'ബ്ലൂ സ്‌ക്രീന്‍ ഓഫ് ഡെത്ത്' നിസാരക്കാരനല്ല; വിന്‍ഡോസ് തകരാറിന്റെ പരിക്കില്‍ നിന്ന് രക്ഷപ്പെടാന്‍ കൂടുതല്‍ സമയമെടുക്കും

'ബ്ലൂ സ്‌ക്രീന്‍ ഓഫ് ഡെത്ത്' നിസാരക്കാരനല്ല; വിന്‍ഡോസ് തകരാറിന്റെ പരിക്കില്‍ നിന്ന് രക്ഷപ്പെടാന്‍ കൂടുതല്‍ സമയമെടുക്കും
Published on

ലോകത്തെ ഏറ്റവും വലിയ ഐടി സ്തംഭനം എന്ന് വിശേഷിപ്പിക്കപ്പെട്ട ബ്ലൂ സ്‌ക്രീന്‍ ഓഫ് ഡെത്ത് സൃഷ്ടിച്ച പരിക്കില്‍ നിന്ന് മോചനത്തിനായി സമയമെടുക്കുമെന്ന് ഐടി വിദഗ്ദ്ധര്‍. ഒട്ടേറെ ബിസിനസുകളും സര്‍വീസുകളും വിന്‍ഡോസ് തകരാറില്‍ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നു. വിമാനക്കമ്പനികള്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. ബാങ്കിംഗ്, ഓഹരിയിടപാടുകളെയും തകരാര്‍ സാരമായി ബാധിച്ചു. സ്തംഭനാവസ്ഥയില്‍ നിന്ന് സാവധാനം ലോകം തിരികെ വരുന്നതേയുള്ളു. വിമാന സര്‍വീസുകള്‍ ഇപ്പോഴും സാധാരണ നിലയിലേക്ക് മടങ്ങിയിട്ടില്ല. ലോകത്താകമാനം 1400ഓളം വിമാന സര്‍വീസുകളാണ് വെള്ളിയാഴ്ച റദ്ദാക്കിയത്. പ്രതിസന്ധി പരിഹരിക്കാന്‍ ആഴ്ചകള്‍ വേണ്ടിവന്നേക്കുമെന്നാണ് കരുതുന്നത്.

വിമാന സര്‍വീസുകളെയും ബാങ്കുകളെയും കൂടാതെ ചില ടിവി ചാനലുകളെയും ധനകാര്യ സ്ഥാപനങ്ങളെയും ബ്ലൂ സ്‌ക്രീന്‍ ഓഫ് ഡെത്ത് സാരമായി ബാധിച്ചു. ബ്രിട്ടനിലെ സ്‌കൈ ന്യൂസും ഓസ്‌ട്രേലിയയിലെ എബിസി ന്യൂസും വാര്‍ത്താ സംപ്രേഷണം നിര്‍ത്തിവെച്ചു. ഇന്ത്യയില്‍ ഇന്‍ഡിഗോ വിമാന സര്‍വീസുകളെയാണ് തകരാര്‍ ബാധിച്ചത്. പല വിമാനത്താവളങ്ങളില്‍ നിന്നുമുള്ള സര്‍വീസുകള്‍ റദ്ദാക്കുകയോ മാറ്റുകയോ ചെയ്തു. ബോര്‍ഡിംഗ് പാസ് യാത്രക്കാര്‍ക്ക് എഴുതി നല്‍കുകയായിരുന്നു. ശനിയാഴ്ചയും ഇന്‍ഡിഗോ 11 വിമാന സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. സൈബര്‍ സുരക്ഷാ സംവിധാനമായ ക്രൗഡ്‌സ്‌ട്രൈക്ക് അപ്‌ഡേറ്റ് ഇന്‍സ്റ്റോള്‍ ചെയ്ത വിന്‍ഡോസ് കമ്പ്യൂട്ടറുകളില്‍ മാത്രമേ തകരാറുണ്ടായുള്ളു. മാക്, ലിനക്‌സ് കമ്പ്യൂട്ടറുകളെ ഇത് ബാധിച്ചില്ല.

ദശാബ്ദങ്ങള്‍ക്കിടെ ആദ്യമായാണ് ഇത്രയും വലിയൊരു ഐടി സ്തംഭനാവസ്ഥയുണ്ടാകുന്നത്. അതുകൊണ്ടുതന്നെ വീഴ്ചയില്‍ നിന്ന് വളരെ സാവധാനത്തിലുള്ള തിരിച്ചുവരവാണ് ഇപ്പോഴുണ്ടാകുന്നത്. ക്ലൗഡ് ബേസ്ഡ് കമ്പനികള്‍ വ്യാപകമായി ഉപയോഗിക്കുന്ന സൈബര്‍ സെക്യൂരിറ്റി ടൂളാണ് തകരാറിന് കാരണമായ ക്രൗഡ്‌സ്‌ട്രൈക്ക്. പ്രശ്‌നം പരിഹരിക്കപ്പെട്ടുവെന്നാണ് ക്രൗഡ്‌സ്‌ട്രൈക്കും മൈക്രോസോഫ്റ്റും അവകാശപ്പെടുന്നതെങ്കിലും ഇത്തരമൊരു സേവനത്തിനായി ഒരേയൊരു സേവന ദാതാവിനെ മാത്രം ആശ്രയിക്കുന്നതിനെതിരെ പലരും രംഗത്തെത്തിയിട്ടുണ്ട്. തകരാറുണ്ടായത് ആഗോള തലത്തിലായതിനാലാണ് പലരും ഈ ഉത്കണ്ഠ പങ്കുവെക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in