പീഡനക്കേസ് പ്രതി കെസിഎ പരിശീലകസ്ഥാനത്ത് തുടര്‍ന്നു; വിശദീകരണം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

പീഡനക്കേസ് പ്രതി കെസിഎ പരിശീലകസ്ഥാനത്ത് തുടര്‍ന്നു; വിശദീകരണം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍
Published on

ക്രിക്കറ്റ് പരിശീലനം നടത്താനെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പരിശീലകന്‍ പീഡിപ്പിച്ച സംഭവത്തില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ വിശദീകരണം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. പരിശീലകനായ മനു നിലവില്‍ പോക്‌സോ കേസില്‍ റിമാന്‍ഡിലാണ്. പത്തു വര്‍ഷമായി ഇയാള്‍ തിരുവനന്തപുരത്ത് ക്രിക്കറ്റ് അസോസിയേഷന്റെ കോച്ചായി പ്രവര്‍ത്തിക്കുകയാണ്. ഒന്നര വര്‍ഷം മുന്‍പ് ഇയാള്‍ക്കെതിരെ ഒരു പെണ്‍കുട്ടി പീഡന പരാതി നല്‍കിയിരുന്നു. ഈ കേസില്‍ ഇയാള്‍ അറസ്റ്റിലാകുകയും പോലീസ് കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തതാണ്. എന്നാല്‍ പെണ്‍കുട്ടി പിന്നീട് മൊഴി മാറ്റിയതോടെ ഇയാള്‍ കുറ്റവിമുക്തനായി. ഈ കേസിനു ശേഷവും കോച്ചായി തുടര്‍ന്ന ഇയാള്‍ക്കെതിരെ വീണ്ടും പരാതി ഉയര്‍ന്ന സാഹചര്യം വിശദീകരിക്കണമെന്നാണ് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചിരിക്കുന്നത്.

കഴിഞ്ഞ മാസം കെസിഎ സംഘടിപ്പിച്ച പിങ്ക് ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെ ഒരു പെണ്‍കുട്ടി മനുവിനെതിരെ പരാതി നല്‍കി. ലൈംഗിക പീഡനം ആരോപിച്ച് നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തതിനു പിന്നാലെ കൂടുതല്‍ പെണ്‍കുട്ടികള്‍ പരാതിയുമായി രംഗത്തെത്തിയിരുന്നു. നിലവില്‍ ആറു പെണ്‍കുട്ടികളുടെ പരാതി പോലീസിന് ലഭിച്ചിട്ടുണ്ട്. എല്ലാ പരാതികളിലും പോക്‌സോ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കുട്ടികളെ തെങ്കാശിയില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നും നഗ്നചിത്രം പകര്‍ത്തിയെന്നും പരാതിയില്‍ പറയുന്നു. പരാതി സംബന്ധിച്ച് വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടല്‍ നടത്തിയിരിക്കുന്നത്.

പരിശീലനത്തിനായി പ്രതീക്ഷയോടെ എത്തുന്ന കുട്ടികളെയാണ് ഇയാള്‍ പീഡിപ്പിക്കുന്നതെന്നും സംഭവത്തിനു ശേഷം കുട്ടികളും മാതാപിതാക്കളും മാനസിക സമ്മര്‍ദ്ദത്തിലാണെന്നും മനുഷ്യാവകാശ കമ്മീഷന്‍ പറഞ്ഞു. എന്നാല്‍ ഇതൊന്നും അറിഞ്ഞില്ലെന്നാണ് കെസിഎ പറയുന്നത്. ടൂര്‍ണമെന്റുകള്‍ക്കായി പോകുമ്പോള്‍ മാത്രമല്ല, കെസിഎ ആസ്ഥാനത്തെ ജിമ്മില്‍ പോലും പെണ്‍കുട്ടികള്‍ക്കു നേരെ മനു അതിക്രമം നടത്തിയതായി ആരോപണമുണ്ട്. കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടും പരാതിക്കാരെ വിളിച്ച് വിവരങ്ങള്‍ അന്വേഷിക്കാന്‍ പോലും കെസിഎ തയ്യാറായിട്ടില്ലെന്ന് പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ പറയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in