വിശ്വാസം, അതല്ലേ റോബിൻ സിംഗ് | Robin Singh | The Spin | Ep-17 | The Cue

വിശ്വാസം, അതല്ലേ റോബിൻ സിംഗ് | Robin Singh | The Spin | Ep-17 | The Cue

ഫീൽഡിങ്ങിനെ കുറിച്ച് ലോകക്രിക്കറ്റ് അത്രയൊന്നും ചിന്തിക്കാതിരുന്ന ഒരു കാലം. ബാറ്റിങ്ങോ ബോളിങ്ങോ മാത്രം അടയാളപ്പെടുത്തലുകളായി മാറിയിരുന്ന ഒരു കാലം. ആ കാലത്ത് മൈതാനങ്ങളിൽ പക്ഷിയെ പോലെ പറന്നും മീനിനെ പോലെ നീന്തിയും ചീറ്റയെപ്പോലെ ചിതറിപ്പാഞ്ഞും രണ്ട് താരങ്ങൾ രണ്ട് രാജ്യങ്ങളുടെ ദേശീയ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഒന്ന് ജോണ്ടി റോഡ്‌സ് ആയിരുന്നു. സൗത്താഫ്രിക്കയുടെ ജോണ്ടി റോഡ്‌സ്. മറ്റേത് ഇന്ത്യയുടെ റോബിൻ സിങ്ങും. ജോണ്ടീ റോഡ്സിന്റെ ഞെട്ടിക്കുന്ന പ്രകടനങ്ങൾ ലോകം വാഴ്ത്തിപ്പാടുമ്പോൾ നമുക്കും അഭിമാനത്തോടെ ഉയർത്തിക്കാട്ടാനുള്ളത് റോബിൻ സിംഗ് അക്കാലത്ത് കാഴ്ചവെച്ചിരുന്നു. ക്രിക്കറ്റിന്റെ പുതുക്കാഴ്ചകളിൽ മനം നിറഞ്ഞിരിക്കുമ്പോൾ മറന്നുകൂടാൻ പാടില്ലാത്തൊരു ക്രിക്കറ്റ് കാലത്തിന്റെ ഒട്ടും മറന്നുകൂടാൻ പാടില്ലാത്തൊരു താരമാണ് റോബിൻ സിംഗ്. റോബിൻ സിംഗ്, അതൊരു ഒന്നൊന്നര മൊതലായിരുന്നു.

ഇന്ത്യയുടെ ഫീൽഡിങ്ങിനു റോബിൻ സിങ്ങിന് മുമ്പും ശേഷവും എന്ന് വിലയിരുത്താവുന്ന മാറ്റങ്ങളുണ്ടായിട്ടുണ്ട്. ഫീൽഡിങ് എന്നാൽ മെനക്കേടില്ലാത്ത ഒരു കലാപരിപാടിയായിരുന്നു ഇന്ത്യക്ക്. നിൽക്കുന്നിടത്ത് ഏതാണ്ടൊക്കെ പാറപോലെ ഉറച്ച് നിന്ന്, മുന്നിലേക്ക് വരുന്ന പന്തുകൾ മാത്രം തടുത്തിട്ട്, അല്ലാത്തതൊക്കെ പുറകിലുള്ള ആളിലേക്ക് ചൂണ്ടിക്കാണിച്ച് ഒരു വല്ലാത്ത നിപ്പ്. റണ്ണൊഴുക്ക് തടയാൻ മികച്ച ബോളിങ് മാത്രം മതിയെന്ന ചിന്തയായിരുന്നു ഉണ്ടായിരുന്നത്. അവിടേക്കാണ്, എല്ലാ മാമൂലുകളെയും പൊളിച്ചടക്കി കൊണ്ട് റോബിൻ സിംഗ് കടന്നുവന്നത്. വായുവിലൂടെ തെന്നിപ്പറന്ന് അയാൾ പന്തുകളെ വേട്ടയാടി. തന്നേക്കടന്നൊരു പന്തും പോകരുതെന്ന നിശ്ചയദാർഢ്യം അയാളുടെ കണ്ണുകളിൽ ജ്വലിച്ച് നിൽക്കാറുണ്ട്. പന്തിലേക്ക് അയാൾ ഒരു പരുന്തിനെപ്പോലെയാണ് നോക്കി നിൽക്കുക. അകലെ പറക്കുന്ന പന്തിലേക്ക് എത്തിപ്പിടിക്കാൻ വായുവിൽ ഉയർന്നുപൊങ്ങുന്ന ആ ജാലവിദ്യക്കാരനെ കണ്ട് ആദ്യമാദ്യം ആളുകൾ അതിശയപ്പെട്ടിരുന്നു. പിന്നെ പിന്നെ അതൊരു ന്യൂ നോർമലായി. റോബിൻ സിംഗ് അല്ലേ... അയാൾ അതിനപ്പുറം ചെയ്യുമെന്ന് ഉൾപുളകത്തോടെ ആരാധകർ നിസ്സാരത പറഞ്ഞു.

ഫീൽഡിങ്ങിൽ മാത്രമല്ല, ബാറ്റ് ചെയ്യുമ്പോൾ വിക്കറ്റിനടയിലെ ഓട്ടത്തിലും അയാൾ അമ്പരപ്പിച്ചിട്ടുണ്ട്. ഇല്ലാത്ത റണ്ണുകൾ പോലും അയാൾ അനായാസേന ഓടിയെടുത്തു. ഒരു റണ്ണും എടുക്കാനില്ലാത്തിടത്ത് അയാൾ സിംഗിൾ എടുക്കും, ഒരു റൺ മാത്രം എടുക്കാനുള്ളിടത്ത് ഡബിൾ എടുക്കും. അതായിരുന്നു അയാൾ. അതിനായി അയാൾ ചിലപ്പോളൊക്കെ ക്രീസിലൂടെ നീന്തി. ചിലപ്പോൾ പറന്നു. ജേഴ്‌സിയിൽ അഴുക്ക് പുരളാതെ അയാളൊരു കളിയും കളിച്ച് തീർത്തിട്ടില്ല. പരിക്കുകളെ കുറിച്ച് തരിമ്പും കൂസാതെ അയാൾ ക്രിക്കറ്റിന് വേണ്ടി സ്വയം സമർപ്പിച്ചു. ജയിക്കാനായി എന്തും ചെയ്യും, എന്തും സഹിക്കും, ഏത് മുള്ള് മുരിക്കിലൂടെയും അയാൾ ഊർന്നിറങ്ങും. രക്തം പൊടിയുന്നതിനെ കുറിച്ച് അയാൾക്ക് ആവലാതിയേ ഇല്ല. വേദന എന്താണെന്ന് ചോദിച്ചാൽ ഈ പോറലുകളെക്കാൾ വേദന പരാജയം തരുന്ന വേവലാണെന്ന് അയാൾ പറയുമായിരിക്കും.

1998 ൽ ശ്രീലങ്കയുമായുള്ള ഏഴാം ഏകദിനത്തിൽ അയാളുടെ ഈ ആത്മ സമർപ്പണം കണ്ട് ലോകം വിസ്മയപ്പെട്ടിട്ടുണ്ട്. അന്നാ പൊള്ളുന്ന വെയിലത്ത് വിക്കറ്റുകൾക്കിടയിൽ ഓടിത്തളർന്ന് ഡീഹൈഡ്രേറ്റഡായ റോബിൻ സിംഗ് അവശനായി നിൽക്കുകയും ഒടുക്കം ഛർദിച്ച് നിസ്സഹായനാവുകയും ചെയ്തു. പക്ഷെ വീഴാൻ ഒരുക്കമല്ലായിരുന്നു. അയാൾ അവശതകളെ അവഗണിച്ച് പിന്നെയും ഓടിക്കൊണ്ടിരുന്നു. ഒരു സിംഗിൾ പോലും തന്റെ അനാരോഗ്യം കൊണ്ട് നഷ്ടപ്പെട്ടുകൂടെന്ന് അയാൾ ഉറപ്പിച്ചിരുന്നു. അവശനായിട്ടും ഒരു റണ്ണറെ വെയ്ക്കാൻ പോലും അയാൾ സമ്മതിച്ചില്ല. അവസാന ഓവറിൽ പുറത്താകുന്നത് വരെ അയാൾ പോരാടി. ആ മത്‌സരത്തിൽ ഇന്ത്യ പരാജയപ്പെടുകയാണുണ്ടായത്. അതുകൊണ്ട് തന്നെ ത്രില്ലിംഗ് വിക്ടറികളുടെ ലിസ്റ്റിലോ, പിന്നെയും പിന്നെയും കണ്ട് കോരിത്തരിക്കുന്ന കളികളുടെ പട്ടികയിലോ ആ മത്സരം ഇടം പിടിക്കില്ല. ആ പ്രചോദിതമായി ഇന്നിംഗ്സ് അങ്ങനെ ആരാലും ഓർക്കപ്പെടാതെ കിടക്കും. അന്നാ തോൽവിയിലും അയാൾ പരാജയപ്പെടാത്ത പോരാളിയുടെ പരിവേഷത്തോടെ ഹൃദയങ്ങൾ കീഴടക്കിയിരുന്നെന്നത് ചരിത്രമാണ്.

റോബിൻ സിംഗ് ഇന്ത്യക്കൊരു നിമിത്തമായിരുന്നു. അല്ലെങ്കിൽ എങ്ങനെയാണ് വെസ്റ്റ് ഇൻഡീസ് രാജ്യമായ ട്രിനിഡാഡിൽ ജനിച്ച, ട്രിനിഡാഡ് പൗരനായ റോബേന്ദ്ര രാംനരേയ്ൻ സിംഗ് ഇന്ത്യയിലെത്തുന്നത്? എങ്ങനെയാണ് അയാൾ ഇന്ത്യൻ ടീമിന്റെ ഭാഗമാകുന്നത്? അതാണ് ഡെസ്റ്റിനി എന്ന് പറയുന്നത്. അത് സംഭവിച്ചല്ലേ പറ്റൂ. ചിലർ വരുമ്പോൾ ചരിത്രം മാത്രമല്ല, എല്ലാ കാലചക്രങ്ങളും, എല്ലാ യുഗങ്ങളും പുനർനിർവചിക്കപ്പെടും. സാമ്പത്തിക ശാസ്ത്രത്തിൽ മാസ്റ്റർ ഡിഗ്രി സ്വന്തമാക്കാനായിരുന്നു റോബിൻ സിംഗ് മദ്രാസിലെത്തിയത്. പക്ഷെ സ്വന്തമാക്കിയത് ഇന്ത്യക്കാരുടെ ഹൃദയമായിപ്പോയി എന്ന് മാത്രം. ട്രിനിഡാഡിന്റെ യൂത്ത് ക്രിക്കറ്റ് ടീമിൽ കളിച്ചിരുന്ന റോബിൻ സിംഗ് മദ്രാസിലെത്തിയപ്പോൾ തമിഴ്‌നാടിന് വേണ്ടിയും കളിച്ച് തുടങ്ങി. ഈ സമയത്താണ് 33 വർഷമായി കിട്ടാതിരുന്ന രഞ്ജി ട്രോഫി റോബിൻ സിംഗിന്റെ പ്രകടനത്തിന്റെ മികവിൽ തമിഴ്‌നാട് സ്വന്തമാക്കുന്നത്. അങ്ങനെ 1989 ആകുമ്പോൾ റോബിൻ സിംഗ് ഇന്ത്യയുടെ നീലക്കുപ്പായവും എടുത്തണിഞ്ഞു.

വെസ്റ്റ് ഇൻഡീസുകാരനായ റോബിൻ സിംഗ് ഇന്ത്യൻ ടീമിലെ അരങ്ങേറ്റ മത്സരത്തിൽ ഏറ്റുമുട്ടിയത് വെസ്റ്റ് ഇൻഡീസിനെതിരെയായിരുന്നു എന്ന കൗതുകവുമുണ്ട്. 1989 ൽ തുടങ്ങിയ ആ യാത്ര ഒരു വ്യാഴവട്ടക്കാലം ഇന്ത്യൻ ക്രിക്കറ്റിന്റെ സമസ്ത മേഖലയിലും സർവ ശോഭയോടെയും നിലകൊണ്ടു. 136 ഏകദിനങ്ങളിൽ ഇന്ത്യയുടെ നീലക്കുപ്പായത്തിൽ അയാൾ പ്രത്യക്ഷപ്പെട്ടു. ഒരിക്കൽ മാത്രമാണ് ടെസ്റ്റിൽ കളിച്ചത്. ഒരു കംപ്ലീറ്റ് ഓൾറൗണ്ടർ ആയിരുന്നു റോബിൻ സിംഗ്. വിശ്വസിക്കാവുന്ന ബാറ്ററും വിശ്വസിക്കാവുന്ന ബോളറും വിശ്വസിക്കാവുന്ന ഫീൽഡറുമായിരുന്നു അയാൾ. ബാറ്റിങ്ങിൽ ഇന്ത്യൻ മധ്യനിരയുടെ അവസാനത്തെ ചെറുത്തുനിൽപ്പിന്റെ പേരായിരുന്നു റോബിൻ സിംഗ്. ആ ഇടങ്കയ്യൻ ബാറ്ററുടെ ചൂടറിയാത്ത ഒരു ലോകോത്തര ബോളറുമില്ല. 1999 ലെ ലോകകപ്പിൽ ഓസ്‌ട്രേലിയയുമായി ഇന്ത്യ കൊമ്പുകോർത്തപ്പോൾ ഷെയിൻ വോണിനെ നിലം തൊടീക്കാതെ ഗ്യാലറിയിലേക്ക് പറത്തിയത് മൂന്ന് തവണയായിരുന്നു. അതേ ലോകകപ്പിൽ ശ്രീലങ്കക്കെതിരെ അഞ്ചുവിക്കറ്റ് നേട്ടവും റോബിൻ സിംഗ് കൊയ്തിട്ടുണ്ട്.

റോബിൻ സിങ്ങിന് ശേഷം ഫീൽഡിങ്ങിൽ ഇന്ത്യക്കൊരു പിന്തുടർച്ചക്കാരനെ കിട്ടിയിരുന്നു. യുവരാജ് സിംഗ്. രണ്ടായിരത്തിൽ ഓസ്‌ട്രേലിയക്കെതിരെ യുവരാജ് ആദ്യമായി ബാറ്റിങിനിറങ്ങിയപ്പോൾ തൊട്ടപ്പുറത്ത് ഉണ്ടായിരുന്നത് റോബിൻ സിംഗ് ആയിരുന്നു. കാവ്യാത്മകമായൊരു തലമുറ മാറ്റം അവിടെ സംഭവിക്കുകയായിരുന്നു. ബാറ്റിങ്ങിൽ താൻ കയ്യാളിയ മധ്യനിരയെ, താൻ അടക്കിവാണ ഫീൽഡിങ് പൊസിഷനെ ഒക്കെ റോബിൻ സിംഗ് യുവരാജിന് നൽകി. യുവരാജത് ഭംഗിയോടെ നിർവഹിക്കുകയും ചെയ്തു. യൂറ്റിയൂബിയൽ പരതിയാൽ യുവരാജിന്റെ മനോഹരമായ ഫീൽഡിങ്ങുകളും ഡയവുകളും ക്യാച്ചുകളും നമ്മെ വരവേൽക്കും. റോബിൻ സിങ്ങിന് പക്ഷെ അങ്ങനെ ചില ദൃശ്യങ്ങളുടെ സാക്ഷ്യപ്പെടുത്തൽ അത്രയും ആഴത്തിൽ ലഭിച്ചെന്ന് വരില്ല. റോബിൻ സിംഗ് അത്ഭുതപ്പെടുത്തിയ, ത്രസിപ്പിച്ച നിമിഷങ്ങൾ ഒരു പക്ഷെ അന്ന് കളി കണ്ടവരുടെ മനസ്സിൽ മാത്രമാവും മായാതെ കിടക്കുന്നുണ്ടാവുക.

ടെക്നൊളജിക്ക് വലിയ വികാസമൊന്നും സംഭവിക്കാതിരുന്നൊരു കാലത്ത് അയാൾ മൈതാനത്ത് അത്ഭുതം കാണിച്ചിരുന്നു. അയാളെ അടയാളപ്പെടുത്താൻ ക്വളിറ്റിയുള്ള ഒരു വിഷ്വൽ പോലും ഇല്ലാതിരുന്നിട്ട് കൂടി അയാൾ ഓർമിക്കപ്പെടുന്നുണ്ടെങ്കിൽ, അയാളിലെ ഫീൽഡർ, അയാളിലെ ബോളർ, അയാളിലെ ബാറ്റർ ആഘോഷിക്കപ്പെടുന്നുണ്ടെങ്കിൽ, അയാളിലെ ആത്മസമർപ്പണം ആർദ്രമായ ഹൃദയത്തോടെ ഇന്നും ലാളിക്കപ്പെടുന്നുണ്ടെങ്കിൽ ഒരു കാര്യം ഉറപ്പാണ്, അയാൾ ഇതിഹാസമാണ്. ഇതിഹാസങ്ങളെന്ന് നമ്മൾ വിളിച്ചുതഴമ്പിച്ചവരെക്കാൾ അയാൾ ഒട്ടും പിറകിലുമല്ല.

Related Stories

No stories found.
logo
The Cue
www.thecue.in