

കമ്പ്യൂട്ടിങ് ശേഷിയുടെ ആവശ്യം യഥാര്‍ത്ഥമാണ്. പക്ഷേ ഇവിടെ ലാഭം സ്വകാര്യ കമ്പനിക്കും, അപകടസാധ്യതയും അടിസ്ഥാനസൗകര്യ ബാധ്യതയും പൊതുഖജനാവിനും സമൂഹത്തിനുമാണ്. അതിനാല്‍ ഈ ലേഖനത്തിന്റെ നിലപാട് ഇതാണ്: ഡേറ്റ സെന്ററുകള്‍ അനുവദിക്കാം, പക്ഷേ കര്‍ശനമായ വിഭവഭരണ ചട്ടക്കൂടിനുള്ളില്‍ മാത്രം.
2020ല്‍ ഇന്ത്യയിലെ ഡേറ്റ സെന്ററുകളുടെ സ്ഥാപിത ശേഷി ഏകദേശം 375 മെഗാവാട്ടായിരുന്നു. 2026 ഓഗസ്റ്റ് ആയപ്പോഴേക്കും അത് 1.57 ഗിഗാവാട്ടായി. 2031-32ല്‍ ഈ മേഖലയുടെ മാത്രം വൈദ്യുതി ആവശ്യം 17 ഗിഗാവാട്ടിലെത്താമെന്നാണ് സര്‍ക്കാര്‍ കണക്ക്. ഈ നിക്ഷേപം പിടിക്കാന്‍ സംസ്ഥാനങ്ങള്‍ പരസ്പരം മത്സരിക്കുകയാണ്. വിശാഖപട്ടണത്ത് ഗൂഗിള്‍ 87,500 കോടി രൂപ മുടക്കുമ്പോള്‍ ആന്ധ്രാപ്രദേശ് ഏകദേശം 22,000 കോടി രൂപയുടെ ഇന്‍സെന്റീവ് നല്‍കി. കേരളത്തില്‍ 2026 മാര്‍ച്ചില്‍ സോള്‍സ്റ്റിസ് ഡേറ്റ, മട്ടന്നൂര്‍ കിന്‍ഫ്രയിലെ 100 ഏക്കറില്‍ 52,600 കോടി രൂപയുടെ ധാരണാപത്രം ഒപ്പുവച്ചു.
കമ്പ്യൂട്ടിങ് ശേഷിയുടെ ആവശ്യം യഥാര്‍ത്ഥമാണ്. പക്ഷേ ഇവിടെ ലാഭം സ്വകാര്യ കമ്പനിക്കും, അപകടസാധ്യതയും അടിസ്ഥാനസൗകര്യ ബാധ്യതയും പൊതുഖജനാവിനും സമൂഹത്തിനുമാണ്. അതിനാല്‍ ഈ ലേഖനത്തിന്റെ നിലപാട് ഇതാണ്: ഡേറ്റ സെന്ററുകള്‍ അനുവദിക്കാം, പക്ഷേ കര്‍ശനമായ വിഭവഭരണ ചട്ടക്കൂടിനുള്ളില്‍ മാത്രം. നല്‍കുന്ന ഏത് പിന്തുണയും വ്യവസ്ഥകളോടെയും പരിധിക്കുള്ളിലും തിരിച്ചെടുക്കാവുന്ന രീതിയിലും, തെളിയിക്കാവുന്ന പൊതുമൂല്യത്തിന്റെ അടിസ്ഥാനത്തിലും ആയിരിക്കണം.എഐ ഡേറ്റ സെന്ററുകളെ നിയന്ത്രിക്കുന്നതിലെ ഇന്ത്യയുടെ ഇപ്പോഴത്തെ സമീപനത്തിലെ പ്രധാന പ്രശ്‌നം, അവ യഥാര്‍ഥത്തില്‍ എത്ര വൈദ്യുതിയും വെള്ളവും ഉപയോഗിക്കുന്നു എന്നതിനേക്കാള്‍ അവയുടെ കെട്ടിടത്തിന്റെ വലുപ്പത്തിനാണ് പ്രാധാന്യം നല്‍കുന്നത് എന്നതാണ്.
ബാധ്യത ഉറപ്പാണ്
2030ലെ ഡേറ്റ സെന്റര്‍ ശേഷിയെക്കുറിച്ചുള്ള പ്രവചനങ്ങള്‍ 3 ഗിഗാവാട്ട് മുതല്‍ ഏകദേശം 8 ഗിഗാവാട്ട് വരെ വ്യത്യാസപ്പെടുന്നു. 2026ന്റെ ആദ്യ പകുതിയില്‍ ഇന്ത്യയില്‍ പുതുതായി ഏറ്റെടുത്ത ഡേറ്റ സെന്റര്‍ ശേഷിയുടെ 80 ശതമാനത്തിലധികവും വന്‍കിട ക്ലൗഡ്‌ടെക് കമ്പനികളുടേതായിരുന്നുവെന്ന് റിയല്‍ എസ്‌റ്റേറ്റ് ഗവേഷണ സ്ഥാപനമായ സാവില്‍സിന്റെ കണക്കുകള്‍ പറയുന്നു. ഐ.എം.എഫ്.ന്റെ പിയറിഒലിവിയര്‍ ഗൗറിഞ്ചാസും ഈ കുതിപ്പിനെ ഡോട്ട്‌കോം കാലത്തെ കുതിപ്പുമായി താരതമ്യം ചെയ്തിട്ടുണ്ട്. ഇതിനര്‍ഥം ഡേറ്റ സെന്റര്‍ വിപണി ഉടന്‍ തകരുമെന്നല്ല. എന്നാല്‍ ആവശ്യം പ്രതീക്ഷിച്ചതിലും കുറയുകയോ ചില പദ്ധതികള്‍ സാമ്പത്തികമായി പരാജയപ്പെടുകയോ ചെയ്താല്‍, കമ്പനിയുടെ നഷ്ടം സ്വകാര്യമായിരിക്കാം; അതിനായി ഇതിനകം നിര്‍മ്മിച്ച വൈദ്യുതി സബ്‌സ്‌റ്റേഷനുകളും ലൈനുകളും ജലവിതരണ സംവിധാനങ്ങളും നല്‍കിയ നികുതി ഇളവുകളും പൊതുചെലവായി തന്നെ ബാക്കിയാകും.
കെട്ടിടമായി മാത്രം കാണുന്ന ഡേറ്റ സെന്റര്‍
എഐ ഡേറ്റ സെന്ററുകളെ നിയന്ത്രിക്കുന്നതിലെ ഇന്ത്യയുടെ ഇപ്പോഴത്തെ സമീപനത്തിലെ പ്രധാന പ്രശ്‌നം, അവ യഥാര്‍ഥത്തില്‍ എത്ര വൈദ്യുതിയും വെള്ളവും ഉപയോഗിക്കുന്നു എന്നതിനേക്കാള്‍ അവയുടെ കെട്ടിടത്തിന്റെ വലുപ്പത്തിനാണ് പ്രാധാന്യം നല്‍കുന്നത് എന്നതാണ്. 2026 ഓഗസ്റ്റ് 6ന് രാജ്യസഭയില്‍ പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കിയതനുസരിച്ച്, 2006ലെ ഇഐഎ വിജ്ഞാപനപ്രകാരം ഡേറ്റ സെന്ററുകള്‍ക്ക് പ്രത്യേകമായി പരിസ്ഥിതി അനുമതി ആവശ്യമില്ല. 20,000 ചതുരശ്ര മീറ്ററിന് മുകളിലുള്ള കെട്ടിട പദ്ധതിയായി വരുമ്പോള്‍ മാത്രമാണ് സംസ്ഥാന പരിസ്ഥിതി ആഘാത വിലയിരുത്തല്‍ അതോറിറ്റിയുടെ (SEIAA) അനുമതി വേണ്ടിവരുന്നത്; അതും പൊതുജനങ്ങളുടെ അഭിപ്രായം തേടുന്ന നടപടിയില്ലാതെ. അതായത്, ഒരു ഡേറ്റ സെന്റര്‍ എത്ര മെഗാവാട്ട് വൈദ്യുതി ഉപയോഗിക്കും, എത്ര വെള്ളം ചെലവഴിക്കും എന്നതിനെക്കാള്‍ അതിന്റെ കെട്ടിടം എത്ര വലുതാണ് എന്നതാണ് ഇപ്പോഴത്തെ പ്രധാന അളവുകോല്‍. ജലത്തിന്റെ കാര്യത്തിലും സമാനമായ വിടവുണ്ട്. പ്രധാനമായും ഭൂജലം എടുക്കുന്ന പദ്ധതികള്‍ക്കാണ് കേന്ദ്ര ഭൂജല അതോറിറ്റിയുടെ അനുമതി ആവശ്യമായി വരുന്നത്; നഗരസഭാ ജലവിതരണത്തിലൂടെ ലഭിക്കുന്ന വെള്ളത്തിന്റെ വന്‍തോതിലുള്ള ഉപയോഗത്തിന് അതേ പരിശോധനയില്ല. വിശാഖപട്ടണത്തിലെ ജലക്ഷാമത്തെ ചുറ്റിപ്പറ്റിയുള്ള ആശങ്കകള്‍ ഈ നിയന്ത്രണവിടവ് എത്ര പ്രധാനമാണെന്ന് കാണിക്കുന്നു.
ഇതിനൊപ്പം ദേശീയ ഡേറ്റ സെന്റര്‍ നയം ഇല്ലാത്തതിനാല്‍ സംസ്ഥാനങ്ങള്‍ നിക്ഷേപം ആകര്‍ഷിക്കാന്‍ പരസ്പരം മത്സരിക്കുകയാണ്. നിക്ഷേപത്തിന്റെ പേരില്‍ വൈദ്യുതി, ഹരിത ഊര്‍ജം, നികുതി തുടങ്ങിയ മേഖലകളില്‍ ഇളവുകള്‍ നല്‍കുമ്പോള്‍ അതിന്റെ ദീര്‍ഘകാല പൊതുചെലവ് എത്രയാണെന്ന ചോദ്യം പലപ്പോഴും പിന്നിലാകുന്നു. കേരളത്തിന്റെ കാര്യത്തില്‍ ഇത് കൂടുതല്‍ പ്രസക്തമാണ്. സംസ്ഥാനത്തിന്റെ വൈദ്യുതി ആവശ്യകത ഇതിനകം തന്നെ ഉയര്‍ന്നിരിക്കെ, പുതിയ ഡേറ്റ സെന്ററുകള്‍ക്ക് വേണ്ട വൈദ്യുതിയും വെള്ളവും എവിടെനിന്ന് വരും എന്നത് നയത്തിന്റെ കേന്ദ്രചോദ്യമാകണം.
ഡേറ്റ സെന്ററുകള്‍ക്കെതിരല്ല വിഷയം. പക്ഷേ അവയെ ഒരു സാധാരണ കെട്ടിടപദ്ധതിയായി കാണാന്‍ കഴിയില്ല. അവ വലിയ തോതില്‍ വൈദ്യുതിയും വെള്ളവും ഉപയോഗിക്കുന്ന അടിസ്ഥാനസൗകര്യങ്ങളാണ്. അതിനാല്‍ കേരളം ചോദിക്കേണ്ടത് 'എത്ര നിക്ഷേപം വരും?' എന്നതിനൊപ്പം 'അതിന്റെ വിഭവച്ചെലവ് ആര് വഹിക്കും?' എന്നതുമാണ്.
നിയമം എവിടെ നില്‍ക്കുന്നു
ആര്‍ട്ടിക്കിള്‍ 21 മലിനമല്ലാത്ത ജലത്തിനുള്ള അവകാശം ഉള്‍ക്കൊള്ളുന്നു (സുഭാഷ് കുമാര്‍, 1991). എം.സി. മേത്ത vs കമല്‍ നാഥ് (1997) ഭരണകൂടത്തെ പ്രകൃതി വിഭവങ്ങളുടെ ട്രസ്റ്റിയായി കണ്ടു. വെല്ലൂര്‍ സിറ്റിസണ്‍സ് (1996) പ്രകാരം തന്റെ പ്രവൃത്തി ഹാനികരമല്ലെന്ന് തെളിയിക്കേണ്ടത് പ്രവര്‍ത്തകനാണ്. എല്ലാ സ്വകാര്യ വിഭവവും 39(b) പ്രകാരം 'സമൂഹത്തിന്റെ ഭൗതിക വിഭവം' അല്ലെന്ന് പ്രോപ്പര്‍ട്ടി ഓണേഴ്‌സ് അസോസിയേഷന്‍ (2024, 8:1) പറഞ്ഞെങ്കിലും, വെള്ളവും ഗ്രിഡ് ശേഷിയും സര്‍ക്കാര്‍ ഭൂമിയും ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ളവയാണ്. എന്നാല്‍ ഇന്‍സെന്റീവ് തിരിച്ചെടുക്കുന്നതിന് ഒരു തടസ്സമുണ്ട്. ബ്രഹ്‌മപുത്ര മെറ്റാലിക്‌സില്‍ (2020) നയത്തിലെ വൈദ്യുതി നികുതി ഇളവ് വൈകിച്ച ഝാര്‍ഖണ്ഡ് സര്‍ക്കാരിനെ സുപ്രീം കോടതി നിയമാനുസൃത പ്രതീക്ഷയുടെ അടിസ്ഥാനത്തില്‍ ബന്ധിച്ചു. അതുകൊണ്ട് തിരിച്ചെടുക്കല്‍ വ്യവസ്ഥ വാഗ്ദാനം നല്‍കുന്ന നിമിഷത്തില്‍ തന്നെ എഴുതിവയ്ക്കണം, മുന്‍കൂര്‍ ഇളവായിട്ടല്ല, പരിശോധനയ്ക്കു ശേഷമുള്ള തിരിച്ചടവായി.
മറ്റിടങ്ങളില്‍ അനുമതി ഒരു അവകാശമല്ല. സിംഗപ്പൂര്‍ 2019ല്‍ മൊറട്ടോറിയം ഏര്‍പ്പെടുത്തി, 2023ല്‍ നാല് ഓപ്പറേറ്റര്‍മാര്‍ക്ക് ആകെ 80 മെഗാവാട്ട് അനുവദിച്ചു. അയര്‍ലന്‍ഡിന്റെ വൈദ്യുതി നിയന്ത്രണ അതോറിറ്റിയായ സി.ആര്‍.യു. 2025 ഡിസംബറില്‍, 10 മെഗാവോള്‍ട്ട് ആംപിയറില്‍ കൂടുതലുള്ള വലിയ വൈദ്യുതി ആവശ്യകതയുള്ള ഡേറ്റ സെന്റര്‍ പദ്ധതികള്‍ സ്വന്തം വൈദ്യുതി ഉത്പാദനമോ വൈദ്യുതി സംഭരണ സംവിധാനമോ ഒരുക്കണമെന്ന് വ്യവസ്ഥ ചെയ്തു. ന്യൂയോര്‍ക്ക് 2026 ജൂലൈയില്‍ 50 മെഗാവാട്ടിനു മുകളിലുള്ള പദ്ധതികളുടെ ചില അനുമതികള്‍ ഒരു വര്‍ഷത്തേക്ക് നിര്‍ത്തി. ഇതൊന്നും നിരോധനമല്ല; തുറന്ന അവകാശത്തെ വ്യവസ്ഥാധിഷ്ഠിത വിഹിതമാക്കുകയാണ്.
ഇന്ത്യക്ക് വേണ്ടത്
ഇതില്‍ നിന്ന് ഒരു ക്രമം തെളിയുന്നു. ആദ്യം, സബ്‌സിഡിയുള്ള വിഭവങ്ങള്‍ക്ക് ആര്‍ക്കും അവകാശമില്ലെന്ന് നയം വ്യക്തമാക്കണം; 'തടസ്സമില്ലാത്ത 24x7 ജലം' പോലുള്ള വാഗ്ദാനങ്ങള്‍ 'ലഭ്യതയ്ക്കു വിധേയം' എന്ന് മാറണം. ഇഐഎ ഷെഡ്യൂളില്‍ ഐടി ലോഡ്, ജല ഉപഭോഗം, കണക്ടഡ് ലോഡ് എന്നിവ അടിസ്ഥാനമാക്കി ഡേറ്റ സെന്ററിന് സ്വന്തം ഇനവും പൊതു കൂടിയാലോചനയും വേണം. തുടര്‍ന്ന് സംസ്ഥാനങ്ങള്‍ ഒരു വിഭവ അടിസ്ഥാനസൗകര്യ ലഭ്യതാ വിലയിരുത്തല്‍ നടപ്പാക്കണം: വരണ്ട സീസണിലെ ജലമിച്ചത്തിനും വൈകുന്നേര പീക്കിലെ ഉറച്ച വൈദ്യുതി ശേഷിക്കും ഉള്ളില്‍ മാത്രം അനുമതി, ഓരോ അനുമതിയും പ്രാദേശിക വിഭവ ലെഡ്ജറില്‍ രേഖപ്പെടുത്തി, പരിധിയെത്തിയാല്‍ ഘട്ടംഘട്ടമായി മാത്രം. വൈദ്യുതിയില്‍ പ്രത്യേക വലിയലോഡ് താരിഫും പുതിയ സബ്‌സ്‌റ്റേഷന്‍ ചെലവ് ഡെവലപ്പര്‍ക്കും നിശ്ചയിക്കണം. ഇന്‍സെന്റീവ് പ്രകടനത്തിനു മാത്രം നല്‍കണം: തിരിച്ചടവ്, ബാങ്ക് ഗ്യാരന്റി, മൊത്തം പരിധി, ആതിഥേയ സമൂഹത്തിന് അടിസ്ഥാനസൗകര്യ വിഹിതം എന്നിവ സഹിതം. ഈ ചട്ടക്കൂട് വരുന്നതുവരെ വലിയ പുതിയ പദ്ധതികള്‍ക്ക് ഭൂമിയും ഇന്‍സെന്റീവും നിര്‍ത്തിവയ്ക്കുകയും, ധാരണാപത്രങ്ങള്‍ ശേഷിയും വിഭവ ആവശ്യവും സഹിതം പ്രസിദ്ധീകരിക്കുകയും വേണം.
സ്വകാര്യ ശുഭാപ്തിവിശ്വാസം പൊതുബാധ്യതയാകരുത്. എഐ നിക്ഷേപത്തെ ഭരണകൂടത്തിന് സ്വാഗതം ചെയ്യാം; പക്ഷേ അതിന്റെ അടിസ്ഥാനസൗകര്യത്തിന് പാവപ്പെട്ടവരെക്കൊണ്ട് സബ്‌സിഡി നല്‍കിക്കരുത്. ഈ കമ്പ്യൂട്ടിങ്ങിന്റെ വില ആര് നല്‍കും?