ടെസ്റ്റില്‍ 600 റണ്‍സ് സ്‌കോര്‍ ചെയ്യുന്ന ആദ്യ ടീം; വനിതാ ക്രിക്കറ്റില്‍ ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

women cricket
women cricket

വനിതാ ക്രിക്കറ്റില്‍ വീണ്ടും റെക്കോര്‍ഡുകള്‍ കുറിച്ച് ഇന്ത്യ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കുന്ന ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്‌സില്‍ തന്നെ 603 റണ്‍സെടുത്ത ഇന്ത്യ 600 റണ്‍സ് എന്ന സ്‌കോര്‍ കടക്കുന്ന ആദ്യ ടീമെന്ന റെക്കോര്‍ഡ് നേടി. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ഓസ്‌ട്രേലിയ കുറിച്ച 575 റണ്‍സെന്ന റെക്കോര്‍ഡാണ് ഇന്ത്യ തിരുത്തിയത്. രണ്ടാം ദിവസം ആറു വിക്കറ്റിന് 603 എന്ന സ്‌കോറില്‍ ഇന്ത്യ ഡിക്ലയര്‍ ചെയ്തു. 115 പന്തില്‍ 89 റണ്‍സെടുത്ത ഹര്‍മന്‍പ്രീത് കൗറും 90 പന്തില്‍ 86 റണ്‍സെടുത്ത റിച്ച ഘോഷും ചേര്‍ന്നാണ് രണ്ടാം ദിവസം വെടിക്കെട്ട് നടത്തിയത്. ആദ്യ ദിവസം നാല് വിക്കറ്റിന് 525 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യ.

ഹര്‍മന്‍ പ്രീതിന് ശേഷം പത്ത് റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ റിച്ച ഘോഷ് കൂടി പുറത്തായതോടെ ഇന്ത്യ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ സൗത്ത് ആഫ്രിക്ക നാല് വിക്കറ്റിന് 236 റണ്‍സെടുത്തു. ഒന്നാം ദിവസം ഷെഫാലി വര്‍മ നേടിയ ഡബിള്‍ സെഞ്ചുറിയും സ്മൃതി മന്ഥാന നേടിയു സെഞ്ചുറിയും ചേര്‍ന്നാണ് ഇന്ത്യയെ വന്‍ സ്‌കോറിലേക്ക് എത്തിച്ചത്. 197 ബോളില്‍ 205 റണ്‍സെടുത്ത ഷെഫാലി ഏറ്റവും വേഗമേറിയ ഡബിള്‍ സെഞ്ചുറി എന്ന റെക്കോര്‍ഡ് നേടുകയും ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനായിരുന്ന മിതാലി രാജിന് ശേഷം ടെസ്റ്റില്‍ ഡബിള്‍ സെഞ്ചുറി കുറിക്കുന്ന രണ്ടാമത്തെ വനിതാ താരമായി മാറിയിരിക്കുകയുമാണ്.

മാച്ചില്‍ ഇന്ത്യന്‍ വനിതാ ടീം മറ്റൊരു റെക്കോര്‍ഡ് കൂടി നേടിയിട്ടുണ്ട്. ഒന്നാം ദിവസം തന്നെ 525 റണ്‍സ് നേടിയ ഇന്ത്യന്‍ വനിതകള്‍ വനിതാ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഒരു ടീം ഒരു ദിവസം നേടുന്ന ഏറ്റവും വലിയ സ്‌കോര്‍ എന്ന നേട്ടമാണ് കുറിച്ചത്. സ്മൃതി മന്ഥാനയും ഷഫാലിയും ചേര്‍ന്ന ഒന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ 292 റണ്‍സ് കുറിച്ചുകൊണ്ട് ഓപ്പണിംഗ് വിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ എന്ന റെക്കോര്‍ഡും രചിക്കപ്പെട്ടു. 149 റണ്‍സാണ് സ്മൃതി മന്ഥാന അടിച്ചു കൂട്ടിയത്.

Related Stories

No stories found.
logo
The Cue
www.thecue.in