പരീക്ഷണ പറക്കൽ വിജയകരമാക്കി ജപ്പാന്റെ പറക്കും കാർ

പരീക്ഷണ പറക്കൽ വിജയകരമാക്കി ജപ്പാന്റെ പറക്കും കാർ

വൈദ്യുത കാര്‍ വിപണിയിലേക്ക് പുത്തന്‍ താരവുമായി ജപ്പാന്‍. ജാപ്പനീസ് ഇലക്ട്രോണിക്‌സ്, ഐടി ഭീമന്മാരായ എന്‍ഇസി കോര്‍പ് പറക്കും കാര്‍ വിജയകരമായി പരീക്ഷിച്ചു. ലോക വാഹന വിപണിയിലെ വന്‍ശക്തിയായി മാറാനുള്ള ജപ്പാന്റെ മുന്നൊരുക്കമാണി പറക്കും കാറില്‍ നിന്ന് വ്യക്തമാകുന്നത്.

കാഴ്ചയില്‍ വലിപ്പമേറിയ ഡ്രോണ്‍ പോലെ തോന്നിക്കുന്ന ഈ വാഹനത്തില്‍ നാലു പ്രൊപ്പല്ലറാണു ഘടിപ്പിച്ചിരിക്കുന്നത്. ടോക്കിയോ നഗരത്തില്‍ നടന്ന പരീക്ഷണപ്പറക്കലില്‍ ഈ വാഹനത്തില്‍ യാത്രക്കാരില്ലായിരുന്നെങ്കിലും ഭാവിയില്‍ പറക്കും കാറായി തന്നെയാവും വാഹനം രംഗത്തെത്തുകയെന്ന സൂചനയാണ് ലഭിക്കുന്നത്. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ 10 അടിയോളം ഉയരത്തില്‍ ഒരു മിനിറ്റോളം പറന്നു നിന്ന ശേഷമാണു നിലത്തിറങ്ങിയത്.

3.9 മീറ്റര്‍ നീളവും 3.7 മീറ്റര്‍ വീതിയും 1.3 മീറ്റര്‍ ഉയരവുമുള്ള പറക്കും കാറിന്റെ ഭാരം 150 കിലോഗ്രാമോളമാണ്. പറക്കല്‍ നിയന്ത്രണം വിട്ട് അപകടം സൃഷ്ടിക്കുന്നതു തടയാന്‍ പ്രത്യേക സ്ഥലം ഒരുക്കിയായിരുന്നു പറക്കും കാര്‍ പരീക്ഷണം.

2023 ആകുമ്പോഴേയ്ക്കും പ്രധാന നഗരങ്ങളിലെ പാഴ്‌സല്‍ സര്‍വ്വിസ് പറക്കും കാര്‍ വഴിയാവണമെന്ന ലക്ഷ്യത്തിലാണ് ജപ്പാന്‍. 2030 ആകുന്നതോടെ പറക്കും കാര്‍ യാത്രക്കാരെയും വഹിച്ചുള്ള ഹ്രസ്വദൂര യാത്രകള്‍ക്കും സജ്ജമാവണം. ജനസംഖ്യ കൂടിയ രാജ്യമായ ജപ്പാനില്‍ റോഡുകളിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ഇത്തരം പറക്കും കാര്‍ മാത്രമാണു പരിഹാരമെന്ന് എന്‍ ഇ സി കമ്പനി പറയുന്നു.

ഒരു വര്‍ഷത്തോളം നീണ്ട വികസന പദ്ധതിക്കൊടുവിലാണ് എന്‍ഇസി എന്‍ജിനീയര്‍മാരും കാര്‍ട്ടിവേറ്റരും ചേര്‍ന്നു പറക്കും കാര്‍ പരീക്ഷണ പറക്കലിനു സജ്ജമാക്കിയത്. ജപ്പാന് പുറമെ ദുബായ്, ന്യൂസിലാന്റ്, സിംഗപൂര്‍ തുടങ്ങിയ രാജ്യങ്ങളും പറക്കും കാര്‍ എന്ന സ്വപ്നത്തിന് പുറകേയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in