ചോര നൽകി വിൻഡീസ് നേടിയ ലോകകപ്പുകൾ

ചോര നൽകി വിൻഡീസ് നേടിയ ലോകകപ്പുകൾ

ക്രിക്കറ്റ് കൊണ്ട് തുന്നിച്ചേർത്ത രാജ്യമേതാണ്? കപിലിന്റെ ചെകുത്താന്മാർ വേൾഡ് കപ്പ് വിജയം കൊണ്ട് രാജ്യത്തെ കായിക മേഖലയെ മുഴുവൻ ഉണർത്തിയത് കണ്ട ഓരോ ഇന്ത്യക്കാരന്റെ മനസ്സിലും ആ രാജ്യം ഇന്ത്യയാരിക്കും. എന്നാൽ സ്വന്തമായി വിവിധ കൊടികളുള്ള , സ്വന്തമായി വിവിധ കറൻസികളുള്ള, സ്വന്തമായി വിവിധ ദേശീയ ഗാനങ്ങളുള്ള, വ്യത്യസ്ത ആക്‌സന്റുകളുള്ള ഒരുപാട് കൊച്ചു ദ്വീപുകൾ ഭൂപടത്തിൽ ഇല്ലാത്തൊരു രാജ്യമായി ക്രിക്കറ്റിന് വേണ്ടി തുന്നിച്ചേർക്കപ്പെട്ടിട്ടുണ്ട്. പ്രതിരോധത്തിന്റെയും പ്രതീക്ഷയുടെയും വാശിയുടെയും അഭിമാനത്തിന്റെയും ക്രിക്കറ്റ് അവർ മൈതാനത്ത് കളിച്ച് തീർത്തിട്ടുണ്ട്. വെറുക്കപ്പെട്ടവരായി മാറ്റിനിർത്തപ്പെട്ടവരിൽ നിന്ന്, തൊട്ടുകൂടാത്തവരായി അകറ്റിനിർത്തിയവർക്ക് മുന്നിൽ ജയിച്ച് കാണിച്ച്, ഞങ്ങളും നിങ്ങളും തുല്യരാണ് എന്ന് തെളിയിച്ച് കാണിച്ചിട്ടുണ്ട്. വെറുമൊരു കളിയിൽ നിന്ന് ക്രിക്കറ്റിനെ ആദ്യമായി പൊളിറ്റിക്കൽ സ്റ്റേറ്റ്‌മെന്റാക്കിയത് അവരായിരുന്നു. ക്രിക്കറ്റ് എന്നൊരു കളി കളിച്ച് കാണിച്ചുകൊടുത്ത ഇംഗ്ലണ്ടിന്റെ മണ്ണിൽ ചെന്ന്, ആദ്യ ക്രിക്കറ്റ് വേൾഡ് കപ്പുമായി മടങ്ങിയ പോരാളികൾ, ക്രിക്കറ്റ് ഉയിരായി കണ്ട വെസ്റ്റ് ഇൻഡീസ്.

വെസ്റ്റ് ഇൻഡീസിലെ സാധാരണക്കാരായ കറുത്തവർഗക്കാർക്ക് ക്രിക്കറ്റ് അത്ര എളുപ്പത്തിൽ നേടിയെടുക്കാൻ പറ്റിയൊരു കളിയായിരുന്നില്ല. അടിമകളായിരുന്നു അവർ. അടിമകൾക്ക് ഉടമകളുടെ കൂടെ എങ്ങനെ കളിക്കാൻ പറ്റും?. മൈതാനത്ത് വെളുത്ത വർഗക്കാരായ ഉടമകൾ കളിക്കുമ്പോൾ ദൂരെ നിന്ന് കളി നോക്കിക്കാണുക മാത്രമായിരുന്നു അവർക്ക് കഴിയുക. ഉടമകൾ ദൂരേക്ക് അടിച്ചു പറത്തിയ പന്തുകൾ മൈതാനത്തിന് ചുറ്റമുള്ള കാടുകളിൽ പോയി വീഴുമ്പോൾ അത് പെറുക്കിയെടുക്കാനായി അവരോടും. ആ ഗ്രൗണ്ടിൽ ഒപ്പം നിന്ന് കളിക്കാൻ യോഗ്യതയില്ലാത്ത അവർ പന്തെടുത്ത് ഗ്രൗണ്ടിലേക്ക് തിരിച്ചെറിയും. വാശിയോടെ, പ്രതിഷേധത്തോടെ, പ്രതീക്ഷയോടെ എറിയുന്ന ആ പന്തുകൾ എത്രമാത്രം കൃത്യതയോടെ വേഗതയോടെയാണ് വിക്കറ്റിന് അടുത്തേക്ക് കുതിച്ചെത്തുന്നതെന്ന് തിരിച്ചറിയപ്പെട്ടപ്പോൾ പതിയെ അവരും ടീമിലേക്ക് യോഗ്യത നേടി. ഗ്രൗണ്ടിൽ പന്തെറിഞ്ഞ് തുടങ്ങി. അപ്പോഴും ടീമിൽ അടിമകളായിരുന്നു അവർ. ഒരു ബാറ്ററായി, കാപ്റ്റനായെല്ലാം ഒരു കറുത്തവർഗക്കാരൻ ആ രാജ്യത്തിന് വേണ്ടി കളിക്കാൻ പിന്നെയും വർഷങ്ങൾ എടുത്തു.

ലോർഡ്‌സിൽ ആദ്യ ലോകകപ്പ് നേടിയ വെസ്റ്റ് ഇൻഡീസിനെ എല്ലാവർക്കും അറിയാം, ഫൈനലിൽ ഓസ്‌ട്രേലിയയെ തകർത്ത് കപ്പുയർത്തിയ ക്ലൈവ് ലോയ്ഡ് എന്ന കാപ്റ്റനെ അറിയാം. എന്നാൽ ലോകത്തിന്റെ മുന്നിൽ കപ്പുയർത്തികാട്ടിയിട്ടും അംഗീകാരവും ബഹുമാനവും നേടിയെടുക്കാൻ, നേടിയെടുക്കാനല്ല ലോകചാമ്പ്യന്മാരെന്ന ആദരവും ബഹുമാനവും അവർക്ക് നൽകാൻ ലോകം അത്ര തയ്യാറൊന്നുമായിരുന്നില്ല. കളിക്കളത്തിലും പുറത്തും അവർ അപമാനിക്കപ്പെട്ടുകൊണ്ടിരുന്നു. എങ്ങനെയോ ഭാഗ്യം കൊണ്ട് ജയിച്ച് പോയ ഒരു മത്സരം, അബദ്ധത്തിൽ കിട്ടിയൊരു കപ്പ്, അതായിരുന്നു പലർക്കും ആ ജയം. എന്നാൽ അത് അങ്ങനെയല്ലെന്ന് കാണിച്ചുകൊടുത്തു രണ്ടാമത്തെ വിജയം. രണ്ടാമത്തെ ലോകകപ്പ്. ആ രണ്ട് കപ്പുകൾക്കിടയിൽ വെസ്റ്റ് ഇൻഡീസിന് ഒരു പോരാട്ടത്തിന്റെ കഥയുണ്ട്.

ആദ്യ വേൾഡ് കപ്പ് ജയിച്ച് മാസങ്ങൾക്ക് ശേഷമാണ് വെസ്റ്റ് ഇൻഡീസ് ഓസ്‌ട്രേലിയൻ പര്യടനത്തിനായിറങ്ങുന്നത്. ക്ലൈവ് ലോയ്ഡ്‌സിന്റെ കാപ്റ്റൻസിയിൽ ഫൈനലിൽ തോൽപ്പിച്ച അതേ ഓസ്‌ട്രേലിയയെ വെസ്റ്റ് ഇൻഡീസ് നേരിടാനൊരുങ്ങുന്നു. ഓസ്‌ട്രേലിയ വെസ്റ്റ് ഇൻഡീസിനായി കാത്ത് വെച്ചിരിക്കുന്നത്, പേസ് ബൗളിങ്ങായിരുന്നു. അതും ക്രിക്കറ്റിനെ യുദ്ധക്കളമാക്കുന്ന, വേണ്ടി വന്നാൽ ചോരക്കളമാക്കാൻ കഴിവുള്ള തീ പാറുന്ന ബൗൺസറുകൾ. ഫീൽഡിങ്ങ് നിയന്ത്രണമില്ലാത്ത ആ കാലത്ത്, ഒരു ബൗൺസറെറിഞ്ഞാൽ വാർണിംഗ് കൊടുക്കാത്ത, രണ്ടാമത്തേത് നോ ബോൾ വിളിക്കപ്പെടാത്ത ആ കാലത്ത് തീപാറുന്ന ബൗൺസറുകൾക്ക് ലക്ഷ്യം പലതായിരുന്നു. ബാറ്ററെ പരുക്കേൽപ്പിക്കുക എന്നത് മാത്രമല്ല, പരുക്കേൽക്കുമെന്ന ഭയം പോലും ഒരു ബാറ്ററെ അയാളെ ക്രീസിൽ നിന്ന് വിറപ്പിക്കും. ഓസ്‌ട്രേലിയൻ ബൗളർമാരിലൊരാളായ ഡെന്നിസ് ലില്ലി ആ തീപ്പന്തം എറിയുമ്പോൾ ഓസ്‌ട്രേലിയൻ ആൾക്കൂട്ടം അതിനൊപ്പം വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു, ലില്ലി.. കിൽ... കിൽ... കിൽ...! ശാരീരികമായി ഏറ്റ പരുക്കിനൊപ്പം തന്നെ ഗാലറിയിൽ നിന്ന് കേട്ട വംശീയ അധിക്ഷേപങ്ങളിലും അന്ന് വിൻഡീസ് ടീം തകർന്ന് പോയിരുന്നു. ക്രീസിൽ പിടിച്ച് നിൽക്കാൻ കഴിയാതെ ഓരോരുത്തരായി തകർന്ന് വീണു. ആറ് മത്സരങ്ങളുള്ള, അല്ലെങ്കിൽ ആറ് ഏകപക്ഷീയ യുദ്ധങ്ങളുള്ള സീരീസിൽ അഞ്ചിലും തോറ്റാണ് വിൻഡീസ് തിരിച്ച് പോയത്. ക്രിക്കറ്റിന്റെ ചാമ്പ്യന്മാരാകാൻ വിൻഡീസിനെപ്പോലൊരു ടീമിന് ഇനിയൊരിക്കലും കഴിയില്ലെന്ന് സ്ഥാപിക്കാനായിരുന്നു ആ സീരീസ് വിജയത്തോടെ ഓസീസ് ശ്രമിച്ചത്.

എന്നാൽ വെസ്റ്റ് ഇൻഡീസ് നായകൻ ക്ലൈവ് ലോയ്ഡ് തിരിച്ച് നാട്ടിലേക്ക് പോയത്, തോൽവിയിൽ ഹൃദയം നുറുങ്ങി മാത്രമായിരുന്നില്ല. ഉള്ളിൽ വാശിയുടെ തീക്കനലുകളും പേറിക്കൊണ്ടായിരുന്നു. അയാൾ വിൻഡീസിലെ ക്ലബ്ബ് കളിക്കാർക്കിടയിൽ വേഗത്തിൽ പന്തെറിയാൻ കഴിയുന്ന, അല്ലെങ്കിൽ അത് പഠിക്കാൻ കഴിയുന്നവരെ തേടിയിറങ്ങി. ജമൈക്കയിൽ നിന്ന് മൈക്കൽ ഹോൾഡിങ്ങിനെ ക്ലൈവ് കണ്ടെത്തുന്നത് അങ്ങനെയായിരുന്നു. ഇന്ത്യക്കെതിരെയായിരുന്നു ക്ലൈവ് തന്റെ പേസ് ബൗളർമാരെ ആദ്യം പരീക്ഷിച്ചത്. ചോരക്കളമായിരുന്നു അന്ന് മൈതാനം. ബൗൺസറുകളും ഭീമറുകളും ക്രീസിലെത്തിയ ഇന്ത്യൻ ബാറ്റർമാരെ നോവിച്ചുകൊണ്ടിരുന്നു. ഗവാസ്‌കറടക്കമുള്ളവർ നേരിട്ട ഭീമറുകൾക്ക് കണക്കുണ്ടായിരുന്നില്ല. ടൂർ കഴിഞ്ഞ് തിരിച്ചെത്തിയവരിൽ ഇന്ത്യൻ ടീമിൽ മുറിവ് പറ്റാത്തവർ, പരുക്ക് പറ്റാത്തവർ കുറവായിരുന്നു. ഇത് ക്രിക്കറ്റാണ്, ഏറ് കിട്ടിയാൽ അത് വാങ്ങണമെന്നായിരുന്നു ക്ലൈവ് ലോയ്ഡിന്റെ വാദം.

ക്ലൈവ് ലോയ്ഡിന് തന്റെ പേസർമാർ ഒരു മറുപടിയായിരുന്നു, നേരിട്ട അധിക്ഷേപത്തിനും വെറുപ്പിനുമെല്ലാം മറുപടി. തൊട്ടടുത്ത ഇംഗ്ലണ്ട് സീരിസ് അതിന് ഉദാഹരണവുമായിരുന്നു.

വെസ്റ്റ് ഇൻഡീസ് അന്ന് ഇംഗ്ലണ്ടിലെത്തുമ്പോൾ അന്ന് ഇംഗ്ലണ്ട് ടീം അംഗമായിരുന്ന ടോണി ഗ്രെയ്ഡ് ഒരു അഭിമുഖത്തിൽ പറഞ്ഞത് ഇങ്ങനെയായിരുന്നു,. എല്ലാവരും വിചാരിക്കുന്ന പോലെ വിൻഡീസ് ടീം അത്ര മികച്ചതാണെന്ന് ഞാൻ കരുതുന്നില്ല അവർ നന്നായി കളിക്കുമ്പോൾ മികവ് പുലർത്തും, പക്ഷേ തോൽവിയിൽ അവർ ഇഴയും. എന്റെ ടീമംഗങ്ങളെ കൊണ്ട് അവരെ ഇഴയിപ്പിക്കാൻ തന്നെയാണ് ഞാൻ ഉദ്ദേശിച്ചിരിക്കുന്നത്.

വെസ്റ്റ് ഇൻഡീസിനെ സംബന്ധിച്ചടുത്തോളം ആ ഇഴയുക എന്ന വാക്കിന് പിന്നിൽ തലമുറകളുടെ നീതിനിഷേധത്തിന്റെ ചരിത്രമുണ്ടായിരുന്നു. അന്നും നേരിട്ടുകൊണ്ടിരിക്കുന്ന വംശീയ വേർതിരിവിന്റെ, അധിക്ഷേപത്തിന്റെ, പരിഹാസങ്ങളുടെ മുറിവുകളുണ്ടായിരുന്നു. ആന്റിഗ്വയിൽ അന്ന് ബ്രിട്ടനിൽ നിന്ന് സ്വാതന്ത്യം നേടിയെടുക്കാനുള്ള പോരാട്ടം തുടരുന്ന സമയമായിരുന്നു അത്. വെസ്റ്റ് ഇൻഡീസിന് അങ്ങനെ ഇൻഡിപ്പെൻഡൻസും ക്രിക്കറ്റും ഒരുപോലെ പോലെ പ്രസക്തമായി. എന്നാൽ അതിനേക്കാൾ അപ്പുറം കളിക്കാനിറങ്ങിയ ഓരോ വിൻഡീസ് കളിക്കാരനെയും മനസിൽ അലട്ടിയിരുന്ന മറ്റൊന്നുണ്ടായിരുന്നു. ആ കാലഘട്ടത്തിൽ പട്ടിണിയിൽ നിന്നും ദാരിദ്ര്യത്തിൽ നിന്നുമെല്ലാം മറികടക്കാൻ ലക്ഷക്കണക്കിന് പേരായിരുന്നു തൊഴിൽ തേടി ഇംഗ്ലണ്ടിലെത്തിയത്. കറുത്തവരെ അടുപ്പിക്കില്ലെന്ന ബോർഡുകൾ കണ്ട്, ദിവസും വംശീയ അധിക്ഷേപങ്ങളും ആക്രമണങ്ങളും നേരിട്ട് അന്ന് ഇംഗ്ലണ്ടിൽ ഒരുപാട് വെസ്റ്റ് ഇൻഡീസുകാരുണ്ടായിരുന്നു. കളി തോറ്റാൽ, ഇംഗ്ലണ്ടിന് മുന്നിൽ വീണ് പോയാൽ പിറ്റേന്ന് അവരിലോരോരുത്തരും അവരുടെ ജോലിസ്ഥലത്ത് അനുഭവിക്കേണ്ടി വരുന്ന വംശീയ അധിക്ഷേപവും ആക്രമണവും ഓരോ വിൻഡീസ് കളിക്കാരനും അറിയാമായിരുന്നു. അതുകൊണ്ട് തന്നെ ഇഴയാൻ പറഞ്ഞ ഇംഗ്ലണ്ട് കാപ്റ്റന് മറുപടി കൊടുക്കണമെന്ന് ക്ലൈവ് ലോയ്ഡിന് ആരോടും പറഞ്ഞുകൊടുക്കേണ്ടി വന്നില്ല.

വിൻഡീസ് ടീമിലെ അംഗങ്ങളിൽ പലരും ആ സീരിസിനെക്കുറിച്ച് പിന്നീട് സംസാരിച്ചിട്ടുണ്ട്, എഴുതിയിട്ടുണ്ട്., അവരുടെയെല്ലാം ഉള്ളിൽ 'ഇഴയുക' എന്ന വാക്ക് ഒരു കൊടുവാള് പോലെ എത്രമാത്രം ആഴത്തിൽ തറഞ്ഞുപോയെന്ന് അവരുടെ വാക്കുകളിലുണ്ടായിരുന്നു. അന്ന് വിൻഡീസ് ബൗളർമാർ പന്തെടുത്ത് ഓടിത്തുടങ്ങുമ്പോൾ അവർക്കുള്ളിൽ ആ വാക്ക് കേൾക്കാമായിരുന്നു. മൈക്കൽ ഹോൾഡിങ്ങും ആൻഡി റോബർട്‌സും, വാൻബൻ ഹോൾഡറും എല്ലാവരുടെയും ചുവടുകളിൽ ആ അധിക്ഷേപം മാത്രം.

ഇംഗ്ലണ്ട് ടൈഹാരങ്ങളെ കൊല്ലാൻ കാപ്റ്റൻ ക്ലൈവ് നിർദേശം കൊടുത്തുവെന്നായിരുന്നു അന്നത്തെ വാർത്തകൾ. കാരണം അത്രമേൽ ഭയാനകമായിരുന്നു ഇംഗ്ലണ്ട് ബാറ്റർമാർ നേരിട്ട പന്തുകൾ. ക്രൂരമെന്നും മൃഗീയമെന്നുമായിരുന്നു അന്നത്തെ വിൻഡീസ് ബോളിങ്ങിനെ പലരും വിളിച്ചത്. എന്നാൽ അന്നത്തെ ഇംഗ്ലണ്ട് പര്യടനത്തിലെ ആ ബൗൺസറുകളെല്ലാം, എറിഞ്ഞ തീഗോളങ്ങളെല്ലാം ഇംഗ്ലീഷ് താരം ഗ്രെയ്ഗിന്റെ ആ 'ഇഴയൽ' പ്രയോഗത്തെയോർത്ത് ആ ബൗളർമാരുടെ ഉള്ളിൽ തിളച്ച ചോരയുടെ പ്രതിഫലനമായിരുന്നു. അടിച്ചമർത്തപ്പെട്ടവന്റെ പൊട്ടിത്തെറിയായിരുന്നു.

ക്രിക്കറ്റിന് വേണ്ടി അവർ നീന്തിക്കയറിയ വേദനകളെല്ലാം ഉള്ളിൽ വെച്ചുകൊണ്ട് എറിയപ്പെട്ട ബൗൺസറുകളിൽ ഇംഗ്ലണ്ടിന്റെ സിംഹാസനങ്ങൾ പോലും വിറച്ചു, ഗാലറികൾ നിശബ്ദമാക്കപ്പെട്ടു. തന്റെ നാവിൽ നിന്ന് വീണ ആ അധിക്ഷേപത്തെക്കുറിച്ചോർത്ത് ഗ്രെയ്ഗ് സ്വയം ശപിച്ചു. ഗാലറികളിൽ ഒരു ഭാഗത്ത് കരീബീയൻ ജനത ഒത്തുകൂടി വെസ്റ്റ് ഇൻഡീസ് കൊടികൾ വീശി. ജമൈക്കൻ സംഗീതം കൊണ്ടവർ ആ മണ്ണ് സ്വന്തം ഭൂമിയാക്കി മാറ്റി. അതിന്റെ ഫലമോ വെസ്റ്റ് ഇൻഡീസിന്റെ സീരീസ് ജയമായിരുന്നു. അവസാന ടെസ്റ്റ് മത്സരത്തിൽ ഗ്രെയ്ഗിനെ ഹോൾഡിങ്ങ് യോർക്കറെറിഞ്ഞ് വീഴ്ത്തുമ്പോൾ അത്രമേൽ മനോഹരമായതൊന്നും ജീവിതത്തിൽ നടന്നിട്ടില്ലെന്ന നിർവൃതിയിലായിരുന്നു കരീബിയൻ ജനതയുടെ ആവേശം. അവർ ഗ്രൗണ്ടിലേക്ക് ഇരച്ച് കയറി, ഡ്രസിംഗ് റൂമിലേക്ക് നടന്നു പോകുന്ന ഗ്രെയ്ഗിന് ചുറ്റും നിന്ന് ഉന്മാദത്തോടെ വിളിച്ചു ചോദിച്ചു, ആരാണ് ഇപ്പോൾ ഇഴയുന്നത് എന്ന്.

ഇംഗ്ലണ്ട് മണ്ണിലെ വിജയം മാത്രം മതിയായിരുന്നില്ല വിൻഡീസിന് ആശ്വസിക്കാൻ. അവർക്ക് തിരിച്ച് പോകേണ്ടിയിരുന്നത് അടുത്ത ലോകകപ്പ് വിജയത്തിനും മുന്നേ വീണ്ടും ഓസീസ് മണ്ണിലേക്കായിരുന്നു. 75ൽ നേരിട്ട നാണക്കേടിന് പകരം വീട്ടാൻ അവർ ലോകകപ്പിന് തൊട്ട് മുൻപായി വീണ്ടും അതേയിടത്തെത്തി. വെസ്റ്റ് ഇൻഡീസിലെ പേസ് ബൗളർമാരെക്കുറിച്ച് അപ്പോഴേക്കും ഓസ്‌ട്രേലിയയും കേട്ടിരുന്നു. പക്ഷേ ഓസീസ് മണ്ണിൽ ഓസീസിനെതിരെ അവരുടെ കരുത്ത് ഓലപ്പാമ്പിന് സമമായിരിക്കുമെന്ന് അവർ ആദ്യമേ വിധിയെഴുതി. 75ലെ അപമാനം അവരെ ഓർമിപ്പിച്ചാൽ മാത്രം മതി, കളി ജയിക്കാമെന്ന് വിചാരിച്ച ഓസീസിന് പക്ഷെ പാടെ പിഴച്ചു. ആദ്യ ടെസ്റ്റ് മത്സരം തന്നെ സമനിലയിലായി. അതിന് കാരണക്കാരൻ ആ ചെറിയ കാലം കൊണ്ടേ വിൻഡീസിന്റെ ഏറ്റവും വലിയ കരുത്തായ മറ്റൊരു കളിക്കാരനായിരുന്നു. ഒരു ബാറ്റർ. രണ്ടാം ടെസ്റ്റിൽ അയാളെ പുറത്താക്കിയാൽ വിജയിക്കാമെന്ന് ഓസീസ് കരുതി. ഹെൽമറ്റില്ലാതെ ഒരു ചൂയിംഗ് ഗം ചവച്ചുകൊണ്ട് ക്രീസിലേക്ക് ബാറ്റ് വീശിക്കൊണ്ട് കേറി വന്നിരുന്ന അയാൾക്കെതിരെ ഒരുഗ്രൻ ബൗൺസറായിരുന്നു റോഡ്‌നി ഹോഗ് കരുതിവെച്ചിരുന്നത്. തലയ്ക്കായിരുന്നു പന്ത് കൊണ്ടത്.

വിൻഡീസ് ബാറ്റിംഗ് നിരയുടെ നെടും തൂണായി നിന്ന്, ടീമിനെ ചേർത്ത് പിടിച്ചിരുന്ന അയാളുടെ തലയ്ക്ക് കൊണ്ട ആ പന്ത് ഒരു നിമിഷം ഡ്രസിംഗ് റൂമിനെയും ഗാലറിയിലെ വിൻഡീസ് ആരാധകരെയും നിശ്ശബ്ദരാക്കുകയും ഭയപ്പെടുത്തുകയും ചെയ്തു. എന്നാൽ ഒരു നിമിഷം പോലും പാഴാക്കാതെ ആ പന്തെറിഞ്ഞ ബൗളറെ തുറിച്ചൊന്ന് നോക്കുകയായിരുന്നു അയാൾ അന്ന് ചെയ്തത്. ഹോഗ് തിരിച്ച് നടന്ന് അടുത്ത പന്തെറിയാനായി ബൗളിംഗ് എൻഡിൽ ചെന്ന് നിൽക്കുമ്പോഴും അയാൾ തുറിച്ച് നോക്കിക്കൊണ്ടിരുന്നു. ഭയപ്പെടുത്താമെന്ന് വിചാരിച്ച ആ ബൗളർക്കും ഓസീസിനും മുന്നിൽ ഭയത്തിന്റെ ഒരു കണിക പോലും പുറത്ത് കാണിക്കാതെ ആ ബാറ്റർ വീണ്ടുമൊരു ചൂയിംഗം ചവച്ചുകൊണ്ട് ഉറച്ചു നിന്നു. എന്ത് ചെയ്യണമെന്ന് അറിയാതെ വിറളിപിടിച്ച ഹോഗ് അടുത്ത പന്ത് വീണ്ടും ഒരു ബൗൺസറെറിഞ്ഞ് നോക്കി. പക്ഷേ അയാളത് അടിച്ച് പറത്തി. പിന്നീട് ഹോഗ് എറിഞ്ഞ ഓവറുകളിലെല്ലാം പത്ത് റൺസിന് മുകളിൽ വഴങ്ങേണ്ടി വന്നു എന്നതാണ് ചരിത്രം.

വർഷങ്ങൾക്ക് മുൻപ് അപമാനിതരായി തിരിച്ച് പോയ വിൻഡീസല്ല മടങ്ങിയെത്തിയിരിക്കുന്നതെന്ന് അപ്പോഴായിരുന്നു ഓസീസിന് തിരിച്ചറിവുണ്ടായിരുന്നത്. പകയും പ്രതികാരവും പ്രതിഷേധവും പ്രതിരോധവും അഭിമാനവും എല്ലാം ആ ഗ്രൗണ്ടിൽ നിൽക്കുന്ന ബാറ്ററുടെ കണ്ണിലുണ്ടെന്ന് ഓസീസ് ടീം മനസിലാക്കി, അയാളെ തോൽപ്പിക്കാൻ, സർ വിവിയൻ റിച്ചാർഡ്‌സിനെ പിടിച്ചുകെട്ടാൻ ഒരു ബ്രഹ്‌മാസ്ത്രവും തങ്ങളുടെ കൈയ്യിലില്ലെന്ന് ഓസീസ് തിരിച്ചറിഞ്ഞൊരു ദിനം കൂടിയായിരുന്നു അത്. പിന്നെ വിവ് റിച്ചാർഡ്‌സിന്റെ വെടിക്കെട്ടായിരുന്നു. ഒപ്പം നാല് വർഷങ്ങൾക്ക് മുൻപ് ദേഹത്ത് വീണ പന്തുകൾ എണ്ണിയെണ്ണി തിരിച്ച് എറിയാൻ വേണ്ടി ക്ലൈവ് കൊണ്ടുവന്ന വിൻഡീസിന്റെ ആ നാല് പോരാളികൾ ആൻഡി റോബർട്‌സ്, മാൽകം മാർഷൽ, ജോയൽ ഗാർനർ, മൈക്കൽ ഹോൾഡിംഗ് എന്നിവർ കണക്കുതീർക്കാൻ കൂടി തുടങ്ങിയതോടെ രണ്ടാം ടെസ്റ്റിൽ ഓസീസ് തോറ്റത് പത്ത് വിക്കറ്റിനായിരുന്നു. മൂന്നാം ടെസ്റ്റിൽ ആ തോൽവി 408 റൺസിനും. ഓസീസ് മണ്ണിലെ ആദ്യ സീരീസ് വിജയമായിരുന്നു വെസ്റ്റ് ഇൻഡീസിന്. അതൊരു സന്ദേശമായിരുന്നു, മറ്റൊരു വേൾഡ് കപ്പ് വിജയത്തിന്റെ. പിന്നീട് ഒരു പതിറ്റാണ്ടോളം നീണ്ട് നിന്ന ടെസ്റ്റ് ക്രിക്കറ്റിലെ വിൻഡീസ് ആധിപത്യത്തിന്റെ തുടക്കവും.

വെസ്റ്റ് ഇൻഡീസിന് ക്രിക്കറ്റ് വെറുമൊരു കളിയല്ലായിരുന്നു. ക്രിക്കറ്റ് കളിപഠിപ്പിച്ച ഇംഗ്ലണ്ടിന്റെ മണ്ണിൽ, ലോർഡ്‌സിൽ പോയി ഒരു കാലത്ത് അടിമകളായിരുന്നവർ കപ്പടിക്കുന്നതിലും വലിയ മാസ്സ് , അതും ആദ്യ ലോകകപ്പ് വിജയിക്കുന്നിതിലും വലിയ മാസ്സ് എവിടെയുണ്ടാകും. തോറ്റ് പടിയിറങ്ങിപ്പോയ ഓസീസ് മണ്ണിൽ അവരെ കൊല്ല് കൊല്ല് കൊല്ല് എന്ന അലർച്ചയിൽ തളർന്ന് പോയിടത്ത് നിന്ന് എണ്ണിയെണ്ണി അതേ നാണത്തിൽ കണക്ക് പറയാനായി തിരിച്ച് വണ്ടികയറിയെത്തിയൊരു ബൗളിംഗ് നിര എവിടെയുണ്ടാകും. മുറിവേൽപ്പിച്ച് ഭയപ്പെടുത്താൻ ശ്രമിക്കുന്ന ഒരു പതിനൊന്നംഗ പടയെ ഒരു തുറിച്ച് നോട്ടം കൊണ്ട് തളർത്തിക്കളയാൻ കഴിയുമെന്ന് പഠിപ്പിച്ച, നമ്മൾ ഭയന്നു എന്ന് എതിരാളികൾക്ക് ഒരിക്കലും മനസ്സിലാക്കി കൊടുക്കരുതെന്ന് കാണിച്ചു തന്ന ഒരു ബാറ്റർ എവിടെയുണ്ടാകും. ഒരിടത്ത് ഉണ്ടാകും. ക്രിക്കറ്റ് കൊണ്ട് തുന്നിച്ചേർക്കപ്പെട്ടൊരു കരീബിയൻ ദ്വീപിൽ. വെസ്റ്റ് ഇൻഡീസിൽ.

Related Stories

No stories found.
logo
The Cue
www.thecue.in