ആ 125 കോടിയുടെ വിഹിതം ആര്‍ക്കൊക്കെ കിട്ടും? ടീം ഇന്ത്യക്ക് ബിസിസിഐ നല്‍കുന്ന പാരിതോഷികം പങ്കുവെക്കുന്നത് ഇങ്ങനെ

ആ 125 കോടിയുടെ വിഹിതം ആര്‍ക്കൊക്കെ കിട്ടും? ടീം ഇന്ത്യക്ക് ബിസിസിഐ നല്‍കുന്ന പാരിതോഷികം പങ്കുവെക്കുന്നത് ഇങ്ങനെ

17 വര്‍ഷത്തിനു ശേഷം രാജ്യത്തേക്ക് ഒരു ലോകകപ്പുമായി എത്തിയ ടീം ഇന്ത്യക്ക് ബിസിസിഐ പാരിതോഷികമായി പ്രഖ്യാപിച്ചത് 125 കോടി രൂപയാണ്. ഇത്രയും വലിയ തുക പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ 1983ലെ ലോകകപ്പ് ജേതാക്കളായ ടീമംഗങ്ങള്‍ വരെ തങ്ങള്‍ക്കും പാരിതോഷികത്തിന് അര്‍ഹതയുണ്ടെന്ന വാദവുമായി എത്തി. ബിസിസിഐ പ്രഖ്യാപിച്ച ഈ ഭീമന്‍ തുക എങ്ങനെയായിരിക്കും പങ്കുവെക്കപ്പെടുകയെന്നത് ആരാധകര്‍ക്കിടയില്‍ നിന്ന് ഉയര്‍ന്ന ഒരു വലിയ ചോദ്യമാണ്. സമ്മാനത്തുക താരങ്ങള്‍ക്ക് മാത്രമായിരിക്കുമോ ലഭിക്കുക, ഇലവനില്‍പെടാത്ത റിസര്‍വ് കളിക്കാര്‍ക്ക് പണം കിട്ടുമോ എന്നിങ്ങനെ സംശയങ്ങള്‍ ഏറെയാണ്. ഒരു കളിയില്‍ പോലും ഇറങ്ങാന്‍ കഴിയാതെ പവലിയനില്‍ ഇരുന്ന സഞ്ജു സാംസണിനെപ്പോലെയുള്ളവര്‍ക്ക് ഇതില്‍ എത്രയായിരിക്കും ലഭിക്കുകയെന്നതായിരിക്കും മലയാളികളുടെ സംശയം. എന്നാല്‍ ഈ സംശയങ്ങള്‍ക്കെല്ലാം മറുപടി ലഭിച്ചിരിക്കുകയാണ്.

സ്‌ക്വാഡിലുണ്ടായിരുന്ന 15 താരങ്ങള്‍ക്കും 5 കോടി രൂപ വീതം ലഭിക്കും. അതായത് പ്ലേയിംഗ് ഇലവനിലുണ്ടായിരുന്നവര്‍ക്കും കളിക്കാന്‍ കഴിയാതിരുന്ന ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍, വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍, ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹല്‍ എന്നിവര്‍ക്കും 5 കോടി രൂപ വീതം ലഭിക്കും. റിസര്‍വ് പ്ലെയര്‍മാരായിരുന്ന റിങ്കു സിങ്, ശുഭ്മാന്‍ ഗില്‍, ആവേശ് ഖാന്‍, ഖലീല്‍ അഹമ്മദ് എന്നിവര്‍ക്ക് ഒരു കോടി വീതം ലഭിക്കും. ഹെഡ് കോച്ച് രാഹുല്‍ ദ്രാവിഡിന് 2.5 കോടി രൂപയായിരിക്കും ലഭിക്കുക. ബാറ്റിംഗ് കോച്ച് വിക്രം റാത്തോഡ്, ഫീല്‍ഡിംഗ് കോച്ച് ടി.ദിലീപ്, ബൗളിംഗ് കോച്ച് പരസ് മാംേ്രബ എന്നിവര്‍ക്കും ഇതേ തുക തന്നെ ലഭിക്കും. ചെയര്‍മാന്‍ അജിത്ത് അഗാര്‍ക്കര്‍ അടക്കം സീനിയര്‍ സെലക്ഷന്‍ കമ്മിറ്റിയിലെ അഞ്ച് അംഗങ്ങള്‍ക്ക് ഓരോ കോടി വീതവും നല്‍കും.

42 പേരായിരുന്നു ട്വന്റി 20 ലോകകപ്പിനായി പുറപ്പെട്ട ടീമിലെ മൊത്തം അംഗങ്ങള്‍. ഇവരില്‍ മൂന്ന് ഫിസിയോതെറാപ്പിസ്റ്റുകള്‍, മൂന്ന് ത്രോഡൗണ്‍ സ്‌പെഷ്യലിസ്റ്റുകള്‍, മസാജിംഗിനായുള്ളവര്‍, സ്‌ട്രെംഗ്ത് ആന്‍ഡ് കണ്ടീഷനിംഗ് കോച്ച് എന്നിവര്‍ 2 കോടി വീതമാണ് ലഭിക്കുക. ടീമിനൊപ്പമുണ്ടായിരുന്ന മീഡിയ മാനേജര്‍മാരും ലോജിസ്റ്റിക്‌സ് മാനേജര്‍മാരും ഉള്‍പ്പെടുന്ന ബിസിസിഐ സ്റ്റാഫ് അംഗങ്ങള്‍ക്കും ഈ സമ്മാനത്തുകയില്‍ നിന്ന് ഒരു വിഹിതം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Related Stories

No stories found.
logo
The Cue
www.thecue.in