സിംബാബ്‌വെയ്ക്ക് എതിരെ കൂറ്റന്‍ വിജയം; നാണക്കേടിന് പകരംവീട്ടി ടീം ഇന്ത്യ

സിംബാബ്‌വെയ്ക്ക് എതിരെ കൂറ്റന്‍ വിജയം; നാണക്കേടിന് പകരംവീട്ടി ടീം ഇന്ത്യ

ട്വന്റി 20 പരമ്പരയിലെ ആദ്യമത്സരത്തില്‍ പരാജയപ്പെടുത്തിയ സിംബാബ്‌വെയെ രണ്ടാം മാച്ചില്‍ കൂറ്റന്‍ സ്‌കോറിന് പരാജയപ്പെടുത്തി ഇന്ത്യയുടെ പ്രതികാരം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ 234 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ആതിഥേയരെ 18.4 ഓവറില്‍ 134 റണ്‍സിന് ഓള്‍ഔട്ടാക്കിക്കൊണ്ടായിരുന്നു ഇന്ത്യ പകരംവീട്ടിയത്. ശനിയാഴ്ച നടന്ന ആദ്യ മാച്ചില്‍ സിംബാബ്‌വെ ഉയര്‍ത്തിയ 116 റണ്‍സ് എന്ന വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന ഇന്ത്യ 19.4 ഓവറില്‍ 102 റണ്‍സിന് വീണിരുന്നു. ട്വന്റി 20 ലോകകപ്പ് വിജയം നേടിയ ടീം ഇന്ത്യ അതിനു ശേഷം കളിച്ച ആദ്യ രാജ്യാന്തര മത്സരത്തില്‍ ദയനീയമായി പരാജയപ്പെടുകയായിരുന്നു. ഞായറാഴ്ച നടന്ന രണ്ടാം മത്സരത്തില്‍ ടോസ് നേടി ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയും ആദ്യദിവസം പരാജയപ്പെട്ട ബാറ്റര്‍മാരെല്ലാവരും നിറഞ്ഞാടുകയുമായിരുന്നു.

47 ബോളില്‍ നിന്ന് സെഞ്ചുറി നേടിയ അഭിഷേക് ശര്‍മയാണ് ഇന്ത്യയുടെ സ്‌കോര്‍ ഉയര്‍ത്തിയത്. എട്ട് സിക്‌സും ഏഴ് ഫോറുമടക്കം 100 റണ്‍സാണ് അഭിഷേത് ശര്‍മ നേടിയത്. ഋതുരാജ് ഗെയ്ക്കവാദ് 47 പന്തില്‍ നിന്ന് 77 റണ്‍സ് നേടി പുറത്താകാതെ നിന്നു. ഒരു സിക്‌സും പതിനൊന്ന് ഫോറും ഗെയ്ക്ക്‌വാദിന്റെ ബാറ്റില്‍ നിന്നുതിര്‍ന്നു. റിങ്കു സിങ്ങ് ഗെയ്ക്ക് വാദിന് മികച്ച പിന്തുണ നല്‍കി. 22 ബോളില്‍ നിന്ന് അഞ്ച് സിക്‌സും രണ്ട് ഫോറുമടക്കം 48 റണ്‍സാണ് റിങ്കു സിങ്ങിന്റെ സംഭാവന. അവസാന പത്ത് ഓവറില്‍ 160 റണ്‍സെടുത്ത ഇന്ത്യ ട്വന്റി 20യിലെ അവസാന പത്തോവറില്‍ നേടുന്ന വലിയ സ്‌കോര്‍ എന്ന റെക്കോഡും കുറിച്ചു. 2007ല്‍ കെനിയയ്‌ക്കെതിരെ കുറിച്ച 159 റണ്‍സ് എന്ന ടോപ് സ്‌കോറാണ് പഴങ്കഥയായത്.

രോഹിത് ശര്‍മയുടെ ഒരു കലന്‍ഡര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് നേടിയതിന്റെ റെക്കോഡ് 50-ാമത്തെ സിക്‌സ് കുറിച്ചു കൊണ്ട് അഭിഷേക് ശര്‍മ തകര്‍ക്കുകയും ചെയ്തു.

Related Stories

No stories found.
logo
The Cue
www.thecue.in