പ്രളയമാണ് അഫ്രീദി | Shahid Afridi | Pakistan Cricketer | The Spin Ep-21 | The Cue

പ്രളയമാണ് അഫ്രീദി | Shahid Afridi | Pakistan Cricketer | The Spin Ep-21 | The Cue

കൊടുങ്കാറ്റിനോട് മെല്ലെ വീശാൻ പറയരുത്, സുനാമിയോട് മെല്ലെ വന്ന് തീരത്തെ പുൽകാൻ പറയരുത്. അഫ്രീദിയോട് മെല്ലെ സഞ്ചരിക്കാനും പറയരുത്. അത് നിഷ്ഫലമോ നിരർത്ഥകമോ ആണ്. 1996 ലാണ് അയാൾ അന്തരാഷ്ട്ര വേദികളിൽ സുനാമിയോടെ കടന്നുവന്നത്. ബാറ്റ് ചെയ്ത ആദ്യ ഇന്നിഗ്‌സിൽ എതിരാളികൾ ശ്രീലങ്ക. തുടക്കക്കാരന്റെ പകപ്പോ, കിതപ്പോ ഇല്ലാതെ അയാൾ ബാറ്റെടുത്ത് വന്ന് ആടിയത് രുദ്രതാണ്ഡവമായിരുന്നു. 37 പന്തുകളിൽ നിന്ന് സെഞ്ചുറി. ആദ്യ അന്താരാഷ്‌ട്ര ഇന്നിംഗ്‌സിൽ തന്നെ റെക്കോർഡ്. ബാറ്റെടുത്ത ആദ്യ കളിയിൽ തന്നെ മാൻ ഓഫ് ദി മാച്ച് പുരസ്കാരം. ലോകക്രിക്കറ്റിലേക്ക് അതിലും മികച്ചൊരു എൻട്രിയും ലോകക്രിക്കറ്റിന്‌ അതിലും മികച്ചൊരു സന്ദേശവുമില്ല. സ്റ്റെപ്പ് ഔട്ട് ചെയ്ത അടിച്ച ഓരോ സിക്സറിലും അയാൾ എഴുതിവെച്ചിട്ടുണ്ടായിരുന്നു, ഇന്ത വന്തിട്ടെൻ റാസാ എന്ന്.

ഏത് പന്തും അടിച്ച് അതിർത്തി കടത്തുകയെന്നതായിരുന്നു അഫ്രീദിയുടെ രീതി. അതുകൊണ്ട് വിക്കറ്റ് വെറുതെ വലിച്ചെറിയുന്നതും അയാൾക്ക് പതിവായിരുന്നു. സംയമനത്തോടെ നിലയുറപ്പിച്ച് കളിക്കാൻ ക്യാപ്റ്റൻ വസീം അക്രം പലവട്ടം അഫ്രീദിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷെ, ബോളറുടെ കൈവിട്ട് വരുന്നൊരു പന്ത് അയാളെ പ്രാന്ത് പിടിപ്പിക്കും. വലിച്ചുവീശി അടിച്ച് അകറ്റുകയെന്ന ഒറ്റബുദ്ധിയിലേക്ക് അയാൾ വഴുതിവീഴും. അയാൾ ക്രീസിൽ തുടരുന്ന ഓരോ നിമിഷവും എതിരാളികൾക്ക് ചങ്കിടിപ്പാണ്. ഏത് ലോകോത്തര ബോളറും നിലമറന്ന് വൈഡോ നോബോളോ ഫുൾടോസ്സോ എറിഞ്ഞുപോകും. ബാറ്റുകൊണ്ട് അയാൾ അത്രമേൽ ഭയം വിതച്ചിട്ടുണ്ട്.

2005 ലെ പാകിസ്താന്റെ ഇന്ത്യൻ പര്യടനത്തിൽ അയാൾ ഇന്ത്യയുടെ സ്വപ്‌നങ്ങൾ പൂ പറിക്കുന്ന ലാഘവത്തോടെ തച്ചുതകർത്തപ്പോൾ ഒരു നെടുവീർപ്പോടെ കണ്ടുനിൽക്കാനെ ഇന്ത്യൻ ആരാധകര്ക്ക് കഴിഞ്ഞൊള്ളൂ. ആറ് ഏകദിന മത്സരങ്ങളുള്ള പരമ്പരയിലെ അഞ്ചാമത്തെ മത്സരത്തിലായിരുന്നു അഫ്രീദിയുടെ നായാട്ട്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ ഇന്നിംഗ്സ് അന്ന് 249 റൺസിൽ അവസാനിച്ചു. പാകിസ്താന്റെ ഇന്നിങ്സ് അന്ന് ഓപ്പൺ ചെയ്തത് സൽമാൻ ഭട്ടും അഫ്രീദിയും ചേർന്നായിരുന്നു. ബാലാജി എറിഞ്ഞ മൂന്നാമത്തെ ഓവറിൽ തന്നെ എന്താണിനി മൈതാനത്ത് സംഭവിക്കാൻ പോകുന്നത് എന്നതിന്റെ ദൃഷ്ടാന്തമുണ്ടായിരുന്നു. രണ്ട് സിക്‌സറും രണ്ട് ഫോറും ആയിരുന്നു അഫ്രീദിയുടെ ബാറ്റിൽ നിന്ന് പിറന്നത്. അയാൾ ഭയം വിതച്ച് തുടങ്ങി.

ഇന്നിങ്സിലെ അഞ്ചാം ഓവറിൽ തന്നെ ബോളിങ് ചേഞ്ചിന് ഇന്ത്യ നിർബന്ധിതരായി. പരിചയസമ്പത്തുള്ള കുംബ്ലെ ആയിരുന്നു ബാലാജിക്ക് പകരം എറിയാനെത്തിയത്. കുംബ്ലെയുടെ ആദ്യ പന്ത്, സിക്സ്. രണ്ടാം പന്ത്, സിക്സ്. നാലാം പന്ത്, ഫോർ. അഞ്ചാം പന്ത്, സിക്സ്. ഒരു പുകപടലം മാത്രമുണ്ട് മൈതാനത്ത്. ബോളിങ് ചേഞ്ച് അബദ്ധത്തിന്റെ അന്തിമഹാകാളൻ വേലയായെന്ന് ക്യാപ്റ്റൻ രാഹുൽ ദ്രാവിഡിന് ബോധ്യമായി. പിൻവലിച്ച ബാലാജിയെ വീണ്ടും പന്തേൽപ്പിച്ചു. പക്ഷെ മാറ്റമൊന്നുമുണ്ടായില്ല. ഒരു സൈഡിൽ സൽമാൻ ഭട്ടിനെതിരെ നന്നായി പന്തെറിഞ്ഞ് റൺ റേറ്റിന്റെ റോക്കറ്റ് പോലുള്ള പോക്കിന് ശമനം വരുത്തി വരികയായിരുന്നു സഹീർ ഖാൻ. പക്ഷെ അഫ്രീദിയെ കിട്ടിയ എട്ടാമത്തെ ഓവറിൽ സഹീർ ഖാനും ആ ബാറ്റിന്റെ ചൂടറിഞ്ഞു. ഒരു സിക്‌സറും ഒരു ഫോറും ആ ഓവറിലും പിറന്നു. അങ്ങനെ ഇരുപത് പന്തിൽ നിന്ന് ഹാഫ് സെഞ്ച്വറിയും അഫ്രീദി സ്വന്തമാക്കി.

സഹീർ ഖാനും ഇടക്ക് വന്ന ദിനേശ് മോംഗിയയുമൊക്കെ തല്ലുവാങ്ങിക്കൊണ്ടേ ഇരുന്നു. ദിനേശ് മോംഗിയയുടെ ഒരു പന്തിൽ കൂറ്റനടിക്ക് ശ്രമിച്ച അഫ്രീദിയെ യുവരാജ് സിങ് പിടികൂടിയെങ്കിലും പന്ത് നോ ബോളായിരുന്നു. പരിചയസമ്പന്നനായ കുംബ്ലെ വരെ വൈഡ് എറിഞ്ഞുപോകുമ്പോൾ മോംഗിയയെ കുറ്റം പറയുന്നതിൽ കാര്യമില്ല. അത്രക്ക് അനർത്ഥങ്ങൾ വിതച്ചുകൊണ്ടാണ് അഫ്രീദി മൈതാനം നിറഞ്ഞ് ആടിക്കൊണ്ടിരുന്നത്. ആകാശയാത്ര നടത്തി പന്തും കൈപൊക്കി പൊക്കി അമ്പയറും വശം കെട്ടു. ബൂം ബൂം അഫ്രീദിയെന്ന രവി ശാസ്ത്രിയുടെ കമന്ററിയിലുണ്ടായിരുന്നു എന്താണ് മൈതാനത്ത് നടന്നുകൊണ്ടിരിക്കുന്നതെന്ന്. പതിനഞ്ചാം ഓവറിൽ ഹർഭജനെ ബൗണ്ടറിയടിച്ച് അഫ്രീദി ബാറ്റുയർത്തി. തന്റെ കരിയറിലെ രണ്ടാമത്തെ അതിവേഗ സെഞ്ച്വറി. ഡ്രസിങ് റൂമിൽ സഹതാരങ്ങൾ കരഘോഷത്തോടെ ആ സെഞ്ച്വറി ആഘോഷമാക്കി.

സെഞ്ച്വറി നേടിയതിനു ശേഷമുള്ള ഹർഭജന്റെ തൊട്ടടുത്ത പന്ത് ഡിഫൻഡ് ചെയ്യാനായിരുന്നു അഫ്രീദി ശ്രമിച്ചത്. ആ ഇന്നിങ്സിൽ ആദ്യമായിട്ടാവണം അഫ്രീദി ഒരു പന്ത് ഡിഫൻഡ് ചെയ്യാൻ ശ്രമിച്ചത്. അതുപക്ഷേ പാടെ പാളിപ്പോയി. അഫ്രീദി ക്ളീൻ ബൗൾഡ്. കാൺപൂരിൽ അരങ്ങേറിയ കാർണിവല്ലിനു അങ്ങനെ ഹർഭജന്റെ വക കത്രികപ്പൂട്ട്. 131 റൺസായിരുന്നു അന്നേരം സ്‌കോർ ബോർഡിൽ ഉണ്ടായിരുന്നത്. അങ്ങനെയൊരു ഡിഫൻസ് അപ്പോൾ വേണ്ടിയിരുന്നില്ലെന്ന് അഫ്രീദിക്കു തന്നെ തോന്നിയിരുന്നെന്ന് അയാളുടെ മുഖത്തുണ്ടായിരുന്നു. എങ്കിലും പിന്നീട് വന്നവർക്ക് സമ്മർദ്ദമൊട്ടുമില്ലാതെ കളിച്ച് തീർക്കാവുന്നിടത്ത് കാര്യങ്ങളെത്തിച്ചിട്ടാണ് അഫ്രീദി മടങ്ങിയത്.

വെടിക്കെട്ട് ബാറ്റർ മാത്രമല്ല, വിക്കറ്റ് ടെയ്ക്കിങ് ബോളർ കൂടിയായിരുന്നു അഫ്രീദി. വേഗത്തിൽ കുത്തിക്കയറുന്ന ലെഗ് ബ്രെയ്ക്കുകൾ അയാളുടെ സ്പെഷ്യാലിറ്റിയായിരുന്നു. 2010 ഡിസംബർ മുപ്പതിന് ന്യൂസിലാൻഡുമായുള്ള മൂന്നാം ടി20 മത്സരത്തിൽ അഫ്രീദി എറിഞ്ഞ ഒരു പന്തിന്റെ സ്പീഡ് ഒരു റെക്കോർഡാണ്. പതിനാലാം ഓവറിലെ ആ അഞ്ചാം പന്തിന്റെ വേഗത 134 കിലോമീറ്റർ പെർ ഹവറായിരുന്നു. പ്രതിരോധിക്കാൻ പോലും കഴിയാതെ ന്യൂസിലൻഡിന്റെ ടിം സൗത്തി നിസ്സഹായനായപ്പോൾ ആ പന്ത് മിഡിൽ സ്റ്റമ്പും വാരിയെടുത്താണ് കടന്നു പോയത്. 2009 ൽ കരുത്തരായ ഓസ്‌ട്രേലിയക്കെതിരെ ദുബൈയിൽ വെച്ച് നടന്ന ഏകദിന മത്സരത്തിൽ കേവലം 38 റൺസ് മാത്രം വഴങ്ങി 6 വിക്കറ്റുകൾ വീഴ്ത്തി ആ മത്സരത്തെ ഓസ്‌ട്രേലിയയുടെ കയ്യിൽ നിന്നും തട്ടിപ്പറിച്ചെടുത്ത പ്രകടനവും അയാളുടെ കരിയറിൽ ഉണ്ടായിട്ടുണ്ട്. 2013 ജൂലൈ പതിനാലിന് വെസ്റ്റിന്ഡീസിനെതിരെ നടന്ന ആദ്യ ഏകദിന മത്സരത്തിൽ 7 വിക്കറ്റുകൾ വീഴ്ത്താൻ അയാൾ വിട്ടുകൊടുത്തത് 12 റൺസുകൾ മാത്രമായിരുന്നു. അയാൾ അസാധാരണമായൊരു ഓൾറൗണ്ടർ ആയിരുന്നെന്ന് അടിവരടിയിടാൻ ഇതുപോലെ അനേകം പ്രകടനങ്ങൾ ഉണ്ട്.

കളിയിൽ അയാൾ കരുത്ത് കാട്ടുമ്പോഴും കളിക്കളത്തിൽ അയാളൊരിക്കലും മാന്യത പുലർത്തിയിരുന്നില്ല. അനാവശ്യമായി എതിർ ടീമംഗങ്ങളെ പ്രകോപിപ്പിച്ചും ആക്ഷേപിച്ചും തെറി വിളിച്ചും അയാൾ പലപ്പോഴും കുപ്രസിദ്ധി നേടിയിട്ടുണ്ട്. മാച്ച് ഫീ ഫൈൻ നൽകിയും മത്സരങ്ങൾക്ക് ബാൻ നേടിയും അയാളെപ്പോഴും വിവാദങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. 2003 ലോകകപ്പിൽ സച്ചിനോടും സെവാഗിനോടും അസഭ്യം പറഞ്ഞതിന് അയാൾ ശിക്ഷിക്കപ്പെട്ടത് അതിലൊരു ഏടാണ്. ഗംഭീറുമായി മൈതാനത്ത് ഏറ്റുമുട്ടിയതും ധോണിയുടെ തുടക്കകാലത്ത് ധോണിയുമായി കയർത്തതുമൊക്കെ ഇന്ത്യൻ ആരാധകർ മറക്കാനിടയില്ല.

ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടുമ്പോൾ താരങ്ങൾക്കുണ്ടാകുന്ന അധികസമ്മര്ദവും അതിനൊപ്പം കളിക്കളത്തിലുണ്ടാകുന്ന സ്ലെഡ്ജിങ്ങും അതിജീവിക്കുക എന്നത് ഇന്ത്യൻ താരങ്ങൾക്ക് അന്ന് അഗ്നിപരീക്ഷ പോലെയായിരുന്നു. സ്റ്റാർ സ്പോർട്സിനു നൽകിയ അഭിമുഖത്തിൽ സച്ചിന്റെ മികച്ച ഇന്നിംഗ്സ് ഏതാണെന്ന് ചോദിച്ചപ്പോൾ സെവാഗ് പറഞ്ഞത് 2003 ലോകകപ്പിൽ പാകിസ്ഥാനെതിരെ നേടിയ 98 റൺസ് ആണെന്നായിരുന്നു. അന്ന് 75 പന്തിൽ 98 നേടിയ സച്ചിൻ മൈതാനത്ത് അഫ്രീദിയിൽ നിന്ന് നേരിടേണ്ടി വന്ന കടുത്ത സ്ലെഡ്ജിന്റെ കുറിച്ച് സെവാഗ് പറയുന്നുണ്ട്. ഒരു കൂസലുമില്ലാതെ അസഭ്യം പറഞ്ഞാണ് അഫ്രീദി സച്ചിനെ പ്രകോപിപ്പിക്കാൻ നോക്കിയത്. പക്ഷെ സംയമനത്തോടെ നിന്ന് നേടിയ ആ 98 റൺസിന്‌ സെഞ്ച്വറിയെക്കാൾ മഹത്വമുണ്ടെന്നും ഇന്ത്യക്ക് വിജയം സമ്മാനിക്കുന്നതിൽ ആ റൺസ് നിര്ണായകമായെന്നും സെവാഗ്‌ പറയുന്നു. സച്ചിനും തന്റെ പ്രിയപ്പെട്ട ഇന്നിം​ഗ്സായി കാണുന്നതും അത് തന്നെ.

ശിക്ഷകൾ പല കുറി ലഭിച്ചിട്ടും അയാൾ തന്റെ പെരുമാറ്റ രീതി മാറ്റിയൊന്നുമില്ല. പിച്ചിൽ ബൂട്ടിന്റെ മുള്ളുകൊണ്ട് കൊണ്ട് വരച്ചുവെച്ച് ക്രമക്കേട് കാണിച്ചും പന്തിൽ കടിച്ച് കൃത്രിമം കാണിച്ചുമൊക്കെ അയാൾ പല കുറി പണിവാങ്ങിക്കൂട്ടിയിട്ടുണ്ട്. അയാൾ ജയിക്കാനായി എന്തും ചെയ്യുമായിരുന്നു. തൊട്ടടുത്ത സെക്കൻഡിൽ അയാൾ എന്തുചെയ്യുമെന്ന് പ്രവചിക്കാൻ കഴിയില്ലായിരുന്നു. തുടക്കകാലത്ത് വിക്കറ്റ് വലിച്ചെറിയുന്ന രീതിയിൽ ബാറ്റു വീശരുതെന്ന് പറഞ്ഞ ക്യാപ്റ്റൻ വസീം അക്രമിന്റെ ഉപദേശത്തെ പോലും അയാൾ മുഖവിലക്കെടുത്തിട്ടില്ല. ടെസ്റ്റിന് പറ്റിയ ആളല്ല താൻ എന്ന് തിരിച്ചറിഞ്ഞ് പൊടുന്നനെ വിരമിക്കൽ പ്രഖ്യാപനം നടത്താനും അയാൾക്ക് മടിയില്ല. ചുരുക്കിപ്പറഞ്ഞാൽ അയാൾ അടിമുടി ഒരു നിഷേധിയാണ്.

പാകിസ്താന്റെ ക്രിക്കറ്റ് ഹിസ്റ്ററിയിൽ അഫ്രീദിക്ക് അനിഷേധ്യമായൊരു സ്ഥാനം ഉറപ്പായുമുണ്ട്. പാകിസ്ഥാൻ ആരാധകർക്ക് അയാൾ അവരുടെ പ്രിയപ്പെട്ട ലാലയാണ്. ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ പായിച്ച റെക്കോർഡും അയാൾക്കാണ്. അപകടകാരിയായ അയാളിലെ ബാറ്റർ മൈതാനത്ത് പ്രളയം സൃഷ്ടിച്ച നിമിഷങ്ങൾ അയാൾക്ക് പാകിസ്താന് പുറത്തും ആരാധകരെ ഉണ്ടാക്കിയിട്ടുണ്ട്. എന്തിന്? ഇന്ത്യയിൽ പോലുമുണ്ട്. അയാൾ ബാറ്റുകൊണ്ട് പ്രളയം സൃഷ്ടിക്കുകയാണോ അതോ അയാൾ ഒറ്റയ്ക്കൊരു പ്രളയമാണോ എന്ന കാര്യത്തിൽ മാത്രമായിരിക്കും തർക്കമുള്ളത്. അയാൾക്ക് നിസ്സംഗനായോ നിർവികാരനായോ ഭയപ്പെട്ടോ നിൽക്കാനറിയില്ല. കുത്തിയൊലിച്ച് പായും. ചിലപ്പോളത് പാഞ്ഞുതുടങ്ങുമ്പഴേ ഇടറി വീഴും. അഥവാ വീണില്ലെങ്കിൽ, പിന്നെ പ്രളയമാണ്. ആ പ്രളയത്തിൽ ഒരു പുഴയ്ക്കും കരകവിയാതെ ഒഴുകാനാവില്ല. ഒഴുകിച്ചെന്നെത്തുന്ന കടല് പോലും പ്രക്ഷുബ്ധമാകും.

Related Stories

No stories found.
logo
The Cue
www.thecue.in