ഇനിപോയൊരു പിസ കഴിക്കണം, ഈ ദിവസത്തിന് വേണ്ടിയായിരുന്നു കാത്തിരുന്നത്; ചരിത്ര നേട്ടത്തിന് പിന്നാലെ മീരാബായ് ചാനു

ഇനിപോയൊരു പിസ കഴിക്കണം, ഈ ദിവസത്തിന് വേണ്ടിയായിരുന്നു കാത്തിരുന്നത്; ചരിത്ര നേട്ടത്തിന് പിന്നാലെ മീരാബായ് ചാനു

ടോക്കിയോ ഒളിമ്പിക്‌സില്‍ ഭാരോദ്വഹനത്തില്‍ മെഡല്‍ നേട്ടം കൈവരിച്ചതിന്റെ സന്തോഷം പങ്കുവെച്ച് മീരാബായ് ചാനു. വിജയിച്ചതില്‍ വലിയ സന്തോഷമുണ്ട്, അഭിമാന നേട്ടം തന്നെയാണിത്. ഇനി പോയൊരു പിസ കഴിക്കണം, ഒരുപാട് നാളായി പിസ കഴിച്ചിട്ട്. വിജയത്തിന് പിന്നാലെ എന്‍.ഡി.ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ മീരബായ് ചാനു പറഞ്ഞു.

''ഇനിപോയൊരു പിസ കഴിക്കണം. പിസ കഴിച്ചിട്ട് കുറേ നാളായി. ഈ ദിവസത്തിന് വേണ്ടിയായിരുന്നു കാത്തിരുന്നത്. വീട്ടിലാരും ഒന്നും കഴിച്ചിട്ടില്ലായിരുന്നു. എനിക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു,'' മീരാബായ് പറഞ്ഞു. ഇഷ്ടമുള്ള ഭക്ഷണങ്ങളെല്ലാം മാറ്റിവെച്ച് കഠിനമായ പരീശീലനത്തിലായിരുന്നു മീരാബായ് ചാനു ഇതുവരെ. പുരസ്‌കാരം രാജ്യത്തിന് സമര്‍പ്പിക്കുന്നുവെന്നാണ് മീരാബായ് ചാനു മെഡല്‍ നേട്ടത്തിന് പിന്നാലെ പറഞ്ഞത്.

വനിതകളുടെ 49 കിലോ ഭാരോദ്വഹനത്തിലാണ് മീരാബായ് ചാനു വെള്ളി നേടിയത്. ടോക്കിയോ ഒളിമ്പിക്സിലെ ഇന്ത്യയുടെ ആദ്യ മെഡല്‍ നേട്ടമാണിത്. ഒളിമ്പിക്സ് ചരിത്രത്തില്‍ ഭാരോദ്വഹനത്തില്‍ മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് ചനു. കര്‍ണം മല്ലേശ്വരിക്കാണ് ഇതിന് മുന്‍പ് മെഡല്‍ ലഭിച്ചത്. 21 വര്‍ഷത്തിന് ശേഷമാണ് ഈ ഇനത്തില്‍ ഇന്ത്യയ്ക്ക് മെഡല്‍ നേട്ടം ലഭിക്കുന്നത്.

ഭാരോദ്വഹന വേദിയില്‍ നിന്ന് നല്ല വാര്‍ത്ത പ്രതീക്ഷിക്കുന്നുണ്ടെന്ന് നേരത്തെ ഒളിമ്പിക്സ് മെഡല്‍ ജേതാവ് കര്‍ണം മല്ലേശ്വരി നേരത്തെ പറഞ്ഞിരുന്നു.ഈ വിഭാഗത്തില്‍ ചൈനയുടെ ഷിഹൂയി ഹൗ ഒളിമ്പിക് റെക്കോഡോടെ സ്വര്‍ണം നേടി. ആകെ 210 കിലോയാണ് ഷിഹൂയി ഉയര്‍ത്തിയത്. 202 കിലോയാണ് മീരാഭായി ഉയര്‍ത്തിയത്. ഇന്തോനേഷ്യയുടെ ഐസ വിന്‍ഡി വെങ്കല മെഡല്‍ സ്വന്തമാക്കി.

കഴിഞ്ഞ റിയോ ഒളിമ്പിക്സില്‍ കണ്ണീരോടെ മടങ്ങിയ അതേ മീരാഭായ് ചാനുവാണ് ഇന്ന് ടോക്കിയോ ഒളിമ്പിക്സില്‍ ഇന്ത്യക്ക് അഭിമാനമായി ഭാരോദ്വഹനത്തില്‍ വെള്ളിമെഡലോടെ തലയുയര്‍ത്തിനില്‍ക്കുന്നത്.

നിശ്ചയദാര്‍ഢ്യത്തിന്റെയും കഠിനാദ്ധ്വാനത്തിന്റെയും ഫലമാണ് ടോക്കിയോയിലെ വെള്ളിമെഡലായി ഇന്ന് ലോകത്തിന് മുന്നില്‍ തിളങ്ങുന്നത്.

മണിപ്പൂരിലെ നൊങ്പൊക് കാക്ചിങ് എന്ന ഗ്രാമത്തില്‍, 1994 ഓഗസ്റ് 8 നാണ് മീരാബായ് ചാനു ജനിച്ചത്. കുടുംബത്തിലെ ആറാമത്തെ കുട്ടിയായിരുന്നു മീരാബായ് ചാനു.

ഒരിക്കല്‍ കാട്ടില്‍ വിറക് ശേഖരിക്കാന്‍ പോയപ്പോള്‍ തന്റെ ജേഷ്ഠനെക്കാള്‍ കൂടുതല്‍ വിറക് മീരാഭായ് ചുമക്കുന്നത് കണ്ടാണ് വീട്ടുകാര്‍ അവളുടെ കഴിവ് മനസ്സിലാക്കിയതും, അഭിനന്ദിച്ച് തുടങ്ങിയതും. ഒരുപക്ഷേ ആ ആഭിനന്ദനമായിക്കാം തനിക്ക് ലഭിച്ച ആദ്യ പ്രോത്സാഹനമെന്ന് ഒരു അഭിമുഖത്തില്‍ മീരാബായ് പറയുന്നുണ്ട്.

തന്റെയത്ര വിറകുകള്‍ ആരും ആ ഗ്രാമത്തില്‍ ചുമന്നിരുന്നില്ലെന്നും, ഗ്രാമത്തിലുള്ളവരൊക്കെ അന്ന് തന്നെ അത്ഭുതത്തോടെ നോക്കുമായിരുന്നെന്നും മീരബായ് ചാനു പറഞ്ഞിരുന്നു. അവിടെനിന്നായിരുന്നു മീരാഭായ് ചാനുവിന്റെ തുടക്കവും.

ഒളിമ്പിക്സ് മെഡലിന് മുന്‍പത്തെ പല മത്സരങ്ങളിലും മീരബായ് തന്റെ കഴിവുതെളിയിച്ചിട്ടുണ്ട്. 2012 ലെ ഏഷ്യന്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം, 2013 ലേ ദേശീയ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം, 2014 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി തുടങ്ങിയയാണവ. റിയോ ഒളിമ്പിക്‌സില്‍ തനിക്ക് ലഭിച്ച 6 ചാന്‍സുകളില്‍ 5 ലും ചാനു പരാജയപ്പെടുകയായിരുന്നു.

87 കിലോയിലൂടെയും ക്ളീന്‍ ആന്‍ഡ് ജെര്‍ക്കിലെ 115 കിലോയിലൂടെയും മീരാബായ് ചാനു ഉയര്‍ത്തിപ്പിടിച്ചത് രാജ്യത്തിന്റെ അഭിമാനമാണ്.

Related Stories

No stories found.
logo
The Cue
www.thecue.in