തോറ്റെന്ന ഘട്ടങ്ങളിൽ രക്ഷകനാകുന്ന അ​ഗാർക്കർ

തോറ്റെന്ന ഘട്ടങ്ങളിൽ രക്ഷകനാകുന്ന അ​ഗാർക്കർ

ഇന്ത്യൻ ആരാധകരാൽ നിറഞ്ഞ ഷാർജ ക്രിക്കറ്റ് സ്റ്റേഡിയം ആ കളിയുടെ അന്ത്യത്തിലേക്ക്‌ അടുത്തപ്പോൾ അക്ഷരം പ്രതി മുൾമുനയിൽ നിൽക്കുകയായിരുന്നു. ജയിക്കാനിനിയും മൂന്ന് ഓവറിൽ 29 റൺസ് വേണം. സച്ചിനും ഗാംഗുലിയും അസ്ഹറും ജഡേജയും മോംഗിയയുമൊക്കെ കൂടാരം അണഞ്ഞിരിക്കുന്നു. ഒരറ്റത്ത് റോബിൻ സിങ്ങുണ്ട്. ആരാധകരുടെ ഏക ആശ്വാസം. മറ്റേ അറ്റത്ത് ഒരു പുതുമുഖ ബൗളറും. നിർഭാഗ്യത്തിന് നാലാപത്തിയെട്ടാം ഓവർ നേരിടാൻ പോകുന്നത് ആ ബൗളറായിരുന്നു. ടൂർണമെന്റിലെ ആദ്യ മത്സരം തന്നെ കൈവിട്ടുപോയെന്ന് ഏതാണ്ടൊക്കെ ഉറപ്പിച്ച സമയങ്ങൾ. ഓവറിലെ ആദ്യ പന്ത്. സിംഗിൾ എടുത്തിരുന്നെങ്കിൽ റോബിൻ സിങ് സ്‌ട്രൈക്കർ എൻഡിൽ എത്തുമായിരുന്നു എന്ന് ചിന്തിച്ചിരുന്ന കാണികളുടെ കണ്ണ് ആകാശത്തേക്ക് പായിച്ച് ഒരു പടുകൂറ്റൻ സിക്സർ. ആർത്തലക്കുന്ന ആരാധകരുടെ ശബ്ദവും അതിനിടയിലൂടെ ടോണി ഗ്രെഗിന്റെ കമന്ററിയും, ആവേശം എവറസ്റ്റ് കീഴടക്കി. തൊട്ടടുത്ത നാല് പന്തുകളിൽ തുടർച്ചയായി ഡബിൾസും നേടിയപ്പോൾ ആ പുതുമുഖ ബൗളറെ അത്ഭുതം പ്രവർത്തിക്കുന്ന ഒരു ദിവ്യനെ പോലെ ആരാധകർ നോക്കി. തൊട്ടടുത്ത ഓവറിൽ അരവിന്ദ ഡിസിൽവയെ വീണ്ടുമൊരു സിക്സറിന് പരത്തി ആ ബൗളർ ഇന്ത്യക്ക് കൈവിട്ടുപോകാവുന്ന ജയം കയ്യെത്തും ദൂരത്തെത്തിച്ചു. അവസാന ഓവറിൽ രണ്ട്‌ റണ്ണുകൾ മാത്രം മതിയായിരുന്നു. സനത് ജയസൂര്യയുടെ ആ അവസാന ഓവറിലെ ആദ്യ പന്തിൽ ഒരു ബൗണ്ടറിയും കൂടി നേടി ഇന്ത്യയെ ജയിപ്പിച്ച് അയാൾ അമിതാഹ്ലാദം ഒട്ടുമില്ലാതെ അമ്പയറിനു കയ്യും കൊടുത്ത് പവലിയനിലേക്ക് തിരിച്ച് നടന്നു. ആ പുതുമുഖ ബൗളറുടെ പേര് അന്ന് ഇന്ത്യക്കാർ ഹൃദയത്തിനകത്ത് പച്ചകുത്തി വെച്ചു, അജിത്ത് അഗാർക്കർ.

ഇന്ത്യക്ക് വീണ്ടുമൊരു കപിൽദേവിനെ കിട്ടി എന്ന അശരീരി അന്തരീക്ഷത്തിൽ അലയടിച്ച കാലമായിരുന്നു പിന്നീട്. പന്തുകൊണ്ടും ബാറ്റുകൊണ്ടും അഗാർക്കർ അതുഭുതപ്പെടുത്തിയ കാലം. 1998 ൽ ടെസ്റ്റിലും ഏകദിനത്തിലും അരങ്ങേറ്റം കുറിച്ച അഗാർക്കർ വേഗത്തിൽ അമ്പത് വിക്കറ്റുകൾ സ്വന്തമാക്കി റെക്കോർഡിട്ടത് സാക്ഷാൽ കപിലിനെ പോലും പിന്തള്ളിക്കൊണ്ടായിരുന്നു. വെറും 23 മത്സരങ്ങളിൽ നിന്നാണ് അഗാർക്കർ അമ്പത് വിക്കറ്റുകൾ സ്വന്തമാക്കിയത്. അത് ഇന്നും ഒരു റെക്കോർഡാണ്. പേരുകേട്ട ഒരു ഇന്ത്യൻ ബൗളറും ഇന്നോളമത് മറികടന്നിട്ടില്ല. ലോകത്തിൽ തന്നെ വേഗത്തിൽ ആദ്യ 50 വിക്കറ്റ് സ്വന്തമാക്കുന്നവരിൽ മൂന്നാം സ്ഥാനത്തും അഗാർക്കറുണ്ട്.

വേഗത്തിൽ അമ്പത് വിക്കറ്റുകൾ കൊയ്ത ബോളർ മാത്രമല്ല, വേഗത്തിൽ അമ്പത് റൺസ് സ്‌കോർ ചെയ്ത ഇന്ത്യൻ ബാറ്ററുടെ റെക്കോർഡും അഗാർക്കറുടെ പേരിലാണ്. സിംബാബ്‌വെക്കെതിരെ 21 പന്തുകളിലായിരുന്നു ആ റെക്കോർഡ് പിറന്നത്. 1983 ൽ കപിൽ ദേവ് നേടിയ 22 പന്തിലെ ഹാഫ് സെഞ്ച്വറിയെയാണ് പതിനേഴ് വർഷങ്ങൾക്ക് ശേഷം അഗാർക്കർ രണ്ടായിരത്തിൽ പഴങ്കഥയാക്കിയത്. അതോടെ അഗാർക്കർ സമം കപിൽ ദേവ് എന്ന സിദ്ധാന്തത്തിന് വീര്യം കൂടുകയും ചെയ്‌തു. അന്ന് സിംബാബ്‌വെക്കെതിരെ ഏഴ് ഫോറും 4 സിക്‌സറും പറപ്പിച്ച് 25 പന്തിൽ 67 റൺസ് എടുത്ത് അഗാർക്കർ പുറത്താകാതെ നിൽക്കുകയാണുണ്ടായത്. അവസാന ഓവറുകളിലായിരുന്നു ആ വെടിക്കെട്ട്. ഇന്ത്യയുടെ സ്‌കോർ 300 കടത്താനും ആ ഇന്നിങ്‌സിനായി. മൂന്ന് വിക്കറ്റുകൾ കൂടി സ്വന്തമാക്കി അന്നാ കളിയിലെ താരമായും അഗാർക്കർ മാറി.

2002 നവമ്പറിലെ വെസ്റ്റ് ഇൻഡീസിന്റെ ഇന്ത്യൻ പര്യടനത്തിന്റെ ആദ്യ ഏകദിനത്തിലും ആരാധകർക്ക് അഗാർക്കറിന്റെ ബാറ്റിങ് വിരുന്ന് ഉണ്ടായിരുന്നു. ഓപ്പണറായ സെവാഗ് പുറത്തായപ്പോൾ ക്യാപ്റ്റൻ ഗാംഗുലി അഗാർക്കറിനെ വൺ ഡൗൺ ആയി ഇറക്കി. സച്ചിനില്ലാത്ത ആ ഏകദിനത്തിൽ ക്യാപ്റ്റന്റെ പ്രതീക്ഷക്കൊത്ത് അഗാർക്കർ ബാറ്റുവീശി. 11 ഫോറുകളും രണ്ട്‌ സിക്സറുകളുമടക്കം 95 റൺസാണ് അഗാർക്കർ അന്ന് അടിച്ചുകൂട്ടിയത്. അർഹിച്ച സെഞ്ച്വറി അഞ്ച് റണ്ണുകൾക്കകലെ നഷ്ടപ്പെട്ടതിനെ കുറിച്ച് ഓർത്ത് അഗാർക്കർ ഇന്നും ഒരുപക്ഷെ ദുഖിക്കുന്നുണ്ടാകും. പലരെയും പോലെ ആ സമയങ്ങളിൽ മുട്ടിക്കളിച്ച് സിംഗിൾ എടുത്ത് നിന്നിരുന്നെങ്കിൽ ഏകദിനത്തിലെ സെഞ്ച്വറികളുടെ എണ്ണം രേഖപ്പെടുത്തുന്ന കോളത്തിൽ പൂജ്യം സെഞ്ച്വറികൾ എന്ന് അയാൾക്ക് കാണേണ്ടി വരില്ലായിരുന്നു.

ആ ടൂർണമെന്റ് കഴിഞ്ഞ് തൊട്ടടുത്ത മാസം ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ ആദ്യ ടെസ്റ്റിൽ, ഏകദിനത്തിൽ കൈമോശം വന്ന സെഞ്ചുറി അഗാർക്കർ ടെസ്റ്റിലൂടെ സ്വന്തമാക്കി. ഏറെ നിർണായകമായ സമയത്തായിരുന്നു അന്ന് അഗാർക്കറിന്റെ ആ സെഞ്ച്വറി പിറന്നത്. എട്ടാമനായി ഇറങ്ങി ലക്ഷ്മണിനൊപ്പവും പിന്നീട് കുംബ്ലെയ്ക്കൊപ്പവും നെഹ്രക്കൊപ്പവുമൊക്കെ നിന്ന് അഗാർക്കർ ഇന്ത്യയെ രക്ഷിച്ചെടുക്കാൻ ശ്രമിച്ചു. എല്ലാവരും പരാജയപ്പെട്ടപ്പോൾ ഇന്ത്യ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടു. 109 റൺസുകൾ സ്‌കോർ ചെയ്ത് ക്രിക്കറ്റിന്റെ മെക്കയായ ലോർഡ്‌സിൽ അഗാർക്കർ മാത്രം ഔട്ടാകാതെ അജയ്യനായി നിന്നു.

രണ്ടായിരത്തിമൂന്നിലെ ഇന്ത്യയുടെ ഓസ്‌ട്രേലിയൻ പര്യടനത്തിലെ രണ്ടാം ടെസ്റ്റ് അഗാർക്കറിന്റെ ബോളിങ് മികവ് കൊണ്ട് മാത്രമാണ് ഇന്ത്യക്ക് മറികടക്കാനായത്. ആദ്യ ഇന്നിഗ്‌സിൽ സൈമൺ കാറ്റിച്ചിനേയും ആദം ഗിൽക്രിസ്റ്റിനെയും സെവാഗിന്റെ കയ്യിലെത്തിച്ച് 390 ന് 4 എന്ന നിലയിൽ നിന്ന ഓസ്‌ട്രേലിയയെ 426 ന് ആറ് എന്ന നിലയിലേക്ക് എത്തിച്ച അഗാർക്കർ രണ്ടാം ഇന്നിങ്സിൽ കൂടുതൽ ശക്തിയോടെ സംഹാര താണ്ഡവമാടി. ആറ് വിക്കറ്റുകളാണ്‌ ആ ഇന്നിങ്സിൽ അഗാർക്കർ കൊയ്തുകൂട്ടിയത്. ഓസ്‌ട്രേലിയൻ ഇന്നിങ്സിന്റെ പതനത്തിന്റെ തുടക്കവും ഒടുക്കവും അന്ന് അഗാർക്കർ തന്നെ കുറിച്ചപ്പോൾ റെക്കോർഡ് പുസ്തകങ്ങളിൽ കുറിക്കപ്പെട്ടത് ഓസ്‌ട്രേലിയയുടെ മണ്ണിൽ ഇരുപത് വർഷങ്ങൾക്ക് ശേഷമുള്ള ഇന്ത്യൻ ടെസ്റ്റ് വിജയം എന്നായിരുന്നു.

ഇന്ത്യക്കായി ഏകദിനത്തിൽ കൂടുതൽ വിക്കറ്റ് വീഴ്ത്തിയവരുടെ പട്ടികയിൽ അനിൽ കുംബ്ലെയ്ക്കും ജവഗൽ ശ്രീനാഥിനും പിറകിൽ മൂന്നാമതായി അഗാർക്കാറുണ്ട്. പത്ത് വർഷത്തോളം നീണ്ട അഗാർക്കറുടെ ഇന്റർനാഷണൽ കരിയർ പക്ഷെ എപ്പോഴും ഇങ്ങനെ തിളക്കമുള്ളതൊന്നുമായിരുന്നില്ല. പലപ്പോഴും ടീമിൽ നിന്ന് പുറത്ത് പോകേണ്ടി വന്നിട്ടുണ്ട്. മോശം ഫോമും പരിക്കുകളും പലപ്പോഴുമാ കരിയറിനെ ഉലച്ചുകളഞ്ഞിട്ടുണ്ട്. അപ്പോഴൊക്കെ അയാളെ ടീമിൽ നിന്ന് പുറത്താക്കാനുള്ള ആക്രോശങ്ങൾ അന്തരീക്ഷത്തിൽ മുഴങ്ങി. അയാളുടെ രക്തം ഊറ്റിയെടുത്ത് നിറച്ച തൂലികകൾ കൊണ്ട് വിമർശകർ ഉപന്യാസങ്ങൾ എഴുതി. അതുവായിച്ചവരൊക്കെ അഗാർക്കറിനെ കല്ലെറിഞ്ഞു.

ഒന്നിനോടും അയാൾ ഒരിക്കൽ പോലും ക്ഷോഭിച്ചില്ല. ഓസ്‌ട്രേലിയക്കെതിരെ തുടർച്ചയായി ഡക്കുകൾ വഴങ്ങി നാണം കെട്ട സമയത്ത്, പിന്നീട് ഒരു റൺസ് എടുത്ത് ആ നാണക്കേടിന്റെ റെക്കോർഡിന് ഫുൾസ്റ്റോപ്പ് ഇട്ടപ്പോൾ ബാറ്റുയർത്തി ഓസ്‌ട്രേലിയൻ കാണികളെ അഭിവാദ്യം ചെയ്ത് ചിരിച്ച അഗാർക്കറിന് പരിഹാസങ്ങളോട് എങ്ങനെ മറുപടി കൊടുക്കണമെന്ന് കൃത്യമായി അറിയാമായിരുന്നു.

പത്ത് വർഷത്തെ കരിയറിൽ വെറും 26 ടെസ്റ്റ് മത്സരങ്ങൾ മാത്രമാണ് അഗാർക്കർ കളിച്ചിട്ടുള്ളത്. ഏകദിനങ്ങളുടെ എണ്ണം 191 ഉം. ഇത്രയും കളികളിൽ നിന്ന്‌ ഒരു ഓൾറൗണ്ടർ എന്ന് ആർക്കും കണ്ണും പൂട്ടി പറയാവുന്ന പ്രകടനങ്ങൾ അഗാർക്കറിലൂടെ നമ്മൾ കണ്ടിട്ടുണ്ട്. അവയിൽ ചിലതൊക്കെ റെക്കോർഡുകളുമായി. വേഗത്തിൽ നേടിയ അമ്പത് വിക്കറ്റും അതിലും വേഗത്തിൽ നേടിയ അമ്പത് റൺസും ആ റെക്കോർഡുകളുടെ ഇടയിൽ തലയെടുപ്പോടെ നിൽക്കും. എത്ര തള്ളിക്കളഞ്ഞാലും ക്രിക്കറ്റിന്റെ റെക്കോർഡ് പുസ്തകങ്ങളിൽ, ബൗളറുടെതായാലും ബാറ്ററുടേതായാലും റെക്കോർഡുകളുടെ പട്ടികയിൽ അയാളുടെ പേര് വായിക്കാതെ നിങ്ങൾക്ക് കടന്നുപോകാനാകില്ല. ഇന്ത്യയുടെ വാലറ്റം ചീട്ടുകൊട്ടാരം പോലെ വീണുപോകുമെന്ന എതിരാളികൾ കണക്കുകൂട്ടിയിരുന്ന കാലത്ത് നെഞ്ചുവിരിച്ച് നിന്ന് അതിനെ ചോദ്യം ചെയ്ത പോരാളിയുടെ പേര് കൂടിയാണ് അജിത് അഗാർക്കർ

Related Stories

No stories found.
logo
The Cue
www.thecue.in