വാരണാസിയിലേക്ക് യാത്ര പോകുമ്പോള്‍, ഗംഗാ ആരതിയും സ്‌നാനഘട്ടും ഗല്ലികളും അഖാഡകളും

വാരണാസിയിലേക്ക് യാത്ര പോകുമ്പോള്‍, ഗംഗാ ആരതിയും സ്‌നാനഘട്ടും ഗല്ലികളും അഖാഡകളും

വാരണാസി, ഹിന്ദുക്കള്‍ പുണ്യസ്ഥലമായി കണക്കാക്കുന്ന ഇടമാണ്. ഹിന്ദുക്കളെ പോലെ തന്നെ ബുദ്ധമതക്കാരും ജൈനമതക്കാരും ഒരുപോലെ പുണ്യമെന്ന് കണക്കാക്കുന്ന ഇടം കൂടിയാണ് വാരണാസി. ക്ഷേത്രങ്ങളുടെ നാടായി പൊതുവേ വിശേഷിപ്പിക്കുന്ന വാരണാസിയില്‍ ഓരോ 50 മീറ്ററിനും ഇടയില്‍ ഒരു ക്ഷേത്രം എന്ന പോലെയാണ്. ശിവന്റെ ഇടമായി വാഴ്ത്തപ്പെടുന്ന വാരണാസി ഗംഗയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്.

വാരണാസിക്ക് കൂടുതല്‍ വിശേഷണങ്ങള്‍ ഒന്നും തന്നെ ആവശ്യമില്ല. കാശിയെന്ന പേരില്‍ പ്രസിദ്ധമായ വാരണാസി ഇന്ത്യയിലെ ഏഴ് പുണ്യപുരാണ നഗരങ്ങളില്‍ ഒന്ന്, 12 ജ്യോതിര്‍ലിംഗ സ്ഥലങ്ങളിലെ ശക്തിപീഠങ്ങളില്‍ ഒന്ന് അങ്ങനെ പല കാര്യങ്ങള്‍ കൊണ്ട് ലോകപ്രസിദ്ധമാണ്. ഒരാള്‍ വാരണാസിയില്‍ വച്ച് മരിച്ചാല്‍ ആയാളുടെ ആത്മാവിന് മോക്ഷം ലഭിക്കുമെന്നാണ് ഹൈന്ദവ വിശ്വാസം. നിരവധി വിദേശ സഞ്ചാരികളും വാരണാസിയിലേക്ക് വരാറുണ്ട്.

ഗംഗാ ആരതി / Sivakumar R Photography
ഗംഗാ ആരതി / Sivakumar R Photography

ഗംഗയിലേയ്ക്ക് ഇറങ്ങുന്ന കല്‍പ്പടവുകള്‍

ഗംഗയിലേക്ക് ഇറങ്ങിച്ചെല്ലാന്‍ നിര്‍മ്മിക്കപ്പെട്ട കല്‍പ്പടവുകള്‍ വാരണാസിയിലെ ഏറ്റവും വലിയ ആകര്‍ഷണങ്ങളാണ്. നിരവധി കല്‍പ്പടവുകള്‍ ഇവിടെ കാണാം. ഘട്ട് എന്നാണ് കല്‍പ്പടവുകള്‍ അറിയപ്പെടുന്നത്. പല പേരുകളില്‍ പല കര്‍മ്മങ്ങള്‍ക്കും കാര്യങ്ങള്‍ക്കുമായിട്ടാണ് ഈ കല്‍പ്പടവുകള്‍ ഉപയോഗിക്കുന്നത്. ദശാശ്വമേധ് ഘട്ട് അതില്‍ പ്രധാനമാണ്. ആയിരകണക്കിന് വര്‍ഷങ്ങളുടെ പഴക്കമുള്ളതും ഗംഗാ തീരത്തെ മനോഹരവുമായ സ്നാനഘട്ടങ്ങളില്‍ ഒന്നായ ഇവിടം കാശിയില്‍ നിര്‍ബന്ധമായും സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലങ്ങളില്‍ ഒന്നാണ്. ഈ ഘട്ടിലേക്കുള്ള ചെറിയ വഴിയില്‍ ആണ് കാശി വിശ്വനാഥ ക്ഷേത്രം.

ഘട്ട്
ഘട്ട്

മൃതദേഹങ്ങള്‍ക്ക് മാത്രമായൊരു ഘാട്ട്

്കേള്‍ക്കുമ്പോള്‍ നെറ്റി ചുളിയുമെങ്കിലും മണികര്‍ണിക ഘാട്ട് അത്തരത്തില്‍ ഒന്നാണ്. കാശിയില്‍ മൃതദേഹങ്ങള്‍ ദഹിപ്പിക്കുന്നത് ഈ ഘാട്ടില്‍ വച്ചാണ്. ആയിരക്കണക്കിന് മൃതദേഹങ്ങളാണ് ഓരോ ദിവസവും ഈ കല്‍പ്പടവുകളില്‍ ദഹിപ്പിക്കുന്നത്. 88 ഘട്ടുകള്‍ ആണ് ഗംഗയുടെ തീരത്തുള്ളത്. അതില്‍ത്തന്നെ അസിഘാട്ടു മുതല്‍ മണികര്‍ണിക ഘാട്ടുവരെയുള്ള 3 കിലോമീറ്റര്‍ ആണ് പ്രധാനമായുള്ളത്. എവിടെയും ഇരിക്കുവാന്‍ പാകത്തിനാണ് ഘാട്ടിന്റെ നിര്‍മിതി. ഘാട്ടിന്റെ ഭംഗി ഏറ്റവും മനോഹരമാകുന്നത് വൈകുന്നേരമുള്ള ഗംഗ ആരതിയുടെ സമയത്താണ്.

ഗംഗാ ആരതി / Sivakumar R Photography
ഗംഗാ ആരതി / Sivakumar R Photography

ഗംഗാ ആരതി

എല്ലാ ദിവസവും സന്ധ്യയാവുമ്പോള്‍ ഗംഗയുടെ തീരത്ത് ആരതി നടക്കും. അതില്‍ ഏറ്റവും മനോഹരമായ ആരതി നടക്കുന്നത് ദശാശ്വമേധ ഘാട്ടില്‍ ആണ്. ഗംഗയിലേക്ക് നീട്ടിക്കെട്ടിയിരിക്കുന്ന പ്ലാറ്റ്‌ഫോമുകളില്‍ കയ്യില്‍ ആരതിയുമായി നര്‍ത്തകര്‍ പ്രത്യക്ഷപ്പെടും. പല തട്ടുകളുള്ള ഒത്തിരി തിരികള്‍ ഉള്ള വത്യസ്തമായ വലിയ വിളക്കുകളായിരിക്കും ഇവരുടെ കയ്യില്‍. ആരേയും മയക്കുന്ന സംഗീതത്തില്‍ ആരതിയുമായി നര്‍ത്തകരും അതു കാണാനെത്തിയവരും അലിഞ്ഞില്ലാതാകും. ലോകത്തിന്റെ നാനാഭാഗത്തുനിന്നും ലക്ഷക്കണക്കിന് പേരാണ് ഈ ആരതിയ്ക്ക് സാക്ഷ്യം വഹിക്കാന്‍ കാശിയില്‍ എത്തുന്നത്.

ഗംഗാ ആരതി
ഗംഗാ ആരതി

ഗല്ലികളും അഖാഡകളും

വാരണാസിയുടെ മറ്റൊരു പ്രത്യേകതയാണ് ഗല്ലികള്‍. പഴയ കെട്ടിടങ്ങളുടെ ഇടയിലൂടെയുള്ള ഇടുങ്ങിയ വഴികളാണ് ഗല്ലികള്‍. ഗല്ലികള്‍ക്ക് ഇരുവശവുമായി ജനം തിങ്ങിപ്പാര്‍ക്കുന്നു. ഗല്ലികളെല്ലാം ചെന്നവസാനിക്കുന്നത് ഗംഗയിലേയ്ക്കും. അഖാഡകളാണ് വാരണാസിയെത്തുന്ന ഭക്തരല്ലാത്ത സഞ്ചാരികളുടെ പ്രധാന ആകര്‍ഷണയിടം. പരമ്പരാഗതമായി ഗുസ്തി പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്ന നിരവധി അഘാഡകള്‍ ഇവിടെയുണ്ട്.

മാല്‍വിയപ്പാലം
മാല്‍വിയപ്പാലം

ബനാറസ് പട്ടും പാനും

വാരണാസിയുടെ മറ്റൊരു പേരാണ് ബനാറസ്. ബനാറസ് എന്നു കേള്‍ക്കുമ്പോള്‍ ആദ്യം മനസിലെത്തുക ബനാറസ് പട്ടായിരിക്കുമല്ലോ. വിശ്വപ്രസിദ്ധമാണ് ബനാറസിലെ പട്ട്, മനോഹരമായ ബനാറസി സാരികള്‍ നെയ്യുന്ന ചെറുതും വലുതുമായ നിരവധി നെയ്ത്തുശാലകള്‍ ഉണ്ടിവിടെ. അതുപോലെ തന്നെ ഫെയ്മസാണ് ബനാറസിലെ പാന്‍. വാരണാസിയില്‍ എത്തിയാല്‍ നിര്‍ബന്ധമായും പരിക്ഷിക്കേണ്ട ഒന്നാണിത്.പാനും അതുപോലെയുള്ള ഉത്പ്പന്നങ്ങളും വില്‍ക്കുന്ന കടകള്‍ക്കായി മാത്രം ഇവിടെയൊരു ഗല്ലിയുണ്ട്. ഭക്തരും ടൂറിസ്റ്റുകളും എല്ലാം ബനാറസ് പാനിന്റെ ഫാന്‍സാണ്.

മാല്‍വിയപ്പാലം

വാരണാസിയില്‍ ഗംഗാനദിക്ക് കുറുകെ 1887ല്‍ നിര്‍മ്മിക്കപ്പെട്ട രണ്ടു നിലകളുള്ള ഇരുമ്പു പാലമാണ് മാല്‍വിയപ്പാലം. ഇത് ടഫ്രിന്‍ പാലമെന്നും അറിയപ്പെടുന്നു. പാലത്തില്‍ നിന്നും ഗംഗാ തീരത്തുള്ള കാഴ്ച്ചകള്‍ അതിമനോഹരമാണ്. പാലത്തിന്റെ താഴെയായി ഒരു ചേരിയുണ്ട്. ഗംഗാ നദിയുമായി ഇഴുകി ചേര്‍ന്ന് ഉപജീവനം കഴിക്കുന്ന ഡോബികളും വഞ്ചി തുഴയുന്നവരുമാണ് ഇവിടെ താമസിക്കുന്നത്.ഘാട്ടിനടുത്തുള്ള താമസമായിരിക്കും ഏറ്റവും അനുയോജ്യം. വളരെ കുറഞ്ഞ തുകക്ക് തരക്കേടില്ലാത്ത താമസ സൗകര്യം വാരാണസിയില്‍ എവിടെയും ലഭിക്കും. ഒക്ടോബര്‍ മുതല്‍ ജനുവരിവരെയുള്ള കാലാവസ്ഥ വാരണാസി യാത്രക്ക് നല്ലതാണ്. വാരണാസി മുഴുവന്‍ വലിയ ചെലവില്ലാതെ ചുറ്റിക്കാണാന്‍ സൈക്കിള്‍ റിക്ഷ സഫാരി ഉപകരിക്കും.

വാരണാസിയില്‍ എത്തിയാല്‍ ഒരു പ്രാവശ്യമെങ്കിലും ഒരു ബോട്ട് യാത്ര നടത്തണം. രാവിലെയും വൈകുന്നേരവും ഗംഗയിലൂടെയുള്ള ആ ബോട്ട് യാത്ര സമ്മാനിക്കുന്നത് അനിര്‍വചനീയമായ അനുഭവമായിരിക്കും.

എങ്ങനെ എത്തിച്ചേരാം

ബബത്പൂരാണ് വാരണാസിക്ക് ഏറ്റവും അടുത്തുള്ള വിമാനത്താവളം. വാരണാസിയും മുഗള്‍ സരായിയുമാണ് പ്രധാന റെയില്‍വേ ജംഗ്ഷനുകള്‍. രാജ്യത്തിന്റെ എല്ലാ ഭാഗത്ത് നിന്നും ഇവിടേയ്ക്ക് ട്രെയിന്‍ സര്‍വീസുകളുമുണ്ട്. ഭക്തി ഇല്ലാത്ത സഞ്ചാരപ്രിയരാണെങ്കിലും കറങ്ങി വരാവുന്ന ഇടമാണ് വാരണാസി.

Related Stories

No stories found.
logo
The Cue
www.thecue.in