ഇനിയും ഉപദ്രവിക്കരുതെന്ന് മഞ്ജു പത്രോസ്, ബിഗ് ബോസ്സ് ഗെയിം ഷോ, ഇല്ലാത്ത വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും അപേക്ഷ

ഇനിയും ഉപദ്രവിക്കരുതെന്ന് മഞ്ജു പത്രോസ്, ബിഗ് ബോസ്സ് ഗെയിം ഷോ, ഇല്ലാത്ത വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും അപേക്ഷ

സൈബര്‍ ആക്രമണത്തിനും സാമൂഹ്യ മാധ്യമങ്ങളിലൂടെയും ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളിലൂടെയുമുള്ള വ്യാജ പ്രചരണങ്ങള്‍ക്കും എതിരെ നടി മഞ്ജു പത്രോസ്. 12 വര്‍ഷമായി അലട്ടിയിരുന്ന സാമ്പത്തിക ബാധ്യത അവസാനിച്ചെന്നും ഈ ഒരു ആവശ്യത്തിനാണ് ബിഗ് ബോസ്സ് ഷോയിലേക്ക് പോയതെന്നും മഞ്ജു പത്രോസ്. ഇല്ലാത്ത വാര്‍ത്തകള്‍ ഇക്കിളി വാര്‍ത്തകളാക്കി പ്രചരിപ്പിക്കുന്നവരെയും മഞ്ജു പത്രോസ് വിമര്‍ശിക്കുന്നു. ബിഗ് ബോസ് ഒരു ഗെയിം ഷോ ആയിരുന്നു അത് അവിടെ കഴിഞ്ഞു എന്ന് വിശ്വസിക്കാനാണ് ഇഷ്ടമെന്നും മഞ്ജു പത്രോസ്. ബിഗ് ബോസ് ഹൗസില്‍ രജിത്കുമാറിനെ വിമര്‍ശിച്ച് സാമൂഹ്യ മാധ്യമങ്ങളിലൂടെ മഞ്ജുവിനെതിരെ വ്യാജപ്രചരണവും വ്യക്തിയധിക്ഷേപവും സജീവമായിരുന്നു. മഞ്ജുവിനെയും കുടുംബത്തെയും അവഹേളിച്ചതിനെതിരെ മഞ്ജുവിന്റെ അമ്മ നേരത്തെ പരസ്യമായി രംഗത്ത് വന്നിരുന്നു.

മഞ്ജു പത്രോസിന്റെ കുറിപ്പ്

ഇന്ന് എനിക്ക് ഒരുപാട് സന്തോഷം ഉള്ള ദിവസമാണ്. കഴിഞ്ഞ 12വര്‍ഷത്തോളമായി ഞങ്ങളെ അലട്ടി കൊണ്ടിരുന്ന സാമ്പത്തിക ബാധ്യതകള്‍ ഇന്ന് തീര്‍ന്നു. ഇനിയൊരു ചെറിയ വീടുണ്ടാക്കണം.നന്ദി ബിഗ്ഗ്ബോസിനോടും എന്നെ സ്‌നേഹിചവരോടും.

ഈ ഒരു ആവശ്യത്തിന് വേണ്ടി ആയിരുന്നു ഞാന്‍ ബിഗ്ഗ്ബോസിലേക്ക് പോയത്. അവിടെ ഞാന്‍ എന്ന വ്യക്തിയായിട്ട് തന്നെയാണ് നിന്നത്. അത് എന്നെ വിമര്‍ശിച്ചവര്‍ പറഞ്ഞ പോലെയാണെങ്കിലും ശരി. എന്റെ നിലപാടുകള്‍ അന്നും ഇന്നും ഒന്ന് തന്നെ. ഇതിനിടയില്‍ എന്റെ ഭാഗത്തു നിന്ന് വന്ന വലിയൊരു വീഴ്ചയാണ് കുഷ്ഠരോഗിയുടെ മനസ് എന്ന പരാമര്‍ശം. അതിനു ഞാന്‍ അവിടെ പൊതുവായും ആ വ്യക്തിയോടും മാപ്പ് പറഞ്ഞതുമാണ്. അങ്ങനെ ഒരു പരാമര്‍ശത്തില്‍ മാത്രമാണ് ഞാന്‍ ഇന്നും ഖേദിക്കുന്നത്.

ഓണ്‍ലൈന്‍ മാധ്യമങ്ങളോട്... ഇല്ലാത്ത വാര്‍ത്തകള്‍ ഇക്കിളി വാര്‍ത്തകളായി പ്രചരിപ്പിച്ചു വ്യൂസും സബ്‌സ്‌ക്രൈബേഴ്‌സിനെയും നേടുവാന്‍ നോക്കുമ്പോള്‍ ഒന്ന് ഓര്‍ക്കുക.. നിങ്ങളെ പോലെ ഞങ്ങള്‍ക്കുമുണ്ട് കുഞ്ഞുങ്ങള്‍..കുടുംബം..നിങ്ങള്‍ പണമുണ്ടാക്കിക്കോ. പക്ഷെ അത് ഒരാളുടെയും ജീവിതത്തില്‍ ചവിട്ടി ആകരുത്.

സോഷ്യല്‍ മീഡിയയില്‍ എന്നെ ആക്രമിക്കുന്നവരോട്...,

Biggboss ഒരു ഗെയിംഷോ ആയിരുന്നു. അതവിടെ കഴിഞ്ഞു എന്ന് വിശ്വസിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.നിങ്ങളുടെ ദൈവം ഉടന്‍ ബിഗ്ഗ്ബോസില്‍ തിരികെ എത്തുമായിരിക്കും. അദ്ദേഹത്തെ ഇഷ്ടമുള്ളവര്‍ അദ്ദേഹത്തെ സപ്പോര്‍ട്ട് ചെയ്യൂ.. വോട്ട് നല്‍കു....

എന്നെ ഉപദ്രവിക്കരുത്...

എന്നെ വിട്ടേക്കൂ...

എല്ലാം ഇവിടെ കഴിഞ്ഞു എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇത് ഒരു പുതിയ തുടക്കമാകട്ടെ എനിക്കും നിങ്ങള്‍ക്കും...

ഇനിയും എന്നെ ചൊറിയാന്‍ വന്നാല്‍ ഞാന്‍ മാന്തും.. കാരണം...

ഞാന്‍ അഹങ്കാരിയാണ്..

വിവരമില്ലാത്തവളാണ്....

സംസ്‌കാരമില്ലാത്തവളാണ്....

നന്ദി.

മഞ്ജുവിനെ കൂടാതെ ബിഗ് ബോസ് ഹൗസില്‍ ഡോ.രജിത്കുമാറിനെ വിമര്‍ശിച്ചതിന് മറ്റ് മത്സരാര്‍ത്ഥികളായ ആര്യ, വീണാ നായര്‍, ജസ്ല മാടശേരി, ഫുക്രു, രഘു എന്നിവര്‍ക്കെതിരെയും സൈബര്‍ പ്രചരണം നടന്നിരുന്നു. രഘുവിനെതിരായ സംഘടിത ആക്രമണത്തിനെതിരെ അദ്ദേഹത്തിന്റെ ഭാര്യ സാമൂഹ്യമാധ്യമങ്ങളില്‍ പ്രതികരിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in