

ഫുട്ബോൾ ചരിത്രത്തിൽ ചില മത്സരങ്ങൾ വെറുമൊരു വിജയത്തിലോ തോൽവിയിലോ ഒതുങ്ങുന്നതല്ല, പ്രവചനങ്ങളെ അപ്പാടെ തകിടം മരിക്കുന്ന അത്ഭുതങ്ങളായി മാറാറുണ്ട് ചില മത്സരങ്ങൾ. അത്തരമൊരു ചരിത്ര നിമിഷത്തിനാണ് ന്യൂയോർക്ക് ന്യൂജേഴ്‌സി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ടൂർണമെന്റിലുടനീളം ഒരൊറ്റ ഗോൾ പോലും നേടാനാകാതെ പുറത്താകലിന്റെ വക്കിൽ നിന്ന ഇക്വഡോർ, ലോക ഫുട്ബോളിലെ വമ്പന്മാരായ ജർമ്മനിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് അട്ടിമറിച്ചപ്പോൾ പിറന്നത് ഈ പതിറ്റാണ്ടിലെ ഏറ്റവും വലിയ കായിക അത്ഭുതങ്ങളിലൊന്നാണ്. തുടർച്ചയായ 11 മത്സരങ്ങളിൽ തോൽവിയറിയാതെ കുതിച്ച ജർമ്മൻ പടയുടെ അപ്രമാദിത്യം അവസാനിപ്പിച്ചു എന്ന് മാത്രമല്ല, ലോകകപ്പിന്റെ നോക്ക്ഔട്ട് റൗണ്ട് യോഗ്യതക്കരികെയെത്തി എന്നതും ഇക്വഡോറിന് ഈ വിജയത്തെ സമാനതകളില്ലാത്ത ഒന്നാക്കി മാറ്റുന്നു. മുന്നേ കേവലം ഒരു തവണ മാത്രം ഗ്രൂപ്പ് കടന്ന ചരിത്രമാണ് ഇക്വഡോറിനുള്ളത്. കിരീടങ്ങളുടെ കണക്കുകളിലും തന്ത്രങ്ങളിലും ജർമ്മനി ഏറെ മുന്നിലായിരുന്നിട്ടും, പോരാട്ടവീര്യം കൊണ്ട് ഒരു ജനത പുതിയ ചരിത്രമെഴുതിയ കഥയിലേക്ക് നോക്കാം.
കളിയിലെ തന്ത്രങ്ങൾക്കും കണക്കുകൂട്ടലുകൾക്കുമപ്പുറം വാശിയും പോരാട്ടവീര്യവും നയിച്ച മത്സരത്തിൽ കരുത്തരായ ജർമ്മനിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് ഇക്വഡോർ റൗണ്ട് ഓഫ് 32 യോഗ്യതയിലേക്കടുത്തു. മികച്ച മൂന്നാം സ്ഥാനക്കാരുടെ അവസരത്തിൽ ഏകദേശം തങ്ങളുടെ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ് ഇക്വഡോർ.
ജർമ്മൻ ഫുട്ബോളിന്റെ തലമുറകളായി കൈമാറിവന്ന മഹിമയും തന്ത്രങ്ങളെയും ഇക്വഡോറിന്റെ കെട്ടഴിച്ചുവിട്ട ആത്മാവ് അതിന്റെ വേരുകളോടെ പിടിച്ചുകുലുക്കി. ഗ്രൂപ്പ് ഇ-യുടെ തലപ്പത്തിരുന്ന, പ്രതാപികളുടെ ശാന്തമായ ആത്മവിശ്വാസത്തോടെയാണ് ജർമ്മനി മത്സരത്തിന് തുടക്കമിട്ടത്. എന്നാൽ ലോകകപ്പിൽ നിന്ന് മടങ്ങേണ്ടിവരുമെന്ന ഭയത്തിൽ മത്സരത്തിനെത്തിയ ഇക്വഡോറിന് ഇതൊരു ജീവന്മരണ പോരാട്ടമായിരുന്നു.
മത്സരം അതിന്റെ ആദ്യ ശ്വാസമെടുക്കും മുൻപേ തെക്കേ അമേരിക്കൻ നിരയ്ക്ക് മേൽ ആകാശം ഇടിഞ്ഞുവീഴുന്നതുപോലെ തോന്നി. മത്സരം ആരംഭിച്ച് രണ്ടാം മിനിറ്റിൽ തന്നെ ഇക്വഡോറിനെ ഞെട്ടിച്ചുകൊണ്ട് ജർമ്മനി മുന്നിലെത്തി. ഫ്ലോറിയൻ വിർട്സ് നൽകിയ മനോഹരമായ പാസ് സ്വീകരിച്ച് ലെറോയ് സാനെയാണ് മത്സരത്തിലെ ആദ്യ ഗോൾ നേടിയത്. ലോകകപ്പ് ചരിത്രത്തിൽ ജർമ്മനിയുടെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ ഗോളായിരുന്നു ഇത്. പന്ത് പിടിച്ചെടുക്കുന്നതിനിടയിൽ ജർമ്മൻ താരം അലക്സാണ്ടർ പാവ്‌ലോവിച്ച് നടത്തിയ ഫൗളിനെതിരെ ഇക്വഡോർ പ്രതിഷേധിച്ചെങ്കിലും റഫറി ഗോൾ അനുവദിക്കുകയായിരുന്നു. മുൻ മത്സരങ്ങളിൽ ഗോളടിക്കാൻ മറന്ന 'ലാ ട്രി' എന്ന ഇക്വഡോറിന് കളി തുടങ്ങും മുൻപേ എഴുതിയ ഒരു ചരമഗീതം പോലെയായിരുന്നു ആ ഗോൾ.
എന്നാൽ, പുറത്താകലിന്റെ വക്കിൽ നിൽക്കുമ്പോൾ, എല്ലാം അസ്തമിച്ചു എന്ന് തോന്നുന്നിടത്തു മാത്രം പുറത്തുവരുന്ന ഒരു പ്രത്യേക വാശിയുണ്ട്. കഥയിലെ വെറും നിഴലുകളായി ഒടുങ്ങാൻ ഇക്വഡോർ വിസമ്മതിച്ചു. തളർന്നില്ല, പകരം അവർ കൂടുതൽ ശക്തോയോടെ കത്തിജ്വലിച്ചു. ലോകം തങ്ങളുടെ തോൽവി എഴുതിക്കൂട്ടി എന്നറിഞ്ഞപ്പോൾ അത് തിരുത്താൻ അവർ തീരുമാനിച്ചു. വെറും ഏഴ് മിനിറ്റുകൾക്കപ്പുറം സ്റ്റേഡിയം ഭ്രാന്തമായ ആവേശത്തിലേക്ക് വഴിമാറി. ആ മഹാവേദിയിൽ ഭയമേതുമില്ലാതെ മത്സരത്തിനിറങ്ങിയ യുവ വിങ്ങർ നിൽസൺ അംഗുലോയുടേതായിരുന്നു ആ നിമിഷം. ബോക്സിന് തൊട്ടുവെളിയിൽ നിന്ന്, 40 വയസ്സുകാരനായ ഇതിഹാസ ഗോൾകീപ്പർ മാനുവൽ നോയറുടെ കണ്ണുകളിലേക്ക് നോക്കുമ്പോൾ ആ ഇക്വഡോറിയൻ ബാലന് തെല്ലും സങ്കോചമുണ്ടായിരുന്നില്ല. അവൻ തൊടുത്തുവിട്ട വിഷം പുരണ്ട ആ അസ്ത്രം നോയറുടെ നീട്ടിയ കൈകളെയും ഭേദിച്ച് വലയിലേക്ക് തുളച്ചുകയറി. സ്കോർ 1-1. ഗാലറിയിൽ മഞ്ഞക്കടൽ ഇരമ്പിയാർത്തു. സ്റ്റേഡിയത്തിന്റെ അടിത്തറയെപ്പോലും പിടിച്ചുകുലുക്കിയ നിമിഷം.
മത്സരത്തിന്റെ രണ്ടാം പകുതി ഉദ്വേഗത്തിന്റെ പരകോടിയായിരുന്നു; നഷ്ടസാധ്യതകളുടെയും മാറിമറിയുന്ന വിധിയുടെയും ഒരു വിലാപകാവ്യം. കളി പുനരാരംഭിച്ച് നിമിഷങ്ങൾക്കകം റഫറി ജർമ്മനിക്ക് അനുകൂലമായി പെനാൽറ്റി വിധിച്ചു. ഇക്വഡോറിന്റെ സ്വപ്നങ്ങൾ തകർന്നടിയുമെന്ന് തോന്നിച്ച നിമിഷം. എന്നാൽ വാറിന്റെ (VAR) രൂപത്തിൽ വിധി ഇടപെട്ടു. പെനാൽറ്റി റദ്ദാക്കി. തങ്ങളുടെ വിജയക്കുതിപ്പ് നിലനിർത്താൻ ജർമ്മൻ പരിശീലകൻ ജൂലിയൻ നഗ്ലസ്‌മാൻ തന്റെ സൂപ്പർ സബ് ഡെനിസ് ഉണ്ടാവിനെ കളത്തിലിറക്കി, സർവ്വശക്തിയും സംഭരിച്ച് പോരാടി. എങ്കിലും മൊയ്സസ് കായ്സെഡോ നയിച്ച ഇക്വഡോറിന്റെ പ്രതിരോധ നിര വെള്ളിയലകൾ പോലെ ആർത്തലച്ചുവന്ന ജർമ്മൻ ആക്രമണങ്ങൾക്ക് മുന്നിൽ ഒരു കരിങ്കൽക്കോട്ട പോലെ ഉറച്ചുനിന്നു.
പിന്നീട്, 77-ാം മിനിറ്റിൽ സമയം നിശ്ചലമായി. വലതുവശത്തുനിന്നും ഇക്വഡോറിന് ഒരു കോർണർ കിട്ടി. ഒരു ജനതയുടെ മുഴുവൻ പ്രതീക്ഷകളും പേറി ആ പന്ത് ബോക്സിലേക്ക് വായുവിൽ കറങ്ങി വീണു. കെവിൻ റോഡ്രിഗസ് വായുവിലേക്ക് ഉയർന്നുചാടി, ഒരു കടുത്ത പോരാട്ടത്തിനൊടുവിൽ പന്ത് ഗോൾപോസ്റ്റിന് മുന്നിലേക്ക് തിരിച്ചുവിട്ടു. അവിടെ, ചലനമറ്റ ജർമ്മൻ പ്രതിരോധത്തെ മിന്നൽപ്പിണർ പോലെ ഭേദിച്ച് ഗോൺസാലോ പ്ലാറ്റ പാഞ്ഞടുത്തു. പന്ത് കൈക്കലാക്കാൻ മാനുവൽ നോയർ മുന്നോട്ട് ആഞ്ഞപ്പോൾ, പ്ലാറ്റ തന്റെ ഇടതുകാൽ പരമാവധി നീട്ടി. കേവലം ഒരു സ്പർശനം. നോയറെയും മറികടന്ന് പന്ത് വലയെ ചുംബിച്ചപ്പോൾ aഎ ജനത മുഴുവൻ ആനന്ദത്താൽ ഭ്രാന്തമായി ഉറഞ്ഞുതുള്ളി. ആനന്ദത്തിന്റെ എവറസ്റ്റുകൾ കീഴടക്കിയ ഇക്വഡോർ താരങ്ങൾ മൈതാനത്തു ആഹ്ലാദക്കണ്ണീരൊഴുക്കി.
അവസാന വിസിൽ മുഴക്കം ഒരു നേർത്ത മൂളക്കം പോലെ അലയടിച്ചു , ഇക്വഡോറിന്റെ ത്രിവർണ്ണ പതാകയുമേന്തി ഗാലറിയിൽ ആരാധകർ വിതുമ്പിക്കരഞ്ഞു. താരങ്ങൾ തങ്ങൾ നേടിയ അവിശ്വസനീയ vവിജയത്തിന്റെ ഭാരത്താൽ പുൽത്തകിടിയിൽ വീണുപോയി. ചരിത്രപുസ്തകങ്ങളിൽ ഈ മത്സരം തന്ത്രങ്ങളുടെ പേരിൽ രേഖപ്പെടുത്തപ്പെടുമെങ്കിലും, ന്യൂജേഴ്‌സിയിലെ ഈ രാത്രി സമ്മാനിച്ച പോരാട്ടവീര്യം ഫുട്ബോൾ പ്രേമികളുടെ മനസ്സിൽ എന്നും ജ്വലിച്ചു നിൽക്കും.