കുംബ്ലെയും ശ്രീനാഥും ബാറ്റു കൊണ്ട് വിസ്മയിപ്പിച്ച ടൈറ്റൻ കപ്പ്

കുംബ്ലെയും ശ്രീനാഥും ബാറ്റു കൊണ്ട് വിസ്മയിപ്പിച്ച ടൈറ്റൻ കപ്പ്

1996 ടൈറ്റാൻ കപ്പിലെ മൂന്നാമത്തെ ഏകദിനം. കളി അതിന്റെ അവസാന ഓവറുകളിലേക്ക് പ്രവേശിക്കുകയാണ്. നാല്പത്തിമൂന്നാമത്തെ ഓവർ തുടങ്ങുമ്പോൾ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് ജയിക്കാനിനിയും അമ്പത്തിരണ്ട്‍ റൺസ് കൂടി വേണം. മൂന്ന് വിക്കറ്റുകൾ മാത്രമാണ് ബാക്കിയുള്ളത്. എന്നിട്ടും ഗ്യാലറിയിൽ ഇന്ത്യൻ ആരാധകർക്ക് ഒരു കുലുക്കവുമില്ല. ജയിക്കുമെന്ന ഒരു ഉറപ്പ് അവരുടെ ഉള്ളിലാകെ പീലി വിടർത്തിയാടുകയാണ്. അവർ ദേശീയ പതാക വീശി നൃത്തം ചവിട്ടുകയാണ്. കാരണം, ഒറ്റപ്പേരാണ്. സച്ചിൻ രമേശ് ടെണ്ടുൽക്കർ. പലരും പാതിവഴിയിൽ പിടഞ്ഞുവീണപ്പോൾ ഓപ്പണറായി ഇറങ്ങിയ സച്ചിൻ, ക്യാപ്റ്റനായ സച്ചിൻ, പതറാതെ വീഴാതെ നിൽക്കുകയാണ്. അയാൾ ജയിപ്പിച്ചെ മടങ്ങൂ എന്ന പ്രതീക്ഷയാണ് ആ സമയത്തും ആരാധകരെ അടക്കിഭരിച്ചത്. എന്നാൽ സ്റ്റീവ് വോ എറിഞ്ഞ നാല്പത്തിമൂന്നാമത്തെ ഓവർ ആ പ്രതീക്ഷകളെ എട്ടായി മടക്കി അറബിക്കടലിന്റെ ആഴങ്ങളിലേക്ക് എറിഞ്ഞു. ആദ്യ ബോളിൽ തന്നെ സച്ചിൻ ഔട്ട്.

88 റൺസ് എടുത്ത സച്ചിൻ എംആർഎഫ് ബാറ്റ് കക്ഷത്തിൽ വെച്ച് നിരാശയോടെ പിച്ചിൽ നിന്ന് നടന്നകലുമ്പോൾ പത്താമനായി അനിൽ കുംബ്ലെ പിച്ചിലേക്ക് നടന്നടുക്കുന്നുണ്ടായിരുന്നു. മറ്റേ എൻഡിൽ നിന്നിരുന്നത് ജവഗൽ ശ്രീനാഥ് ആയിരുന്നു. കുംബ്ലെയെയും ശ്രീനാഥിനെയും ഇന്ത്യക്കാർ പലവട്ടം ആഘോഷിച്ചിട്ടുണ്ട്. അതുപക്ഷേ വിക്കറ്റിന് മുന്നിൽ നിൽക്കുന്നവരായിട്ടല്ല. വിക്കറ്റുകൾ കടപുഴക്കുന്നവരായിട്ട്, ബാറ്ററെ വിക്കറ്റിന് മുന്നിൽ ശ്വാസം മുട്ടിക്കുന്നവരായിട്ട്. ഇന്ത്യ കണ്ട മികച്ച ബൗളേഴ്‌സിന് അന്ന് പക്ഷെ നിയോഗം വിക്കറ്റിന് മുന്നിൽ വിക്കറ്റിനെ കാത്തുരക്ഷിക്കാനായിരുന്നു.

പന്ത് കൊണ്ട് മായാജാലം കാണിക്കുന്നവർ ബാറ്റെടുത്ത് ഇരുക്രീസുകളിൽ നിന്നു. സച്ചിന്റെ മടക്കം തന്ന നോവും നൊമ്പരവും തളർത്തിക്കളഞ്ഞ ഗ്യാലറി മഴച്ചാറലുള്ളൊരു വൈകുന്നേരം പോലെ നിമിഷാർദ്രത്തിൽ അലസമായി ഒരു മൂലയിൽ ഒതുങ്ങിക്കൂടി. സ്റ്റീവ് വോയുടെ ആ ഓവറിലെ ശേഷിക്കുന്ന അഞ്ച് പന്തുകൾ സൂക്ഷ്മതയോടെ കളിച്ച് കുംബ്ലെയും ശ്രീനാഥും ഏഴ് റണ്ണുകൾ നേടി. ഗില്ലസ്പിയുടെ അടുത്ത ഓവർ നേരിട്ടത് കുംബ്ലെയായിരുന്നു. ആദ്യ രണ്ടു പന്തും എണ്ണം പറഞ്ഞ യോർക്കറുകൾ. എത്രയും പെട്ടെന്ന് വിക്കറ്റ് വീഴ്ത്തി കളി അവസാനിപ്പിക്കാനുള്ള വെമ്പലിലായിരുന്നു ഓസ്‌ട്രേലിയ. ആദ്യ യോർക്കറിൽ ഒന്ന് വിഷമിച്ച കുംബ്ലെ രണ്ടാം യോർക്കർ തേർഡ് മാനിലേക്ക് ദിശ മാറ്റി വിട്ടു. കംഫർട്ടബിൾ ആയി രണ്ട് റൺസുകൾ. അങ്ങനെയൊന്നും വീഴാൻ മനസ്സില്ലെന്ന് കുംബ്ലെ അപ്പോൾ ഗില്ലസ്പിയുടെ മുഖത്ത് നോക്കി നിശബ്ദമായെങ്കിലും പറഞ്ഞിരിക്കണം. കളി കാണുന്നവരുടെ ഹൃദയത്തെ ആ ആർജവം അല്പമായെങ്കിലും ചെന്ന് തൊട്ടിരിക്കണം.

ഗില്ലസ്പിയുടെ ആ ഓവർ തീരുമ്പോൾ ഇന്ത്യയുടെ സ്‌കോർ 174 റൺസ് ആയിരുന്നു. മുപ്പത്തിയാറ് പന്തുകളിൽ നിന്ന് ഇനി നാല്പത്തിരണ്ട്‍ റൺസ് കൂടി വേണം. ജയം എത്രയോ അകലെയായിരുന്നു. ഗ്യാലറിയിൽ ഇന്ത്യൻ ആരാധകരുടെ മുഖം എണ്ണ വറ്റിത്തുടങ്ങിയ വിളക്കുപോലെ ഇരുണ്ട് കിടന്നു. നാല്പത്തിയഞ്ചാം ഓവറിലെ മൂന്നാമത്തെ പന്ത് തുടങ്ങുന്നത് വരെ ഗ്യാലറി അങ്ങനെ തന്നെയായിരുന്നു. സ്റ്റീവ് വോ എറിഞ്ഞ ആ മൂന്നാമത്തെ പന്ത് നിരാശയുടെ പായലുകളെ ഒരു കൂറ്റൻ മത്സ്യവലയിലെന്ന പോലെ പാടെ കോരിയെടുക്കാൻ പാകത്തിലുള്ളതായിരുന്നെന്ന് ഇന്ത്യൻ ആരാധകരോ ഓസ്‌ട്രേലിയക്കാരോ വിചാരിച്ചിരുന്നില്ല. ശ്രീനാഥ് ആയിരുന്നു സ്‌ട്രൈക്കിങ് എൻഡിൽ. സ്റ്റീവ് വോയുടെ ആ പന്ത് ശ്രീനാഥ് നിലം തൊടീക്കാതെ പറത്തി. ലോങ്ങ് ഓഫിന് മുകളിലൂടെ ആകാശത്തിന്റെ അനന്തതയിൽ തൊട്ടുരുമ്മി ആ പന്ത് ഗ്യാലറിയിൽ ചെന്ന് വിശ്രമിച്ചു. ഗ്യാലറി പൊടുന്നനെ പെയ്ത പെരുമഴയിൽ ഒരു ഓവുചാൽ എന്ന പോലെ സഹസ്ര വഴിയിലൂടെ നിറഞ്ഞുതുളുമ്പി. 'ഇന്ത്യൻ ആരാധകർ' എന്ന കടന്നൽ കൂട്ടിലേക്കായിരുന്നു ശ്രീനാഥിന്റെ ആ സിക്സർ ചെന്നുവീണത്.

ആഘോഷത്തിന്റെ ആരാധക തിരകൾ ഒപ്പിയെടുത്ത ക്യമാറ കണ്ണുകൾ ചെന്നുനിന്നത് രണ്ട് സ്ത്രീകളിലായിരുന്നു. ആഹ്ലാദം പങ്കിടുന്ന രണ്ട് ഇന്ത്യൻ സ്ത്രീകൾ. പിന്നീട് ഓരോ പന്തിനു ശേഷവും ക്യാമറകണ്ണുകൾ ആ സ്ത്രീകളെ തന്നെ തേടിപ്പോകുന്നത് കണ്ട് ഇവർ ആരാണെന്ന് അന്തം വിട്ട ആരാധകർ കമന്റേറ്ററുടെ വിശദീകരണം വന്നപ്പോഴാണ് മനസ്സിലാക്കുന്നത്, ആ സ്ത്രീകൾ കുംബ്ലെയുടെ അമ്മയും മുത്തശ്ശിയുമായിരുന്നു എന്ന്. ആ രണ്ടു മാതാക്കൾ കുംബ്ലേക്കും ശ്രീനാഥിനും ഇന്ത്യക്കും വേണ്ടി അന്ന് പ്രായം മറന്ന് ആർപ്പുവിളിച്ചു. അതുകണ്ട് ടെലിവിഷന് മുന്നിലിരുന്ന് കളി കണ്ടവർ പോലും ഇരിപ്പിടം വിട്ടെണീറ്റ് കൂടെ ചേർന്നിട്ടുണ്ടാകും. സച്ചിനെ വിക്കറ്റിന് മുന്നിൽ കുടുക്കി ഗ്യാലറിയെ കോമയിൽ ആക്കിയ സ്റ്റീവ് വോയുടെ പന്തിൽ തന്നെ ഗ്യാലറി പുതുജീവനിലേക്ക് തിരിച്ച് കയറി എന്ന ഹൃദ്യമായൊരാനന്ദവും ആ സിക്സറിനുണ്ടായിരുന്നു. ജയിക്കില്ലെന്ന ഇന്ത്യക്കാരുടെ തോന്നലുകളെ, ജയിച്ചെന്ന ഓസ്‌ട്രേലിയിയക്കാരുടെ അമിതാഹ്ലാദത്തെ ഒക്കെയും ആ സിക്സർ നെടുകെ പിളർത്തി.

തൊട്ടടുത്ത ഓവറിൽ ഗില്ലസ്പിയെ കുംബ്ലെ കൗശലത്തോടെ ഫൈൻ ലെഗ്ഗിലൂടെ ഫോറിന് പറത്തുകയും ചെയ്തതോടെ ഗ്യാലറി പിന്നെ ഇരുന്നിട്ടില്ല. ജയിക്കാൻ ഇനി 25 പന്തിൽ 24 മതി എന്നായി. ഗില്ലസ്പിയുടെ തൊട്ടടുത്ത പന്ത്, എക്സ്ട്രാ കവറിലേക്ക് തട്ടിയിട്ട് സിംഗിളിനായുള്ള ഓട്ടം. പന്ത് കയ്യിലെത്തിയതും ഫീൽഡർ വിക്കറ്റിലേക്ക് വലിച്ചെറിഞ്ഞു. ബെയിൽസ് വായുവിൽ ഉയർന്നു. കൂടെ അപ്പീൽ വിളികളും ഉയർന്നു. നോൺ സ്‌ട്രൈക്കിങ് എൻഡിൽ നിന്ന് ഓടിയ ശ്രീനാഥ് ക്രീസിൽ എത്തിയോ? അമ്പയർ തേർഡ് അമ്പയറിലേക്ക് തീരുമാനം വിട്ടു. നെഞ്ചിടിപ്പിന്റെ സമയം. തോറ്റെന്ന് കരുതിയിടത്ത് നിന്ന് സ്വപ്നം കണ്ടുതുടങ്ങിയതായിരുന്നു. എല്ലാം അസ്തമിക്കുകയാണോ? എല്ലാ കണ്ണുകളും തേർഡ് അമ്പയറുടെ തീരുമാനം പ്രതിഫലിക്കുന്ന പച്ചയും ചുവപ്പും ലൈറ്റിലേക്ക് നീണ്ടു ചെന്നു. ഏത് തെളിയും? ഏത് ഭാഗത്താണ് ദൈവം ഇരിക്കുന്നത്? നെഞ്ചുലഞ്ഞ കാത്തിരിപ്പിനൊടുവിൽ തീരുമാനം വന്നു. നോട്ടൗട്ടിന്റെ ഒരു പച്ച വെളിച്ചം ആ ബോർഡിൽ നിന്നൊഴുകി മൈതാനത്തും പിന്നെ ഈ ദുനിയാവിലാകെയും പരക്കുകയായിരുന്നു. ആശ്വാസത്തിന്റെ പച്ചവെളിച്ചം.

ശ്രീനാഥും കുംബ്ലെയും പിന്നെയും സിംഗിളുകൾ എടുത്ത് സ്‌കോർ ചലിപ്പിച്ചു കൊണ്ടേ ഇരുന്നു. മക്ഗ്രാത്തിന്റെ നാല്പത്തിയേഴാം ഓവറിൽ ആറ് റൺസ് കൂടി കൂട്ടിച്ചേർത്തതോടെ മൂന്ന് ഓവറിൽ 17 റൺസ് എന്നായി വിജയസമവാക്ക്യം. ഓരോ റണ്ണിനും ആരാധകർ ആർത്തുവിളിച്ചുകൊണ്ടിരുന്നു. ഓസ്‌ട്രേലിയക്കാരുടെ മുഖം ഇരുണ്ട് തുടങ്ങി. എളുപ്പത്തിൽ പുറത്താക്കി ഡ്രസിങ് റൂമിൽ ചെന്ന് വിശ്രമിക്കാം എന്ന് കരുതിയവർ ഇന്ത്യയുടെ രണ്ട് ബോളർമാർക്ക് മുന്നിൽ വെട്ടിവിയർക്കുന്ന കാഴ്ച. തന്ത്രങ്ങളുടെ തമ്പുരാക്കന്മാർ തലങ്ങും വിലങ്ങും കിടന്ന് ഓടുന്നു.

നാല്പത്തിയെട്ടാം ഓവർ എറിഞ്ഞത് ഗില്ലസ്പിയായിരുന്നു. ആദ്യ ബോളിൽ ശ്രാനാഥിന്റെ അതിമനോഹരമായൊരു ഷോട്ട്. പന്ത് ബൗണ്ടറി ലൈനിലേക്ക് പാഞ്ഞുകയറി. റിക്ക്വയേഡ് റൺ ഇനി 13. പന്തുകളുടെ എണ്ണം 17. ആ ഓവറിൽ 9 റൺസ് സ്‌കോർ ചെയ്തു. കൃത്യമായ ഒരു എഡ്ജ് ഉണ്ട് എങ്കിലും ഒന്നും ഉറപ്പിക്കാനാവാത്ത അവസ്ഥ. കുംബ്ലെയുടെ അമ്മയുടെ മുഖത്തെന്ന പോലെ ഓരോ ഇന്ത്യൻ ആരാധകന്റെ മുഖത്തും ആ പിരിമുറുക്കം പ്രകടമായിരുന്നു. കുംബ്ലേയുടെ മുത്തശ്ശിയെ പോലെ ഓരോ ഇന്ത്യക്കാരനും ഇരിപ്പുറക്കാതെ എഴുന്നേറ്റ് തന്നെ നിൽക്കുകയായിരുന്നു.

നാല്പത്തിയൊമ്പതാം ഓവർ, ജയിക്കാൻ ഇനി വേണ്ടത് 8 റൺസ്. പന്തെറിയുന്നത് ഗ്ലെൻ മക്ഗ്രാത്ത്, നേരിടുന്നത് ജവഗൽ ശ്രീനാഥ്. നെഞ്ചിടിപ്പാണ്. ആത്മസംഘർഷമാണ്. ആകെ മൊത്തം ഒരു വേവലാണ്. ആദ്യ പന്ത്. ലെഗ് സൈഡിലേക്ക് വന്ന പന്ത് ശ്രീനാഥ് കൃത്യമായി കണക്ട് ചെയ്തു. ആവേശം മൂത്ത് പ്രാന്ത് പിടിച്ച, അല്ലെങ്കിൽ മാന്യത നശിച്ച കാണികളിൽ ചിലർ ഗ്രൗണ്ടിലേക്ക് വലിച്ചെറിഞ്ഞ കുപ്പികളും ചവറുകളും താണ്ടി ഓടിവന്ന ഫീൽഡർ സ്റ്റുവർട്ട് ലോ ആ പന്തിനെ തടഞ്ഞിടാൻ ശ്രമിച്ചെങ്കിലും പന്ത് അയാളെയും കടന്ന് ബൗണ്ടറി ലൈനിനെ വാരിപ്പുണർന്നു. ഞരമ്പുകൾ ത്രസിച്ച് ആർപ്പുവിളികൾ ഉയർന്നു. ജയത്തിലേക്കിനി ദൂരം വെറും നാല് റൺസ് മാത്രമാണ്. തൊട്ടടുത്ത രണ്ടു പന്തുകളിലും ശ്രീനാഥും കുംബ്ലെയും ഓരോ സിംഗിൾ കൂടി പൂർത്തിയാക്കി. അതോടെ ഇരുവരും ചേർന്ന ആ ഒമ്പതാം വിക്കറ്റ് പാർട്ട്ണർഷിപ്പ് അമ്പത് റൺസ് എന്ന മാന്ത്രിക സംഖ്യയെ തൊട്ടു.

164 ന് എട്ട് എന്ന നിലയിൽ സച്ചിനെ നഷ്ടപ്പെട്ട്, സർവ സ്വപ്നങ്ങളും അപഹരിക്കപ്പെട്ട്, മോഹാലസ്യപ്പെട്ട് നിന്ന സമയത്ത് ഒരുമിച്ച് കൂടിയ രണ്ട് ബോളർമാർ ചങ്കൂറ്റത്തോടെ നിന്ന് ബാറ്റിനെ വാളും പരിചയുമാക്കി വിയർപ്പൊഴുക്കി നേടിയ റണ്ണുകളായിരുന്നു അത്. വിക്കറ്റ് എറിഞ്ഞുടച്ചാലും ഒരാളും ചോദിക്കില്ലെന്ന് ഉറപ്പുണ്ടായിട്ടും അവർ പക്വതയോടെ നിലയുറപ്പിച്ച് നേടിയ റണ്ണുകൾ. പേരുകേട്ട ഓസീസ് ബോളിങ്ങിനെതിരെ പോരാടി നേടിയ അതിനിർണായകമായ അമ്പത് റൺസുകൾ. ആ അമ്പത് റൺസിന്‌ അവർ നേരിട്ടത് വെറും 38 പന്തുകൾ മാത്രമായിരുന്നു. ജവഗൽ ശ്രീനാഥ് എന്ന ഇന്ത്യയുടെ ഓപ്പണിങ് ബോളറും അനിൽ കുംബ്ലെ എന്ന ഇന്ത്യയുടെ സ്പിന്നറും ചേർന്ന് മക്ഗ്രാത്തും ഗില്ലസ്പിയുമടങ്ങിയ മികച്ച ബോളിങ് നിരക്കെതിരെ ഉയിര് കൊടുത്ത് രചിച്ച ആ കഥയുടെ ഒടുക്കം മക്ഗ്രാത്തിന്റെ അതേ ഓവറിൽ തന്നെ സംഭവിച്ചു. ശ്രീനാഥിന്റെ മറ്റൊരു മികച്ച കണക്ഷനിൽ ഒരു ഡബിൾ. ആരാധകരുടെ ആഹ്ലാദം സെക്യൂരിറ്റി ഗാർഡുകളുടെ വേലിക്കെട്ടുകളെ പിഴുതെറിഞ്ഞ് മൈതാനത്തേക്ക് ഒഴുകിപ്പരന്നു. ശ്രീനാഥും കുംബ്ലെയും കുരുക്ഷേത്രം ജയിച്ച് പവലിയനിലേക്ക്.

ടൈറ്റാൻ ത്രിരാഷ്ട്ര കപ്പിന്റെ മൂന്നാമത്തെ ഏകദിനത്തിലെ ആ അവിസ്മരണീയമായ ജയത്തിന്റെ ആത്മവീര്യം ആ ടൂർണ്ണമെന്റിലുടനീളം ഇന്ത്യയെ പൊതിഞ്ഞു സംരക്ഷിച്ചു. ഓസ്‌ട്രേലിയക്ക് പുറമെ ടൂർണ്ണമെന്റിലുണ്ടായിരുന്ന സൗത്താഫ്രിക്കയും ഇന്ത്യയോട് പരാജയപ്പെട്ടു. നവംബർ ആറിന് ഫൈനലും കടന്ന് ഇന്ത്യൻ നായകൻ സച്ചിൻ രമേശ് ടെണ്ടുൽക്കർ കപ്പുയർത്തുമ്പോൾ വാലറ്റത്തിന്റെ പോരാട്ടവീര്യം കൊണ്ട് നെയ്തെടുത്ത സ്വപ്നങ്ങളുടെ പട്ടുറുമാൽ മൂവർണ്ണങ്ങൾ ചാലിച്ച്, ഹൃദയത്തിൽ അശോകചക്രത്തെ ചേർത്തുവെച്ച് ഗ്യാലറികൾ ഉയരത്തിലുയരത്തിൽ പാറിക്കളിക്കുന്നുണ്ടായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in