‍ ,ാജഹാന്‍ നിര്‍മ്മിച്ചതാണ് ഈ മാര്‍ക്കറ്റ്. ചരിത്രമുറങ്ങുന്ന ചാന്ദിനി ചൗക്ക് ചെങ്കോട്ടയുടെ എതിവര്‍വശത്തായി സ്ഥിതിചെയ്യുന്നു. ഇന്ത്യയില്‍ ഏറ്റവും വിലകുറച്ച് ഏത് സാധനവും വാങ്ങാന്‍ സാധിക്കുന്ന കൊമേഴ്‌സല്‍ മാര്‍ക്കറ്റുകളിലൊന്നായ ചാന്ദിനി ഭക്ഷണത്തിന്റെ പേരിലും പ്രശസ്തമാണ്. ഈ തെരുവിന്റെ മതമാണ് ഭക്ഷണം.പഴയ ദില്ലിയിലെ ഇടുങ്ങിയ ഗല്ലികള്‍ക്ക് വൈവിധ്യമാര്‍ന്ന പാചകരീതികളുടെ ചരിത്രം തന്നെ പറയാനുണ്ട്. ഇവിടെയെത്തുന്ന രുചി മുകുളങ്ങളെ മനം മയക്കുന്ന രസക്കൂട്ടുകളുടെ സൗരഭ്യം ഉണര്‍ത്തുമെന്നുറപ്പ്. ഏറ്റവും പഴക്കം ചെന്നതും പ്രശസ്തവുമായ ചില റെസ്റ്റോറന്റുകളുടെയും മിഠായിക്കാരുടെയും തെരുവാണിത്. അവയില്‍ പലതും അമ്പതോ നൂറോ വര്‍ഷങ്ങള്‍ പഴക്കമുള്ളവയും. 1790 ല്‍ സ്ഥാപിതമായ ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന സ്വീറ്റ് ഷോപ്പുകളിലൊന്നായ ഖണ്ടേവാല ഹല്‍വായ് മുതല്‍ പറാട്ടവാലി ഗലിവരെ ചാന്ദിനി ചൗക്കിലെത്തുന്ന ഏതൊരു സഞ്ചാരിയേയും മികച്ചൊരു ഭക്ഷണപ്രിയനാക്കുമെന്ന് ഉറപ്പ്.

ജമാ മസ്ജിദ് ചാന്ദ്നി ചൗക്കിന്റെ ഹൃദയത്തിലായി സ്ഥിതി ചെയ്യുന്ന ജമാ മസ്ജിദ് ഇന്ത്യയിലെ ഏറ്റവും വലിയതും പഴക്കം ചെന്നതുമായ പള്ളികളിലൊന്നാണ്. ജമാ മസ്ജിദിന്റെ മനോഹരമായ മുഖച്ഛായ മുഗള്‍ വാസ്തുവിദ്യയുടെ ഓര്‍മ്മപ്പെടുത്തലായി നിലകൊള്ളുന്നു. ചുവപ്പും വെള്ളയും നിറങ്ങളിലുള്ള മാര്‍ബിളില്‍ നിര്‍മ്മിച്ച ഈ മസ്ജിദ് ചാന്ദിനി ചൗക്കിന്റെ തിരക്കുകള്‍ക്കിടയില്‍ ആര്‍ക്കും മനസുഖം നല്‍കും വിധം ശാന്തമായി നിലകൊള്ളുന്നു. വര്‍ഷാവര്‍ഷം ഇവിടെ ലക്ഷകണക്കിന് വിനോദസഞ്ചാരികളാണ് എത്തിച്ചേരുന്നത്.

പേരില്‍ മാത്രമല്ല കാഴ്ച്ചകളിലും പഴയമയുടെ പ്രൗഡിയുള്ള ദില്ലിയിലെ സ്ഥിരം കാഴ്ച്ചകളാണ് ഉള്ളതെങ്കിലും അവയുടെ ചരിത്രമറിഞ്ഞ് കാണുമ്പോള്‍ ആ കാഴ്ച്ചയ്ക്ക് എന്നും ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്ന അനുഭവങ്ങള്‍ നല്‍കാന്‍ സാധിക്കും. ഇനി ഡല്‍ഹിയ്ക്ക് വണ്ടികയറുമ്പോള്‍ കണ്ടുമടുക്കുന്ന കാഴ്ച്ചകള്‍ക്ക് അപ്പുറമുള്ള ദില്ലിയെ പരിചയപ്പെടാം. അറിവും അനുഭവങ്ങളും ഒരിക്കലും അവസാനിക്കാത്ത പുരാനിവാലി ദില്ലിയെ അടുത്തറിയാം.