യാത്രപോകാം, തിരുശേഷിപ്പുകളുടെ പറുദീസയായ ധനുഷ്‌കോടിയിലേക്ക് 

യാത്രപോകാം, തിരുശേഷിപ്പുകളുടെ പറുദീസയായ ധനുഷ്‌കോടിയിലേക്ക് 

നിരവധി ചിത്രങ്ങള്‍ക്ക് ഇവിടം പശ്ചാത്തലമായിട്ടുണ്ട്. 

ദക്ഷിണേന്ത്യന്‍ യാത്രാ പ്രേമികളുടെ പ്രധാന ലക്ഷ്യമാണ് ധനുഷ്‌കോടി- രാമേശ്വരം. ബ്രിട്ടീഷ് തിരുശേഷിപ്പുകളും പാമ്പന്‍ പാലവും, പിന്നെ രാമേശ്വരവുമായി ചുറ്റിപ്പറ്റിക്കിടക്കുന്ന ഐതീഹ്യങ്ങളുമാണ് പ്രധാന ആകര്‍ഷണം. യാത്രാസ്‌നേഹികള്‍ക്ക് മാത്രമല്ല സിനിമാക്കാരുടെയും ഇഷ്ട ലൊക്കേഷനുകളില്‍ ഒന്നാണ് ധനുഷ്‌കോടി. നിരവധി സിനിമകള്‍ ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. മായാനദിയില്‍ ടൊവിനോയും, ഐശ്വര്യലക്ഷ്മിയും അണിനിരന്ന ഗാനരംഗം ഇവിടെ ചിത്രീകരിച്ചതാണ്. ചതുപ്പ് റോഡുകളിലൂടെയുള്ള ജീപ്പ് യാത്രയും മനോഹരമായ ബീച്ച് കാഴ്ചയും പ്രേക്ഷക ഹൃദയം കവര്‍ന്നതാണ്. അത്ര മനോഹരമാണ് ധനുഷ്‌കോടി.

കന്യാകുമാരി, രാമേശ്വരം, ധനുഷ്‌കോടി യാത്ര മറ്റൊരനുഭവമാണ്. തിരുവനന്തപുരത്ത് നിന്ന് കന്യാകുമാരിയിലേക്ക് ബസ് സര്‍വ്വീസ് ധാരാളമുണ്ട്. കന്യാകുമാരിയില്‍ നിന്ന് രാമേശ്വരത്തേക്ക് ട്രെയിന്‍യാത്രയാണ് സൗകര്യം. രാമേശ്വരത്ത് നിന്ന് ഏകദേശം 20 കിലോമീറ്റര്‍ അകലെയാണ് ധനുഷ്‌കോടി. , ബസ് സര്‍വ്വീസും ജീപ്പ് യാത്രയും സാധ്യമാണ്. റെന്റ് ബൈക്കുകള്‍ ധാരാളം ലഭ്യമാകുന്ന സ്ഥലവുമാണ് രാമേശ്വരം.

ലൈസന്‍സും, തിരിച്ചറിയല്‍ കാര്‍ഡും കൈയ്യില്‍ കരുതണം. ആയിരം രൂപയ്ക്കുള്ളില്‍ ടൂവീലര്‍ റെന്റിന് കിട്ടും. ഇഷ്ടമുള്ള രീതിയില്‍ യാത്ര ചെയ്യാമെന്നതാണ് ഇതിന്റെ പ്രത്യേകത. കാഴ്ചകള്‍ ആസ്വദിച്ചും ചിത്രങ്ങള്‍ പകര്‍ത്തിയും യാത്ര കൂടുതല്‍ രസകരമാക്കാം.

വര്‍ഷങ്ങള്‍ പഴക്കമുള്ള പള്ളികളും കെട്ടിടങ്ങളും ധാരാളമുള്ള സ്ഥലമാണ് ധനുഷ്‌കോടി. ശ്രീലങ്കയേയും ഇന്ത്യയേയും വേര്‍തിരിക്കുന്ന പാക്ക് കടലിടുക്കിന്റെ ദൃശ്യങ്ങളും ധനുഷ്‌കോടിയുടെ കാഴ്ചകളിലൊന്നാണ്.

കടല്‍ത്തീരമാണ് പ്രധാന സവിശേഷത. അതുകൊണ്ടുതന്നെ ഇവി ടത്തുകാരുടെ പ്രധാന ഉപജീവനം മത്സ്യബന്ധനം തന്നെയാണ്. 1964 മുമ്പ് വരെയുള്ള ധനുഷ്‌കോടിയുടെ കാഴ്ചകള്‍ ഇന്നത്തേതിനേക്കാള്‍ സമൃദ്ധമായിരുന്നു. 64 ലെ കടല്‍ക്ഷോഭം ഇവിടെമാകെ മാറ്റിമറിച്ചു.

പാമ്പന്‍ പാലത്തിന്റെ തകര്‍ച്ചയും തുടര്‍ന്നുണ്ടായ ട്രെയിന്‍ ദുരന്തവും ധനുഷ്‌കോടിയുടെ അതുവരെയുണ്ടായിരുന്ന വര്‍ണ്ണക്കാഴ്ചകള്‍ക്ക് മങ്ങലേല്‍പ്പിച്ചു. ഇവിടുത്തെ ജനങ്ങളുടെ ജീവിതവും അതോടെ മാറിമറിഞ്ഞു. പ്രേത നഗരം എന്നാണ് അതിന് ശേഷം ഇവിടം അറിയപ്പെടുന്നത്. ഭൂതകാല സമൃദ്ധിയുടെ തിരുശേഷിപ്പുകള്‍ മാത്രമാണ് ഇവിടെ അവശേഷിക്കുന്നത്.

രാമായണത്തിലെ ധനുഷ്‌കോടി

ഇന്ത്യന്‍ മിത്തുകളിലൊന്നായ രാമായണവുമായി ധനുഷ്‌കോടിയ്ക്ക് അഭേദ്യ ബന്ധമുണ്ട്. ലങ്കയിലേക്ക് സീതയെ കൊണ്ടുവരാന്‍ പുറപ്പെട്ട രാമന്‍ കടല്‍ കടക്കാന്‍ നിര്‍മ്മിച്ച രാമസേതുവിന്റെ തുടക്കം ഇവിടെയാണെന്നാണ് ഐതീഹ്യം.

കടല്‍ കടന്നശേഷം രാമന്‍ സേതുവിന്റെ പകുതിഭാഗം തകര്‍ത്തുകളഞ്ഞു. രാവണ സഹോദരന്‍ വിഭീഷണന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഇതെന്നുമാണ് പുരാണകഥ ഇതൊക്കെയാണെങ്കിലും രാമസേതു സംബന്ധിച്ച തര്‍ക്കങ്ങള്‍ക്ക് ഇപ്പോഴും പരിഹാരമായിട്ടില്ല.

നിരന്തരം സുനാമിയും കടല്‍ക്ഷോഭങ്ങളും ഉണ്ടാകുന്ന സാഹചര്യമായതിനാല്‍ സര്‍ക്കാര്‍ തന്നെ ധനുഷ്‌കോടിയില്‍ ആള്‍ത്താമസത്തിന് അനുകൂല സാഹചര്യമല്ലെന്ന് പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ ഇപ്പോഴും കടലിനെ ആശ്രയിച്ച് കഴിയുന്ന ഒരു കൂട്ടം ജനങ്ങള്‍ ധനുഷ്‌കോടിയിലുണ്ട്. മത്സ്യബന്ധനം നടത്തിയും ധനുഷ്‌കോടിയിലേക്കെത്തുന്ന ടൂറിസ്റ്റുകള്‍ക്ക് ചിപ്പി കൊണ്ടുള്ള ആഭരണങ്ങള്‍ ഉണ്ടാക്കി നല്‍കിയുമാണ് ഇവര്‍ ജീവിക്കുന്നത്.

ഓല മേഞ്ഞ ചെറിയ പെട്ടിക്കടകളും ശീതളപാനീയ വില്‍പ്പനശാലകളും മറ്റും നടത്തിയാണ് ഇവിടത്തുകാര്‍ ഉപജീവനം സാധ്യമാക്കുന്നത്. പ്രകൃതി എപ്പോള്‍ വേണമെങ്കിലും പിണങ്ങാമെന്ന് ഗവേഷകര്‍ പറയുന്നുണ്ടെങ്കിലും ഇവിടം വിട്ടുപോകാന്‍ ഇവര്‍ തയ്യാറായല്ല.

രാമേശ്വരം പരാമര്‍ശിക്കുമ്പോള്‍ ഒഴിച്ചുകൂടാനാകാത്ത പേരാണ് ഡോ. എപിജെ അബ്ദുള്‍ കലാമിന്റേത്. രാമേശ്വരത്താണ് അദ്ദേഹം ജനിച്ചു വളര്‍ന്നത്. അദ്ദേഹത്തിന്റെ ആത്മകഥയായ വിംഗ്സ് ഓഫ് ഫയറിലും ധനുഷ്‌കോടിയെപ്പറ്റിയും, അന്നുണ്ടായ കടല്‍ക്ഷോഭത്തിന്റെ തീവ്രതയെ കുറിച്ച് വിശദീകരിക്കുന്നുണ്ട്.

രാമേശ്വരം ധനുഷ്‌കോടി യാത്രയുടെ പ്രധാന ആകര്‍ഷണം പാമ്പന്‍ പാലമാണെന്ന് നേരത്തേ പറഞ്ഞല്ലോ. ഇത് മലയാളികള്‍ക്ക് അഭിമാനിക്കത്തക്ക പ്രസിദ്ധി നേടിയ നിര്‍മ്മിതിയാണ്. മെട്രോമാനായ ഇ. ശ്രീധരനാണ് ഇന്നത്തെ നിലയിലുള്ള പാമ്പന്‍ പാലം സാക്ഷാത്കരിച്ചത്. 2009 ല്‍ നിര്‍മ്മാണം പൂര്‍ത്തിയായ പാമ്പന്‍ പാലം ഇന്നും യാത്രക്കാരെ വിസ്മയിപ്പിച്ചുകൊണ്ട് തലയുയര്‍ത്തി നില്‍ക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in