ദാദയുടെയും ദ്രാവിഡിന്റെയും ലങ്കാദഹനം | 1999 World Cup | The Spin Ep-20

ദാദയുടെയും ദ്രാവിഡിന്റെയും ലങ്കാദഹനം | 1999 World Cup | The Spin Ep-20

ക്യാപ്റ്റൻ അസ്ഹറുദ്ധീന്റെ നേതൃത്വത്തിൽ ഇന്ത്യൻ നീലപ്പട അന്ന് ലോകകപ്പ് മോഹവുമായി ഇംഗ്ലണ്ടിലേക്ക് വണ്ടി കയറി. വർഷം 1999 ആണ്. അന്നത്തെ ഇന്ത്യൻ ടീം തീർത്തും അൺപ്രെഡിക്റ്റബിൾ ആയിരുന്നു. ചിലപ്പോൾ അതിഭീകരമായ പെർഫോമൻസ് നടത്തും, തൊട്ടടുത്ത കളിയിൽ അതിഭീകരമായി തോൽക്കുകയും ചെയ്യും. അപ്രവചനാതീതം. എന്നിട്ടും ആരാധകരുടെ പ്രതീക്ഷകൾക്ക് പഞ്ഞമൊന്നുമുണ്ടായിരുന്നില്ല. അത് പിന്നെ അങ്ങനെയാണ്, ജയിക്കുമെന്നും കപ്പെടുക്കുമെന്നും ഉറപ്പൊന്നുമുണ്ടായിട്ടല്ല ആരാധകർ ഈ ടീമിനെയും കളിക്കാരെയും നെഞ്ചിലേറ്റിയത്. തോറ്റാലും ജയിച്ചാലും ചങ്കിലാണ് ഇന്ത്യൻ ടീം.

അന്നാ ടൂർണമെന്റിലെ ആദ്യ കളിയിൽ സൗത്താഫ്രിക്കയോട് 4 വിക്കറ്റിനും രണ്ടാം കളിയിൽ സിംബാബ്‌വെയോട് 3 റൺസിനും ഇന്ത്യ തോൽക്കുന്നുണ്ട്. ദുർബലരായ കെനിയയോട് 94 റൺസിന്‌ ജയിച്ചത് മാത്രമായിരുന്നു കൈമുതൽ. ഇന്ത്യക്ക് സൂപ്പർ സിക്‌സിലേക്ക് കടക്കണമെങ്കിൽ ശ്രീലങ്കയുമായുള്ള നാലാം മത്സരം ജയിച്ചേ പറ്റൂ എന്നായി. 99 മെയ് 26നായിരുന്നു ആ മത്സരം. അന്ന് ടോസ് ലഭിച്ച ശ്രീലങ്കൻ ക്യാപ്റ്റൻ അർജുന രണതുങ്ക ഫീൽഡിങ് തിരഞ്ഞെടുത്തു. ചാമിന്ദവാസിന്റെ തീ തുപ്പുന്ന പന്തുകളോടെ മത്സരം ആരംഭിച്ചു. ഇന്ത്യക്കായി ഇന്നിംഗ്സ് ഓപ്പൺ ചെയ്തത് സദഗോപൻ രമേശും ഗാംഗുലിയുമായിരുന്നു. രണ്ട് ഇടങ്കയ്യന്മാർ. ജയിക്കാനായി ഇറങ്ങിയ ആ മത്‌സരത്തിലെ അഞ്ചാം ബോള് പക്ഷെ, സദഗോപൻ രമേശിന്റെ ഓഫ്‌സ്റ്റമ്പും കൊണ്ടാണ് പോയത്. ആദ്യ ഓവറിൽ തന്നെ വിക്കറ്റ്. നടുക്കവും ദുഖവും ഞെട്ടലും. ദുരന്ത പര്യവസാനിയായൊരു ലോകകപ്പിന്റെ കഥയാണോ പറഞ്ഞുവരുന്നതെന്ന് ചോദിക്കുന്നുണ്ടോ? എങ്കിൽ കഥ ഇതുവരെ തുടങ്ങിയിട്ടില്ല. വൺ ഡൗണായി രാഹുൽ ദ്രാവിഡ് ഇറങ്ങുകയാണ്. ഇനിയാണ് കഥ, അല്ല, ചരിത്രം ആരംഭിക്കുന്നത്.

തുടക്കത്തിലേ വിക്കറ്റ് പോയതിന്റെ ക്ഷീണം തൊട്ടടുത്ത ഓവറുകളിൽ പ്രകടമായെങ്കിലും നാലാം ഓവറിൽ ദ്രാവിഡും ഗാംഗുലിയും ഓരോ ബൗണ്ടറി പായിച്ച് ആ കെട്ടങ്ങ് പൊട്ടിച്ചു. വിക്രമസിംഗെയുടെ ആറാം ഓവറിൽ ദ്രാവിഡ് തന്റെ വിശ്വരൂപം പുറത്തെടുത്തു. ഓഫ്‌സൈഡിൽ വന്ന ആദ്യ പന്തിന് അർഹിച്ച ശിക്ഷ കൊടുത്ത് ബൗണ്ടറി. ലെഗ്‌സ്റ്റമ്പിലേക്ക് ഓവർപിച്ച് ചെയ്ത് വന്ന രണ്ടാം പന്ത് മിഡ് ഓണിലൂടെ അടുത്ത ബൗണ്ടറി. നാലാം പന്ത് ഫ്ലിക്ക് ചെയ്ത് സ്‌ക്വയർ ലെഗ്ഗിലൂടെ മൂന്നാം ബൗണ്ടറിയും. തൊട്ടടുത്ത ഓവർ എറിഞ്ഞ ചാമിന്ദവാസും ദ്രാവിഡിന്റെ ചൂടറിഞ്ഞു. രണ്ട് ബൗണ്ടറികൾ ആ ഓവറിലും ദ്രാവിഡ് നേടി. അങ്ങനെ പത്ത് ഓവർ പിന്നിട്ടപ്പോൾ ഇന്ത്യയുടെ സ്‌കോർ 71 ന് ഒന്ന് എന്നായി. പതിനഞ്ചാം ഓവറിൽ ഉപശാന്തയെ ബൗണ്ടറി പായിച്ച് ദ്രാവിഡ് അർദ്ധ ശതകം പൂർത്തിയാക്കുമ്പോൾ ഇന്ത്യയുടെ സ്‌കോർ 90 കടന്നിരുന്നു. 43 പന്തുകളിൽ നിന്ന് 10 ബൗണ്ടറികളുടെ അകമ്പടിയോടെയായിരുന്നു ആ അർധശതകം. ഇരുപത്തിമൂന്നാം ഓവറിലാണ് ഗാംഗുലി അർധശതകം പിന്നിടുന്നത്.

ദ്രാവിഡ് ബീസ്റ്റ് മോഡിലായതോടെ സംയമനത്തോടെ കളിച്ച ദാദാ 68 പന്തുകൾ നേരിട്ട് ആറ് ബൗണ്ടറികളുടെ സഹായത്തോടെയായിരുന്നു അർദ്ധ ശതകം നേടിയത്. ദ്രാവിഡിന്റെ ആഞ്ഞടികളും ഗാംഗുലിയുടെ നിസ്സീമ പിന്തുണയും ആയാണ് കളി പോയത്. അപ്പോൾ ഇതിലെ ഹീറോ ദ്രാവിഡാണോ? ദ്രാവിഡ് ഹീറോയാണ്, പക്ഷെ ദാദ. അയാൾക്ക് എത്ര നേരമിങ്ങനെ കാഴ്ചക്കാരനായി നിൽക്കാൻ കഴിയും. അരവിന്ദ ഡിസിൽവ എറിഞ്ഞ മുപ്പത്തിരണ്ടാം ഓവറിലെ രണ്ടാം പന്ത് താളക്കൊഴുപ്പോടെ രണ്ട് സ്റ്റെപ്പ് മുന്നോട്ട് നടന്ന് ഒരു സ്റ്റൈലൻ ഷോട്ടിൽ ദാദാ സ്റ്റേഡിയം കടത്തി. പന്തുപോയ വഴിക്ക് ഇന്നും പുല്ലുപോലും മുളച്ചിട്ടില്ല.

ഫുട് വർക്കിന്റെ മാസ്റ്റർക്ലാസ്സായിരുന്നു അന്നത്തെ ആ രണ്ട് ഇന്നിം​ഗ്സുകൾ. കുതിച്ചുവരുന്ന പന്തുകൾ കാലൊന്നുറപ്പിച്ച് ചവിട്ടി ബാറ്റുകൊണ്ട് തട്ടിയിടും, അല്ലെങ്കിൽ ലൈനും ലെങ്തും അളന്ന് മുറിച്ച് കവറിലേക്കും എക്സ്ട്രാ കവറിലേക്കും പോയിന്റിലേക്കുമെല്ലാം അടിച്ച് തെറിപ്പിക്കും. പന്തെത്ര മാസ്സാണെങ്കിലും ക്ലാസ്സിന് മുന്നിൽ സീറോയാകുന്ന കാഴ്ച. ഭാ​ഗ്യം കൊണ്ടോ, ബൗളറിന്റെ പിഴവുകൊണ്ടോ നേടിയ റൺസുകളില്ല..

ഫോറും സിക്‌സറും കൊണ്ട് മൈതാനം നിറയുകയായിരുന്നു. മുപ്പത്തിയാറാം ഓവറിൽ അരവിന്ദ ഡിസിൽവയെ ലോങ്ങ് ഓഫിലേക്ക് അടിച്ചിട്ട് സിംഗിൾ എടുത്ത് ദ്രാവിഡ് തന്റെ ശതകം ആഘോഷിച്ചു. ഗ്യാലറി നിറഞ്ഞ് കയ്യടിക്കുന്നു കാണികളെ, 360 ഡിഗ്രിയിൽ കറങ്ങി മൈതാനം വലം വെച്ച് ദ്രാവിഡ് അഭിവാദ്യം ചെയ്തു. മുപ്പത്തിയെട്ടാം ഓവറിൽ മുരളീധരനെ കവറിന് മുകളിലൂടെ മനോഹരമായൊരു സിക്‌സറും പായിച്ച് ദ്രാവിഡ് അജയ്യനായി നിന്നു. ഇത് കണ്ടുകൊണ്ട് അപ്പുറത്ത് ദാദാ നിൽക്കുന്നുണ്ടെന്ന് ഓർക്കണം. മുപ്പത്തിയൊമ്പതാം ഓവറിൽ ഡബിൾ എടുത്ത് ദാദയും സെഞ്ചുറി പൂർത്തിയാക്കി. മുരളിയെ നാല്പതാമത്തെ ഓവറിൽ നേരിടുന്നത് ദാദയായിരുന്നു. ആദ്യ പന്ത് തന്നെ സ്റ്റെപ്പ് ഔട്ട് ചെയ്ത് മികച്ചൊരു ഫോർ. മുരളിക്ക് കാര്യങ്ങൾ കയ്യിൽ നിന്ന് പോയ മട്ടായി. അടിച്ച് പറത്താൻ ഒരുമ്പെട്ട് നിൽക്കുന്ന ദാദയെ നോക്കി എറിഞ്ഞ അടുത്ത പന്ത് വൈഡ്. തൊട്ടടുത്ത പന്തിൽ ദാദാ വീണ്ടും സ്റ്റെപ്പ് ഔട്ട് ചെയ്തു. അതിമാരകമായൊരു ഷോട്ട്. ആ ഷോട്ട് കണ്ടാലറിയാം പന്ത് പരലോകം പുൽകിയെന്ന്.

ദാദ സ്റ്റെപ്പ് ഔട്ട് ചെയ്യുന്നതിന്റെയൊരു ഭം​ഗിയുണ്ട്. ഇരയ്ക്ക് മേലെ ചാടിവീഴാൻ തക്കം പാത്തു നിൽക്കുന്ന ബം​ഗാൾ കടുവ തന്നെയാണയാളപ്പോൾ. പുറത്ത് നിന്ന് നോക്കിയാൽ അത് ബൗളർക്ക് മനസിലുണ്ടാകുന്നുണ്ടോ എന്ന് ഉറപ്പില്ല, പക്ഷേ ബൗളർ പന്ത് കൈയ്യിൽ നിന്ന് പുറത്തേക്ക് വിടുമ്പോഴേ ആ തീരുമാനം ഉറപ്പിച്ചിട്ടുണ്ടാവും. പിന്നീട് അളന്ന് മുറിച്ച, രണ്ട് സ്റ്റെപ്പുകൾ, അത് കാണുമ്പോഴേ ബൗളർക്ക് പിഴച്ചെന്ന് മനസിലായിക്കാണും, കാമറമാന് നെഞ്ചിടിപ്പ് കൂടും. പന്ത് ബാറ്റിൽ തട്ടികഴിഞ്ഞാൽ പിന്നെ ആകാശത്തേക്ക് നോക്കി നിൽക്കാനെ വഴിയുള്ളൂ, എല്ലാവരും ആകാശത്തേക്ക് നോക്കുമ്പോൾ ദാദ ബാറ്റ് പിന്നിലേക്ക് വലിച്ച്, സ്ലോ മോഷനിൽ ഒന്നുമറിയാത്ത പോലെ പിന്നോട്ട് നടക്കും. അന്നാ മാച്ചിൽ ഓരോ തവണ ദാദ സ്റ്റെപ്പ് ഔട്ട് ചെയ്തപ്പോഴും അത് തന്നെയായിരുന്നു, പന്ത് എവിടെപ്പോയെന്ന് അറിയാൻ അംപയർമാർക്ക് വരെ കവടി നിരത്തേണ്ടി വന്നു.

രണത്തുങ്കയുടെ തുറുപ്പ് ചീട്ടായിരുന്ന മുരളി തല്ലുവാങ്ങുന്നത് കണ്ടുനിൽക്കാനേ ശ്രീലങ്കക്കാർക്ക് കഴിഞ്ഞൊള്ളൂ. ദ്രാവിഡിനെ കാഴ്ചക്കാരനാക്കി അപ്പുറത്ത് നിർത്തി ദാദാ പൂണ്ടുവിളയാടി. മുരളി എറിഞ്ഞ നാല്പത്തിരണ്ടാം ഓവറിലും ദാദയുടെ ബാറ്റിൽ നിന്ന് രണ്ട് പടുകൂറ്റൻ സിക്‌സറും ഒരു ഫോറും പിറന്നു. അതുവരെ മുന്നിൽ പാഞ്ഞ ദ്രാവിഡിനെ പിന്നിലാക്കി ദാദയുടെ ബാറ്റ് തീതുപ്പിക്കൊണ്ടിരുന്നു. നാല്പത്തിമൂന്നാം ഓവർ എറിഞ്ഞ ചാമിന്ദവാസിനെ മൂന്ന് തവണ ബൗണ്ടറിക്ക് പറത്തി ദ്രാവിഡ് വീണ്ടും ദാദയുടെ മുന്നിൽ കയറി. ഉപശാന്തയുടെ തൊട്ടടുത്ത ഓവർ ദാദക്കായിരുന്നു. ആകാശം മുട്ടി തിരിച്ചുവന്ന രണ്ടാം പന്ത് കൈപ്പിടിയിലൊതുക്കാൻ കഴിയാതെ ശ്രീലങ്കൻ ഫീൽഡർ വിഷമിച്ചപ്പോൾ ആ ഓവറിലെ ആദ്യ ഫോർ. അതോടെ ഇന്ത്യൻ സ്‌കോർ 300 കടക്കുകയ്യും ചെയ്തു. തൊട്ടടുത്ത രണ്ട് പന്തിലും ബൗണ്ടറി. അടുത്ത പന്ത് മിഡ് വിക്കറ്റിന് മുകളിലൂടെ ദാദയുടെ സിഗ്നേച്ചർ ഷോട്ട്. ഒരു മനോഹരമായ സിക്സർ. ആ സിക്സോടെ ദാദാ 150 റൺസും പിന്നിട്ടു.

ഓരോ ഓവറിലും ദ്രാവിഡും ഗാംഗുലിയും കൂടി പള്ളിപ്പെരുന്നാള് കൊണ്ടാടുകയായിരുന്നു. നാല്പത്തിയാറാം ഓവറിലും അങ്ങനെ ചിലത് പ്രതീക്ഷിച്ച് ഇരിക്കുമ്പോഴാണ് ദ്രാവിഡ് നിർഭാഗ്യകരമായി റൺ ഔട്ടാകുന്നത്. `129 പന്തുകൾ നേരിട്ട് 17 ഫോറുകളും ഒരു മനോഹര സിക്‌സറും പറത്തി 145 റൺസ് നേടിയായിരുന്നു ആ മടക്കം. ആറ് റൺസിന്‌ ഒരുവിക്കറ്റെന്ന നിലയിൽ നിൽക്കുമ്പോൾ തുടങ്ങിയ രാഹുൽ ദ്രാവിഡ് സഖ്യം അതോടെ പിരിഞ്ഞു. സ്‌കോർ ബോർഡിൽ അപ്പോൾ ഉണ്ടായിരുന്നത് 324 റൺസ് ആയിരുന്നു. അതായത് 318 റൺസിന്റെ പാർട്ട്ണർഷിപ്പ്. അന്നോളമുള്ള ഏകദിന ക്രിക്കറ്റിന്റെ ചരിത്ര പുസ്തകത്തിൽ 300 ന് മുകളിൽ ഒരു പാർട്ടൺഷിപ്പും രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നില്ല. അങ്ങനെ ചരിത്രം തുന്നിച്ചേർത്താണ് ദ്രാവിഡ് നിരാശയോടെയാണെങ്കിലും കളമൊഴിഞ്ഞത്.

ദ്രാവിഡിന് പകരം ക്രീസിലേക്ക് സച്ചിനെത്തി. ആര് പോകുന്നു ആര് വരുന്നു എന്നൊന്നും ചിന്തിക്കാൻ ദാദക്ക് സമയമില്ലായിരുന്നു. ജയസൂര്യ എറിഞ്ഞ തൊട്ടടുത്ത ഓവറിൽ രണ്ട് ഗഡാഗഡിയൻ സിക്‌സറുകൾ. അതിലൊരെണ്ണം എങ്ങോട്ട് പോയെന്നോ എവിടെ ചെന്ന് വീണെന്നോ ഇന്നും അജ്ഞാതമാണ്. ജയസൂര്യയുടെ ആ ഓവറിലെ അഞ്ചാം പന്തിൽ സച്ചിന്റെ മിഡിൽ സ്റ്റമ്പ് ജയസൂര്യ തെറിപ്പിച്ചെങ്കിലും കാണികൾക്ക് അത്ര ദുഖമൊന്നും തോന്നിയില്ല. അന്ന് മാത്രമാവും സച്ചിന്റെ വിക്കറ്റ് ആരാധകരെ തളർത്തിയിടാതിരുന്നത്. ദാദ അത്രകണ്ട് കൊലവെറിയിൽ നിൽക്കുകയായിരുന്നു. ഏത് ഉഗ്രപ്രതാപിയും അന്ന് അയാൾക്കുമുന്നിൽ ഒന്നുമല്ലാതാകും.

വിക്രമസിംഗെ എറിഞ്ഞ അടുത്ത ഓവറിൽ ജഡേജയും റോബിൻ സിങ്ങും പുറത്ത്. അങ്ങനെ അവസാന ഓവറുകൾ നിരാശപ്പെടുത്തുന്നതായി മാറി. അമ്പതാം ഓവറിൽ അസ്ഹർ നേടിയ ഒരു സിക്സറായിരുന്നു ഏക ആശ്വാസം. ആ ഓവറിലെ അഞ്ചാമത്തെ ബോളിൽ സിക്സറിന് ശ്രമിച്ച ഗാംഗുലി ബൗണ്ടറി ലൈനിനരികെ ക്യാച്ച് വഴങ്ങിയാണ് പുറത്താകുന്നത്. ഇന്നിങ്സ് ഓപ്പൺ ചെയ്ത് അവസാന ഓവർ വരെ മൈതാനത്ത് പെരുന്നാൾ വിരുന്നൊരുക്കിയ ഗാംഗുലി നേടിയത് 183 റൺസുകളായിരുന്നു. 17 ബൗണ്ടറികളും 7 പടുകൂറ്റൻ സിക്സറുകളും. അമ്പത് ഓവർ എറിഞ്ഞ് തീരുമ്പോൾ ഇന്ത്യയുടെ സ്‌കോർ 373 റൺസ് ആയിരുന്നു.

ദ്രാവിഡിനൊപ്പം ചേർന്ന് ഏറ്റവും വലിയ പാര്ട്ട്ണർഷിപ്പും, ഏകദിനത്തിന്റെ തന്റെ ഏറ്റവും ഉയർന്ന സ്കോറും റെക്കോർഡ് പുസ്തകത്തിൽ എഴുതിച്ചേർത്താണ് ദാദാ കളം വിട്ടത്. ഒപ്പം നിർണായക മത്സരത്തിൽ ജയമുറപ്പിക്കാൻ കഴിയുന്നൊരു ടോട്ടൽ ടീമിന് സമ്മാനിക്കുകയും ചെയ്തു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയുടെ നട്ടെല്ലൊടിച്ചത് റോബിൻ സിംഗായിരുന്നു. എണ്ണം പറഞ്ഞ അഞ്ച് വിക്കറ്റുകൾ റോബിൻ സിംഗ് സ്വന്തമാക്കി. ശ്രീലങ്കയുടെ ചെറുത്ത് നിൽപ്പ് നാല്പത്തിമൂന്നാം ഓവർ ആകുമ്പോൾ 216 റൺസിന്‌ അവസാനിക്കുകയും ചെയ്തു. ഇന്ത്യക്ക് 157 റൺസിന്റെ സർവാധികാര ജയം. തൊട്ടടുത്ത മത്സരത്തിൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തുന്നതിലും പിന്നീട് സൂപ്പർ സിക്‌സിലേക്ക് പ്രവേശിക്കുന്നതിലുമൊക്കെ ആ ജയം നൽകിയ ആത്മവിശ്വാസം വലിയ പങ്കു വഹിച്ചിട്ടുണ്ട്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ജയങ്ങളിൽ ഒന്ന് തന്നെയാണ് ആ മത്സരം. അതും ലോകകപ്പിന്റെ വേദിയിൽ ആയിരുന്നു എന്നത് ആവേശകരമാണ്. നിർണായക മത്സരത്തിൽ, അതും ചാമിന്ദവാസും മുരളീധരനുമടങ്ങുന്ന വേൾഡ് ക്ലാസ് ബോളിങ് നിരക്കെതിരെ ഗാംഗുലിയും ദ്രാവിഡും ആദ്യം ചെറുത്ത് നിന്നും, പിന്നെ ആഞ്ഞടിച്ചും ഒടുവിൽ ആധിപത്യം നേടിയും രചിച്ചത് മഹാചരിതമാണ്. എന്നെന്നും ഓർത്തുവെയ്ക്കാനുള്ള വീരചരിതമാണ്.

Related Stories

No stories found.
logo
The Cue
www.thecue.in