‘ഇന്ത്യ ജയിച്ചു, അഫ്ഗാന്‍ ഹൃദയങ്ങള്‍ നേടി’; തള്ളുകളെ നാണിപ്പിച്ച് നീലപ്പടയെ വിറപ്പിച്ച അഫ്ഗാന്‍ ടീമിന് പ്രശംസ  

‘ഇന്ത്യ ജയിച്ചു, അഫ്ഗാന്‍ ഹൃദയങ്ങള്‍ നേടി’; തള്ളുകളെ നാണിപ്പിച്ച് നീലപ്പടയെ വിറപ്പിച്ച അഫ്ഗാന്‍ ടീമിന് പ്രശംസ  

ഇന്ത്യ നാനൂറ് കടക്കുമോ?, കോഹ്ലി സെഞ്ചുറിയടിക്കുമെന്ന് ഉറപ്പ്, ലോകകപ്പില്‍ പുതിയ റണ്‍ റെക്കോഡ് പിറന്നേക്കും എന്നൊക്കയാണ് ഇന്ത്യ-അഫ്ഗാന്‍ മത്സരത്തിന് മുമ്പ് മാധ്യമങ്ങളിലടക്കം ചര്‍ച്ചയായിരുന്നത്. ജയിച്ചെങ്കിലും നീലപ്പടയ്ക്ക് ഉഗ്രന്‍ ഷോക് ട്രീന്റ്‌മെന്റാണ് അഫ്ഗാന്‍ ടീം നല്‍കിയത്. എല്ലാ മുന്‍വിധികളേയും വെല്ലുവിളിച്ച് കിരീടസാധ്യത കല്‍പിക്കപ്പെടുന്ന ടീമിനോട് അവസാന ഓവര്‍ വരെ പൊരുതിയ ഗുല്‍ബദീന്‍ നയീബിനേയും സംഘത്തേയും പ്രശംസിക്കുകയാണ് ക്രിക്കറ്റ് ലോകം.

കൂറ്റന്‍ സ്‌കോര്‍ പ്രതീക്ഷിച്ചിറങ്ങിയ ഇന്ത്യയെ എട്ട് വിക്കറ്റ് വീഴ്ത്തി 224 റണ്‍സില്‍ അഫ്ഗാന്‍ തളയ്ക്കുകയായിരുന്നു. കോഹ്‌ലിയുടേയും കേദാര്‍ യാദവിന്റേയും അര്‍ധസെഞ്ചുറികളും ബൂംറ വിക്കറ്റുകളും മുഹമ്മദ് ഷമിയുടെ അവസാന ഓവര്‍ പ്രകടനവുമാണ് നീലപ്പടയെ രക്ഷിച്ചത്.   

സ്പിന്നര്‍മാരെ നന്നായി കൈകാര്യം ചെയ്തിരുന്ന ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് ഇന്നലെ അടിപതറി. മുജീബ് റഹ്മാന്റെ മനോഹരബോളില്‍ രോഹിത് ശര്‍മ പുറത്തായി. ഇന്ത്യ 2019 ലോകകപ്പില്‍ ആദ്യമായി സ്പിന്‍ ബോളിങ്ങില്‍ വിക്കറ്റ് നഷ്ടമാക്കുന്നത്ഇതോടെയാണ്. ഇന്ത്യയെ സ്‌കോര്‍ ചെയ്യാന്‍ അനുവദിക്കാതെ 152 പന്തുകള്‍ അഫ്ഗാന്‍ കടത്തിവിട്ടു. മൊഹമ്മദ് നബിയും ഗുല്‍ബാദിന് നായിബും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.

മത്സരം ജയിച്ചത് ഇന്ത്യയാണെങ്കില്‍ അഫ്ഗാനിസ്ഥാന്‍ നേടിയത് ഹൃദയങ്ങളാണെന്ന് ട്വിറ്ററാറ്റികള്‍ പറയുന്നു. ഫിനിഷിങ് ലൈന്‍ വരെ ഇന്ത്യയെ മുള്‍മുനയില്‍ നിര്‍ത്തിയ അഫ്ഗാനിസ്ഥാനാണ് ഫുള്‍ മാര്‍ക്ക്, അഫ്ഗാന്‍ 34 സ്പിന്‍ ഓവറുകള്‍ എറിഞ്ഞ് 119ന് അഞ്ച് വിക്കറ്റുകള്‍ എടുത്തു, അവര്‍ക്ക് കൂടുതല്‍ ആഗോള ആരാധകരെ കിട്ടി എന്നിങ്ങനെ പോകുന്നു പ്രതികരണങ്ങള്‍.

Related Stories

No stories found.
logo
The Cue
www.thecue.in