കരയും കടലും ചേരുന്ന മനോഹര ദ്വീപ്, ഒമാന്‍ മുസണ്ടത്തിലെ വിസ്മയക്കാഴ്ചകളിലൂടെ ഒരുദിനം 

കരയും കടലും ചേരുന്ന മനോഹര ദ്വീപ്, ഒമാന്‍ മുസണ്ടത്തിലെ വിസ്മയക്കാഴ്ചകളിലൂടെ ഒരുദിനം 

യുഎഇ ഒമാന്‍ അതിര്‍ത്തിയിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് ഉല്ലസിക്കാന്‍ ഏറെ സാധ്യതകളുള്ള ഇടമാണ് മുസണ്ടം. മനോഹരമായ കാഴ്ചകളാണ് ഈ മേഖല യാത്രികര്‍ക്കായി ഒരുക്കിയിരിക്കുന്നത്. ദുബൈയില്‍ നിന്ന് ഫുജൈറയിലെ മസാഫി വഴി, ഷാര്‍ജയിലെ ദിബ്ബെയിലെത്താം. അവിടെ ചെക്കിംഗ് പോയിന്റ് കടന്ന്, ഒമാനിലേക്ക്. യുഎഇയില്‍ റസിഡന്റ് വിസയുളളവര്‍ ഒറിജിനല്‍ പാസ്‌പോര്‍ട്ട് കയ്യില്‍ കരുതണം. ഏതെങ്കിലും ട്രാവല്‍ പാര്‍ട്ണറുമായാണ് പോകുന്നതെങ്കില്‍ അവര്‍ തന്നെ നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കും. എല്ലാ സൗകര്യങ്ങളോടും കൂടിയ ഡോ ക്രൂസ് ബോട്ടിലാണ് യാത്ര. വിവിധ രാജ്യങ്ങളില്‍ നിന്നുളളവര്‍, ഒരുമിച്ചുകൂടി, കാഴ്ചകള്‍ കണ്ട്, സ്വപ്നസമാനമാണ് ഈ സഞ്ചാരം. ഹജ്ജാര്‍ മലനിരകള്‍ക്കിടയിലുളള മനോഹരമായ കടലിടുക്കാണ്, മുസണ്ടം. കടലുപോലും, പ്രണയാതുരമായി പതുക്കെ പതഞ്ഞൊഴുകുന്ന തീരം. ആരാണ് ഇവിടെയെത്തിയാല്‍ പ്രണയിച്ചു പോകാത്തത്.

ജോലിയില്‍ നിന്നും മറ്റ് ആവലാതികളില്‍ നിന്നുമൊക്ക മാറി, എല്ലാ സമ്മര്‍ദ്ദങ്ങളും അഴിച്ചുവയ്ക്കാനൊരിടമായി കാണുന്നവരുമേറെ. ഒരു വീടിനത്രയും തന്നെ സൗകര്യങ്ങളുളളതാണ്, ബോട്ട്. ഒരേ സമയം തന്നെ 100 ലധികം പേരെ ഉള്‍ക്കൊള്ളാനാകുന്ന തരത്തിലുളളതാണ് ഇവ. കിച്ചണും,ബാത്ത്‌റൂമും, കുഞ്ഞുങ്ങളുമായി എത്തുന്നവര്‍ക്ക്, അവരെ പരിചരിക്കാനുള്ള സൗകര്യങ്ങളും ഇവിടെ കിട്ടും. രണ്ട് തട്ടുകളുണ്ട് ബോട്ടിന്. വിശ്രമത്തിനും ഉല്ലാസത്തിനുമുള്ള എല്ലാ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. തടിയിലും ഫൈബറിലും പണിത ബോട്ടുകളാണ് പ്രധാനമായും ഇവിടെയുളളത്. വരുന്ന സഞ്ചാരികള്‍ക്ക് എന്തെങ്കിലും, അത്യാവശ്യ സന്ദര്‍ഭങ്ങളുണ്ടായാല്‍, മടങ്ങാന്‍ ഒരു സ്പീഡ് ബോട്ട് എപ്പോഴും, ഡോ ക്രൂസിനെ അനുഗമിക്കും. വിവിധ സംസ്‌കാരങ്ങളും ജീവിത രീതികളും ഇഷ്ടങ്ങളുമെല്ലാം, ഒരു ദിവസത്തേക്ക്, ഒരുമിച്ചുകൂടുകയാണിവിടെ.

പാറക്കെട്ടുകള്‍, ചുറ്റിലും നിറഞ്ഞ കടലിടുക്ക്, ഓരോ കടലിടുക്കിലും കാലം കോറിയിട്ട ചിത്രങ്ങള്‍. അതെല്ലാം കണ്ടാസ്വദിച്ച് കടലിലൂടെ. സ്‌കൈ മുസണ്ടത്തോടൊപ്പമാണ് യാത്ര. സ്പീഡ് ബോട്ട്, ബനാന ബോട്ട്, സ്‌നോര്‍ക്കിളിംഗ്, ഡൈവ് ഇതെല്ലാം, ഒരുദിവസത്തെ ട്രിപ്പില്‍ ഉള്‍പ്പെടുന്നു. ഒരുമണിക്കൂറോളം ഹജ്ജാര്‍ മലനിരകള്‍ക്കിടയിലുളള കടലിലൂടെ യാത്രചെയ്ത്, ഡോ ക്രൂസ് ഒരിടത്ത് നിര്‍ത്തി. ഇനി, വെളളത്തിലെ കളികളാസ്വദിക്കാനുളള സമയമാണ്. നീന്താനും, സ്പീഡ് ബോട്ടില് പോകാനും കുട്ടികളടക്കമുളളവര്‍ തിടുക്കം കൂട്ടി. കുറച്ചുകൂടി സാഹസികത ഇഷ്ടപ്പെടുന്നവര്‍ ബനാന ബോട്ട് റൈഡാണ് തെരഞ്ഞെടുത്തത്. സ്പീഡ് ബോട്ട് ഡ്രൈവ് ഓരോ സഞ്ചാരിക്കും പുത്തനനുഭവം സമ്മാനിക്കും. ലൈം സ്റ്റോണ്‍ റോക്‌സാണ്, മറ്റൊരദ്ഭുതം. സിമന്റ് നിര്‍മ്മാണത്തിലെ പ്രധാന മിശ്രിതമാണ് ലൈം സ്റ്റോണ് റോക്‌സ്. ഇവിടെ മത്സ്യബന്ധനം തൊഴിലാക്കിയ, സ്വദേശികളുളള ഗ്രാമങ്ങളുമുണ്ട്.

ബെഡൂവിന്‍സ് വിഭാഗത്തിലുള്ളവരാണ്, തീരദേശ ഗ്രാമത്തിലുളള സ്വദേശികള്‍. അവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറാന്‍ വിദേശികള്‍ക്ക് അനുമതിയില്ല. വൈദ്യുതിയടക്കമുളള സൗകര്യങ്ങള്‍ ഇവിടേക്കെത്തിയിട്ട്, അഞ്ച് വര്‍ഷമാകുന്നതേയുളളൂ. ശുദ്ധവെളളമടക്കമുളളവ ഇവിടെ പ്രത്യേകമെത്തിക്കാന്‍ ഒമാന്‍ ഭരണകൂടം ശ്രദ്ധവെയ്ക്കുന്നു. എന്നാല്‍ തീരദേശ ഗ്രാമത്തോട് ചേര്‍ന്ന് ഒരു പഞ്ചനക്ഷത്രഹോട്ടലുമുണ്ട്. സിക്‌സ് സെന്‍സസ് എന്ന പേരുളള ഹോട്ടലില്‍ ഒരു രാത്രി ചെലവഴിക്കുന്നതിന്, ഏകദേശം 3.5 ലക്ഷം രൂപ ചെലവുവരും. നീന്തലറിയാത്തവര്‍ക്ക്, വിനോദത്തിനായി, ദോ ക്രൂസ് ബോട്ടില്‍ നിന്ന് സ്പീഡ് ബോട്ടില്‍ തൊട്ടടുത്തുളള ബീച്ചിലേക്ക്. അവിടെ ലൈഫ് ജാക്കറ്റിട്ടും, ഇടാതെയും നീന്തിരസിക്കുന്ന സഞ്ചാരികള്‍.

മത്സ്യവൈവിധ്യം കൊണ്ടും സമ്പന്നമാണ് മുസണ്ടം. പവിഴ പുറ്റുകളെയും പലതരം മത്സ്യങ്ങളെയും കാണണമെങ്കില്‍, സ്‌നോര്‍ക്കിളിംഗ് തെരഞ്ഞെടുക്കാം. ഇനിയതുമല്ലെങ്കില്‍ ഡൈവ്. യുഎഇയില്‍ താമസിക്കുന്ന മലയാളികളടക്കമുളളവര്‍ വാരാന്ത്യ അവധി ദിനങ്ങളാണ് മുസണ്ടം സന്ദര്‍ശനത്തിനായി തെരഞ്ഞെടുക്കുക. എന്നാല്‍ റഷ്യ ജര്‍മ്മനി പോളണ്ട്, യൂറോപ്യന്‍ രാജ്യങ്ങള്‍ ഇവിടെ നിന്നൊക്കെയുളളവര്‍ ഉല്ലാസത്തിനായി മുസണ്ടത്തെത്താറുണ്ട്. ഉച്ചക്ക് എല്ലാ രാജ്യക്കാര്‍ക്കും കഴിക്കാവുന്ന തരത്തിലുള്ള വിഭവസമൃദ്ധമായ ഭക്ഷണം. ഇടയില്‍ ജ്യൂസും വെളളവും ഇടഭക്ഷണവും സുലഭം. കടലും കരയും ഒന്നായി തീരുന്ന അത്ഭുത ദ്വീപ്. വിവിധ നാട്ടുകാര്‍, വിവിധ സംസ്‌കാരങ്ങളുളളവര്‍, ഒരുമിച്ചുചേരുന്ന, മണിക്കൂറുകള്‍, ഉല്ലാസത്തിന്, പ്രായ-ഭാഷ-ഭേദങ്ങളില്ലെന്ന് മുസണ്ടം ഒരിക്കല്‍ കൂടി തെളിയിച്ചുതരുന്നു. കടലും കരയും, പ്രണയിച്ചും, കളിച്ചും ചിരിച്ചും ചേര്‍ന്നൊഴുകുന്ന കാഴ്ചകള്‍ക്കൊപ്പം, പാറക്കല്ലിലെ അത്ഭുത വിസ്മയങ്ങളും മുസണ്ടത്ത് നിന്ന് മടങ്ങുമ്പോള്‍ നമുക്ക് സ്വന്തമായിട്ടുണ്ടാകും. മനസില്‍ വീണ്ടും വരാന്‍ പ്രചോദിപ്പിക്കുന്ന പ്രകൃതിയുടെ വശ്യസൗന്ദര്യവും.

Related Stories

No stories found.
logo
The Cue
www.thecue.in