സൂമിന് പകരം മലയാളിയുടെ 'വീ കണ്‍സോള്‍', ഇന്ത്യയുടെ വീഡിയോ കോണ്‍ഫറന്‍സിംഗ് ആപ്പ് നിര്‍മ്മിച്ച് ജോയ് സെബാസ്റ്റിയന്‍

സൂമിന് പകരം മലയാളിയുടെ 'വീ കണ്‍സോള്‍', ഇന്ത്യയുടെ വീഡിയോ കോണ്‍ഫറന്‍സിംഗ് 
ആപ്പ് നിര്‍മ്മിച്ച് ജോയ് സെബാസ്റ്റിയന്‍

ഇന്ത്യയുടെ ഔദ്യോഗിക വീഡിയോ കോണ്‍ഫറന്‍സിംഗ് ആപ്പ് തയ്യാറാക്കാനുള്ള ഇന്നവേഷന്‍ ചലഞ്ചില്‍ വിജയിയായത് മലയാളി. ചൈനീസ് വീഡിയോ കോണ്‍ഫറന്‍സിംഗ് ആപ്പ് ആയ സൂമിന് പകരം കേന്ദ്രസര്‍ക്കാര്‍ തദ്ദേശീയമായി പ്ലാറ്റ്‌ഫോം വികസിപ്പിക്കാന്‍ വീഡിയോ കോണ്‍ഫറന്‍സ് ഇന്നവേഷന്‍ ചലഞ്ച് നടത്തിയിരുന്നു. ആലപ്പുഴ സ്വദേശി ജോയ് സെബാസ്റ്റിയന്റെ 'ടെക്‌ജെന്‍ഷ്യ' എന്ന കമ്പനി വികസിപ്പിച്ച പ്ലാറ്റ്‌ഫോം ആണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഒരു കോടിയാണ് ജോയ് സെബാസ്റ്റിയന് സമ്മാനമായി ലഭിക്കുക.

'മേക്ക് ഇന്‍ ഇന്ത്യ' വീഡിയോ കോണ്‍ഫറന്‍സിംഗ് പ്രോഡക്ട് നിര്‍മ്മിക്കാന്‍ ഇന്ത്യന്‍ കമ്പനികള്‍ക്കും സ്റ്റാര്‍ട്ട് അപ്പുകള്‍ക്കുമായി ഇന്ത്യാ ഗവണ്മെന്റിന്റെ മിനിസ്ട്രി ഓഫ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സംഘടിപ്പിച്ച ചലഞ്ചിലാണ് ജോയ് സെബാസ്റ്റിയന്‍ വിജയിച്ചത്.

ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ് ആണ് ഇന്നവേഷന്‍ ചലഞ്ച് വിജയികളെ പ്രഖ്യാപിച്ചത്. പന്ത്രണ്ടായിരത്തിലേറെ കമ്പനികളില്‍ നിന്നാണ് ജോയ് സെബാസ്റ്റ്യന്റെ ടീം ഡിസൈന്‍ ചെയ്ത വീ കണ്‍സോള്‍ ഇന്ത്യയുടെ ഔദ്യോഗിക വീഡിയോ കോണ്‍ഫറന്‍സിംഗ് ടൂളായി മാറിയത്. ചേര്‍ത്തല ഇന്‍ഫോ പാര്‍ക്കിലുള്ള കമ്പനിയാണ് ടെക്‌ജെന്‍ഷ്യ. ഇന്ത്യയിലെ ചില വന്‍ കമ്പനികള്‍ പ്രാഥമിക റൗണ്ടില്‍ പുറത്തായിരുന്നു. കേരളത്തില്‍ നിന്ന് മറ്റൊരു കമ്പനിക്കും ഫസ്റ്റ് റൗണ്ട് കടക്കാന്‍ സാധിച്ചില്ല.

ആദ്യം തെരഞ്ഞെടുക്കപ്പെട്ട 12 കമ്പനികള്‍ക്ക് പ്രോട്ടോടൈപ്പിന് 5 ലക്ഷവും പ്രോട്ടോടൈപ്പില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടാല്‍ മൂന്ന് കമ്പനികളെ സോഫ്റ്റ് വെയര്‍ നിര്‍മ്മാണത്തിന് ക്ഷണിക്കുകയും ചെയ്യും. ഈ മൂന്ന് കമ്പനികള്‍ക്ക് 20 ലക്ഷം വീതം ആപ്പ് നിര്‍മ്മാണത്തിന് നല്‍കും. ഈ മൂന്ന് പേരില്‍ നിന്നാണ് ടെക്‌ജെന്‍ഷ്യ തെരഞ്ഞെടുക്കപ്പെട്ടത്. ഒരു കോടി രൂപക്കൊപ്പം മൂന്ന് വര്‍ഷത്തെ കരാറും ലഭിക്കും. 2009 മുതല്‍ ചേര്‍ത്ത ഇന്‍ഫോ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ടെക് ജെന്‍ഷ്യ

ആലപ്പുഴയില്‍ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ക്ക് ജോയിയുടെ പങ്കാളിത്തവും നേതൃത്വവുമുണ്ടായിരുന്നുവെന്ന് മന്ത്രി തോമസ് ഐസക്ക് അഭിനന്ദിച്ചുള്ള പ്രസ്താവനയില്‍ വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം നെറുകയില്‍ ചൂടിയാണ് ഇനി ജോയിയുടെയും സംഘത്തിന്റെയും നില്‍പ്പ്. നമ്മുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ ഇനി അവര്‍ക്ക് സമയം തികയുമോ എന്ന ആശങ്ക മാത്രമേയുള്ളൂ...കണ്‍ഗ്രാജുലേഷന്‍സ് ജോയ് സെബാസ്റ്റ്യന്‍........ കണ്‍ഗ്രാജുലേഷന്‍സ് ടീം ടെക്‌ജെന്‍ഷ്യ.

Related Stories

No stories found.
logo
The Cue
www.thecue.in