മിസ്റ്റർ 360 സൂര്യകുമാർ യാദവ്; പന്തുകളെ മാനം മുട്ടിക്കുന്ന ആരാധകരുടെ സ്കൈ

പരമ്പരാഗത രീതികളെയും സാങ്കേതികത്വമെന്ന വരച്ച വരയെയും തുടച്ചുമാറ്റി തന്റേതായ ഒരു ശൈലി രൂപപ്പെടുത്തുക. ടെക്സ്റ്റുബുക്കുകളെ നോക്കുകുത്തിയാക്കി പന്തുകളെ അനായാസേന അതിർത്തിക്കപ്പുറത്തേക്ക് പറത്തിവിടുക. ഗ്രൗണ്ടിന്റെ ഏത് ഭാഗത്തേക്കും ഷോട്ടുതിർക്കുന്ന 'മിസ്റ്റർ 360' എന്ന സൂര്യകുമാർ യാദവ്, കണ്ടുശീലിച്ച പലതിൽ നിന്നും പലരിൽ നിന്നും തീർത്തും വ്യത്യസ്തനാണ്.

മുപ്പതാമത്തെ വയസ്സിൽ മാത്രം ഇന്ത്യൻ ടീമിലെത്തി കേവലം രണ്ടുകൊല്ലം കൊണ്ട് ലോക ടി 20 ബാറ്റർമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് കയറിയിരുന്ന ഇന്ത്യയുടെ ഇടിവെട്ട് ബാറ്റർ ഇന്ന് ഏതൊരു ലോകോത്തര ബോളറുടെയും പേടിസ്വപ്നം കൂടിയാണ്. സൂര്യകുമാർ യാദവ് എന്ന പേരിനെ ചുരുക്കി സ്‌കൈ എന്ന് ആരാധകർ വിളിക്കുമ്പോൾ അയാളുതിർക്കുന്ന മാനം മുട്ടുന്ന ഷോട്ടുകൾ കൂടി അതിൽ ലീനമായിരിക്കുന്നുണ്ട്.

സൂര്യകുമാറിനെ പോലുള്ളവർ നൂറ്റാണ്ടിൽ ഒരിക്കൽ മാത്രം പ്രത്യക്ഷപ്പെടുന്ന അത്ഭുതമാണെന്ന് പറഞ്ഞത് കപിൽ ദേവാണ്. അയാൾ ഏതോ അന്യഗ്രഹത്തിൽ നിന്ന് വന്നെതെന്നാണ് പാകിസ്ഥാൻ ഇതിഹാസം വസീം അക്രം പറഞ്ഞത്. എനിക്ക് വ്യത്യസ്തനാവണം എന്ന് പറഞ്ഞുറപ്പിച്ച് ഇറങ്ങിയ സ്‌കൈ ഇന്ന് ഇന്ത്യൻ സ്വപ്നങ്ങളുടെ ചിറകായി മാറിയിരിക്കുന്നു.

ഇന്ത്യൻ ടീമിലേക്ക് വൈകി ലഭിച്ച പ്രവേശനത്തിന് സ്‌കൈ മറുപടി കൊടുത്തത് നേരിട്ട ആദ്യ ബോൾ തന്നെ സിക്സറിന് പറത്തിയാണ്. വരാനിരിക്കുന്ന കാലം സമ്മർദ്ദരഹിതനായ ഒരു കളിക്കാരന്റെ താണ്ഡവത്തിന് സാക്ഷിയാകുമെന്ന് ആ സിക്സർ ഉറപ്പിക്കുന്നുണ്ടായിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് അവിസ്മരണീയമായ ഒരു പിടി ഇന്നിംഗ്സുകളുടെ സൂര്യശോഭയിൽ അയാൾ തിളങ്ങുമ്പോൾ വ്യക്തിഗതനേട്ടങ്ങൾ ഒരിക്കൽ പോലും തന്നെ ഭ്രമിപ്പിച്ചിട്ടില്ലെന്ന് അടിവരയിട്ട് പറയുന്നുമുണ്ട്. ആ 32 കാരന്റെ ബലത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ഇന്ന് നിവർന്ന് നിൽക്കുകയാണ്. അതൊരുപക്ഷേ അവഗണകളുടെ ആദ്യകാലത്തിന്റെ മധുരപ്രതികാരം കൂടിയാകുന്നുണ്ട്.

സ്‌കൈയുടെ ഓർത്തിരിക്കുന്ന ഇന്നിംഗ്സ് ഏതാണെന്ന് ചോദിച്ചാൽ അതൊരു തോറ്റ കളിയിൽ നേടിയ സെഞ്ചുറി പ്രകടനമാണെന്നായിരിക്കും ഭൂരിപക്ഷം പേരും അഭിപ്രായപ്പെടുക. 2022 ജൂലായ് 10, ഇംഗ്ലണ്ടിലെ നോട്ടിങ്ഹാം മൈതാനം. ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ മൂന്നാം ടി 20 മത്സരം അരങ്ങേറുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഡേവിഡ് മലാനിന്റെ 77 റൺസിന്റെയും ലിയാം ലിവിങ്സ്റ്റണിന്റെ 42 റൺസിന്റെയും തകർപ്പൻ ഇന്നിഗ്സുകളുടെ പിൻബലത്തിൽ 215 എന്ന പടുകൂറ്റൻ സ്‌കോർ കെട്ടിപ്പൊക്കി ഇന്ത്യയെ വെല്ലുവിളിച്ചു.

രോഹിത് ശർമയും കോഹ്ലിയും ഋഷഭ് പന്തും ഒക്കെയുള്ള ഇന്ത്യയുടെ നീലപ്പടക്ക് കയ്യെത്തിപ്പിടിക്കാനാവാത്ത സ്‌കോറൊന്നുമല്ലായിരുന്നു അത്. എന്നാൽ മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യക്ക് ആദ്യമേ കാലിടറി. സ്‌കോർബോർഡിൽ 2 റൺസ് മാത്രമുള്ളപ്പോൾ ഋഷഭ് പന്ത് ഔട്ട്. 11 റൺസ് എടുത്ത് വിരാട് കോഹ്ലി പുറത്താകുമ്പോൾ സ്‌കോർബോർഡിൽ ഇന്ത്യ രണ്ടക്കം കടന്നതേ ഉണ്ടായിരുന്നുള്ളു. പ്രതീക്ഷ മുഴുവൻ ഹിറ്റ് മാൻ രോഹിത് ശർമയിലേക്കായി. എന്നാൽ കോഹ്ലി നേടിയ അതേ 11 റൺസ് എടുത്ത് രോഹിത്തും മടങ്ങിയതോടെ ഇന്ത്യൻ പ്രതീക്ഷകൾ അസ്തമിച്ചു. രോഹിത് മടങ്ങുമ്പോൾ ടോട്ടൽ സ്‌കോർ വെറും 31 റൺസ്.

മൂന്ന് മുൻനിര ബാറ്റർമാർ പാഡഴിച്ച് കഴിഞ്ഞു. നാണം കെട്ട തോൽവിയിലേക്കെന്ന് ഉറപ്പിച്ചിരിക്കുമ്പോഴാണ് ഇന്ത്യൻ ചക്രവാളത്തിൽ ഉദിച്ചുയർന്ന സൂര്യൻ, ഇന്ത്യയുടെ സ്വന്തം സൂര്യകുമാർ യാദവ് ക്രീസിൽ എത്തിയത്. അതിസമ്മർദത്തിൽ അടിപ്പെട്ട് ഷോട്ടുതിർക്കാൻ ആരും ഭയപ്പെടുന്ന സമയത്ത് അയാൾ ഒരു സങ്കോചവുമില്ലാതെ വീശിയടിച്ചു. സിക്‌സറുകളും ഫോറുകളും കൊണ്ട് മൈതാനത്തിന്റെ മുക്കും മൂലയും നിറഞ്ഞു. ആരാധകർക്ക് ശ്വാസം നേരെ വീണത് അപ്പോഴായിരുന്നു. തകർത്തടിക്കുന്ന സൂര്യക്ക് സർവപിന്തുണയും നൽകി ശ്രേയസ്സ് അയ്യർ പാറ പോലെ ഉറച്ച് നിൽക്കുകയും ചെയ്തതോടെ പരാജയഭീതിയിൽ നിന്ന് കരകയറുകയും ജയിക്കുമെന്ന തോന്നലിലേക്ക് ആരാധകരെത്തുകയും ചെയ്തു.

10 ഓവറുകളിലധികം നീണ്ട ആ പാർട്ട്ണർഷിപ്പ് 16ആമത്തെ ഓവറിൽ ശ്രേയസ് അയ്യരുടെ പുറത്താകലോടെ അവസാനിക്കുമ്പോൾ സ്‌കോർ ബോർഡ് 150ന് 4 എന്ന നിലയിലേക്ക് ഉയർന്നിരുന്നു. 5 ഓവറിൽ നിന്ന് 65 റൺസ് മാത്രം മതിയായിരുന്നു ഇന്ത്യക്ക് ചരിത്ര വിജയം കുറിക്കാൻ. പക്ഷെ പിന്നീട് വന്ന ദിനേശ് കാർത്തിക്കും രവീന്ദ്ര ജഡേജയും പൊടുന്നനെ പുറത്തായപ്പോൾ കളിയുടെ ഗതി പാടേ മാറി. നാണം കെട്ട തോൽവിയിൽ നിന്നും കരകയറ്റി ജയത്തിന്റെ വക്കോളമെത്തിച്ച സൂര്യ കുമാർ യാദവ് 55 ബോളിൽ നിന്ന് 117 റൺസ് എടുത്ത് പുറത്തായപ്പോൾ തോൽവിയിലും ആ പോരാട്ടവീര്യം ഓജസ്സോടെ ആളിനിന്നു. 14 ഫോറും 6 സിക്സും അടങ്ങിയ ആ ഇന്നിങ്‌സിന് ഒരൊറ്റയാൾ പട്ടാളത്തിന്റെ സർവ പ്രൗഡിയുമുണ്ടായിരുന്നു.

2010-11 രഞ്ജി സീസണിലാണ് സൂര്യകുമാർ ആദ്യ ഫസ്റ്റ് ക്ലാസ്സ് മത്സരത്തിനിറങ്ങുന്നത്. അരങ്ങേറ്റ മത്സരത്തിൽ മുംബൈക്കായി 73 റൺസ് ആണ് അന്ന് സ്‌കൈ അടിച്ച് എടുത്തത്. ആ സീസണിലെ 9 മത്സരങ്ങളിൽ നിന്ന് 754 റൺസും സ്വന്തമാക്കി. മൂന്നാമത്തെ കളിയിൽ ഒറീസ്സക്കെതിരെ നേടിയ ഒരു ഡബിൾ സെഞ്ചുറിയും തൊട്ടടുത്ത മത്സരത്തിൽ നേടിയ ഒരു സെഞ്ചുറിയും ആ റൺ വേട്ടയിൽ ഉൾപ്പെടും. ആ സീസണിലെ ദുലീപ് ട്രോഫിയിലും സ്‌കൈ സെഞ്ചുറിപ്രകടനം ആവർത്തിച്ചു. അതോടെയാണ് ഐപിഎല്ലിലേക്കുള്ള എൻട്രി. മുംബൈ ഇന്ത്യൻസിലേക്ക്. എന്നാൽ മുംബൈ ഇന്ത്യൻസിൽ വളരെ കുറച്ച് മത്സരങ്ങളിൽ മാത്രമാണ് സ്‌കൈ കളത്തിലിറങ്ങിയത്.

തുടർന്ന് 2014 സീസൺ തൊട്ട് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിലേക്ക് കൂടുമാറിയ സ്‌കൈ നാല് സീസണുകളിൽ അവിടെ തുടർന്നു. കൊൽക്കത്തക്ക് വേണ്ടി 54 മത്സരങ്ങളിൽ ഇറങ്ങിയ സ്‌കൈ 608 റൺസും സമ്പാദിച്ചു. അക്കാലയളവിൽ കൊൽക്കത്ത, ഐപിഎൽ കിരീടവും നേടുന്നുണ്ട്. വ്യത്യസ്തനായിരിക്കാനുള്ള തന്റെ ആഗ്രഹത്തിനൊത്ത് പുത്തൻ ഷോട്ടുകൾ മൈതാനത്ത് ആവിഷ്‌ക്കരിച്ച സ്‌കൈ തകർത്തടിച്ചതോടെ ഐപിഎൽ ഏഴാം സീസണിൽ മുഴുവൻ മത്സരങ്ങളിലും കൊൽക്കത്തക്കായി ക്രീസിലിറങ്ങി. കൊൽക്കത്തയിലെ നാല് സീസണുകൾക്ക് ശേഷം വീണ്ടും മുംബൈയിലേക്ക്. 2018 സീസണിൽ സ്ഥിരതയാർന്ന പ്രകടനത്തോടെ നേടിയ 512 റൺസ് സ്‌കൈയെ മുംബൈ ഇന്ത്യൻസിന്റെ ഏറ്റവും മികച്ച റൺവേട്ടക്കാരനാക്കി മാറുന്നുണ്ട്.

ഏകദിന കരിയറിൽ ഇതുവരെ 16 മത്സരങ്ങളിൽ നിന്ന് 100.52 സ്ട്രൈക്ക് റേറ്റോടെ 384 റൺസാണ് സൂര്യകുമാറിന്റെ സമ്പാദ്യം. ഇതിൽ രണ്ട് അർദ്ധസെഞ്ചുറികൾ ഉൾപ്പെടും. അന്താരാഷ്ട്ര ടി 20 മത്സരങ്ങളുടെ കണക്കെടുത്താൽ 45 മത്സരങ്ങളിലെ 43 ഇന്നിങ്‌സുകളിൽ നിന്ന് 180.34 സ്‌ട്രൈക് റേറ്റോടെ 1578 റൺസ് വാരിക്കൂട്ടിയത് കാണാൻ കഴിയും. ഇതിൽ നിർണായകമായ 3 സെഞ്ചുറികളും 13 അർദ്ധസെഞ്ചുറികളുമുണ്ട്. ഐപിഎല്ലിലെ സ്റ്റാറ്റസ് പരിശോധിച്ചാൽ 123 മത്സരങ്ങളിലെ 108 ഇന്നിങ്‌സുകളിൽ നിന്ന് 2644 റൺസാണ് സ്‌കോർ ചെയ്തത്. സ്‌ട്രൈക് റേറ്റ് 136.78 ഉം. ഇതിൽ 20 ഇന്നിങ്‌സുകളിലും സൂര്യ നോട്ടൗട്ട് കൂടിയാണ്. ഐപിഎല്ലിൽ ഇതുവരെ 16 അർദ്ധസെഞ്ച്വറികളും സ്‌കൈ നേടിയിട്ടുണ്ട്.

2010 മുതൽ ഫസ്റ്റ് ക്ലാസ്സിലും 2013 മുതൽ ഐപിഎല്ലിലും കളിച്ചിട്ടും മികച്ച പ്രകടനങ്ങൾ പലകുറി പുറത്തെടുത്തിട്ടും ഇന്ത്യൻ ടീമിലേക്ക് ഒരു വിളി വരാൻ സ്‌കൈക്ക് 2021 വരെ കാത്തിരിക്കേണ്ടി വന്നു എന്നതാണ് ഖേദകരം. മുപ്പതാമത്തെ വയസ്സിൽ നീലക്കുപ്പായമണിഞ്ഞ സ്‌കൈ ഇന്നീ മുപ്പത്തിരണ്ടാം വയസ്സിലും ടി 20 എന്ന ക്രിക്കറ്റിന്റെ മികച്ച ബാറ്ററുടെ പട്ടികയിൽ തന്നെക്കാൾ കേമൻ മറ്റാരുമില്ലെന്ന് ഉറപ്പിച്ച് മുന്നേറുകയാണ്.

അപ്രതീക്ഷിത ഷോട്ടുകൾ കൊണ്ട് ഏത് പന്തും അതിർത്തിക്കപ്പുറത്തേക്ക് പായിക്കുന്ന, തന്ററെ ട്രേഡ്മാർക്കായ സ്‌കൂപ്പ് ഷോട്ട് കൊണ്ട് ഫൈൻ ലെഗ്ഗുകളെ അമ്പരപ്പിക്കുന്ന, വ്യക്തിഗതനേട്ടങ്ങളോ സമ്മർദങ്ങളോ പരിഗണനാ വിഷയമേ അല്ലാത്ത, അടിക്കുക അടിക്കുക വീണ്ടുമടിക്കുക എന്ന ഒരൊറ്റ നയരേഖയും കൊണ്ട് കളത്തിലിറങ്ങുന്ന അത്ഭുത പ്രതിഭാസമാണ് സൂര്യകുമാർ യാദവ് എന്ന ആരാധകരുടെ പ്രിയപ്പെട്ട സ്‌കൈ.

Related Stories

No stories found.
logo
The Cue
www.thecue.in