ഇന്ത്യ ഒരുങ്ങുന്നു , ഗാം​ഗുലിപ്പടയ്ക്ക് വേണ്ടി ഓസ്ട്രേലിയയോട് കണക്ക് തീർക്കലിനായ്

ഓസ്ട്രേലിയയോട് ഇന്ത്യക്ക് ഒരു കണക്ക് തീർക്കാനുണ്ട്, 2003ൽ ​ഗാം​ഗുലിപ്പടയ്ക്ക് കൈവിട്ട് പോയ ലോകകപ്പ്. വിജയ പ്രതീക്ഷകളില്ലാഞ്ഞിട്ടും ഒന്നിന് പിറകെ ഒന്നായി ജയങ്ങൾ കൊയ്തെടുത്ത് ഫൈനലിലേക്ക് ഇടിച്ചുകയറിയെത്തിയ ഇന്ത്യൻ ടീം, നൂറ് കോടി ജനങ്ങൾ കൊതിച്ച കപ്പ്. മ​ഗ്രാത്തിന്റെ പന്ത് സച്ചിന്റെ ബാറ്റിൽ തട്ടി ആകാശത്തേക്ക് ഉയർന്ന് പൊങ്ങിയപ്പോൾ ഇന്ത്യൻ ടീം കണ്ണടച്ച കപ്പ്, റിക്കി പോണ്ടിങ്ങിന്റെ വെടിക്കെട്ടിൽ നഷ്ടമായ കപ്പ്, അതെ ഇരുപത് വർഷങ്ങൾക്ക് ശേഷം ലോകകപ്പിൽ വീണ്ടും ഒരു ഇന്ത്യ ഓസ്ട്രേലിയ ഫൈനൽ.

2003 ​ൽ ​ഗാം​ഗുലിപട ഓസ്ട്രേലിയയുമായി ഏറ്റ്മുട്ടിയത് ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളുടെ മനസ്സിൽ ഇന്നും മായാത്ത ഓർമ്മയായ് അവശേഷിക്കുന്നുണ്ട്. അന്ന് റിക്കി പോണ്ടിങ്ങിന്റെ ക്യാപ്റ്റെൻസിയിൽ ഓസിസ് 2 വിക്കറ്റ് നഷ്ടത്തിൽ 352 റൺസാണ് നേടുന്നത്. സച്ചിൻ ആദ്യ ഓവറില് പുറത്തായതിൽ പിന്നെ ഇന്ത്യ തകർന്നു,സേവാ​ഗും ദ്രാവിഡും പിടിച്ച് നിൽക്കാൻ നോക്കിയെങ്കിലും ഇന്ത്യൻ ഇന്നിം​ഗ്സ് 234ൽ ഒതുങ്ങി. ഇന്ത്യൻ ആരാധകർക്ക് ഒരിക്കലും 2003 മറക്കാനാവില്ല, പക്ഷേ 20 വർഷത്തിന് ശേഷം ആ രണ്ട് ടീമുകൾ കണക്കിൽ വ്യത്യാസമുണ്ട്. അന്ന് ഓസ്ട്രേലിയ തോൽവി അറിയാത്ത ടീമായിരുന്നു, ഇന്ന് ഇന്ത്യയും. അതുകൊണ്ട് തന്നെ ​ഗാം​ഗുലിയുടെ നീലപ്പടയ്ക്ക് നേടാൻ കഴിയാതെ പോയത് ഇന്ന് ഇന്ത്യൻ ടീം തങ്ങളുടെ ഹോം ​ഗ്രൗണ്ടിൽ ​​ആർത്തിരമ്പുന്ന ആരാധകർക്കു മുന്നിൽ കപ്പുയർത്തിപ്പിടിച്ചു നില്ക്കുമെന്ന് ആരാധകർ കരുതുന്നു.

ഇന്ത്യയും ഓസ്ട്രേലിയയും വീണ്ടും ഏറ്റുമുട്ടുമ്പോൾ കരുത്തിലും കണക്കിലും ശക്തർ ഇന്ത്യ തന്നെയാണ്, ലോകകപ്പിൽ ആദ്യ മത്സരത്തിൽ ഓസീസിനെതിരെ മികച്ച വിജയമായിരുന്നു ഇന്ത്യ നേടിയത്. ബൗളിങ്ങിൽ ഓസീസ് ബാറ്റേഴ്സിനെ പിടിച്ചുകെട്ടി. മറുപടി ബാറ്റിങ്ങിൽ ആദ്യം അടിപതറിയെങ്കിലും വിരാട് കോഹ്ലിയുടെയും കെഎൽ രാഹുലിന്റെയും കൂട്ടുകെട്ടിൽ വിജയം അനായാസം എത്തിപ്പിടിച്ചു. ഇന്ത്യയോട് പതറിയ ഓസീസിന് ട്രാക്കിലേക്ക് തിരിച്ച് വരാൻ കുറച്ച് കഷ്ടപ്പെടേണ്ടി വന്നു. ടൂർണമെന്റിൽ ഇതുവരെ ഒരു മത്സരത്തിലും ഇന്ത്യ ഫോം നഷ്ടപ്പെടുത്തിയിട്ടില്ല,. ആദ്യം ബാറ്റ് ചെയ്തപ്പോഴും ചേസ് ചെയ്തപ്പോഴും കളിമുഴുവൻ ആധിപത്യം പുലർത്താൻ കഴിഞ്ഞു, എന്നാൽ ഓസീസിനാകട്ടെ പലപ്പോഴും അടിപതറി, അഫ്​ഗാനെതിരെ മാക്സ് വെല്ലിന്റെ ഒറ്റയാൾ പോരാട്ടം ആണ് ഓസീസിനെ കരകയറ്റിയത്, സെമിയിൽ മികച്ച തുടക്കം കിട്ടിയെങ്കിലും അവസാന നിമിഷം വരെ കഷ്ടപ്പെട്ടാണ് ഓസീസ് ഫൈനൽ ടിക്കറ്റെടുത്തത്.

2003ൽ നിന്ന് ഇരുപത് വർഷത്തെ കണക്കെടുത്താൽ ഇന്ത്യയും ഓസീസും പഴയ ടീമല്ല, 2003ലെ ഇന്ത്യൻ ടീമിൽ കണക്ക് തീർക്കാൻ 2023ലെ ടീമിനോടൊപ്പമുള്ളത് രാഹുൽ ദ്രാവിഡ് മാത്രമാണ്. അന്ന് ഓസ്ട്രേലിയ നേടിയ 359 റൺസ് , ഇന്ന് ക്രിക്കറ്റിൽ ചേസ് ചെയ്യാൻ പറ്റാത്ത ഒരു വലിയ റൺ മലയല്ല. ഓസീസിനെ അപേക്ഷിച്ച് നോക്കിയാൽ ഇന്ത്യയുടെ ബാറ്റിം​ഗ് നിര മികച്ച ഫോമിലുമാണ്, ലോവർ ഓഡർ ബാറ്റേഴ്സിന് വളരെ കുറച്ച് കളികൾ മാത്രമേ ലോകകപ്പിൽ പാഡ് കെട്ടേണ്ടി വന്നിട്ടുള്ളു, അത്ര പെർഫക്ടാണ് ഇന്ത്യയുടെ ബാറ്റിം​ഗ് ലൈനപ്പ്. ബൗളിങ്ങിൽ ആദം സാമ്പ ഓസീസിന്റെ ലീ‍ഡിം​ഗ് വിക്കറ്റ് ടേക്കറാകുമ്പോൾ ഇന്ത്യക്ക് മുഹമ്മദ് ഷമി സാമ്പയ്ക്കും മുകളിൽ ഒന്നാം സ്ഥാനത്തുണ്ട്.

ഇന്ത്യ വളരെ നല്ല ക്രിക്കറ്റാണ് കളിക്കുന്നത് , അവർ നന്നായി കളിക്കുന്നുണ്ട്,അവരുടെ ബൗളർമാരുടെ പ്രകടനം വിശ്വസിക്കാവുന്നതിലും അപ്പുറമാണ് , അലറി വിളിക്കുന്ന ആരാധകർക്കു മുന്നിൽ കളിക്കുക എന്നത് വളരെ വലിയ ഒരു കാര്യമാണ് അതിന്റെ ആവേശത്തിലാണ് താൻ , ആ മാച്ചിന് വേണ്ട് കാത്തിരിക്കുന്നു എന്നാണ് ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത് പ്രതികരിച്ചത്.

കണക്കുകൾ എന്തൊക്കെ പറഞ്ഞാലും ​കളി തുടങ്ങിയാൽ പിന്നെ അന്നത്തെ ദിവസമെന്ത് എന്നതിനാണ് പ്രസക്തി ? 5 തവണ ചാമ്പ്യൻമാരായ ഓസ്ട്രേലിയ വീണ്ടും കപ്പിന് വേണ്ടി തുനിഞ്ഞിറങ്ങുമ്പോൾ, തങ്ങളുടെ ജന്മ നാട്ടിൽ നിന്ന് കപ്പ് വിട്ടു കൊടുക്കാതിരിക്കുക എന്ന ദൗത്യമാണ് ഇന്ത്യക്കുള്ളത്. അത് ഒട്ടും എളുപ്പമാണെന്ന് ആരും കരുതുന്നില്ല, അതുകൊണ്ട് തന്നെ കാത്തിരിക്കുന്നത് ഒരൊന്നൊന്നര ഫൈനലിന് വേണ്ടി തന്നെയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in