ഫ്ലവറല്ല, ഫയറാണ് നിതീഷ് കുമാർ റെഡ്‌ഡി

മെൽബൺ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ബോർഡർ ​ഗവാസ്കർ ട്രോഫിയിലെ നാലാം ടെസ്റ്റ് മാച്ച് കാണാൻ മൂന്നാം ദിനം ​ഗാലറിയിലുണ്ടായിരുന്നത് 78000 പേരാണ്. ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ വീറും വാശിയുമേറിയ പോരാട്ടത്തിൽ ആദ്യ രണ്ട് ദിനവും കളി ഓസ്ട്രേലിയക്കൊപ്പമായിരുന്നു. ആദ്യ ദിനം ബാറ്റുകൊണ്ടും രണ്ടാം ദിനം ബോളുകൊണ്ടും ഓസീസ് ഇന്ത്യയെ വരിഞ്ഞുമുറുക്കുമ്പോൾ ​ഗാലറിയും ഇന്ത്യക്കെതിരെയായിരുന്നു. കളിയിലുടനീളം വിരാട് കോഹ്ലി ​ഗാലറിയിൽ നിന്ന് നേരിട്ട കൂക്കിവിളികൾ അതിനുദാഹരണം. എന്നാൽ ​ഗാലറിയിൽ ഇന്ത്യൻ ആരാധകർക്കിടയിൽ ഒരാളുണ്ടായിരുന്നു. വിശാഖപട്ടണത്തെ ഹിന്ദുസ്ഥാൻ സിങ്കിൽ ജോലി ചെയ്തിരുന്ന മുത്യാല റെഡ‍്ഡി. ഹിന്ദുസ്ഥാൻ സിങ്കിൽ ജോലി ചെയ്തിരുന്നു എന്ന് പറയാൻ ഒരു കാരണമുണ്ട്. 2012ൽ കമ്പനി അയാൾക്ക് ട്രാൻസ്ഫർ നൽകി ഉദയ്പൂരിലേക്ക് പോകാൻ ആവശ്യപ്പെട്ടു. എന്നാൽ മകന്റെ ക്രിക്കറ്റ് പരിശീലനത്തിന് തടസമാകുമത് എന്ന് കണ്ട് അയാൾ ജോലി ഉപേക്ഷിച്ചിരുന്നു. ബന്ധുക്കളും കൂട്ടുകാരുമെല്ലാം ആ തീരുമാനത്തെ കളിയാക്കിയപ്പോഴും അയാൾ മകനൊപ്പം നിന്നു, അവന് ക്രിക്കറ്റ് പരിശീലനത്തിന് വേണ്ടതെല്ലാം ഒരുക്കി. മെൽബണിൽ മൂന്നാം ദിവസം കളി അവസാനിക്കുമ്പോൾ ഓസീസ് ഇതിഹാസം ആദം ​ഗിൽക്രിസ്റ്റ് അയാൾക്ക് നേരെ മെെക്കുമായി ചെന്നു, എന്ത് തോന്നുന്നു ഇപ്പോഴെന്ന് ചോദിക്കാനായിരുന്നു അത്. ഉള്ളിൽ കരഞ്ഞുകൊണ്ടും സന്തോഷം കൊണ്ടും അയാൾ പറഞ്ഞു. ഇതാണ് ജീവിതത്തിലെ ഏറ്റവും സന്തോഷരമായ നിമിഷം. അതെ മിനിറ്റുകൾക്ക് മുൻപ് അത് സംഭവിച്ചിരുന്നു. വെറും 21 വയസ്സ് മാത്രം പ്രായമുള്ള കരിയറിലെ നാലാം ടെസ്റ്റ് കളിക്കുന്ന അയാളുടെ മകൻ നിതീഷ് കുമാർ റെഡ്ഡി മെൽബണിലെ 780000 പേരെയും തന്റെ അച്ഛനെയും സാക്ഷിയാക്കി ആദ്യ സെഞ്ചുറി നേടിക്കഴിഞ്ഞിരുന്നു.

സീരീസിലെ ആദ്യ ടെസ്റ്റിൽ പെർത്തിൽ നിതീഷ് കുമാർ റെഡ്ഡിയായിരുന്നു ഇന്ത്യയുടെ ആദ്യ ഇന്നിം​ഗ്സിലെ ടോപ് സ്കോററ്‍. 42 റൺസായിരുന്നു അന്നയാൾ നേടിയത്. ജെയ്സ്വാളും, കോഹ്ലിയും, പന്തുമെല്ലാം വീണപ്പോൾ വാലറ്റത്തെ കൂട്ടുപിടിച്ചുകൊണ്ടായിരുന്നു അന്ന് ഏഴാമനായിറങ്ങിയ നിതീഷ് കുമാർ റെഡ്ഡി ശ്രമിച്ചത്. ഓസീസ് ബൗളർമാർ മറ്റുള്ളവരെ കുഴക്കിക്കൊണ്ടിരുന്നപ്പോൾ അരങ്ങേറ്റത്തിന്റെ പതർച്ചയില്ലാതെ ആ 21 വയസ്സുകാരന്‌‍ ഇന്ത്യക്ക് വേണ്ടി സ്കോർ ബോർഡ് ചലിപ്പിച്ചു. സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യാൻ ഒരാളെ കൂട്ടുകിട്ടിയുരുന്നെങ്കിൽ താൻ റൺസ് നേടിയേനെ എന്ന് തെളിയിച്ചുകൊണ്ടായിരുന്നു ആ ഇന്നിം​ഗ്സ്. എന്നാൽ അത് വെറും ഭാ​ഗ്യം കൊണ്ടാണ് എന്ന് ചിലരൊക്കെ സംശയിച്ചു പക്ഷേ രണ്ടാം ഇന്നിം​ഗ്സിൽ അവരെ വെറും നോക്കുകുത്തികളാക്കിക്കൊണ്ട് സിക്സറുകൾ പായിച്ചുകൊണ്ടാണ് നിതീഷ് വരവ് വിളിച്ചറിയിച്ചത്. നാലാം ടെസ്റ്റിൽ അയാൾ നിർണായക ഘട്ടത്തിൽ ക്രീസിലേക്കെത്തുമ്പോൾ രണ്ടാഴ്ച മാത്രം പ്രായമുള്ള ഈ ചരിത്രം കൊണ്ട് തന്നെ ഓസീസ് പടയ്ക്കും കമന്റേറ്റർമാർക്കും അറിയാമായിരുന്നു നിതീഷ് കുമാർ റെഡ്ഡി അപകടകാരിയാണെന്നും. അയാളിവിടെ റൺസ് അടിച്ചെടുക്കാൻ വേണ്ടി വന്നതാണെന്നും.

അനാവശ്യമായൊരു ഷോട്ട് കളിച്ച് റിഷബ് പന്ത് പുറത്താകുമ്പോൾ കമന്ററിയിൽ സുനിൽ ​ഗവാസ്കർ പന്തിനെ സ്റ്റുപിഡ് എന്ന് അലറി വിളിച്ചു പറയുമ്പോഴാണ് നിതീഷ് കുമാർ റെഡ്ഡി ക്രീസിലെത്തുന്നത്. ഇന്ത്യ ഫോളോ ഓൺ ഒഴിവാക്കുമോ എന്ന് പോലും സംശയിച്ചു നിൽക്കുന്ന സമയം. ബാറ്റർമാരായി ഇനി ബാക്കിയുള്ളത് ക്രീസിലുള്ള രവീന്ദ്ര ജ‍‍‍ഡേജയും വാഷിംങ്ടൺ സുന്ദറും മാത്രം. എന്നാൽ ആ ടെൻഷനില്ലാതെ ടീമിന് വേണ്ടി സ്ഥിരതയുള്ള ഒരിന്നിം​ഗ്സ് കളിക്കാൻ അയാൾക്ക് കഴിയുമോ എന്ന് സംശയിച്ച് നിൽക്കാതെ ആ ചെറുപ്പക്കാരൻ പതിയെ സ്കോർ ബോർഡ് മുന്നോട്ട് നീക്കി. പാറ്റ് കമ്മിൻസിനെയും നഥാൻ ലയോണിനെയും ബോളണ്ടിനെയും സ്റ്റാർക്കിനെയുമെല്ലാം അയാൾ അനായസമായി നേരിട്ടു, സിക്സറുകളടിക്കാൻ കൊതിക്കുന്ന അയാളെ ഒന്ന് സമ്മർദത്തിലാക്കാൻ വേണ്ടി ഓസീസ് പട ഫീൽഡൊരുക്കിയെങ്കിലും അതിലേക്ക് വീണ് പോകാതെ സൂക്ഷിച്ചും കണക്കുകൂട്ടിയുമായിരുന്നു ആ ഇന്നിം​ഗ്സ്. ഒത്തുകിട്ടിയപ്പോൾ ലയോണിനെതിരെ സുന്ദരമായൊരു സിക്സറും പറത്തി. ഇടയ്ക്ക് വെച്ച് ജ‍ഡേജ പുറത്തായെങ്കിലും ക്രീസിലേക്കെത്തിയ വാഷിങ്ടൺ സുന്ദറെ കൂട്ടുപിടിച്ച് ക്രീസിൽ തലങ്ങും വിലങ്ങുമോടിക്കൊണ്ട് ഓസീസ് ഫീൽഡേഴ്സിനെയും ബൗളേഴ്സിനും അവർ കുഴക്കി. മെൽബണിലെ ഔട്ട്ഫീൽഡ് സ്ലോ ആയതുകൊണ്ട് തന്നെ മൂന്ന് റൺസ് ഓടിയെടുക്കുന്നത് സാധാരണമാണ്. എന്നാൽ മൂന്നിനപ്പുറം നാലും ഓടിയെടുക്കുന്ന അവരെക്കണ്ട് കമന്റേറ്റർമാർ വിളിച്ച് പറഞ്ഞത് യങ് ബ്ലഡ്സ് എന്നായിരുന്നു. അതെ ചെറുപ്പത്തിന്റെ ചോരത്തിളപ്പുള്ള രണ്ട് പേർ തന്നെയായിരുന്നു അവർ.

അവസരോചിതമായ ഇന്നിം​ഗ്സ് എന്നാണ് നിതീഷ് കുമാർ റെഡ്ഡിയുടെ ആദ്യ സെഞ്ചുറിയെ വിശേഷിപ്പിക്കാനാവുക, ടീമിന് ഏറ്റവും വേണ്ടപ്പെട്ട സമയത്ത്, സമ്മർദത്തിൽ വീഴാതെയുള്ള ഇന്നിം​ഗ്സ്. തന്റെ കരിയറിലെ ആദ്യ അർധസെഞ്ചുറിക്ക് അടുത്ത് എത്തുമ്പോൾ അയാൾ അതിന് വേണ്ടി ധൃതി കാണിക്കുന്നുണ്ടായിരുന്നില്ല, അത് മനസിലാക്കിയ ​ഗവാസ്കർ കമന്ററിയിൽ പറഞ്ഞത്, ഇപ്പോൾ ആ ബാറ്റേഴ്സിന്റെ പ്ലാൻ 50 റൺസ് നേടുക എന്നായിരിക്കില്ല, മറിച്ച് പരമാവധി സമയം ബാറ്റ് ചെയ്യുക എന്നതായിരിക്കും. വ്യക്തി​ഗത റെക്കോർഡുകൾ അതിന് പിന്നാലെ വരും. കാരണം ടീമിനിപ്പോൾ ആവശ്യമതായിരുന്നു. മിനിറ്റുകൾക്ക് പിന്നാലെ അയാൾ ആദ്യ അർധ സെഞ്ചുറി നേടി, പുഷ്പ സ്റ്റൈലിൽ ബാറ്റു വെച്ച് താഴത്തില്ലെടാ എന്ന് പറഞ്ഞപ്പോൾ ​ഗവാസ്കർ പോലും ഓ പുഷ്പ എന്ന് പറഞ്ഞ് പൊട്ടിച്ചിരുച്ചു പോയതും, ഇത് വരാനിരിക്കുന്ന ഒരുപാട് അർധ സെഞ്ചുറികളുടെ തുടക്കമാണെന്ന് പറഞ്ഞതും ആ ഇന്നിം​ഗ്സിന്റെ ക്ലാസിക് സ്വഭാവം കൊണ്ടാണ്.

ഒരുപാട് സമ്മർദങ്ങൾ നിറ്ഞ്ഞതാണ് ടെസ്റ്റ് ക്രിക്കറ്റ്, അത് ക്ഷമയുടെ പോരാട്ടമാണ്, ഏത് നിമിഷവും മാറി മറിയാവുന്ന മത്സരമാണ്. ഫോളോ ഓൺ ഒഴിവാക്കി ഇന്ത്യ മുന്നോട്ട് പോകുമ്പോൾ എട്ടാം വിക്കറ്റിൽ നൂറ് റൺസ് കൂട്ടുകെട്ടുണ്ടാക്കുമെന്ന് ആരും പ്രതീക്ഷിച്ചുകാണില്ല. മത്സരത്തിൽ ഇന്ത്യയുടെ രണ്ടാമത്തെ നൂറ് റൺസ് കൂട്ടുകെട്ട് മാത്രമാണത്. ആദ്യത്തേതാകട്ടെ കോഹ്ലിയും ജെയ്സ്വാളും ചേർന്ന് മൂന്നാം വിക്കറ്റിലായിരുന്നു. യഥാർത്ഥത്തിൽ മത്സരം മാത്രമല്ല നിതീഷ് കുമാർ റെഡ്ഡിയും വാഷിങ്ടൺ സുന്ദറും ചേർന്ന് തിരിച്ചുപിടിച്ചത്. ​ഗാലറിയിലെ ഇന്ത്യൻ ആരാധകരുടെ ആത്മവിശ്വാസത്തെയും ഒരുപിടി സന്തോഷത്തെയും കൂടിയായിരുന്നു. എന്നാൽ അനായാസമായിട്ടെന്ന പോലെ ആ ചെറുപ്പക്കാരന്റെ ആദ്യ സെഞ്ചുറി പിറക്കുമെന്ന് പ്രേക്ഷകർ കൊതിച്ചപ്പോൾ വീണ്ടും കളിയിൽ ട്വിസ്റ്റ്. വാഷിങ്ടൺ സുന്ദർ നതാൻ ലയോണിന്റെ പന്തിൽ പുറത്താക്കുന്നു. സെഞ്ചുറി വറും മൂന്ന് റൺസ് അപ്പുറത്താണ്. പക്ഷേ ക്രീസിൽ കൂട്ടുനിൽക്കാൻ ഒരാളുണ്ടാകണ്ടേ. ഒൻപതാമനായി ഇറങ്ങിയ ബുമ്ര മറുതലക്കൽ നിൽക്കേ അയാൾക്ക് സിം​ഗിളുകളെക്കുറിച്ച് ആലോചിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. സിം​ഗിൾ അയാളെ 98ലെത്തിച്ചേക്കും പക്ഷേ പിടിച്ചുനിൽക്കാൻ ബുംറയ്ക്ക് കഴിഞ്ഞില്ലെങ്കിൽ ഇന്ത്യൻ ഇന്നിം​ഗ്സ് അവസാനിച്ചേക്കാം. ആദ്യ മത്സരത്തിൽ പെർത്തിൽ അതേ അവസ്ഥയിലായിരുന്നു അയാൾ, ബൗണ്ടറിയിലൂടെ റൺസ് നേടി അവസാന പന്തിൽ സിം​ഗിളെടുക്കുന്ന രീതി. എന്നാൽ കഴിഞ്ഞ മത്സരത്തിൽ അവസാനവിക്കറ്റിൽ പിടിച്ചു നിന്ന ബുംറയിൽ പ്രതീക്ഷ അർപ്പിച്ച് ഒരു ഡബിൾ നേടി അയാൾ 99ലേക്ക് . എന്നാൽ അടുത്ത ഓവർ പിടിച്ചുനിൽക്കാൻ ബുംറയ്ക്ക് കഴിഞ്ഞില്ല. പാറ്റ് കമ്മിൻസിന്റെ മൂന്നാം പന്തിൽ സ്ലിപ്പിൽ കാച്ച് നൽകി ബുംറ മടങ്ങുമ്പോൾ അയാൾ സ്വയം ശപിച്ചിട്ടുണ്ടാകും. താൻ കാരണം ആ ചെറുപ്പക്കാരന്റെ ആദ്യ സെഞ്ചുറി നഷ്ടപ്പെടുമോ എന്നാലോചിച്ച്.

അവസാന ബാറ്ററായി മുഹമ്മദ് സിറാജ് ക്രീസിൽ ഓവറിൽ ബാക്കി 3 പന്തുകൾ, ആദ്യത്തേത് ബാറ്റിൽ തൊട്ടില്ലെന്ന നിലയിൽ അലക്സ് കാരിയുടെ കയ്യിലേക്ക്, കാണികൾക്ക് ഒരു ആശ്വാസം, രണ്ടാം പന്ത് ബൗൺസൽ സിറാജ് ഒഴിഞ്ഞുമാറി, അവസാനപന്ത് പാഡിന് നേരെ വന്നെങ്കിലും അനായാസമെന്ന പോലെ സിറാജ് ഡിഫന്റ് ചെയ്തിട്ടു. റൺസ് ഒന്നും പിറക്കാത്ത ആ ഡോട്ട് ബോളിൽ കാണികൾ ആർപ്പ് വിളിച്ചു. ഓവർ പൂർത്തിയാക്കി തിരിഞ്ഞു നടക്കുന്ന പാറ്റ് കമിൻസിന്റെ മുഖത്ത് ചെറുചിരിയുണ്ടായിരുന്നു. സൺറെെസേഴ്സിൽ നിതീഷ് കുമാറിന്റെ കാപ്റ്റനായ കമ്മിൻസും ഒരുപക്ഷേ വിചാരിച്ചിട്ടുണ്ടാകാം നിതീഷ് സെഞ്ചുറി അർഹിക്കുന്നുവെന്ന്. അടുത്ത ഓവറിൽ സ്കോട്ട് ബോളണ്ടിനെ മിഡോണിലേക്ക് പറത്തി ആ അർഹിച്ച സെഞ്ചുറി അയാൾ നേടി. ഓസീസ് മണ്ണിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെയാളായിരുന്നു അയാൾ, ഒന്നാമൻ സച്ചിൻ ടെൻഡുൽക്കറും , രണ്ടാമൻ ഋഷഭ് പന്ത് , മൂന്നാമൻ 21 വയസ്സും 214 ദിവസവും പ്രായമുള്ള വിശാഖപട്ടണം സ്വദേശി മുത്യാല റെഡ്ഡിയുടെ മകൻ നിതീഷ് കുമാർ റെഡ്ഡി.

കാമറക്കണ്ണുകൾ തേടുമ്പോൾ ​ഗാലറിയിൽ മുത്യാല റെഡ്ഡി സന്തോഷം കൊണ്ട് ആർപ്പുവിളിക്കുന്നുണ്ടായിരുന്നു. അയാൾ പറഞ്ഞ പോലെ അത്രമേൽ സന്തോഷമുള്ളതൊന്നും അയാളുടെ ലൈഫിൽ അതുവരെ ഉണ്ടായിട്ടില്ലായിരുന്നു. ക്രിക്കറ്റ് അത്ര സീരിയസായിട്ടൊന്നുമല്ല താൻ കണ്ടിരുന്നതെന്നും എന്നാൽ അച്ഛൻ തനിക്ക് വേണ്ടി കഷ്ടപ്പെടുന്നത് കണ്ട്, പണമില്ലാതെ സങ്കടപ്പെടുന്നത് കണ്ട് പിന്നീട് സീരിയസാകുകയായിരുന്നു അയാൾ ചെയ്തത്. തന്റെ ആദ്യ ജേഴ്സി അയാൾ അച്ഛന് കെെമാറിയിരുന്നു. ഓസ്ട്രേലിയയിലേക്ക് ടെസ്റ്റ് കളിക്കാൻ പോകുന്നു എന്ന് പറഞ്ഞപ്പോൾ മുത്യാല റെഡ്ഡി അത് വിശ്വസിക്കാതെ ഒരുനിമിഷം ഇരുന്നുപോയിരുന്നു. അതുകൊണ്ടൊക്കെ തന്നെയായിരിക്കും , അത് അറിയാവുന്നതുകൊണ്ടൊക്കെ തന്നെയായിരുക്കും ആ സെഞ്ചുറി ഇന്ത്യൻ ടീമിനെയും ഉയർത്തെഴുന്നേൽപ്പിക്കുന്നത്. ജയം ഒരുപാട് അകലെയാണെങ്കിലും ഈ മത്സരം തിരിച്ചുപിടിക്കാനാകുമെന്ന ഒരു പ്രതീക്ഷ കളിക്കാർക്കും അവർക്ക് വേണ്ടി അഞ്ച് മണിക്ക് അലാറം വെച്ച് എഴുന്നേറ്റ് കാത്തിരിക്കുന്ന ഇന്ത്യൻ ആരാധകർക്കും ഉണ്ടാക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in