ചെളിപുരണ്ട ജേഴ്‌സിയിലുണ്ട് രണ്ട് വേള്‍ഡ് കപ്പ് ഫൈനലിന്റെ ചരിത്രം

ലസിത് മലിംഗയുടെ തീപ്പന്തുകൾ ഒരു ബാറ്റർ ഏറ്റവും കൂടുതൽ ഭയക്കുന്നതെപ്പോഴായിരിക്കും, അല്ലെങ്കിലേ അയാളുടെ കൈയ്യിലെ പന്തുകൾ വിരലിൽ നിന്ന് തെന്നിപ്പായുമ്പോഴേ യോർക്കറെന്ന, സ്റ്റംപുകൾ തകർക്കും വിധത്തിലൊരു തീഗോളമാവുക എന്ന ലക്ഷ്യം മാത്രമാണുള്ളത്, എങ്കിൽ പിന്നെ ബാറ്ററെ ഏത് വിധേനെയും തകർക്കാൻ ഒരു ജീവൻമരണപ്പോരാട്ടമായി അയാൾ പന്തെറിയുമ്പോഴോ, അങ്ങനെയെങ്കിൽ അത് ഒരു വേൾഡ് കപ്പ് ഫൈനലിലായോലോ, അതും ആദ്യ ഓവറിൽ രണ്ടാം പന്തിൽ സ്‌കോർബോർഡിൽ റൺസൊന്നും ചേർക്കാതെ ലോകം ഭയക്കുന്ന ഏറ്റവും ഡേയ്ഞ്ചറസായിട്ടുള്ള ഒരു ബാറ്ററെ പുറത്താക്കി നിൽക്കുമ്പോഴാണെങ്കിലോ. അപ്പോൾ ക്രീസിലേക്ക് കയറിവരുന്ന ആ വൺ ഡൗൺ ബാറ്റർക്ക് എന്ത് സമ്മർദ്ദമായിരിക്കും ഉണ്ടാവുക, ലക്ഷക്കണക്കിന് കാണികൾ തന്നിലേക്ക് മാത്രമാണ് നോക്കുന്നതെന്ന് തിരിച്ചറിഞ്ഞുകൊണ്ട് അയാൾ ക്രീസിൽ മലിംഗയുടെ അടുത്ത പന്ത് നേരിടാൻ നിൽക്കുമ്പോൾ അയാളുടെ ചങ്കിടിപ്പ് എത്രമാത്രമായിരിക്കും. 2011 പുരുഷ ലോകകപ്പ് ഫൈനലിൽ ഇന്ത്യൻ ജനതയുടെ മുഴുവൻ ചങ്കിടിപ്പ് നിന്നുപോകാതെ, അതിന് ആശ്വാസത്തിന്റെയും പോരാട്ടത്തിന്റെയും പ്രതീക്ഷയുടെയും താളം നൽകിയ ബാറ്റർ ആരെന്ന് ചോദിച്ചാൽ അതിനുത്തരം ഒറ്റപ്പേരാണ്, ഗൗതം ഗംഭീർ.

സേവാഗ് വീണപ്പോൾ നിലച്ചുപോയ വാങ്കഡേയുടെ ശ്വാസം അടുത്ത പന്തിൽ ലെഗ്‌സൈഡിൽ ഒരു ബൗണ്ടറി പായിച്ചുകൊണ്ട് അന്ന് ഗംഭീർ വീണ്ടെടുത്തു. അടുത്ത പന്തിൽ അയാളെ കുരുക്കാൻ ലെഗ് സൈഡിൽ അമ്പയറിന് മുന്നിലായൊരു ഫീൽഡറെ സംഗക്കാര പ്ലേസ് ചെയ്തു, പിന്നെ മലിംഗയുടെ ഒരുഗ്രൻ ബൗൺസർ, ആദ്യ ഓവറിൽ തകർന്ന് നിൽക്കുന്ന ഒരു ടീമിനെ, ബാറ്ററെ സമ്മർദത്തിലാക്കാൻ അന്ന് അവിടെ എല്ലാമുണ്ടായിരുന്നു, പക്ഷേ അന്നിന്ത്യക്ക് വേണ്ടിയിരുന്നത് ഒരിടത്ത് നങ്കൂരമിട്ടുറച്ച് നിൽക്കുന്നൊരാളെയായിരുന്നു, റൺസ് മുന്നോട്ട് പോയില്ലെങ്കിലും ബാറ്റിംഗ് നിര പാടെ തകർന്ന് പോകാതെ, പാർട്ണർഷിപ്പ് തുന്നിച്ചേർക്കുന്നൊരാൾ. സ്‌കോർബോർഡിൽ മുപ്പത് റൺസ് കൂട്ടിച്ചേർക്കപ്പെട്ടപ്പോഴേക്കും വാങ്കഡെയെ രണ്ടാമതും നിശബ്ദമാക്കി സച്ചിൻ പുറത്തേക്ക് പോയപ്പോൾ പതറിപ്പോകാതെ, സർവ്വതും തകർന്നെന്നോർത്ത് കരയാതെ കളി മുന്നോട്ട് കൊണ്ടുപോകേണ്ടൊരാൾ. അതന്ന് ഗംഭീറിൽ ഭദ്രമായിരുന്നു.

ടെസ്റ്റ് ബാറ്റർ എന്ന നിലയിലാണ് ഇന്ത്യക്കാർ ഗംഭീറിനെ കണ്ട് തുടങ്ങുന്നത്, ഡൽഹിക്ക് വേണ്ടി സേവാഗിനൊപ്പം ഓപ്പൺ ചെയ്ത ഇടം കൈയ്യൻ ബാറ്റ്‌സ്മാൻ. ഒരിടത്ത് സേവാഗ് വെടിക്കെട്ടിന് തിരികൊടുക്കുമ്പോൾ സട്രൈക്ക് റൊട്ടേറ്റ് ചെയ്തും, സമ്മർദ്ദമില്ലാതെ വിക്കറ്റ് വീഴാതെ കാത്തും കളു മുന്നോട്ട് കൊണ്ടുപോകുന്നയാൾ. ഇന്ത്യൻ ടീമിലെത്തിയപ്പോഴും ഗംഭീറിന്റെ ജോലി അത് തന്നെയായിരുന്നു. ഗാംഗുലിയ്ക്കും സച്ചിനും ശേഷം ഇന്ത്യൻ ആരാധകർ കൈയ്യടിച്ച ഇടം കൈ- വലം കൈ ഓപ്പണിംഗ് കൂട്ടുകെട്ടിൽ അയാളുണ്ട്. സേവാഗിനൊപ്പവും സച്ചിനൊപ്പവും അയാൾ ഉത്തരവാദിത്തത്തോടെ ഇന്നിംഗ്‌സ് ഓപ്പൺ ചെയ്തു. സേവാഗിനൊപ്പം വെടിക്കെട്ടിന് കാഴ്ചക്കാരനായപ്പോൾ സച്ചിനൊപ്പം ഒരുമിച്ച് സ്‌കോർബോർഡുകൾ കെട്ടിപ്പൊക്കി. ആരാധകവൃന്ദം കൂട്ടിനില്ലെങ്കിലും റെക്കോർഡുകളുടെ കണക്കൊപ്പമില്ലെങ്കിലും വിശ്വസ്തനായിരുന്നു ടീമിന് അയാൾ. 2011 ലും അങ്ങനെ തന്നെ സംഭവിച്ചു.

വാങ്കഡേയുടെ നിലച്ച് പോയ ശ്വാസം വിരാട് കോഹ്ലിയ്‌ക്കൊപ്പം ചേർന്ന് പതിയെയാണ് ഗംഭീർ വീണ്ടെടുത്തത്. റൺറേറ്റ് കൊണ്ട് മുന്നിലെത്താൻ വാശിപിടിക്കാതെ സിംഗിളുകളെടുത്തും സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്തും അവസരം കാത്തിരുന്നപ്പോൾ ബൗണ്ടറികൾ നേടിയും സ്‌കോർ ഗംഭീർ മുന്നോട്ട് കൊണ്ട് പോയി. പതിനൊന്നാം ഓവറിൽ ഒരു ബൗണ്ടറി അയാൾ നേടുമ്പോൾ ഏകദിന മത്സരത്തിൽ അയാൾ നേടിയത് നാലായിരം റൺസായിരുന്നു, ആ നേട്ടം നേടുന്ന പതിനൊന്നാമത്തെ ഇന്ത്യൻ ബാറ്റ്‌സമാനായിരുന്നു അന്ന് ഗംഭീർ. നൂറ്റിപ്പത്ത് ഇന്നിംഗ്‌സിൽ നിന്ന് 4000 റൺസ്. അതാരെങ്കിലും ഓർത്തിരിക്കുന്ന ഒരു റെക്കോർഡിന്റെ കണക്കല്ല, പക്ഷേ ചിലരുടെ കഥ പറയുമ്പോൾ റെക്കോർഡുകളുടെ നീണ്ട ലിസ്റ്റ് ആവശ്യമുണ്ടാവില്ലല്ലോ...

പതിമൂന്നാം ഓവറിൽ ഓഫ് സൈഡിലെ ഒരു ഇൻസൈഡ് ഔട്ട് ഷോട്ടിൽ ഗംഭീറിനെ പുറത്താക്കാൻ ഒരു അവസരം ഉണ്ടായിരുന്നു, കുലശേഖര അന്ന് മുന്നിലേക്ക് ഡൈവ് ചെയ്‌തെങ്കിലും പന്ത് കൈപ്പിയിലാക്കാൻ കഴിഞ്ഞില്ല, പിന്നീട് ഓഫ്‌സൈഡിൽ ഫീൽഡർമാരെ കൂടുതൽ പ്ലേസ് ചെയ്ത് സംഗക്കാര പരീക്ഷണം നടത്തി, മുത്തയ്യ മുരളീധരനെ കൊണ്ടുവന്നു പക്ഷേ യഥാർത്ഥത്തിൽ ഗംഭീർ അവരെയായിരുന്നു സമ്മർദ്ദത്തിലാക്കിയത്. തൊട്ടടുത്ത പന്തുകളിലൊന്നിൽ ഒരു രണ്ടാം റൺ ഓടിയെടുക്കാൻ വേണ്ടി അയാൾ ക്രീസിൽ നെഞ്ചുരച്ചുകൊണ്ട് തെന്നിനീങ്ങിയത് കളികണ്ട ഒരാളും മറന്നിട്ടുണ്ടാവില്ല., ശ്രീലങ്കയുടെ അന്നത്തെ വിജയസ്വപ്‌നം മുഴുവനായി തകർന്നത് അവിടെയായിരുന്നു, മികച്ച വിക്കറ്റ് കീപ്പറായിരുന്ന സംഗക്കാരയ്ക്ക് പോലും അന്ന് പിഴച്ചു. എളുപ്പത്തിൽ പുറത്താക്കാൻ കഴിയുമായിരുന്ന ചാൻസ് അവിടെ പാഴാക്കപ്പെട്ടു. ഉടൻ 56 പന്തിൽ അർദ്ധസെഞ്ചുറി തികയ്ക്കുക കൂടി ചെയ്തതോടെ ഗംഭീർ ശ്രീലങ്കൻ ആരാധകരോട് പറയാതെ പറയുകയായിരുന്നു, ഈ ഫൈനൽ, ഈ കപ്പ് അത് നിങ്ങൾക്കുള്ളതല്ല. അതിനയാൾ നൽകിയ അടയാളം തന്റെ നെഞ്ചിൽ അന്ന് പതിഞ്ഞ ചെളിയുടെ പാടായിരുന്നു.

പിന്നീട് വിരാട് കോഹ്ലിയെ അപ്രതീക്ഷിതമായി ഒരു കാച്ചിൽ ദിൽഷൻ പുറത്താക്കി, ക്രീസിലേക്ക് ധോണിയെത്തി. അതുവരെ ക്രീസിൽ നിന്ന് റിഥം കണ്ടെത്തിയതുകൊണ്ട് തന്നെ സ്‌കോർ മുന്നോട്ട് കൊണ്ടുപോയത് ഗംഭീറായിരുന്നു, വെടിക്കെട്ട് ബാറ്റിംഗോ, സ്‌റ്റേഡിയത്തിന് പുറത്തേക്ക് പറന്ന സിക്‌സറുകളോ ഇല്ലായിരുന്നു, സിംഗിളുകളിട്ടും റൺസ് ഓടിയെടുത്തും ഇരുവരും സ്‌കോർ മുന്നോട്ട് കൊണ്ടുപോയി, പിന്നെ ധോണി പതിയെ സ്‌കോർബോർഡിലേക്ക് റൺസുകൾ കൂട്ടിച്ചേർത്ത് തുടങ്ങി. ധോണിയുമായി ചേർന്ന് നൂറ് റൺസിന്റെ പാർടണർഷിപ്പ്. ഇന്ത്യൻ സ്്വപ്‌നം തകരില്ലെന്നൊരു നിലയിലെത്തി, ശ്രീലങ്കൻ ടീം ആകെപ്പാടെ തളർന്നു, ഒടുവിൽ നാൽപ്പത്തിരണ്ടാം ഓവറിൽ 122 പന്തിൽ 97 റൺസ് എടുത്ത് അയാൾ പുറത്താകുമ്പോൾ ഇന്ത്യക്ക് ജയിക്കാൻ വേണ്ടത് അൻപത്തിരണ്ട് പന്തിൽ അൻപത്തിരണ്ട് റൺസ് മാത്രമാണ്. പെരേരയുടെ പന്തിൽ ഗംഭീർ വിക്കറ്റിന് കീഴടങ്ങുമ്പോൾ വാങ്കഡേ സച്ചിനും സേവാഗും പുറത്തായപ്പോൾ പോലെ നിശബ്ദമായിരുന്നില്ല. വിഷമത്തോടെയാണെങ്കിലും ഇന്ത്യയെ വിജയത്തിന് തൊട്ട് മുന്നിലെത്തിച്ചിട്ടാണ് അയാൾ തിരിച്ച് നടക്കുന്നതെന്ന് തിരിച്ചറിഞ്ഞവർ കരഘോഷത്തോടെ അയാളെ യാത്രയാക്കി. നിരാശയോടെയാണെങ്കിലും നെഞ്ചിലെ ആ ചെളിപുരണ്ട ജേഴ്‌സിയണിഞ്ഞ ഗംഭീർ തിരിച്ച് ഡ്രസിംഗ് റൂമിലേക്ക് കയറിപ്പോയി, സെഞ്ചുറി തിളക്കമില്ലെങ്കിലും അയാളുടെ കരിയറിലെ ഏറ്റവും മികച്ച ഇന്നിംഗ്‌സാണതെന്ന് എല്ലാവർക്കും ഉറപ്പായിരുന്നു.

ആദ്യമായല്ല ഗംഭീർ ഒരു ലോകകപ്പ് ഫൈനലിൽ അന്ന് ഇന്ത്യയുടെ രക്ഷകനായത്. അതിന് നാല് വർഷം മുൻപ് കുട്ടിക്രിക്കറ്റിന്റെ ആദ്യ ലോകകപ്പ് ഫൈനലിൽ പാക്‌സ്താനുമായി ഏറ്റുമുട്ടുമ്പോൾ ഇന്ത്യയുടെ ഓപ്പണറും ഗംഭീരായിരുന്നു. പരുക്ക് പറ്റിയ സേവാഗില്ലാതെ പകരം യൂസഫ് പത്താനുമായി ഇന്നിംഗ്‌സ് ഓപ്പൺ ചെയ്ത ഗംഭീർ 2011ലേത് പോലെ തന്നെ ക്രീസിൽ നെഞ്ചുരച്ച് പാഞ്ഞിട്ടുണ്ട്. സിംഗിളും ഡബിളും നേടി സ്‌കോർ ചലിപ്പിച്ച് അധികമൊന്നും തന്റെ ബാറ്റിൽ നിന്ന് പറക്കാത്ത സിക്‌സറുകളും പറപ്പിച്ച് ഒരു ലോകകപ്പ് മത്സരത്തിൽ ഇന്ത്യയെ തോൽപ്പിക്കുക എന്ന പാക് സ്വപ്നത്തെ തല്ലിത്തകർത്ത് അന്ന് ഗംഭീർ നേടിയത് 54 പന്തിൽ 75 റൺസായിരുന്നു. ആ ക്ലാസ്സ് ഇന്നിംഗ്‌സിന്റെ ബലത്തിലായിരുന്നു ഇന്ത്യ 158 റൺസ് എന്ന വിജയലക്ഷ്യം പാക്‌സ്താന് മുന്നിൽ വെച്ചത്. ഇന്ന് ട്വന്റി20 ക്രിക്കറ്റിൽ അതൊരു ചെറിയ സ്‌കോറണ്, പക്ഷേ അന്ന് ഇന്ത്യക്ക് പോരാടാനുള്ള ഊർജം ആ പെർഫോർമൻസായിരുന്നു. ഉമർ ഗുള്ളും, മുഹമ്മദ് ആസിഫും സൊഹൈൽ തൻവീറും ചേർന്ന പാക് ബോളിംഗ് നിര അന്ന് നിസഹായായി മാറിയതും ഗംഭീറിന് മുന്നിൽ മാത്രമായിരുന്നു.

ഒരു ടെസ്റ്റ് ബാറ്റ്‌സമാൻ എന്നായിരുന്നു ഗംഭീറിനെ പലരും വിളിച്ചിരുന്നത്. ടെസ്റ്റിലായിരുന്നു അയാളുടെ കരുത്ത്. റൺ മലകൾ കെട്ടിപ്പൊക്കുന്ന വെടിക്കെട്ട് ബാറ്റർമാർക്കിടയിൽ പക്ഷേ അയാൾക്ക് തന്റേതായ സ്ഥാനമുണ്ടായിരുന്നു. ആകാശത്തേക്ക് പറക്കുന്ന സിക്‌സറുകൾ അയാളുടെ എംആർഎഫ് ബാറ്റിൽ നിന്ന് പറന്നിരുന്നില്ല, പന്ത് ഉയർന്ന് പൊങ്ങുമ്പോൾ ചിലപ്പോൾ ഒരു ഫീൽഡർ അങ്ങോട്ട് ഓടിയെത്തുന്നുണ്ടോ എന്ന് കാണികൾക്ക് തോന്നിപ്പോകും, റിസ്‌കി ഷോട്ടുകൾക്ക് അയാളധികം ശ്രമിച്ചിരുന്നില്ല. പക്ഷേ പേസർമാരെയും സ്പിന്നർമാരെയും ഒരുപോലെ ആക്രമിക്കാൻ അയാൾക്ക് അറിയാമായിരുന്നു. ക്രീസിൽ നിന്ന് മുന്നോട്ടിറങ്ങി പന്ത് ഇൻസൈഡ് ഔട്ട് ചെയ്യുന്ന അയാളെ കാണികൾക്ക് മറക്കാനാവില്ല.

2008 മുതൽ 2010 വരെയുള്ള കാലഘട്ടത്തിൽ ടെസ്റ്റിൽ എട്ട് സെഞ്ചുറികളും പതിനൊന്നോളം ഹാഫ് സെഞ്ചുറികളും ഗംഭീർ ഇന്ത്യക്ക് വേണ്ടി നേടിയിരുന്നു, ഇന്ത്യക്ക് അകത്തും പുറത്തും വിജയവും സമനിലയുമെല്ലാം നിശ്ചയിച്ച ഒരുപാട് മത്സരങ്ങൾ. 2009ൽ ഐസിസി മികച്ച ടെസ്റ്റ് പ്ലേയർ പുരസ്‌കാരം ഗംഭീറിന് നൽകി. തനിക്കൊപ്പം ഇന്നിംഗ്‌സ് ഓപ്പൺ ചെയ്തിരുന്ന സേവാഗ് ഗവാസ്‌കറിന് ശേഷം ഇന്ത്യയുടെ മികച്ച ടെസ്റ്റ് ഓപ്പണർ ഗംഭീറാണെന്നാണ് പറഞ്ഞിട്ടുള്ളത്.

2011 വേൾഡ് കപ്പിന് ശേഷം പക്ഷേ കരിയർ ഗംഭീറിന് അത്ര സുഖകരമല്ലായിരുന്നു. വിദേശപിച്ചിൽ സ്പിൻ നന്നായി കളിക്കുന്ന ഇന്ത്യൻ ബാറ്റ്‌സ്മാനായിരുന്നിട്ട് പോലും ഫോം നഷ്ടമായ ഗംഭീർ ടീമിന് പുറത്തായി. ഒരു സമയത്ത് ഇന്ത്യൻ കാപ്റ്റൻസി പോലും നേടിയേക്കാം എന്ന് തോന്നിയ ഇടത്തുനിന്നായിരുന്നു ഗംഭീറിന്റെ ടീമിന് പുറത്തേക്കുള്ള പടിയിറക്കം. 2018ലാണ് ഗംഭീർ ക്രിക്കറ്റിൽ നിന്ന് പൂർണമായി വിരമിക്കുന്നത്.

ഗംഭീറിന്റെ കരിയറിലെ ഏറ്റവും മികച്ച രണ്ട് ഇന്നിംഗ്‌സുകൾ ഇന്ത്യക്ക് രണ്ട് ലോകകപ്പുകൾ സമ്മാനിച്ചു എന്നത് തന്നെയാണ് അയാളെ സ്‌പെഷ്യലാക്കുന്നത്. ആദ്യ ഓവറിൽ ക്രിസിലെത്തി നാൽപ്പത്തിരണ്ടാം ഓവർ വരെ പിടിച്ചു നിന്ന ഏകദിന ഫൈനലും ആദ്യ ഓവറിൽ ക്രിസിലെത്തി പതിനെട്ടാം ഓവർ വരെ ക്രീസിൽ നിന്ന ട്വന്റി20 ഫൈനലും. എളുപ്പമല്ലായിരുന്നു ആ സമ്മർദ്ദങ്ങൾ അങ്ങനെ തരണം ചെയ്യുകയെന്നത്. അപ്പോഴെല്ലാം അയാൾ പ്ലേ ചെയ്തത് ദ്രാവിഡും ലക്ഷ്മണുമെല്ലാം ഇന്ത്യയെ പഠിപ്പിച്ച പോലൊരു ക്ലാസ്സ് ഇന്നിംഗ്‌സായിരുന്നു. റിസ്‌കെടുക്കാതെ സ്‌കോർ മുന്നോട്ട് കൊണ്ട് പോകുന്ന സച്ചിന്റെ ശൈലിയായിരുന്നു, എല്ലാത്തിനുമപ്പുറം വിജയം മാത്രമാണ് ലക്ഷ്യം എന്നൊരു ഇന്ത്യക്കാരന്റെ സ്വപ്‌നമായിരുന്നു. അത് അയാൾ നേടിത്തരുക തന്നെ ചെയ്തു.

logo
The Cue
www.thecue.in