വനിതാ ടെസ്റ്റില്‍ വേഗമേറിയ ഇരട്ട സെഞ്ചുറിയുമായി ഷഫാലി വര്‍മ; മിതാലിയുടെ റെക്കോര്‍ഡിനൊപ്പം

വനിതാ ടെസ്റ്റില്‍ വേഗമേറിയ ഇരട്ട സെഞ്ചുറിയുമായി ഷഫാലി വര്‍മ; മിതാലിയുടെ റെക്കോര്‍ഡിനൊപ്പം

വനിതാ ക്രിക്കറ്റില്‍ റെക്കോര്‍ഡുകള്‍ കുറിച്ച മിതാലി രാജിന് പിന്‍ഗാമികള്‍ ഏറെ. ടെസ്റ്റില്‍ മിതാലിയുടെ റെക്കോര്‍ഡിന് ഒപ്പമെത്തിയിരിക്കുകയാണ് ഇന്ത്യന്‍ താരമായ ഷഫാലി വര്‍മ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് മാച്ചില്‍ ഷഫാലി ഡബിള്‍ സെഞ്ചുറി കുറിച്ചു. ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനായിരുന്ന മിതാലി രാജിന് ശേഷം ടെസ്റ്റില്‍ ഡബിള്‍ സെഞ്ചുറി കുറിക്കുന്ന രണ്ടാമത്തെ വനിതാ താരമാണ് ഷഫാലി. 2002ല്‍ ഇംഗ്ലണ്ടിനെതിരെയാണ് മിതാലി രാജ് 407 പന്തില്‍ നിന്ന് 214 റണ്‍സ് നേടി ആദ്യം ഇരട്ട സെഞ്ചുറി കുറിക്കുന്ന ഇന്ത്യന്‍ വനിതാ താരമായി മാറിയത്. 197 ബോളില്‍ നിന്നാണ് ഷഫാലിയുടെ നേട്ടം. 23 ഫോറും എട്ട് സിക്‌സുമടക്കം 205 റണ്‍സാണ് ഷഫാലി നേടിയത്. വനിതാ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഇരട്ട സെഞ്ചുറി കൂടിയാണ് ഇത്.

മാച്ചില്‍ ഇന്ത്യന്‍ വനിതാ ടീം മറ്റൊരു റെക്കോര്‍ഡ് കൂടി നേടിയിട്ടുണ്ട്. ഒന്നാം ദിവസം തന്നെ 525 റണ്‍സ് നേടിയ ഇന്ത്യന്‍ വനിതകള്‍ വനിതാ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഒരു ടീം ഒരു ദിവസം നേടുന്ന ഏറ്റവും വലിയ സ്‌കോര്‍ എന്ന നേട്ടമാണ് കുറിച്ചത്. സ്മൃതി മന്ഥാനയും ഷഫാലിയും ചേര്‍ന്ന ഒന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ 292 റണ്‍സ് കുറിച്ചുകൊണ്ട് ഓപ്പണിംഗ് വിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ എന്ന റെക്കോര്‍ഡും രചിക്കപ്പെട്ടു. 149 റണ്‍സാണ് സ്മൃതി മന്ഥാന അടിച്ചു കൂട്ടിയത്. വനിതാ ഏകദിന ക്രിക്കറ്റില്‍ ഇന്ത്യക്കു വേണ്ടി ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടിയ താരമെന്ന മിതാലി രാജിന്റെ റെക്കോര്‍ഡിനൊപ്പം സ്മൃതി മന്ഥാനയെത്തിയത് ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ഏകദിനത്തില്‍ 120 ബോളുകളില്‍ നിന്ന് 136 റണ്‍സെടുത്തുകൊണ്ട് സ്മൃതി തന്റെ ഏഴാം സെഞ്ചുറി കുറിച്ചു. ഇതോടെയാണ് മിതാലിയുടെ ഏഴ് ഏകദിന സെഞ്ചുറികള്‍ എന്ന നേട്ടത്തിനൊപ്പം സ്മൃതി എത്തിയത്.

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ഏകദിനത്തില്‍ 127 പന്തുകളില്‍ നിന്ന് 117 റണ്‍സും സ്മൃതി നേടിയിരുന്നു. ഇതോടെ തുടര്‍ച്ചയായ രണ്ടു മത്സരങ്ങളില്‍ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമെന്ന ബഹുമതിക്ക് കൂടി സ്മൃതി അര്‍ഹയായിരുന്നു. രണ്ടാം ഏകദിനത്തില്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും നൂറു കടന്നു. 88 പന്തില്‍ നിന്ന് 103 റണ്‍സ് നേടി കൗര്‍ പുറത്താകാതെ നിന്നു. കൗറിന്റെ ആറാം ഏകദിന സെഞ്ചുറിയാണ് ഇത്. അവസാന ഓവറില്‍ വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവെച്ചാണ് അവര്‍ സെഞ്ചുറി തികച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in