നഷ്ടപ്പെട്ട ക്യാച്ചിന് പകരം ഫൈനലിലേക്ക് ടിക്കറ്റെടുത്ത് തന്ന മുഹമ്മദ് ഷമി

ഷമി..ഷമി...ഷമി...ഷമി, ഇന്ത്യാ - ന്യൂസിലന്റ് സെമി ഫൈനൽ നടക്കുമ്പോൾ വാങ്കഡെ സ്റ്റേഡിയത്തിൽ ഇന്ത്യൻ ആരാധകരുടെ ചുണ്ടിൽ നിറഞ്ഞു നിന്നതാണ് ഈ പേര്. ഈ ലോകകപ്പിൽ ഒരുപാട് മത്സരങ്ങളിൽ അയാൾ പന്തെടുക്കുമ്പോൾ ആ ആരവം നമ്മൾ കേട്ടിട്ടുണ്ട്, പക്ഷേ ആവേശവും പിന്തുണയുമെല്ലാം കളി ജയിച്ചാൽ മാത്രമേ ഉണ്ടാകു, ബുമ്രയുടെ പന്തുയര്ത്തിയടിച്ച കെയ്ൻ വില്യംസിന്റെ വിക്കറ്റ് ഷമിയുടെ കൈയ്യിൽ നിന്നാണ് വഴുതി പോയത്. കളി ന്യൂസിലാന്റ് വരുതിക്ക് കൊണ്ടു വന്നിരുന്ന സമയം. ‍ഒരു ക്യാച്ച് നഷ്ടപ്പെടുത്തിയാൽ നീ പാക്കിസ്ഥാനിലേക്ക് പോ എന്ന് രോഹിത്തിനോ കോഹ്ലിക്കോ കേൾക്കേണ്ടി വരില്ല, എന്നാൽ മുഹമ്മദ് ഷമിക്ക് അങ്ങനെയാ... കേവലം രണ്ട് വർഷം മാത്രം പിന്നോട്ട് പോയാൽ ടി20 വേൾഡ‍് കപ്പിലെ പാകിസ്താനെതിരായുള്ള തോൽവിക്ക് ശേഷം ഷമി രാജ്യദ്രോഹിയെന്ന് വിളിക്കപ്പെട്ടവനായിരുന്നു, പാകിസ്താനിലേക്ക് പോകാൻ സംഘ്പരിവാർ അക്കൗണ്ടുകൾ അധിക്ഷേപം നടത്തിയവരായിരുന്നു. സച്ചിന്റെ റെക്കോർഡ് തകർക്കാൻ ശ്രമിക്കുന്ന വിരാട് കോഹ്ലിക്കുണ്ടായ സമ്മർദ്ദമോ അതോ സ്വന്തം ജീവിതത്തെ , അഭിമാനത്തെ , ദേശീയതയെ ചോദ്യം ചെയ്യപ്പെടുമെന്നറിയാവുന്ന ഷമിയുടെ സമ്മർദമോ വലുത്.

വാങ്കഡേയിൽ മുഹമ്മദ് ഷമി തന്റെ 100-ാം ഏകദിനത്തിന് അരക്കെട്ടുറപ്പിച്ചിറങ്ങിയപ്പോൾ പൂർവ്വകാല റെക്കോർഡുകൾ ഭേദിച്ചു കൊണ്ട് തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച സ്പെല്ലാണ് അയാൾ പ്രകടമാക്കിയത്. ആദ്യ 50 റണ്ണുകൾ എടുക്കുമ്പോഴേക്കും കിവി പടയുടെ 2 വിക്കറ്റുകൾ അയാൾ വീഴ്ത്തിക്കഴിഞ്ഞിരുന്നു. പക്ഷേ റൺമല ചേസ് ചെയ്യാൻ കിവീസ് പാർട്ണർഷിപ്പ് കെട്ടിപ്പൊക്കിയപ്പോൾ ബുംറയ്ക്കും, സിറാജിനും, ജഡേജയ്ക്കും, കുൽദീപിനും കാപ്റ്റന് വേണ്ടി വിക്കറ്റ് വീഴ്ത്താാൻ കഴിയാതെ വന്നപ്പോൾ ഷമി വീണ്ടും പന്തെടുത്തു. ക്യാപ്റ്റന് വേണ്ടി, ഇന്ത്യയുടെ ജയത്തിന് വേണ്ട വിക്കറ്റുകൾ, ഒരുപിടി റെക്കോർഡുകൾ.

ഇന്ത്യക്ക് വേണ്ടി ലോകകപ്പിൽ ആദ്യമായി ഏഴ് വിക്കറ്റ് നേട്ടം, ഒരു ഇന്ത്യൻ ബൗളറുടെ ആദ്യ ഏഴ് വിക്കറ്റ് നേട്ടം, ലോകകപ്പിൽ ആദ്യമായി 50 വിക്കറ്റ് നേടുന്ന ഇന്ത്യൻ ബൗളർ, ഏറ്റവും വേ​ഗത്തിൽ 50 വിക്കറ്റ് ലോകകപ്പിൽ നേടുന്ന ബൗളർ, ലോകകപ്പിൽ ഏറ്റവും കൂടുതൽ അഞ്ച് വിക്കറ്റ് നേട്ടം ഇങ്ങനെ തുടരുന്നു അയാൾ വാങ്കഡേയിൽ എറിഞ്ഞിട്ട റെക്കോർഡുകൾ. എന്നാൽ ഏറ്റവും പ്രധാനപ്പെട്ടത് സെമി ഫൈനലിൽ ഇന്ത്യയയുടെ 70 റൺസ് വിജയമെന്നത് തന്നെ.

2023 ലോകകപ്പിൽ ആദ്യ നാല് മാച്ചുകളിൽ ഷമി കളിക്കളത്തിന് പുറത്ത് മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഹർദിക് പാണ്ഡേയുടെ പരുക്കിന് പിന്നാലെ പ്ലേയിങ്ങ് ഇലവനിലേക്ക് അയാൾ മടങ്ങിയെത്തിയപ്പോൾ, തന്റെ ക്രിക്കറ്റ് കരിയരിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണ് അയാൾ പുറത്തെടുത്തത്. ആറ് മാച്ചുകളിൽ നിന്ന് ഷമി സ്വന്തമാക്കിയത് 23 വിക്കറ്റുകളാണ്.

വാങ്കഡേയിൽ റണ്ണടിച്ച് കേറ്റുക അപൂർവ്വസംഭവമല്ല, അഫ്​ഗാനെതിരെ മാക്സ്വെല്ലിന്റെ ഒറ്റയാൾ പോരാട്ടം നടന്ന വാങ്കഡേയിൽ ന്യൂസിലാന്റിന് ജയിക്കാൻ ഒരു പാർടണർഷിപ്പ് മാത്രം മതിയായിരുന്നു. നാന്നൂറിനടത്ത് റൺസ് സ്കോർ ചെയ്തിട്ടും അനായാസ വിജയം ഇന്ത്യപോലും സ്വപ്നം കണ്ടില്ലെന്നത് തന്നെ നോക്കിയാൽ മതി, അവിടം ബാറ്റേഴ്സിന് എത്രമാത്രം പ്രധാനപ്പെട്ടതായിരുന്നുവെന്ന് അറിയാൻ. അവിടെ ന്യൂസിലാന്റിന് ഇല്ലാതെ പോയതും ഇന്ത്യയുടെ തുറുപ്പ് ചീട്ടായതും ഷമി തന്നെ. രോഹിത് അയാളെ മടക്കിവിളിക്കുമ്പോൾ ​ഗാലറിയിൽ നിന്ന് ആരവം ഉയരുമ്പോൾ ജയത്തിന് വേണ്ടി വിക്കറ്റിന് വേണ്ടി രണ്ടും കൽപ്പിച്ചിറങ്ങാൻ അയാൾക്ക് കഴിഞ്ഞിരുന്നു.

നഷ്ടപ്പെടുത്തിയ ക്യാച്ചിന് പകരമായി അയാൾ ഫൈനലിലേക്ക് ഇന്ത്യക്ക് എൻട്രി നൽകിക്കൊണ്ട് പോകുന്നത് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിലേക്കാണ്, മാസങ്ങൾക്ക് മുന്നേ അയാളെ നോക്കി ജയ് ശ്രീറാം എന്ന് വിളിച്ച് പറഞ്ഞുകൊണ്ടിരുന്ന ആരാധകരുള്ള നരേന്ദ്രമോദി സ്റ്റേഡിയത്തിലേക്ക്. ഇന്ന് അയാളെ അഭിനന്ദിക്കുന്ന ആളുകളുടെ വാക്കുകൾ ഷമി വിശ്വസിക്കുന്നുണ്ടാകുമോ, ഉറപ്പില്ല, വഴുതിയൊന്ന് പന്ത് കൈവിട്ട് പോയാൽ വീണ്ടും രാജ്യദ്രോഹിയാകുമെന്ന് അറിഞ്ഞുകൊണ്ട് തന്നെയായിരിക്കുമോ... ജയിക്കാൻ കളിക്കുന്ന ഇന്ത്യൻ ടീമിന്, രോഹിതിന്, വിരാട് കോഹ്ലിക്ക്, ബുംമ്രക്ക് അവർക്കുണ്ടാകുമോ അത്രയും സമ്മർദം ?

Related Stories

No stories found.
logo
The Cue
www.thecue.in