ഇനിയും ലോക്ക്ഡൗൺ തുടരുന്നത് അസംബന്ധം; വോട്ട് ചെയ്ത ജനങ്ങളോട് സർക്കാർ ഇങ്ങനെ ചെയ്യരുത്; ശ്രീജൻ ബാലകൃഷ്ണൻ

തൊഴിൽ എടുത്ത് ജീവിക്കുവാനുള്ള സാധാരണ ജനങ്ങളുടെ അവകാശമാണ് ലോക്ക്ഡൗണിലൂടെ ഇല്ലാതായതെന്ന് മുതിർന്ന മാധ്യമ പ്രവർത്തകൻ ശ്രീജൻ ബാലകൃഷ്ണൻ. മെയ് മൂന്നാം വാരം നാല് ലക്ഷത്തോളമുണ്ടായിരുന്ന രോഗികളുടെ എണ്ണം ഒരു ലക്ഷത്തോളമായി കുറഞ്ഞിരിക്കുന്നു. സർക്കാരിന്റെ മുന്നിൽ കണക്കുകളെല്ലാം ഉണ്ടായിട്ടും ലോക്ക് ഡൗണിന്റെ കാര്യത്തിൽ എന്തുകൊണ്ടാണ് ഈ കടുംപിടുത്തം പിടിക്കുന്നത്? അനിയന്ത്രിതമായി ലോക്ക് ഡൗൺ തുടരുന്നത് അസംബന്ധമാണ്. വോട്ട് ചെയ്ത ജനങ്ങളോട് സർക്കാർ ഇങ്ങനെ ചെയ്യരുതെന്ന് ദ ക്യുവിലെ ടു ദി പോയിന്റ് എന്ന പരിപാടിയിൽ പങ്കെടുത്ത് കൊണ്ട് അദ്ദേഹം പറഞ്ഞു.

ശ്രീജൻ ബാലകൃഷ്ണൻ പറഞ്ഞത്

തൊഴിൽ എടുത്ത് ജീവിക്കുവാനുള്ള അനുവാദം സർക്കാർ ജനങ്ങൾക്ക് കൊടുക്കണം. എന്നാൽ വലിയ രീതിയിലുള്ള വിനോദ പരിപാടികളോ കല്യാണങ്ങളോ നടത്തണമെന്നല്ല ഞാൻ പറയുന്നത്. ആൾക്കൂട്ടങ്ങൾ കൂടുന്ന പരിപാടികൾ ഒഴിവാക്കുക തന്നെ ചെയ്യണം. ആരോഗ്യം സംരക്ഷിക്കുന്നതിനൊപ്പം തന്നെ ഉപജീവനവും സംരക്ഷിക്കണം. ആൾക്കൂട്ടങ്ങൾ ഒഴിവാക്കിയും സാമൂഹിക അകലം പാലിച്ചും സാനിട്ടയ്സ്സിങ്ങിനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയും സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കുവാൻ അനുവദിക്കണം. മെയ് മൂന്നാം വാരം നാല് ലക്ഷത്തോളമുണ്ടായിരുന്ന രോഗികളുടെ എണ്ണം ഒരു ലക്ഷത്തോളമായി കുറഞ്ഞിരിക്കുന്നു. സർക്കാരിന്റെ മുന്നിൽ കണക്കുകളെല്ലാം ഉണ്ടായിട്ടും ലോക്ക് ഡൗണിന്റെ കാര്യത്തിൽ എന്തുകൊണ്ടാണ് ഈ കടുംപിടുത്തം പിടിക്കുന്നത്?.

കേരളത്തിലെ സാധാരണ പൗരനും കേരള സർക്കാരും വ്യത്യസ്‍തമായ രീതിയിൽ ആണ് വിഭവ സമാഹരണം നടത്തുന്നത്. സർക്കാരിന്റെ വരുമാന മാർഗ്ഗങ്ങളായ നികുതിയും, ലൈസെൻസ് ഫീയുമെല്ലാം കുറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ കടമെടുക്കുന്നത് അനിയന്ത്രിതമായി വർധിപ്പിക്കുകയാണ്. മൂന്ന് ശതമാനമായിരുന്നു ജിഎസ്‌ഡിപിയിൽ നിന്നും കടമെടുത്തിരുന്നത്. കേന്ദ്രത്തിൽ നിന്നും അനുമതി വാങ്ങി മൂന്നര ശതമാനമാക്കിയിട്ടുണ്ട്. മൂന്നു ലക്ഷം കോടിയാണ് കേരളത്തിന്റെ കുടിശ്ശികയോട് കൂടിയുള്ള കടം. എനിക്ക് വരുമാനവും ജോലിയുമില്ലാതിരിക്കുകയാണെങ്കിൽ ഏതെങ്കിലും ബാങ്ക് ലോൺ തരുമോ. എന്നാൽ സർക്കാരിന് അങ്ങനെ യാതൊരു പ്രതിസന്ധിയും ഇല്ല. ഈ കടമെല്ലാം ആര് അടയ്ക്കുമെന്ന് പോലും അവർ ചിന്തിക്കുന്നില്ല. അതുകൊണ്ടു തന്നെ ഈ വിഷയത്തിൽ സർക്കാരിന്റെയും ജനങ്ങളുടെയും വരുമാന മാർഗ്ഗം തമ്മിൽ തുലനം ചെയ്യേണ്ട കാര്യമില്ല.

ഓരോ രോഗത്തിനും അതിന്റെ തീവ്രതപോലെയല്ലേ ചികിത്സ വേണ്ടത്. പാരസെറ്റാമോൾ കൊണ്ട് സുഖപ്പെടുത്താവുന്ന രോഗത്തിന് ആരും ശസ്ത്രക്രിയ ചെയ്യുകയില്ലല്ലോ. സാമൂഹിക അകലം കൃത്യമായി പാലിച്ച് കൊണ്ട് എല്ലാവരെയും ജോലി ചെയ്യുവാൻ അനുവദിക്കുകയല്ലേ ചെയ്യേണ്ടത്? തിരക്ക് നിയന്ത്രിക്കുകയാണ് ലക്‌ഷ്യം വെയ്ക്കുന്നതെങ്കിൽ ഇവിടെ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്. ആറ് പ്രവൃത്തി ദിവസങ്ങൾ ഉള്ള ബാങ്ക് മൂന്ന് ദിവസങ്ങളായി ചുരുക്കുകയാണെങ്കിൽ തിരക്ക് കൂടുകയാണോ കുറയുകയാണോ ചെയ്യുക. സമയം കുറയുന്തോറും തിരക്ക് കൂടുകയല്ലേ ചെയ്യുക. തിരക്ക് കൂടുമ്പോഴല്ലേ രോഗവ്യാപനം കൂടുന്നത്. കൂടുതൽ സമയം പ്രവർത്തിക്കുകയാണ് വിവേകപൂർവ്വമായ തീരുമാനം. ഇനിയും ലോക്ക്ഡൗൺ തുടരുന്നത് അസംബന്ധം; വോട്ട് ചെയ്ത ജനങ്ങളോട് സർക്കാർ ഇങ്ങനെ ചെയ്യരുത്.

The Cue
www.thecue.in