‘നിരത്തില്‍ ഇലക്ട്രിക് ഇരുചക്ര-മുച്ചക്ര വാഹനങ്ങള്‍ മതി’ ; കേന്ദ്രസര്‍ക്കാര്‍ പദ്ധതിരേഖ തയ്യാറാക്കുന്നു 

‘നിരത്തില്‍ ഇലക്ട്രിക് ഇരുചക്ര-മുച്ചക്ര വാഹനങ്ങള്‍ മതി’ ; കേന്ദ്രസര്‍ക്കാര്‍ പദ്ധതിരേഖ തയ്യാറാക്കുന്നു 

മലിനീകരണ നിയന്ത്രണത്തിനായി, സമീപ ഭാവിയില്‍ ഐസി എഞ്ചിനുകളില്‍ പ്രവര്‍ത്തിക്കുന്ന ഇരുചക്ര മുച്ചക്ര വാഹനങ്ങള്‍ നിരത്തുകളില്‍ നിന്ന് പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കമാരംഭിച്ചതായി റിപ്പോര്‍ട്ട്. ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുടെ നേതൃത്വത്തിലാണ് ഇത്തരമൊരു നടപടിക്ക് ശ്രമം തുടങ്ങിയത്. സിഎന്‍ബിസി-ടിവി 18 ആണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. 2025 മുതല്‍ ഇന്ത്യന്‍ നിരത്തുകളില്‍ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ മാത്രം അവതരിപ്പിക്കാനാണ് നീക്കം. 2023 മുതല്‍ ഇലക്ട്രിക് മുച്ചക്ര വാഹനങ്ങളും മാത്രമേ നിരത്തിലിറക്കൂ.

ഇതുസംബന്ധിക്കുന്ന പദ്ധതിരേഖ ഗതാഗത മന്ത്രാലയം തയ്യാറാക്കി വരികയാണ്. പത്തുദിവസത്തിനകം ഇത് പുറത്തിറക്കുമെന്ന് സിഎന്‍ബിസി - ടിവി 18 റിപ്പോര്‍ട്ട് ചെയ്യുന്നു. 150 സിസിയില്‍ താഴെയുള്ള ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളാണ് അവതരിപ്പിക്കുക. ഐസി എഞ്ചിന്‍ വാഹനങ്ങളെ അപേക്ഷിച്ച് എറ്റവും കുറഞ്ഞ പരിസ്ഥിതി മലിനീകരണമേ ഇലക്ട്രിക് വാഹനങ്ങള്‍ ഉണ്ടാക്കുന്നുള്ളൂവെന്നതിനാലാണിത്. ലോകത്തെ ഏറ്റവും വലിയ ഇരുചക്ര മുച്ചക്ര വാഹന വിപണികളിലൊന്നാണ് ഇന്ത്യ.

2018-2019 സാമ്പത്തിക വര്‍ഷം 21 മില്യണ്‍ ഇരുചക്ര വാഹനങ്ങളുടെ വില്‍പ്പനയാണുണ്ടായത്. അഞ്ചുശതമാനത്തിന്റെ വളര്‍ച്ചയാണ് കഴിഞ്ഞ വര്‍ഷത്തെ വില്‍പ്പനയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 7 ലക്ഷം മുച്ചക്രവാഹനങ്ങളുടെ വില്‍പ്പനയും നടന്നു. പത്തുശതമാനം വളര്‍ച്ചയാണ് ഇതിന്റെ വില്‍പ്പനയിലുണ്ടായത്. അതേസമയം ഇത്തരമൊരു പദ്ധതി യാഥാര്‍ത്ഥ്യമാക്കുകയെന്നത് അത്രയെളുപ്പമല്ലെന്ന് ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അതായത് 150 സിസി വരെയുള്ള ഇരുചക്ര വാഹനങ്ങളാണ് ഇലക്ട്രിക്കിലേക്ക് മാറ്റുന്നത്. രാജ്യത്ത് വില്‍ക്കപ്പെടുന്നവയില്‍ 80 ശതമാനവും ഈ വിഭാഗത്തില്‍പ്പെടുന്ന വാഹനങ്ങളാണ്.

Related Stories

No stories found.
logo
The Cue
www.thecue.in