ടെക് കമ്പനികളുടെ ഇന്ത്യന്‍ സിഇഒമാരിലെ വനിതാ മുഖം, ആസ്തി മൈക്രോസോഫ്റ്റ്-ഗൂഗിള്‍ സിഇഒമാരെ കവച്ചുവെക്കും; ഇത് ജയശ്രീ ഉള്ളാല്‍

ടെക് കമ്പനികളുടെ ഇന്ത്യന്‍ സിഇഒമാരിലെ വനിതാ മുഖം, ആസ്തി മൈക്രോസോഫ്റ്റ്-ഗൂഗിള്‍ സിഇഒമാരെ കവച്ചുവെക്കും; ഇത് ജയശ്രീ ഉള്ളാല്‍
Published on

ടെക് ഭീമന്‍മാരായ കമ്പനികളുടെ മിക്കവയുടെയും നേതൃസ്ഥാനത്ത് ഇന്ത്യന്‍ വംശജരായ സിഇഒമാരാണ് ഭരിക്കുന്നത്. മൈക്രോസോഫ്റ്റിന്റെ സത്യ നാദെല്ലയും ഗൂഗിളിന്റെ സുന്ദര്‍ പിച്ചൈയും യൂട്യൂബ് സിഇഒ നീല്‍ മോഹനുമൊക്കെ ഉള്‍പ്പെടുന്ന ഈ ഇന്ത്യന്‍ സംഘത്തില്‍ ഒരു വനിതാ മുഖം കൂടിയുണ്ട്. അരിസ്റ്റ നെറ്റ് വര്‍ക്ക്‌സിന്റെ പ്രസിഡന്റും സിഇഒയുമായ ജയശ്രീ വി. ഉള്ളാല്‍. ഫോബ്‌സ് മാസിക ലിസ്റ്റ് ചെയ്ത അമേരിക്കയിലെ സെല്‍ഫ് മെയ്ഡ് ധനികരായ നാല് വനിതകളില്‍ ഒരാളാണ് ജയശ്രീ. ഫോബ്‌സിന്റെ ഏറ്റവും പുതിയ കണക്ക് അനുസരിച്ച് 4.3 ബില്യണ്‍ അമേരിക്കന്‍ ഡോളറാണ് ഇവരുടെ ആസ്തി. 35000 കോടി രൂപയിലേറെ വരും ഈ തുക. സത്യ നാദെല്ലയുടെ 7500 കോടി രൂപയുടെയും സുന്ദര്‍ പിച്ചൈയുടെ 5400 കോടി രൂപയുടെയും ആസ്തി ഇതിനു പിന്നിലേ നില്‍ക്കൂ. ഫോബ്‌സിന്റെ പട്ടികയില്‍ ഏറ്റവും വരുമാനമുണ്ടാക്കുന്ന എക്‌സിക്യൂട്ടീവായും ഇവര്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

1961ല്‍ ലണ്ടനില്‍ ജനിച്ച ഇന്ത്യന്‍ വംശജയായ ജയശ്രീ ഡല്‍ഹിയിലെ കോണ്‍വെന്റ് ഓഫ് ജീസസ് ആന്‍ഡ് മേരി സ്‌കൂളിലാണ് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. സാന്‍ ഫ്രാന്‍സിസ്‌കോയില്‍ എന്‍ജിനീയറിംഗ് പൂര്‍ത്തിയാക്കിയ ശേഷം സാന്റ ക്ലാര യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എന്‍ജിനീയറിംഗ് മാനേജ്‌മെന്റ് പഠനവും പൂര്‍ത്തിയാക്കി. അരിസ്റ്റ നെറ്റ് വര്‍ക്ക്‌സ് വെറും 50ല്‍ താഴെ ജീവനക്കാരുമായി ലാഭമൊന്നുമില്ലാതെ പ്രവര്‍ത്തിക്കുന്ന സമയത്താണ് ജയശ്രീ എത്തുന്നത്. അധികം താമസിയാതെ സിഇഒ സ്ഥാനത്തേക്ക് എത്തിയ അവരുടെ നേതൃത്വത്തില്‍ കമ്പനി വലിയ നേട്ടങ്ങള്‍ കരസ്ഥമാക്കി. 2014ല്‍ കമ്പനി ആദ്യത്തെ ഐപിഒ പുറത്തിറക്കി. ഇപ്പോള്‍ അരിസ്റ്റയുടെ 2.4 ശതമാനം ഓഹരികള്‍ ജയശ്രീക്ക് സ്വന്തമാണ്.

അരിസ്റ്റയില്‍ എത്തുന്നതിനു മുന്‍പ് സിസ്‌കോയില്‍ ഏറെക്കാലം പ്രവര്‍ത്തിച്ച അനുഭവപരിചയം ജയശ്രീക്കുണ്ട്. കമ്പനിക്ക് വേണ്ടി 10 ബില്യന്‍ ഡോളര്‍ സമാഹരിക്കുന്നതില്‍ സുപ്രധാന പങ്ക് ഇവര്‍ വഹിച്ചു. മൂന്നു പതിറ്റാണ്ടിലേറെയായി വിവിധ എന്‍ജിനീയറിംഗ് മേഖലകളില്‍ അനുഭവ പരിചയമുള്ള ഇവര്‍ എഎംഡി, ഫെയര്‍ചൈല്‍ഡ് സെമികണ്‍ഡക്ടര്‍, ഉംഗര്‍മാന്‍ ബാസ് എന്നീ കമ്പനികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഐബിഎമ്മിനും ഹിറ്റാച്ചിക്കും വേണ്ടി ഹൈഎന്‍ഡ് സെമി കണ്ടക്ടര്‍ ചിപ്പുകള്‍ വികസിപ്പിക്കുന്നതില്‍ പങ്കാളിയായി. പിന്നീട് അവര്‍ ചേര്‍ന്ന ക്രെസന്‍ഡോ കമ്യൂണിക്കേഷന്‍സ് പിന്നീട് സിസ്‌കോ ഏറ്റെടുക്കുകയായിരുന്നു. സിസ്‌കോയില്‍ ലാന്‍ സ്വിച്ചിംഗ് വിഭാഗത്തിന്റെ വൈസ് പ്രസിഡന്റായി മാറുകയും 15 വര്‍ഷത്തോളം കമ്പനിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു.

Related Stories

No stories found.
logo
The Cue
www.thecue.in