ആ പേരില്‍ എയ്‌സുസ് ഫോണുകള്‍ വില്‍ക്കരുതെന്ന് കോടതി : ട്രേഡ്മാര്‍ക്കില്‍ കുരുക്ക്

ആ പേരില്‍ എയ്‌സുസ് ഫോണുകള്‍ വില്‍ക്കരുതെന്ന് കോടതി : ട്രേഡ്മാര്‍ക്കില്‍ കുരുക്ക്

സെന്‍ എന്ന ബ്രാന്‍ഡില്‍ ഫോണുകള്‍ വില്‍ക്കരുതെന്ന് എയ്‌സുസിനോട് ഡല്‍ഹി ഹൈക്കോടതി. ടെലികെയര്‍ നെറ്റ് വര്‍ക്കിന്റെ ഹര്‍ജിയിലാണ് കോടതി നടപടി. തങ്ങള്‍ സെന്‍, സെന്‍മൊബൈല്‍ എന്നീ ബ്രാന്‍ഡുകള്‍ 1999 ലെ ട്രേഡ്മാര്‍ക്ക് നിയമപ്രകാരം മുന്‍പേ രജിസ്റ്റര്‍ ചെയ്തതാണെന്ന് കാണിച്ചാണ് എയ്‌സുസിനെതിരെ ടെലികെയര്‍ കോടതിയെ സമീപിച്ചത്. ബ്രാന്‍ഡ് നെയിം രജിസ്റ്റര്‍ ചെയ്തതുപ്രകാരം 2008 മുതല്‍ ഈ ബ്രാന്‍ഡുകളില്‍ തങ്ങള്‍ മൊബൈലുകള്‍ വില്‍ക്കുന്നുണ്ട്. എന്നാല്‍ എയ്‌സുസ് സെന്‍ എന്നും സെന്‍ഫോണ്‍ എന്ന പേരിലും മൊബൈലുകള്‍ ഇറക്കുന്നത് തങ്ങള്‍ക്ക് തിരിച്ചടിയാവുകയാണ്. ടെലികെയറിന്റെ അതേ വിലയിലാണ് എയ്‌സുസും വില്‍പ്പന നടത്തുന്നത്.

ഇത് ഉപഭോക്താക്കളില്‍ ആശയക്കുഴപ്പത്തിന് വഴിവെയ്ക്കുന്നുമുണ്ട്. പൊതുവില്‍ എയ്‌സുസിന്റെ നടപടികള്‍ തങ്ങളുടെ മാര്‍ക്കറ്റിനെ പ്രതികൂലമായി ബാധിക്കുന്നുവെന്നും ടെലികെയര്‍ ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ എയ്‌സുസ് ഈ വാദം തള്ളുകയാണുണ്ടായത്. സെന്‍ ഫിലോസഫിയോട് കടുത്ത ആരാധനയുള്ള കമ്പനി ചെയര്‍മാന്‍ ജോണി ഷിഹ് ഇത് ബ്രാന്‍ഡ് നെയിം ആക്കുകയായിരുന്നുവെന്നും അതിന്റെ പ്രതിഫലനമാണ് സെന്‍ഫോണ്‍ എന്ന പ്രയോഗത്തില്‍ കലാശിച്ചതെന്നുമാണ് വാദം. എന്നാല്‍ ഇരുഭാഗത്തിന്റെ വാദങ്ങളും കേട്ട കോടതി ഇനിമേല്‍ സെന്‍, സെന്‍ഫോണ്‍ എന്നീ ബ്രാന്‍ഡുകളില്‍ മൊബൈല്‍ വില്‍പ്പന പാടില്ലെന്ന് എയ്‌സുസിനെതിരെ വിധി പ്രസ്താവിച്ചു.

മെയ് 28 മുതല്‍ ഈ വിധി പ്രാബല്യത്തിലാവുകയും ചെയ്തു. സെന്‍ എന്ന ബ്രാന്‍ഡ്‌നെയിമിലാണ് കമ്പനി ലാപ്‌ടോപ്പുകളും ടാബുകളും അടക്കം ഒട്ടുമിക്ക ഉല്‍പ്പന്നങ്ങളും അവതരിപ്പിക്കുന്നത്. ട്രേഡ്മാര്‍ക്കുമായി ബന്ധപ്പെട്ട നിയമപ്രശ്‌നം പരിഹരിക്കാനുള്ള ശ്രമം തുടരുകയാണെന്നും എയ്‌സുസിന്റെ സേവനങ്ങള്‍ മുന്‍പത്തെ രീതിയില്‍ തന്നെ ലഭ്യമാകുമെന്നും കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. ജൂണ്‍ 10 ന് കേസ് വീണ്ടും കോടതിയുടെ പരിഗണനയ്ക്ക് വരുന്നുണ്ട്. സെന്‍ എന്ന ബ്രാന്‍ഡ് ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന നിലപാട് എയ്‌സുസ് കോടതിയില്‍ ആവര്‍ത്തിക്കും.

Related Stories

No stories found.
logo
The Cue
www.thecue.in