സോംബി എലിഫൻ്റ്സ് : ചാരത്തിൽ നിന്ന് കിരീടത്തിലേക്ക് കുതിച്ച ഐവറിപട

സോംബി എലിഫൻ്റ്സ് : ചാരത്തിൽ നിന്ന് കിരീടത്തിലേക്ക് കുതിച്ച ഐവറിപട

ഗ്രൂപ്പ് ഘട്ടത്തിൽ താരമത്യേന ദുർബലരായ ഇക്വറ്റോറിയൽ ഗിനിയയോട് 4-0 ന്റെ കനത്ത തോൽവി, ടൂർണമെന്റിന്റെ മധ്യത്തിൽ പ്രധാന പരിശീലകനായിരുന്ന ജീൻ ലൂയിസ് ഗാസെറ്റിന്റെ പുറത്താകൽ, പ്രീ-ക്വാർട്ടർ ഫൈനലിൽ കരുത്തരായ നിലവിലെ ചാമ്പ്യന്മാരായ സെനഗലിനെ പക്ഷെ ഐവറി കോസ്റ്റ് പെനാൽറ്റി ഷൂട്ട് ഔട്ടിൽ മറികടക്കുന്നു.

ക്വാർട്ടർ ഫൈനലിൽ മാലിയോട് ഒരു ഗോളിന് പിറകിൽ നിന്ന് അവസാന മിനുട്ടുകളിൽ തിരിച്ചടിച്ച്‌ എക്സ്ട്രാ ടൈമിൽ സെമിയിലേക്ക് കടക്കുന്നു. കോംഗോക്കെതിരെയുള്ള സെമി ഫൈനലിൽ സെബാസ്റ്റ്യൻ ഹാളറുടെ സെൻസേഷണൽ സോളോ ഗോളിൽ അവസാന നിമിഷം ആഫ്രിക്കൻ നേഷൻസ് കപ്പിന്റെ ഫൈനലിലേക്ക്,

ആഫ്രിക്കൻ നേഷൻസ് കപ്പ് കിരീടം നേടിയ ഐവറി കോസ്റ്റ് ടീം
ആഫ്രിക്കൻ നേഷൻസ് കപ്പ് കിരീടം നേടിയ ഐവറി കോസ്റ്റ് ടീം

ഫൈനലിൽ ആദ്യ പകുതിയുടെ അവസാനത്തിൽ ഗോൾ വഴങ്ങിയ ശേഷം രണ്ടാം പകുതിയിൽ ശക്തമായി തിരിച്ചു വന്ന് 62-ആം മിനുട്ടിലും 81- ആം മിനുട്ടിലും ഗോൾ നേടി നൈജീരിയയെ തോൽപ്പിച്ച്‌ ആഫ്രിക്കൻ നേഷൻസ് കപ്പ് കിരീടത്തിലേക്ക്...

ചാരത്തിൽ നിന്നും അസാധാരമായി മടങ്ങി വരാനുള്ള ഐവറി കോസ്റ്റിന്റെ ഈ കഴിവ് കൊണ്ടാണ് അവരെ സോംബി എലിഫൻ്റ്സ് എന്ന് വിളിക്കുന്നത്. അതിനെ അന്വർത്ഥമാകുന്നതായിരുന്നു ടൂർണമെന്റിലെ അവരുടെ ഇത് വരെയുള്ള യാത്രകൾ. സെമിയിലും ഫൈനലിലും ഐവറി കോസ്റ്റിന്റെ വിജയ ഗോൾ നേടിയ സെബാസ്റ്റ്യൻ ഹാളർ അതിനൊരു ഒന്നാന്തരം ഉദാഹരമാണ്.

2022- ൽ കാൻസർ സ്ഥിരീകരിച്ചു മൈതാനം വിട്ട് ഏറെ നാളത്തെ ട്രീറ്റ്മെന്റിന് ശേഷം "Fuck ക്യാൻസർ" എന്നെഴുതിയ ബൂട്ട് ധരിച്ചു വീണ്ടും അയാൾ മൈതാനത്തെത്തി. 2006- ൽ ഈജിപ്ത് കിരീടം നേടിയതിന് ശേഷം ആദ്യമായി ഒരു ആതിഥേയ രാജ്യത്തെ അയാൾ ആഫ്രിക്കൻ നേഷൻസ് കപ്പ് കിരീടത്തിലേക്ക് നയിച്ചു. അവിശ്വസനീയം തന്നെ,

. കോംഗോക്കെതിരെയുള്ള സെമി ഫൈനലിൽ സെബാസ്റ്റ്യൻ ഹാളറുടെ സെൻസേഷണൽ  സോളോ ഗോൾ
. കോംഗോക്കെതിരെയുള്ള സെമി ഫൈനലിൽ സെബാസ്റ്റ്യൻ ഹാളറുടെ സെൻസേഷണൽ സോളോ ഗോൾ

മത്സരത്തിലേക്ക്

ആദ്യ പകുതി അവസാനിക്കാൻ ഏഴ് മിനുട്ട് മാത്രം ബാക്കി നിൽക്കെ ഇടത് മൂലയിൽ നിന്നും ഉയർന്നു വന്ന കോർണർ കിക്കിന് നൈജീരിയൻ ക്യാപ്റ്റൻ ട്രൂസ്റ്റ്-എക്കോംഗ് തല വെച്ച് മുന്നിലെത്തിക്കുമ്പോൾ നൈജീരിയ പൂർണ്ണ ആത്മവിശ്വാസത്തിലായിരുന്നു. കഴിഞ്ഞ 22 മത്സരങ്ങളിലും ആദ്യം ഗോളടിച്ച സൂപ്പർ ഈഗിൾസിന് പിന്നീട് തോൽക്കേണ്ടി വന്നിട്ടില്ലായിരുന്നു. മറു വശത്ത് ഐവറി കോസ്റ്റിന് വേണ്ടി ജയ് വിളിക്കാൻ ഗാലറിയിൽ അവരുടെ എക്കാലത്തെയും ഇതിഹാസ താരം ദിദിയർ ദ്രോഗ്ബയുണ്ടായിരുന്നു. അയാൾ ഐവറി കോസ്റ്റ് പതാക ഉയർത്തി ആർത്തുവിളിച്ചു കൊണ്ടിരുന്നു.

രണ്ടാം പകുതിക്ക് ശേഷം ഐവറി കോസ്റ്റ് ഗോൾ വീട്ടാൻ കിണഞ്ഞു ശ്രമിച്ചു. ഡസനുകളോളം ഷോട്ടുകൾ നൈജീരിയൻ ഗോൾ കീപ്പർ സ്റ്റാൻലി നവാബാലി തടഞ്ഞിട്ടു. 62-ാം മിനിറ്റിൽ ഫ്രാങ്ക് കെസി ഒരു ഹെഡ്ഡറിലൂടെ ഐവറി കോസ്റ്റിന്റെ ശ്രമം ഫലത്തിലെത്തിച്ചു. ശേഷം 81- ആം മിനുട്ടിൽ സൈമൺ അഡിൻഗ്രയുടെ ക്രോസ്സ് വലയിലേക്ക് തട്ടിയിട്ട് സെബാസ്റ്റ്യൻ ഹാളർ അലസാനെ ഔട്ടാര സ്റ്റേഡിയത്തിലെ ഓറഞ്ചിൽ മുങ്ങിയ അറുപതിനായിരത്തോളം വരുന്ന കാണികൾക്ക് ആഘോഷ രാവൊരുക്കി, ഐവറി കോസ്റ്റിന് മൂന്നാം ആഫ്രിക്കൻ നേഷൻസ് കിരീടം നേടി കൊടുത്തു.

ഐവറി കോസ്റ്റിന്റെ  ഇതിഹാസ താരം ദിദിയർ ദ്രോഗ്ബ മൽസര ശേഷം താരങ്ങൾക്കൊപ്പം ആഹ്ളാദം പങ്കിടുന്നു
ഐവറി കോസ്റ്റിന്റെ ഇതിഹാസ താരം ദിദിയർ ദ്രോഗ്ബ മൽസര ശേഷം താരങ്ങൾക്കൊപ്പം ആഹ്ളാദം പങ്കിടുന്നു

കണങ്കാലിന് പരിക്കേറ്റതിനാൽ ഈ ടൂർണമെന്റിലെ ഭൂരിഭാഗം മത്സരങ്ങളും നഷ്ട്ടമായ താരമാണ് സെബാസ്റ്റ്യൻ ഹാളർ. ഫിറ്റ്നസ് തെളിയിക്കുന്നതിൽ പരാജയപ്പെട്ടതിനാൽ ഗ്രൂപ്പ് മത്സരങ്ങളെല്ലാം നഷ്ട്ടപ്പെട്ടു. സെനഗലിനെതിരെയുള്ള പ്രീ ക്വാർട്ടർ മത്സരത്തിൽ പകരക്കാരനായെത്തി. എന്നാൽ ക്വാർട്ടർ ഫൈനൽ മത്സരം മുതൽ ഐവറി കോസ്റ്റിന്റെ മുന്നേറ്റം പൂർണ്ണമായും ഹാളറിൽ കേന്ദ്രീകരിച്ചായിരുന്നു. ആ പോരാട്ട വീര്യത്തിന് മുന്നിൽ ഒന്നും ചെയ്യാനാവാതെ ആഫ്രിക്കൻ വൻകരയുടെ ഏറ്റവും മികച്ച ഫുട്‍ബോളർ നൈജീരിയയുടെ വിക്ടർ ഒസിംഹെൻ തിരിച്ചു നടന്നു.

നൈജീരിയയുടെ വിക്ടർ ഒസിംഹെൻ
നൈജീരിയയുടെ വിക്ടർ ഒസിംഹെൻ

ഫൈനലിലെ താരം

ഒരു പ്രധാന ടൂർണമെൻ്റിൻ്റെ ഫൈനലിലെ മാച്ച് വിന്നിംഗ് പ്രകടനം നിങ്ങളെ ഒരു ദേശീയ ഹീറോയാക്കും. ആഫ്രിക്കൻ നേഷൻസ് കപ്പിന്റെ നൈജീരിയയുമായുള്ള ഫൈനലിൽ സൈമൺ ആഡിൻഗ്ര ചെയ്തത് അതാണ്. ആഡിൻഗ്രയുടെ രണ്ടു മികച്ച നീക്കങ്ങളിലൂടെയാണ് ഐവറി കോസ്റ്റിന്റെ രണ്ടു ഗോളുകളും പിറന്നത്. 62-ാം മിനിറ്റിൽ ഇടത് വിങ്ങിൽ നിന്നെടുത്ത പിൻപോയിൻ്റ് കോർണർ ഫ്രാങ്ക് കെസി മനോഹരമായി ഹെഡിൽ കണക്റ്റ് ചെയ്തു ഗോളാക്കുന്നു. 19 മിനിട്ടുകൾക്ക് ശേഷം ആഡിൻഗ്രയുടെയുടെ ഒന്നാന്തരം ക്രോസ്സ് ഹാളർ ടോപ് കോർണറിലേക്ക് ചെത്തിയിടുന്നു.

ടൂർണമെൻറ് യങ് പ്ലേയർ അവാർഡ് സ്വന്തമാക്കിയ  സൈമൺ ആഡിൻഗ്ര
ടൂർണമെൻറ് യങ് പ്ലേയർ അവാർഡ് സ്വന്തമാക്കിയ സൈമൺ ആഡിൻഗ്ര

ഐവറി കോസ്റ്റിന്റെ മൂന്നാം നേഷൻസ് കപ്പ് കിരീടമാണ് ഇത്. ഇതിന് മുമ്പ് 1992-ലും 2015- ലുമാണ് ഐവറി കോസ്റ്റ് കിരീടം നേടിയിട്ടുള്ളത്. ആ രണ്ടു കിരീടങ്ങളും പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട ഫൈനലുകളായിരുന്നു.

ടീമിന്റെ ശക്തിയും മാനസികാവസ്ഥയുമാണ് ഞങ്ങളെ മുന്നോട്ട് നയിച്ചത്. ഞങ്ങൾക്ക് വെല്ലുവിളി നിറഞ്ഞ ഒരുപാട് നിമിഷങ്ങൾ ഉണ്ടായിരുന്നു, പക്ഷേ അത് എളുപ്പമായിരുന്നില്ലെങ്കിലും ഞങ്ങൾ അതിജീവിച്ചു. മാനസിക ധൈര്യം ഞങ്ങളുടെ അവസരങ്ങൾ പുനഃസ്ഥാപിക്കുകയും കിരീടം നേടാൻ പ്രാപ്തരാക്കുകയും ചെയ്തു. ഫൈനലിലെ മികച്ച താരമായ സൈമൺ ആഡിൻഗ്ര പറഞ്ഞു .

 അലസാനെ ഔട്ടാര സ്റ്റേഡിയത്തിലെ ഐവറി കോസ്റ്റ് ആരാധകരുടെ  ആവേശം
അലസാനെ ഔട്ടാര സ്റ്റേഡിയത്തിലെ ഐവറി കോസ്റ്റ് ആരാധകരുടെ ആവേശം

ഞങ്ങളുടെ ടീമിന് മികച്ച ടൂർണമെൻ്റ് ആയിരുന്നു, എന്നാൽ ഇന്ന് ഐവറി കോസ്റ്റ് മികച്ചതായിരുന്നു,” നൈജീരിയ കോച്ച് ജോസ് പെസീറോ മത്സരത്തിന് ശേഷം പറഞ്ഞതാണിത്.

ശരിയാണ്. ചാരത്തിൽ നിന്നുയർന്നു ഇത്രയും മികച്ച രീതിയിൽ കളിക്കാൻ ഐവറി കോസ്റ്റിനെ കഴിയൂ..അത് കൊണ്ടാണല്ലോ അവരെ സോംബി എലിഫൻ്റ്സ് എന്ന് വിളിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in