വിന്‍ഡോസ് ഫോണുകളില്‍ വാട്‌സ്ആപ്പ് പ്രവര്‍ത്തനം നിര്‍ത്തുന്നു, നിലവിലെ ഫീച്ചറുകള്‍ എപ്പോള്‍ വേണമെങ്കിലും നിലയ്ക്കാം

വിന്‍ഡോസ് ഫോണുകളില്‍ വാട്‌സ്ആപ്പ് പ്രവര്‍ത്തനം നിര്‍ത്തുന്നു, നിലവിലെ ഫീച്ചറുകള്‍ എപ്പോള്‍ വേണമെങ്കിലും നിലയ്ക്കാം

ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റന്റ് മെസ്സേജിങ് ആപ്പ് ആയ വാട്‌സാപ്പ് വിന്‍ഡോസ് ഫോണുകളില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കാനൊരുങ്ങുന്നു. ചൊവ്വാഴ്ച കമ്പനി പുറത്തുവിട്ട മൊബൈല്‍ സപ്പോര്‍ട്ട് ബ്ലോഗ് പോസ്റ്റിലാണ് ഈ വര്‍ഷം ഡിസംബര്‍ 31 മുതല്‍ വിന്‍ഡോസ് ഫോണുകളില്‍ വാട്‌സാപ്പ് ലഭ്യമാകില്ല എന്ന് വ്യക്തമാക്കിയത്. വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഫോണിലും അടുത്ത വര്‍ഷം വാട്‌സാപ്പ് പ്രവര്‍ത്തിക്കില്ല.

വിന്‍ഡോസിനായുള്ള ബഗ് ഫിക്‌സുകളും , പുതിയ അപ്‌ഡേറ്റുകളും, ഫീച്ചറുകളും ഇനി പുറത്തിറങ്ങില്ല എന്നും നിലവിലുള്ള ഫീച്ചറുകളുടെ പ്രവര്‍ത്തനം എപ്പോള്‍ വേണമെങ്കിലും അവസാനിക്കുകയും ചെയ്യുമെന്നും കമ്പനി പറയുന്നു. നേരത്തെ നോക്കിയ സിമ്പിയന്‍ എസ് 60, നോക്കിയ സീരിസ് 40, ബ്ലാക്‌ബെറി ഒ എസ്, ബ്ലാക്‌ബെറി 10 എന്നീ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളില്‍ വാട്‌സാപ്പ് സേവനം നിര്‍ത്തിവെച്ചിരുന്നു.

ഒരു ബദല്‍ സംവിധാനം എന്ന നിലയില്‍ യൂണിവേഴ്‌സല്‍ വിന്‍ഡോസ് പ്ലാറ്റ്‌ഫോം ( UWP )എന്ന വിന്‍ഡോസ് ഡെസ്‌ക്ടോപ്പുകളിലും ഫോണുകളിലും ലഭ്യമാകുന്ന ഒരു അപ്ലിക്കേഷന്‍ വാട്‌സാപ്പ് ഒരുക്കുന്നുണ്ട് എന്നാണ് ടെക് നിരീക്ഷകര്‍ പറയുന്നത്. എന്നാലിത് സ്ഥിരീകരിച്ചിട്ടില്ല. ആന്‍ഡ്രോയിഡിന്റെ പഴയ വേര്‍ഷനുകളിലും (2.3.7 നു മുന്നെയുള്ളവ) ഐ ഒ എസ്സിന്റെ വേര്‍ഷന്‍ 7 നു പിന്നിലുള്ള ഫോണുകളില്‍ നിന്നും വാട്‌സാപ്പ് 2020 ഫെബ്രുവരി ഒന്നോടെ സേവനം നിര്‍ത്തുമെന്നും കമ്പനി പറയുന്നു.

നേരത്തെ വിന്‍ഡോസ് ഫോണുകള്‍ക്കുള്ള പിന്തുണ പിന്‍വലിക്കുകയാണെ് മൈക്രോസോഫ്റ്റ് വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് വാട്‌സാപ്പിന്റെ തീരുമാനം. വാട്‌സാപ്പ് ബീറ്റ ഇന്‍ഫോയുടെ കഴിഞ്ഞ ദിവസത്തെ ട്വീറ്റിലാണ് യൂണിവേഴ്‌സല്‍ വിന്‍ഡോസ് പ്ലാറ്റ്‌ഫോം ആപ്പിന്റെ കാര്യം പുറത്തുവിട്ടത്. കമ്പനി ഇത്തരം ഒരു ആപ്പിന്റെ നിര്‍മാണത്തിലാണെന്നായിരുന്നു ട്വീറ്റ്, എന്നാല്‍ എപ്പോള്‍ ആപ്പ് പുറത്തിറക്കുമെന്നോ സേവനം ആരംഭിക്കുമെന്നോ പറഞ്ഞിട്ടില്ല. ഇതാണ് ടെക്ക് നിരീക്ഷകരെ ആശയക്കുഴപ്പത്തിലാക്കുന്നത്.

എന്താണ് വാട്‌സാപ്പിന്റെ അടുത്ത നീക്കമെന്നത് ടെക് ലോകം ഉറ്റുനോക്കുകയാണ്. നിലവില്‍ നോക്കിയ ലൂമിയയുടെ ഒട്ടേറെ ഫോണുകളില്‍ വിന്‍ഡോസ് പ്രവര്‍ത്തിക്കുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in