ലോകകപ്പിനു പിന്നാലെ കലമുടച്ച് ടീം ഇന്ത്യ; സിംബാബ്‌വെ പര്യടനത്തിലെ ആദ്യ മത്സരത്തില്‍ തോല്‍വി

ലോകകപ്പിനു പിന്നാലെ കലമുടച്ച് ടീം ഇന്ത്യ; സിംബാബ്‌വെ പര്യടനത്തിലെ ആദ്യ മത്സരത്തില്‍ തോല്‍വി

ട്വന്റി 20 ലോകകപ്പ് വിജയത്തിനു തൊട്ടുപിന്നാലെ നടന്ന ആദ്യ രാജ്യാന്തര മത്സരത്തില്‍ വന്‍ പരാജയം ഏറ്റുവാങ്ങി ടീം ഇന്ത്യ. സിംബാബ്‌വെ പര്യടനത്തിന്റെ ആദ്യ മാച്ചില്‍ 13 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്. സിംബാബ് വെ ഉയര്‍ത്തിയ 116 റണ്‍സ് എന്ന വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന ഇന്ത്യ 19.4 ഓവറില്‍ 102 റണ്‍സിന് വീണു. ആദ്യം ബാറ്റിംഗിനിറങ്ങിയ സിംബാബ്‌വെ 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സെടുത്തു. ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. രണ്ടാം ഓവറില്‍ ഓപ്പണര്‍ ഇന്നസെന്റ് കിയയെ ഗോള്‍ഡന്‍ ഡക്കാക്കിക്കൊണ്ട് മുകേഷ് കുമാര്‍ ഇന്ത്യക്കു വേണ്ടി ആദ്യ വിക്കറ്റെടുത്തു. നാല് വിക്കറ്റ് വീഴ്ത്തിയ രവി ബിഷ്‌ണോയ് സിംബാബ് വെയെ റണ്‍ വേട്ടയില്‍ തടുത്തു നിര്‍ത്തി.

വാഷിംഗ്ടണ്‍ സുന്ദര്‍ രണ്ടു വിക്കറ്റും മുകേഷ് കുമാറും ആവേശ് ഖാനും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ഭിഷേക് ശര്‍മ, റിയാന്‍ പരാഗ്, ധ്രുവ് ജുറേല്‍ എന്നിവര്‍ ഇന്ത്യക്കു വേണ്ടി ട്വന്റി 20യില്‍ അരങ്ങേറ്റം കുറിച്ചു. സിംബാബ് വെയുടെ ക്ലൈവ് മദാന്‍ദെ 29 റണ്‍സ് നേടി ടോപ് സ്‌കോററായി. ബ്രയാന്‍ ബെന്നറ്റ്, ഡിയോണ്‍ മിയേഴ്‌സ് എന്നിവര്‍ 23 റണ്‍സ് വീതം നേടിയപ്പോള്‍ ഓപ്പണര്‍ വെസ്ലി മധേവേരെ 21 റണ്‍സെടുത്തു. രണ്ടാമിന്നിംഗ്‌സില്‍ മൂന്നു വീതം വിക്കറ്റുകള്‍ നേടിയ ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസയും ടെന്‍ഡായ് ചതാരയുമാണ് ഇന്ത്യയെ തകര്‍ത്തെറിഞ്ഞത്. അഭിഷേക് ശര്‍മ (0), റിയാന്‍ പരാഗ് (2), ധ്രുവ് ജുറേല്‍ (14 ബോളില്‍ 7) എന്നിവര്‍ക്ക് കാര്യമായ പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞില്ല. 29 ബോളില്‍ അഞ്ച് ബൗണ്ടറികള്‍ ഉള്‍പ്പെടെ 31 റണ്‍സെടുത്ത ്ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ ആണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

ലോകകപ്പ് നേടിയ ടീമിലെ താരങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ ഇന്നിറങ്ങിയത്. സ്‌കോറിംഗിലും അത് കാര്യമായി പ്രതിഫലിച്ചു. പവര്‍പ്ലേയില്‍ 28 റണ്‍സ് മാത്രമേ ഇന്ത്യക്ക് സ്‌കോര്‍ ചെയ്യാനായുള്ളു. എട്ടാം വിക്കറ്റില്‍ വാഷിംഗ്ടണ്‍ സുന്ദറും ആവേശ് ഖാനും ചേര്‍ന്ന് നേടിയ 23 റണ്‍സാണ് ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ട്. സഞ്ജു സാംസണ്‍ ഉള്‍പ്പെടെയുള്ള ലോകകപ്പ് വിജയികളായ ഇന്ത്യന്‍ ടീമംഗങ്ങള്‍ മൂന്നാമത്തെ മാച്ചില്‍ മാത്രമേ സിംബാബ്‌വെ പര്യടനം നടത്തുന്ന സ്‌ക്വാഡിനൊപ്പം ചേരൂ.

Related Stories

No stories found.
logo
The Cue
www.thecue.in