ഹുവാവെയ്ക്ക് രാജ്യത്ത് 5ജി ട്രയൽ ആരംഭിക്കാൻ അനുമതി നൽകി കേന്ദ്ര സർക്കാർ

ഹുവാവെയ്ക്ക് രാജ്യത്ത് 5ജി ട്രയൽ ആരംഭിക്കാൻ അനുമതി നൽകി കേന്ദ്ര സർക്കാർ

ഇന്ത്യയിൽ 5 ജി ട്രയലുകൾ ആരംഭിക്കാൻ
ഹുവാവെയ്ക്ക് അനുമതി നൽകിയതായി ടെലികോം മന്ത്രി രവിശങ്കർ പ്രസാദ്. 5 ജിയുമായ ബന്ധപ്പെട്ട സർക്കാർ പദ്ധതികൾ ഹുവാവേയുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും  അദ്ദേഹം അറിയിച്ചു. മാത്രമല്ല എല്ലാ ടെലിക്കോം ഓപ്പറേറ്റർമാർക്കും ട്രയലുകൾക്കായി 5 ജി സ്പെക്ട്രം നൽകാൻ തീരുമാനിച്ചതായും മന്ത്രി  വ്യക്തമാക്കി.

സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ന്യൂസിലാന്റും ഓസ്‌ട്രേലിയയും ഉൾപ്പെടെ നിരവധി രാജ്യങ്ങൾ ഹുവാവെയെ വിലക്കിയിരിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യൻ സർക്കാരിൽ നിന്ന് ഇത്തരമൊരു അനുമതി ലഭിക്കുന്നത്. നോക്കിയയും എറിക്സണും ഇന്ത്യൻ ടെലികോം ഓപ്പറേറ്റർമാരുമായി കൈകോർത്ത് 5 ജി നെറ്റ്‌വർക്കുകൾ പരീക്ഷിക്കാനൊരുങ്ങുന്നുണ്ട്. ഇന്ത്യയടക്കം പല രാജ്യങ്ങളിലും 4 ജി നെറ്റ്‌വർക്ക് വികസിപ്പിക്കുന്നതിൽ ഹുവാവേ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. എന്നാൽ പല രാജ്യങ്ങളിലെയും 5 ജി ട്രയലുകളിൽ നിന്ന് കമ്പനിയെ മാറ്റിനിർത്താനുള്ള തീരുമാനത്തിന് പിന്നിൽ ബാക്ക്-ഡോർ ഇൻസ്റ്റാളേഷനിലൂടെ ചൈന വിവരങ്ങൾ ചോർത്തുന്നു എന്ന നിഗമനമാണത്രേ.

5 ജിയാണ് ഫ്യൂച്ചറെന്നും  5 ജിയിൽ വരാൻ പോകുന്ന പുതുമകളെ തങ്ങൾ പ്രോത്സാഹിപ്പിക്കുമെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു. ഹുവാവേയിൽ വിശ്വാസമർപ്പിച്ച ഇന്ത്യൻ സർക്കാരിനോട് നന്ദി പറയുന്നതായും ഇന്ത്യൻ ടെലികോം വ്യവസായത്തെ പുനരുജ്ജീവിപ്പിക്കുന്നതിന് സാങ്കേതിക കണ്ടുപിടിത്തങ്ങളും ഉയർന്ന നിലവാരമുള്ള നെറ്റ്‌വർക്കുകളിലൂടെയും മാത്രമേ സാധ്യമാകൂ എന്ന് ഉറച്ചു വിശ്വസിക്കുന്നതായും ഹുവാവേ ഇന്ത്യ സിഇഒ ജയ് ചെൻ പറഞ്ഞു.

ചില രാജ്യങ്ങളിൽ ടെലികോം ഓപ്പറേറ്റർമാർ ഇതിനകം തന്നെ 5 ജി നെറ്റ്‌വർക്ക് പരീക്ഷിച്ച് തുടങ്ങിയിട്ടുണ്ട്. 5 ജി സ്പെക്ട്രം ലേലത്തിന് തൊട്ടുപിന്നാലെ 2020 ന്റെ ആദ്യ പകുതിയിൽ തന്നെ ഇന്ത്യയിലെ 5 ജി ട്രയലുകൾ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതോടൊപ്പം അടുത്ത വർഷത്തോടെ 5ജി സ്മാർട്ട്ഫോണുകൾക്കുള്ള വൻ വിലയിൽ മാറ്റമുണ്ടായേക്കുമെന്നും സൂചനയുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in