രവീന്ദ്ര ജഡേജയും വിരമിക്കുന്നു; 'ക്യാപ്റ്റന്‍മാര്‍ക്ക്' പിന്നാലെ വിശ്വസ്തനും പടിയിറങ്ങുന്നു

രവീന്ദ്ര ജഡേജയും വിരമിക്കുന്നു; 'ക്യാപ്റ്റന്‍മാര്‍ക്ക്' പിന്നാലെ വിശ്വസ്തനും പടിയിറങ്ങുന്നു

ട്വന്റി 20 ലോകകപ്പ് വിജയത്തിനു തൊട്ടുപിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി എന്നിവര്‍ക്കു പിന്നാലെ റിട്ടയര്‍മെന്റ് പ്രഖ്യാപിച്ച് രവീന്ദ്ര ജഡേജയും. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ജഡേജ തീരുമാനം പ്രഖ്യാപിച്ചത്. ഹൃദയം നിറഞ്ഞ നന്ദിയോടെ ടി 20 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് താന്‍ വിടവാങ്ങുന്നതായി ജഡേജ കുറിച്ചു. രാജ്യത്തിനു വേണ്ടി ഏറ്റവും മികച്ച പ്രകടനം നല്‍കാന്‍ തനിക്കു കഴിഞ്ഞു. മറ്റു ഫോര്‍മാറ്റുകളില്‍ അത് തുടരും. തന്റെ ടി 20 കരിയറിന്റെ ഉച്ചകോടിയില്‍ ടി20 ലോകകപ്പ് വിജയമെന്നത് ഒരു സ്വപ്‌നത്തിന്റെ പൂര്‍ത്തീകരണമായിരുന്നുവെന്നും ജഡേജ പറയുന്നു.

2024 ലോകകപ്പില്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ താരത്തിന് കഴിഞ്ഞിരുന്നില്ല. ടെസ്റ്റിലും ഏകദിനത്തിലും തുടരുമെന്നാണ് താരം വ്യക്തമാക്കിയിരിക്കുന്നത്. ഇന്ത്യ കണ്ട മികച്ച ഫീല്‍ഡര്‍മാരിലൊരാളാണ് ജഡേജ. 2009ല്‍ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ ടി20യില്‍ അരങ്ങേറ്റം കുറിച്ച ജഡേജ 74 ടി20 മാച്ചുകള്‍ കളിച്ചു. 515 റണ്‍സെടുക്കുകയും 54 വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തു. 15 വര്‍ഷത്തോളമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സ്ഥിരം സാന്നിധ്യമാണ്. ലോകകപ്പ് വിജയത്തിനു ശേഷം റിട്ടയര്‍മെന്റ് പ്രഖ്യാപിച്ച കോഹ്ലിയും രോഹിത്തും മറ്റു രണ്ടു ഫോര്‍മാറ്റുകളിലും ഐപിഎലിലും തുടരും.

2007ല്‍ മഹേന്ദ്ര സിങ്ങിന്റെ ക്യാപ്റ്റന്‍സിയില്‍ ആദ്യ ടി 20 ലോകകപ്പ് നേടിയതിനു ശേഷം ഒരു ലോകകപ്പില്‍ ഇന്ത്യ മുത്തമിടുന്നത് ഇപ്പോഴാണ്. ഏഴു മാസം മുന്‍പ് ഏകദിന ലോകകപ്പില്‍ ഇന്ത്യ ഫൈനലിലെത്തിയെങ്കിലും ഓസീസിനോട് പരാജയപ്പെട്ടിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in