ഇലക്ട്രോണിക്ക് മാലിന്യങ്ങളില്‍ നിന്ന് തിളങ്ങുന്ന സ്വര്‍ണ്ണ മെഡലുകള്‍; ഒളിമ്പിക്‌സിലെ ജപ്പാന്‍ മാതൃക

ഇലക്ട്രോണിക്ക് മാലിന്യങ്ങളില്‍ നിന്ന് തിളങ്ങുന്ന സ്വര്‍ണ്ണ മെഡലുകള്‍; ഒളിമ്പിക്‌സിലെ ജപ്പാന്‍ മാതൃക

ഉപയോഗശൂന്യമായ ഇലക്ട്രോണിക് ഉപകരണങ്ങളെ തോന്നിയപടി വലിച്ചെറിയുന്ന ഈ കാലത്ത് ടോക്കിയോ ഒളിമ്പിക്‌സ് സുസ്ഥിര വികസന കാഴ്ചപ്പാടിന്റെ ഉത്തമ മാതൃകയാണ് ലോകത്തോട് പങ്കുവെക്കുന്നത്. ഇപ്രാവശ്യത്തെ ഒളിമ്പിക്‌സ് മെഡലുകളുടെ നിര്‍മാണത്തില്‍ ഉപയോഗശൂന്യമായ മൊബൈല്‍ ഫോണുകള്‍, ലാപ്ടോപ്പുകള്‍, തുടങ്ങിയ ഇലക്ട്രാണിക് ഉപകരണങ്ങള്‍ക്ക് വലിയ പങ്കുണ്ട്. 80 ടണ്ണോളം വരുന്ന ഇലക്ട്രോണിക് മാലിന്യങ്ങളില്‍ നിന്നാണ് മെഡല്‍ നിര്‍മ്മാണത്തിന് ആവശ്യമായ ലോഹങ്ങള്‍ ശേഖരിച്ചത്.

അയ്യായിരത്തോളം വെങ്കല മെഡലുകളും വെള്ളി മെഡലുകളും സ്വര്‍ണ്ണ മെഡലുകളും ഇത്തവണത്തെ ഒളിമ്പിക്‌സ് മത്സരത്തിന് വേണ്ടി നിര്‍മ്മിച്ചെടുത്തത് ഉപയോഗശൂന്യമായ സ്മാര്‍ട്ട് ഫോണ്‍, ലാപ്‌ടോപ് തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളില്‍ നിന്നാണ്. കേള്‍ക്കുമ്പോള്‍ അതിശയം തോന്നിയേക്കാം, പക്ഷേ രണ്ട് വര്‍ഷത്തെ പ്രയത്്‌നത്തിന്റെ ഫലമായാണ് ടോക്കിയോ ഒളിമ്പിക്‌സിന്റെ സംഘാടകര്‍ ഈ മാതൃക നടപ്പിലാക്കിയത്.

റീസൈക്ലിങ്ങിലൂടെ ഏകദേശം 32 കിലോഗ്രാം സ്വര്‍ണ്ണവും, 7,700 പൗണ്ട് വെള്ളിയും, 4850 പൗണ്ട് വെങ്കലവുമാണ് ഇലക്ട്രോണിക് മാലിന്യങ്ങളില്‍ നിന്ന് വേര്‍തിരിച്ചെടുത്തത്. ഇതിനായി 80 ടണ്‍ ഇലക്ട്രോണിക് മാലിന്യങ്ങള്‍ വേണ്ടി വന്നുവെന്നാണ് സംഘാടക സമിതിയിലെ അംഗം പറയുന്നത്.

വിജയികള്‍ക്കുള്ള ഒളിമ്പിക്‌സ് മെഡലുകള്‍ ജപ്പാന്‍ നിര്‍മ്മിച്ചെടുത്തത് ഉപയോഗശൂന്യമായ ഇത്തരം ഇലക്ട്രോണിക്ക് മാലിന്യങ്ങളിലൂടെയാണ്. ഇലക്ട്രോണിക്ക് ഉപകരണങ്ങളില്‍നിന്നും വിജയികള്‍ക്കുള്ള മെഡലുകള്‍ നിര്‍മിച്ചെടുക്കുന്നതുവഴി, പ്രകൃതിയോടും സുസ്ഥിര വികസന കാഴ്ചപ്പാടിനോടിനോടുമുള്ള തങ്ങളുടെ അനുഭാവം പ്രകടിപ്പിക്കുകയാണ് ജപ്പാനും ടോക്കിയോ ഒളിമ്പിക്‌സ് സമിതിയും.

2017 മുതല്‍ക്കാണ് ജപ്പാന്‍ മെഡല്‍ നിര്‍മാണത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയത്. 'ടോക്കിയോ 2020 മെഡല്‍ പ്രൊജക്റ്റ്' എന്ന പേരില്‍ തുടങ്ങിയ പദ്ധതിവഴി ഉപയോഗശൂന്യമായ ഫോണുകളും മറ്റ് ഉപകരണങ്ങളും സംഘാടകസമിതി ശേഖരിച്ചു. തുടക്കത്തില്‍ വെറും 600 മുനിസിപ്പാലിറ്റികളില്‍ മാത്രം ആരംഭിച്ച പദ്ധതി, 2019 ല്‍ അവസാനിക്കാറാകുമ്പോഴേക്കും 1600 ഓളം മുനിസിപ്പാലിറ്റികളിലേക്ക് വ്യാപിച്ചിരുന്നു.

ഒരുപാട് പ്രചാരണതന്ത്രണങ്ങളും, മാര്‍ക്കറ്റിങ് ക്യാമ്പയിനുകളും പദ്ധതിയുടെ ഭാഗമായി ജനങ്ങളെ ബോധവത്ക്കരിക്കാന്‍ നടത്തിയിരുന്നു. തുടര്‍ന്ന് വന്‍ ജനപങ്കാളിത്തത്തോടെ ജനം ആ പദ്ധതിയെ ഏറ്റെടുക്കുകയായിരുന്നു. 90%ഓളം ജാപ്പനീസ് നഗരങ്ങളും ഗ്രാമങ്ങളും ഈ പദ്ധതിയില്‍ പങ്കെടുത്തതുവഴി, ആയിരകണക്കിന് ടണ്‍ ഇലക്ട്രോണിക് മാലിന്യമാണ് ശേഖരിക്കാന്‍ കഴിഞ്ഞത്.

പുനരുപയോഗസാധ്യതയുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള മെഡല്‍ നിര്‍മാണം റിയോ ഒളിമ്പിക്‌സില്‍ തന്നെ മുന്‍പ് പരീക്ഷിക്കപ്പെട്ടിരുന്നു. പക്ഷെ മൊത്തം മെഡലുകളുടെ വെറും 30% മാത്രമേ ഇത്തരത്തില്‍ റിയോയില്‍ നിര്‍മിച്ചിരുന്നുള്ളു. മുഴുവനായും ഇലക്ട്രോണിക്ക് മാലിന്യങ്ങളാല്‍ മെഡലുകള്‍ നിര്‍മ്മിച്ചെടുക്കുന്നത് വഴി ഒളിമ്പിക്‌സില്‍ ജനങ്ങളുടെകൂടെ പങ്കാളിത്തംകൂടി ഉറപ്പുവരുത്തുകയാണ് ജപ്പാന്‍ ചെയ്തത്. ജാപ്പനീസ് ജനതയുടെയും, ഭരണകൂടത്തിന്റെയും നിതാന്തപരിശ്രമം വഴി 5000 മെഡലുകളാണ് ഇത്തരത്തില്‍ ഇലക്ട്രോണിക്ക് മാലിന്യങ്ങള്‍ വഴി നിര്‍മിച്ചെടുത്തത്.

Related Stories

No stories found.
logo
The Cue
www.thecue.in