മികച്ച ഫുട്ബോളർ മെസ്സിയോ റൊണാൾഡോയോ; ആരാധകർക്കിടയിൽ പോര് മുറുകുമ്പോൾ

പതിറ്റാണ്ടുകളോളം ഫുട്‌ബോൾ ലോകം ചർച്ച ചെയ്തത് പെലെയാണോ മറഡോണയാണോ മികച്ചത് എന്നായിരുന്നു. വിദഗ്ദരും ആരാധകരും ഇരുഭാഗങ്ങളിൽ നിന്ന് വാദങ്ങളുയർത്തി. എന്നാൽ രണ്ടാളും കേമന്മാരാണെന്ന ഭൂരിപക്ഷാഭിപ്രായം തന്നെയാണ് മുന്നിട്ട് നിന്നത്. ഇന്നും ഫുട്‌ബോൾ ലോകത്ത് അതേ തർക്കം നടക്കുകയാണ്. പക്ഷെ ഇരുവശങ്ങളിൽ പെലെയും മറഡോണയുമില്ല, പകരം മെസ്സിയും റോണാൾഡോയുമാണ്.

ഖത്തർ ലോകകപ്പിന് ശേഷം മെസ്സി കിരീടമുയർത്തുകയും റൊണാൾഡോ വെറും കയ്യോടെ മടങ്ങുകയും ചെയ്തതോടെയാണ് ഒരു കൂട്ടം ആരാധകർ മികച്ച താരം മെസ്സിയാണെന്ന വാദമുന്നയിക്കുന്നത്. ലോകകിരീടം നേടിയില്ലെങ്കിലും എങ്ങുമെത്താതിരുന്ന ഒരു ടീമിനെ പൊരുതാൻ പാകത്തിലെത്തിക്കുകയും യൂറോ കപ്പ് അടക്കം നേടിക്കൊടുക്കുകയും ചെയ്ത റൊണാൾഡോ തന്നെയാണ് മെസ്സിയേക്കൾ കേമനെന്ന് മറുപക്ഷവും വാദിക്കുന്നു. ലോകകപ്പിനു മുമ്പും ഈ തർക്കങ്ങൾ നിലവിലുണ്ടായിരുന്നെങ്കിലും ഒരാൾ ലോകകപ്പ് വിജയിയായതോടെ തർക്കം മുറുകി.

മാഞ്ചസ്റ്റർ വിട്ട റൊണാൾഡോ സൗദി ക്ലബ്ബുമായി ഫുട്‌ബോൾ ചരിത്രത്തിലെ റെക്കോർഡ് തുകക്ക് കരാറിലെത്തിയത് റൊണാൾഡോ ആരാധകരുടെ വാദങ്ങളുടെ മുനയുടെ മൂർച്ച കൂട്ടി. 37-ാം വയസ്സിലും ലോകത്തെ മികച്ച താരം റൊണാൾഡോ തന്നെയാണെന്ന് ഉറപ്പായെന്നാണ് ആരാധകരുടെ വാദം. ജനുവരി പത്തൊമ്പതിന് റൊണാൾഡോയുടെ അൽ-നസർ ക്ലബ്ബും മെസ്സിയുടെ പാരിസ് സൈന്റ് ജെർമ്മൻ ക്ലബ്ബും തമ്മിൽ സൗഹൃദ മത്സരം നടക്കാൻ പോകുന്നെന്ന വാർത്ത കൂടി വന്നതോടെ തർക്കം മുറുകുകയാണ്.

മെസ്സിയും റൊണാൾഡോയും അവരവരുടേതായ നിലയിൽ മികച്ച താരങ്ങളാണെന്ന കാര്യത്തിൽ ഒരു തർക്കവുമില്ല. പെലെയും മറഡോണയുമെന്ന പോലെ ഇരുവരും തമ്മിൽ ഒരു താരതമ്യവും സാദ്ധ്യവുമല്ല. 17 വർഷത്തിലേറെ കളിക്കളത്തിൽ നിറഞ്ഞാടി ആസ്വാദകസിരകളെ ഉന്മത്തരാക്കിയ ഇരുതാരങ്ങളും അവരുടെ കരിയറിന്റെ അവസാന സമയങ്ങളിലേക്ക് കൂടി കടക്കുകയാണ്. ആ മനോജ്ഞമായ കരിയറിലൂടെ ഒന്ന് കണ്ണോടിച്ചാൽ ആ കണക്കുകൾ ഇപ്രകാരമായിരിക്കും.

റൊണാൾഡോ 2003ലാണ് തന്റെ അന്താരാഷ്ട്ര കരിയർ ആരംഭിച്ചതെങ്കിൽ റൊണാൾഡോയെക്കാൾ രണ്ടു വയസ്സ് ചെറുപ്പമായ മെസ്സി 2005ൽ അർജന്റീനക്കായി കളത്തിലിറങ്ങി. ഖത്തർ ലോകകപ്പിന് മുമ്പ് റൊണാൾഡോ 191 അന്താരാഷ്ട്ര മത്സരങ്ങൾക്കാണ് ബൂട്ടണിഞ്ഞത്. മെസ്സിയാകട്ടെ 164 മത്സരങ്ങൾക്കും. ഈ മത്സരങ്ങളിൽ നിന്ന് റൊണാൾഡോ 117 ഗോളുകൾ നേടിയപ്പോൾ റൊണാൾഡോയേക്കാൾ 30 മത്സരങ്ങൾ കുറവ് കളിച്ച മെസ്സിക്ക് 90 ഗോളുകളാണ് നേടാനായത്.

അസിസ്റ്റുകളുടെ കണക്കെടുക്കുമ്പോൾ മെസ്സിയാണ് മുന്നിൽ. 49 അസിസ്റ്റുകൾ മെസ്സി ചെയ്തപ്പോൾ റൊണാൾഡോ 33 എണ്ണത്തിൽ ഒതുങ്ങി. ഹാട്രിക്കുകളുടെ എണ്ണമെടുത്താൽ റൊണാൾഡോ പിന്നെയും മുകളിലെത്തും. 10 എണ്ണമാണത്. മെസ്സി എട്ടും. റൊണാൾഡോയുടെ തോളിലേറി പോർച്ചുഗൽ 2016ൽ യൂറോ കപ്പ് സ്വന്തമാക്കിയെങ്കിൽ മെസ്സിയുടെ മികവിൽ അർജന്റീന 2021ൽ കോപ്പ കപ്പും നേടി.

ലോകകപ്പിലെ പ്രകടനം നോക്കുകയാണെങ്കിൽ ക്വാർട്ടറിൽ വീണ പോർച്ചുഗലിന്റെ ഖത്തർ ലോകകപ്പ് മാറ്റി നിർത്തിയാലും റൊണാൾഡോയെക്കാൾ കൂടുതൽ മത്സരങ്ങൾക്ക് മെസ്സി ബൂട്ടണിഞ്ഞിട്ടുണ്ട്. ഗോൾവേട്ടയുടെ കാര്യമെടുത്താൽ ഖത്തർ ലോകകപ്പിന് മുമ്പ് റൊണാൾഡോക്ക് മെസ്സിയെക്കാൾ ഒരു ഗോളിന്റെ ലീഡുണ്ടായിരുന്നു. എന്നാൽ ഖത്തറിൽ ആ കണക്കുകളെ പഴങ്കഥകളാക്കിയ മെസ്സി 5 ഗോളുകളുടെ ലീഡ് സ്വന്തം പേരിൽ കുറിച്ചിട്ടു. അതായത് റൊണാൾഡോ നാല് ലോകകപ്പുകളിൽ നിന്ന് നേടിയ 7 ഗോളുകൾ മെസ്സി ഈ ഒരൊറ്റ ലോക്കപ്പിൽ നിന്ന് മാത്രം സ്വന്തമാക്കി എന്നർത്ഥം. ലോകകപ്പിലും അസിസ്റ്റുകളുടെ എണ്ണത്തിൽ മെസ്സി തന്നെയാണ് മുന്നിൽ.

ക്ലബ് മത്സരങ്ങൾ എടുത്താൽ മെസ്സിയെക്കാൾ നൂറോളം കളികളിൽ മൈതാനത്ത് ഇറങ്ങിയ റൊണാൾഡോ ആണ് ഗോൾവേട്ടയിൽ മുന്നിൽ നിൽക്കുന്നത്. 701 ഗോളുകളാണത്. മെസ്സി 695 ഗോളുകളും. എന്നാൽ ഗെയിം പെർ ഗോൾ ശരാശരി നോക്കിയാൽ മെസ്സി മുന്നിലെത്തും. ക്ലബ്ബിലും അസിസ്റ്റുകളുടെ എണ്ണത്തിൽ മെസ്സി തന്നെയാണ് താരം. റൊണാൾഡോ 201 ഗോളുകൾക്ക് അസ്സിസ്റ്റ് ചെയ്തപ്പോൾ മെസ്സി 297 അസിസ്റ്റുകൾ പൂർത്തിയാക്കി.

എന്നാൽ ഹാട്രിക്കുകളുടെ കാര്യം പരിശോധിച്ചാൽ റൊണാൾഡോ പിന്നെയും മുന്നിലെത്തും. 50 ഹാട്രിക്കുകൾ റൊണാൾഡോയുടെ പേരിലുണ്ട്. തൊട്ടുപുറകിലായി 48 ഹാട്രിക്കോടെ മെസ്സി നിലയുറപ്പിക്കുന്നതും കാണാം. ബാലൺ ഡിയോർ പുരസ്‌കാരത്തിന്റെ എണ്ണത്തിൽ മെസ്സി 7-ും റൊണാൾഡോ 5-ുമാണ്. ഇങ്ങനെയൊക്കെയാണ് കണക്കുകൾ.

ഈ കണക്കുകളിലൂടെ കണ്ണോടിച്ചാൽ ചിലയിടത്ത് മെസ്സിയും ചിലയിടത്ത് റൊണാൾഡോയും മുന്നിട്ട് നിൽക്കുന്നത് കാണാം. ആരാധകർക്ക് ഇരുപക്ഷങ്ങളായി അണിനിരന്ന് അവരുടേതായ വാദങ്ങളുയർത്താൻ തക്ക സ്റ്റാറ്റസുകളാണ് ഇരുതാരങ്ങളും ഈ കാലത്തിനുളളിൽ പടുത്തുയർത്തിയിരിക്കുന്നത്. ആര് മികച്ച് നിൽക്കുന്നു എന്നത് അവരവരുടെ കണക്കുകൾ പറയുമായിരിക്കും. എന്നാൽ നിങ്ങൾ എതിർപക്ഷത്ത് നിർത്തിയിരിക്കുന്ന ആൾ അത്ര മോശമല്ലെന്ന തിരിച്ചറിവാണ് ഇരുപക്ഷങ്ങളിലെ ആരാധകർക്കും വേണ്ടത്. ആത്യന്തികമായി വിജയിക്കുന്നത് കാൽപന്തെന്ന മനോഹര ​ഗെയിമാകും. അതുതന്നെയാണ് വിജയിക്കേണ്ടതും.

Related Stories

No stories found.
logo
The Cue
www.thecue.in