മൊബൈല്‍ കോളിന് ഇനി വലിയ വില കൊടുക്കേണ്ടിവരും; ജിയോയുടെയും എയര്‍ടെലിന്റെയും പാതയില്‍ വോഡഫോണ്‍ ഐഡിയയും

മൊബൈല്‍ കോളിന് ഇനി വലിയ വില കൊടുക്കേണ്ടിവരും; ജിയോയുടെയും എയര്‍ടെലിന്റെയും പാതയില്‍ വോഡഫോണ്‍ ഐഡിയയും
Published on

ജിയോയും എയര്‍ടെലും നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചതിനു പിന്നാലെ വോഡഫോണ്‍ ഐഡിയയും താരിഫ് ഉയര്‍ത്തി. എയര്‍ടെല്‍ വരുത്തിയതിന് സമാനമായ നിരക്കു വര്‍ദ്ധനയാണ് വരുത്തിയിരിക്കുന്നത്. ജൂലൈ 4 മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. അതേസമയം ആനുകൂല്യങ്ങളില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് വോഡഫോണ്‍ ഐഡിയ വ്യക്തമാക്കി. നിലവിലെ ഏറ്റവും ചെറിയ പ്ലാന്‍ തുകയായ 179 രൂപ 199 രൂപയായി വര്‍ദ്ധിപ്പിച്ചു. 28 ദിവസത്തേക്ക് ദിവസവും ഒരു ജിബി വീതം നല്‍കുന്ന പ്ലാനുകളില്‍ 269 രൂപയുടെ പ്ലാന്‍ 299 രൂപയാക്കും. 1799 രൂപയുടെ ആനുവല്‍ പ്ലാന്‍ 1999 രൂപയായി വര്‍ദ്ധിച്ചു. ദിവസവും 1.5 ജിബി ലഭിക്കുന്ന 2899 രൂപയുടെ പ്ലാന്‍ 3499 രൂപയാക്കിയാണ് ഉയര്‍ത്തിയിരിക്കുന്നത്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ ഉപഭോക്താക്കളുള്ള റിലയന്‍സ് ജിയോയാണ് നിരക്കു വര്‍ദ്ധനയ്ക്ക് തുടക്കമിട്ടത്. പ്രതിമാസ അണ്‍ലിമിറ്റഡ് ഡാറ്റ പ്ലാനുകള്‍ക്ക് 34 രൂപ മുതല്‍ 60 രൂപ വരെയാണ് ഉയര്‍ത്തിയത്. ദിവസവും ഒരു ജിബി വീതം ലഭിക്കുന്ന 209 രൂപയുടെ പ്ലാന്‍ 249 രൂപയാക്കി വര്‍ദ്ധിപ്പിച്ചു. പ്രീപെയ്ഡ്-പോസ്റ്റ് പെയ്ഡ് പ്ലാനുകള്‍ക്ക് 12.5 മുതല്‍ 25 ശതമാനം വരെ വര്‍ദ്ധനയാണ് വരുത്തിയിരിക്കുന്നത്. ഡാറ്റയും വോയ്‌സ് കോളും ഉള്‍പ്പെടുന്ന അണ്‍ലിമിറ്റഡ് പ്ലാനുകള്‍ക്ക് 34 രൂപ മുതല്‍ 60 രൂപ വരെ വര്‍ദ്ധന വരുത്തിയിട്ടുണ്ട്. എല്ലാ പ്ലാനുകളിലും താരിഫ് നിരക്ക് വര്‍ദ്ധിപ്പിച്ച ജിയോ പക്ഷേ, ദിവസവും രണ്ട് ജിബിക്ക് മുകളിലുള്ള 5ജി ഡാറ്റ പ്ലാനുകള്‍ അണ്‍ലിമിറ്റഡ് ആക്കിയിട്ടുണ്ട്.

ജിയോക്ക് പിന്നാലെ എയര്‍ടെല്‍ നിരക്കു വര്‍ദ്ധന പ്രഖ്യാപിച്ചിരുന്നു. അണ്‍ലിമിറ്റഡ് പ്ലാനുകളില്‍ 20 രൂപ മുതല്‍ 50 രൂപ വരെയാണ് എയര്‍ടെല്‍ കൂട്ടിയത്. നിലവില്‍ 265 രൂപ നല്‍കേണ്ടി വരുന്ന അണ്‍ലിമിറ്റഡ് പ്ലാനിന് 299 രൂപ ഇനിമുതല്‍ നല്‍കണം. ജൂണ്‍ മൂന്ന് മുതലാണ് പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരിക.

Related Stories

No stories found.
logo
The Cue
www.thecue.in