മൂന്നാം മുത്തത്തിന് കോഹ്‌ലിപ്പട,അഞ്ചിന്റെ നിറവില്‍ ഓസീസ്,കന്നിക്കപ്പിന് ഇംഗ്ലണ്ട്;ക്രിക്കറ്റ് പൂരത്തിന് നാളെത്തുടക്കം 

മൂന്നാം മുത്തത്തിന് കോഹ്‌ലിപ്പട,അഞ്ചിന്റെ നിറവില്‍ ഓസീസ്,കന്നിക്കപ്പിന് ഇംഗ്ലണ്ട്;ക്രിക്കറ്റ് പൂരത്തിന് നാളെത്തുടക്കം 

ക്രിക്കറ്റ് കിരീടാവകാശിയെ അറിയാനുള്ള ലോകപൂരത്തിന് നാളെ തുടക്കം. 12 ാം പതിപ്പിലെ ആദ്യ മത്സരത്തില്‍ ആതിഥേയരായ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ നേരിടും. ഓവല്‍ സ്‌റ്റേഡിയത്തില്‍ ഉച്ചകഴിഞ്ഞ് 3 മണിക്കാണ് മാറ്റുരയ്ക്കല്‍. റൗണ്ട് റോബിന്‍ ഫോര്‍മാറ്റിലാണ് ഇക്കുറി പോരാട്ടങ്ങള്‍. അതായത് ഓരോ ടീമും എല്ലാ രാജ്യങ്ങളുമായും ഏറ്റുമുട്ടും. ആകെ 48 മത്സരങ്ങളാണുള്ളത്. ആകെയുള്ള 10 ല്‍ നാല് ടീമുകള്‍ സെമിയില്‍ പ്രവേശിക്കും. ജൂലൈ 14 നാണ് ഫൈനല്‍. ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയുമായാണ് ഇന്ത്യയുടെ ആദ്യ കളി. ഇന്ത്യ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, പാകിസ്താന്‍, വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, ന്യൂസിലാന്‍ഡ്, ശ്രീലങ്ക എന്നിവയാണ് ടീമുകള്‍.

ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ പടയ്ക്ക് ഇക്കുറി ഏറെ സാധ്യത കല്‍പ്പിക്കപ്പെടുന്നുണ്ട്. ഏകദിന റാങ്കിങ്ങില്‍ രണ്ടാമതാണ് ഇന്ത്യ. കോഹ്‌ലിക്ക് പുറമെ രോഹിത് ശര്‍മ, മഹേന്ദ്ര സിങ് ധോണി, പേസര്‍ ജസ്പ്രീത് ബുംറ,എന്നിവര്‍ ഇന്ത്യന്‍ പ്രതീക്ഷ ഉയര്‍ത്തുന്നു. രണ്ട് തവണ ഇന്ത്യ കപ്പുയര്‍ത്തിയിട്ടുണ്ട്. 1983 ലും 2011 ലും. ഇതുവരെ ലോക കിരീടം നേരിടാനായിട്ടില്ലെങ്കിലും ഹോം ഗ്രൗണ്ടിലെ പോരാട്ടത്തില്‍ ഇംഗ്ലണ്ടിന് അനുകൂല സാധ്യതകള്‍ ഏറെയുണ്ട്. ഏകദിന റാങ്കിങ്ങില്‍ നിലവില്‍ ഒന്നാംസ്ഥാനക്കാരാണ് ഇംഗ്ലീഷ്പട.

അതേസമയം അഞ്ച് തവണ കപ്പില്‍ മുത്തമിട്ട ഓസ്‌ട്രേലിയയുടേത് കരുത്തുറ്റ സംഘമാണ്. കഴിഞ്ഞ തവണ ഫൈനലില്‍ ഓസ്‌ട്രേലിയയോട് തോറ്റതിന് കണക്കുതീര്‍ക്കാന്‍ ന്യൂസിലാന്‍ഡും സാധ്യതാപട്ടികയില്‍ മുന്‍നിരയിലുണ്ട്. കന്നിക്കിരീടമാണ് ദക്ഷിണാഫ്രിക്കയുടെ ലക്ഷ്യം. അട്ടിമറി ലക്ഷ്യമിട്ട് വെസ്റ്റ് ഇന്‍ഡീസും, പാകിസ്താനുമുണ്ട്. അതേസമയം 2015 ലേതിനേക്കാള്‍ ബഹുദൂരം മുന്നേറിയതിന്റെ ആത്മവിശ്വാസത്തിലാണ് അഫ്ഗാനിസ്ഥാന്‍ ഇറങ്ങുന്നത്. അതേസമയം മോശം നിരയെന്ന പ്രതിസന്ധി ശ്രീലങ്കയെ വേട്ടയാടുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in